കോഴവാങ്ങി സര്‍ക്കാരിന്റെ മിച്ചഭൂമി തരംമാറ്റി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചുകൊടുക്കുന്ന മാഫിയയുടെ കണ്ണികളാണ് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ഉന്നതരും റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുമെന്ന വാര്‍ത്തകേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് കേരളം. വയനാട്ടിലെ ഇരുപത് ഏക്കര്‍ മിച്ചഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് റിസോര്‍ട്ട് കെട്ടാനായി വിട്ടുനല്‍കാന്‍ കോഴ ആവശ്യപ്പെട്ടിരിക്കുകയാണ് നാടു ഭരിക്കുന്നവര്‍. മൂന്നാറിലും മറ്റും സര്‍ക്കാര്‍ ഭൂമി വളച്ചുകെട്ടി കൈക്കലാക്കുന്ന സ്വകാര്യ വ്യക്തികളുടെയും റിസോര്‍ട്ട് മാഫിയകളുടെയും പശ്ചാത്തലത്തില്‍ വയനാട്ടിലെ അവശേഷിക്കുന്ന മിച്ചഭൂമിയും ഇത്തരത്തില്‍ കൈക്കലാക്കാന്‍ വന്‍ലോബി തന്നെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് സ്വകാര്യ വാര്‍ത്താചാനലാണ്. ഏതുവിഷയത്തിലും എടുത്തുചാടി അഭിപ്രായം പറയുകയും നടുറോഡിലിറങ്ങി സമരം നടത്തുകയും ചെയ്യുന്ന സി.പി.ഐ നേതാക്കളും കുട്ടിസഖാക്കളും ഒച്ചയേതുമില്ലാതെ മാളത്തിലൊളിച്ചിരിക്കുന്നു. സംഭവം പുറത്തുകൊണ്ടുവന്ന ചാനലിനെ ആക്ഷേപിക്കാനാണ് ഉത്തരവാദപ്പെട്ട റവന്യൂമന്ത്രി തയ്യാറായിരിക്കുന്നത്.
ഇടതുമുന്നണി സര്‍ക്കാരിലെ വിവിധ പാര്‍ട്ടിക്കാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ഒത്തുചേര്‍ന്ന് ഇത്തരം നിരവധി തട്ടിപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നുവെന്നത് പല തവണയായി പുറത്തുവന്നതാണ്. വയനാട് സംഭവം വലിയ ഗൗരവം അര്‍ഹിക്കുന്നതിനുകാരണം സര്‍ക്കാര്‍ ഭൂമിയുടെ ഓരോ ഇഞ്ചും പിടിച്ചെടുക്കാനും സംരക്ഷിക്കാനും നേതൃത്വം നല്‍കുന്നവരെന്ന് വാതോരാതെ വര്‍ത്തമാനം പറയുന്നവര്‍ തന്നെയാണ് അത്യന്തം ഹീനമായതും അതീവ കുറ്റകരമായതുമായ കൃത്യം ചെയ്തതെന്നതാണ്. ആദിവാസികള്‍ക്കും മറ്റും തലചായ്ക്കാന്‍ ഇത്തിരി ഭൂമി കണ്ടെത്താനാവാതെ വിഷമിക്കുന്നുവെന്ന് പറയുന്ന സര്‍ക്കാരിനുകീഴിലാണ് ഭരണക്കാരുടെ ഒത്താശയോടെ തട്ടിപ്പ് നടന്നിരിക്കുന്നത്. കേരളം ഭരിക്കുന്ന സര്‍ക്കാരിന്റെ രണ്ടാമത്തെ പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിതന്നെയാണ് ഇടപാടിന് ഇടനിലക്കാരനായത് എന്നതാണ് ഏറെ സ്‌തോഭജനകം. സി.പി.ഐയുടെ പാലക്കാട് ജില്ലാകമ്മിറ്റിയംഗം ഭൂമാഫിയക്കുവേണ്ടി പണംവാങ്ങി റവന്യൂരേഖകളില്‍ കൃത്രിമം നടത്താന്‍ തയ്യാറായെന്ന വാര്‍ത്ത വന്നിട്ട് ആഴ്ചകള്‍ ആവുമ്പോഴാണ് വയനാട് സംഭവം. ചാനല്‍ ലേഖകന്‍ സംഭവത്തെക്കുറിച്ച് അറിഞ്ഞ് ഒരുക്കിയ കെണിയിലൂടെയാണ് വേലിതന്നെ വിളവുതിന്നുന്ന സംഭവം പുറത്തായത്. സംസ്ഥാനത്ത് ഇക്കൂട്ടര്‍ എത്രഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് ഇതിനകം ഇവ്വിധം സ്വകാര്യഭൂമാഫിയക്ക് സര്‍ക്കാര്‍രേഖകള്‍ മാറ്റിയെഴുതി തീറെഴുതിക്കൊടുത്തതെന്നത് ഇനിയും പുറത്തുവരാനിരിക്കുന്നതേ ഉള്ളൂ.
ലേഖകന്‍ ഇടനിലക്കാരനെ സമീപിച്ച് അയാള്‍ പറഞ്ഞ രീതിയില്‍ നീങ്ങിയപ്പോഴാണ് തട്ടിപ്പിന്റെ കഥകള്‍ ദൃശ്യശ്രാവ്യ സഹിതം പുറത്താകുന്നത്. ഇതോടെ സംഭവം നിഷേധിക്കാന്‍ ആവാത്തതായി. ആദ്യമായി റവന്യൂവകുപ്പിലെ ഡെപ്യൂട്ടി കളക്ടര്‍ ടി. സോമനാഥനെയാണ് സംഘം സമീപിച്ചത്. ഇയാള്‍ പതിനായിരം രൂപ മുന്‍കൂറായി വാങ്ങി മൊത്തം ഇരുപതുലക്ഷം രൂപയാണ് ഇതിനായി ആവശ്യപ്പെട്ടത്. ഇവരെ ഒരുവിധ തടസ്സവാദവും പറയാതെ നേരെ സി.പി.ഐയുടെ ജില്ലാസെക്രട്ടറി വിജയന്‍ ചെറുകരയുടെ അടുത്തേക്ക് വിടുന്നു. അവിടെവെച്ച് വ്യക്തമായി ഫോണിലൂടെയും മറ്റും സംസാരിച്ചശേഷം ജില്ലാ സെക്രട്ടറി മാഫിയകള്‍ക്ക് മാര്‍ഗങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്നു. തുടര്‍ന്ന് തിരുവനന്തപുരത്ത് റവന്യൂമന്ത്രിയുടെ ഓഫീസില്‍ചെന്ന് അവിടുത്തെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പണം കൈമാറുകയും കുറച്ചുകൂടി തുക നല്‍കിയാല്‍ മിച്ചഭൂമി ലേഖകന്‍ പറഞ്ഞ വ്യക്തിക്ക് രേഖാമൂലം കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും.
സംഭവത്തിന് പിന്നില്‍ തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസില്‍വരെ നീളുന്ന ഭൂമാഫിയ ശക്തമായി പ്രവര്‍ത്തിക്കുന്നുവെന്നതിന് ഇതിലധികം തെളിവുകള്‍ തേടേണ്ടതില്ലെന്ന് സുവ്യക്തമാണ്. വാര്‍ത്തയുടെ നിജസ്ഥിതിയെക്കുറിച്ച് മന്ത്രി വകുപ്പുതലത്തിലുള്ള അന്വേഷണത്തിനും മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവിട്ടെങ്കിലും ഫലമെന്താകുമെന്ന് ഒരുറപ്പുമില്ല. ഡെപ്യൂട്ടി കളക്ടറെയും വില്ലേജ് ഓഫീസറെയും സസ്‌പെന്‍ഡ് ചെയ്യുകയും പാര്‍ട്ടി ജില്ലാസെക്രട്ടറിയെ തല്‍കാലത്തേക്ക് മാറ്റിനിര്‍ത്തുകയും ചെയ്തുവെന്നതുശരിതന്നെ. എന്നാല്‍ അതീവ ഭീകരമായ സംഗതി റവന്യൂമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ തന്നെയാണ് ഇപ്പോഴും റവന്യൂവകുപ്പിന്റെയും ഭൂമാഫിയയുടെയും ഇടയിലെന്നതാണ്. മുന്‍ സര്‍ക്കാരിനുമേല്‍ അഴിമതിയാരോപണക്കൂമ്പാരം കോരിയിട്ട സഖാക്കള്‍ക്ക് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരും മുന്നണിക്കാരും നടത്തുന്ന കടുംവെട്ടിനെ തള്ളിക്കളയാന്‍ കഴിയില്ലെന്ന് തീര്‍ച്ചയാണ്. പുറത്ത് ആദര്‍ശം വിളമ്പുകയും അകത്ത് ചുമര്‍ തുരക്കുകയും ചെയ്യുന്ന പണിയാണ് എന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിച്ചിട്ടുള്ളത്. റവന്യൂമന്ത്രിയുടെ കീഴിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയടക്കം അദ്ദേഹത്തിന്റെ അനുവാദമില്ലാതെ മാറ്റിയ സംഭവം ഈ സര്‍ക്കാരില്‍തന്നെ ജനം നേരില്‍ കണ്ടതാണ്. മൂന്നാറില്‍ ഡെപ്യൂട്ടി കളക്ടറെ കാല്‍തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തി ഓടിച്ച ഭൂമാഫിയയുടെ വക്താക്കള്‍ തന്നെയാണ് എം.എം മണിയെപോലെ ഇന്നും അധികാരസ്ഥാനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുന്നത്. സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും വീഴ്ചകള്‍ തങ്ങളുടെ അക്കൗണ്ടിലെ വോട്ടുകളാക്കാമെന്ന് തക്കം പാര്‍ത്തിരിക്കുകയും ഓരോ വീഴ്ചക്കും രായ്ക്കുരാമാനം ആദര്‍ശം പ്രസംഗിച്ച് കൈയടി നേടുകയും ചെയ്യുന്ന സി.പി.ഐ നേതൃത്വവും തലയില്‍ മുണ്ടിട്ടുനടക്കേണ്ട ഗതികേടിലാണ്.
തൊഴിലാളി വര്‍ഗത്തിനും പാവപ്പെട്ടവര്‍ക്കും വേണ്ടിയാണെന്ന് പറഞ്ഞ് അധികാരം പിടിച്ചവര്‍ ചെയ്തുകൂട്ടുന്ന കള്ളത്തരങ്ങള്‍ക്കും പകല്‍കൊള്ളക്കും നീതിയുടെയും നിയമത്തിന്റെയും പക്ഷത്തുനിന്നുകൊണ്ട് പരമാവധി ശിക്ഷ ലഭിക്കേണ്ടതുണ്ട്. പക്ഷേ അത് സാധ്യമാകുന്നില്ലെന്നാണ് ഭൂമികയ്യേറിയ മുന്‍മന്ത്രി തോമസ് ചാണ്ടിയുടെയും സ്വജനപക്ഷപാതം കാട്ടി മന്ത്രിക്കസേരയില്‍നിന്ന് പുറത്തായ ഇ.പി ജയരാജന്റെയും കേസുകെട്ടുകള്‍ നല്‍കുന്ന മറുപടി. ചിലന്തിക്കൂട്ടില്‍ വീഴുന്ന വലിയവര്‍ വലപൊട്ടിച്ച് രക്ഷപ്പെടും. പിണറായി സര്‍ക്കാരിലെയും ഭരണമുന്നണിയിലെയും വമ്പന്മാര്‍ ചെയ്യുന്നതും ചെയ്യാനിരിക്കുന്നതും അതുതന്നെ. വയനാട് സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ ഇടതുസര്‍ക്കാരിനുകീഴിലെ ഈ ഭൂമിതട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ കഴിയൂ. എന്നാല്‍ അതിന് തയ്യാറാകാതെ റവന്യൂപ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അന്വേഷണത്തില്‍ പ്രശ്‌നം ഒത്തുതീര്‍ക്കാനാണ് നീക്കം. റവന്യൂസെക്രട്ടറിയും വിജിലന്‍സ് ഉദ്യോഗസ്ഥരും ഈ സര്‍ക്കാരിലെ തന്നെ ആളുകള്‍ നിയമിച്ചവരാണ്. ഇവരുടെ അന്വേഷണത്തിന് പരിധിവിട്ട് മുന്നോട്ടുപോകാനാകില്ലെന്ന് പഴയ വിജിലന്‍സ് ഡി.ജി.പി ജേക്കബ് തോമസിനു നേരിട്ട ശിക്ഷാനടപടികളിലൂടെ നാം കണ്ടതാണ്. ജുഡീഷ്യല്‍ അന്വേഷണം നടത്തുകയാണ് യഥാര്‍ത്ഥ പ്രതികള്‍ ഇരുമ്പഴിക്കുള്ളിലാകാന്‍ വേണ്ടത്. അതിലൂടെ മാത്രമേ മാസങ്ങളായി നടന്നുവരുന്നതും നടക്കാനിരിക്കുന്നതുമായ ഭൂമിതട്ടിപ്പുകള്‍ വെളിച്ചത്തുവരുത്താനാകൂ. മന്ത്രിയുടെ ഓഫീസില്‍ നടക്കാനിടയുള്ള തട്ടിപ്പിനെക്കുറിച്ച് വിവരം ശേഖരിക്കാനാകൂ. ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കാനാകാത്തവര്‍ ആ പദവിയില്‍ നിന്ന് മാറിനില്‍ക്കുന്നതാണ് ജനാധിപത്യത്തിന് അഭികാമ്യം.
- 7 years ago
chandrika
Categories:
Video Stories
സര്‍ക്കാര്‍ഭൂമി ഭരണക്കാരുടെ തറവാട്ടുസ്വത്തോ
Tags: editorial