ഏകീകൃതനികുതി എന്ന ആശയം പ്രാവര്‍ത്തികമായതോടെ രാജ്യത്താകമാനം ഒരൊറ്റവിപണി സാധ്യമാകുകയും ചരക്കുകടത്ത് സുഗമമാകുകയും ജനങ്ങളുടെമേലുള്ള നികുതിഭാരം കുറയുകവഴി ഒരു പരിധിവരെ വിലകള്‍ കുറയുകയും ചെയ്യുമെന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു ചരക്കുസേവനനികുതി (ജി.എസ്.ടി ) കൗണ്‍സില്‍യോഗം വിവിധവസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കുംമേല്‍ അഞ്ചുതട്ടിലുള്ള നികുതിചുമത്തിയത്. ജൂണ്‍ 30ന് അര്‍ധരാത്രി പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ഹാളില്‍ പ്രത്യേകയോഗം വിളിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേര്‍ന്ന് ഉദ്ഘാടനംചെയ്ത ജി.എസ്.ടി സമ്പ്രദായം പക്ഷേ നിലവില്‍വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അതിന്റെ പ്രധാനഗുണഫലങ്ങള്‍ പൊതുജനങ്ങളിലെത്തുന്നില്ലെന്ന അനുഭവമാണ് ഉണ്ടായിരിക്കുന്നത്. 1200 ഓളം സാധനങ്ങളുടെമേല്‍ ചെലുത്തിയ ജി.എസ്.ടി പ്രകാരം ഏഴുശതമാനം നിത്യോപയോഗവസ്തുക്കളുടെ മേലുണ്ടായിരുന്ന നികുതി അവശ്യസാധനങ്ങളെന്ന നിലയില്‍ ഒഴിവാക്കിയിരുന്നു. പക്ഷേ ഇതിന്റെ ഗുണം ഇതുവരെയും പൊതുജനങ്ങളില്‍ എത്തുന്നില്ല എന്നത് പദ്ധതിയുടെ നടത്തിപ്പിലെ പരാജയത്തെയാണ് കാണിക്കുന്നത്. സര്‍ക്കാരിന്റെ തികഞ്ഞ കെടുകാര്യസ്ഥതയും അനവധാനതയുമാണ് ഇത്തരമൊരു അരാജകത്വത്തിലേക്ക് രാജ്യത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. ആശയക്കുഴപ്പങ്ങള്‍ക്കിടെ എല്ലാം വരുന്നിടത്തുവെച്ചുകാണാമെന്ന അലസനിലപാടാണ് സംസ്ഥാനസര്‍ക്കാരിന്റേത്.
വിലകുറയുന്ന നൂറ്റൊന്നുസാധനങ്ങളുടെ പട്ടിക സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കിയെങ്കിലും ഇതി•േ-ലൊന്നിലും വില കുറഞ്ഞിട്ടില്ലെന്നതാണ് ശരാശരിമലയാളിയുടെ അനുഭവം. പച്ചക്കറി, പഞ്ചസാര, ധാന്യങ്ങള്‍, കോഴി പോലുള്ളവയ്ക്ക് വില കുറയുമെന്നായിരുന്നു കണക്കുകള്‍ നിരത്തി കേന്ദ്രവും സംസ്ഥാനസര്‍ക്കാരും അവകാശപ്പെട്ടിരുന്നത്. നിത്യോപയോഗവസതുക്കള്‍ക്ക് ഉണ്ടായിരുന്ന 12 ശതമാനം നികുതി ഒറ്റയടിക്ക്പൂജ്യത്തിലേക്ക് കുറഞ്ഞതാണ് പ്രതീക്ഷക്ക് വകനല്‍കിയിരുന്നത്. എന്നാല്‍ അഞ്ചുദിവസമായിട്ടും ഒരു വസ്തുക്കള്‍ക്കും വില കുറഞ്ഞില്ലെന്ന് മാത്രമല്ല, പഴയ നികുതിയുടെമേല്‍ ജി.എസ്.ടി കൂടി ചേര്‍ത്താണ് വിലകൂട്ടി വ്യാപാരികള്‍ വില്‍പനനടത്തുന്നത്.സിമെന്റ് തുടങ്ങിയ നിര്‍മാണവസ്തുക്കളുടെ നികുതി കുറഞ്ഞിട്ടുണ്ടെങ്കിലും കമ്പനികള്‍ അവസരം മുതലാക്കി വിലകയറ്റിയിരിക്കുകയുമാണ്. പാക്കറ്റിലെ പരമാവധി വില (എം.ആര്‍.പി )യില്‍ കൂടുതല്‍ വാങ്ങരുതെന്ന ഉത്തരവിന് പുല്ലുവില. പലപാക്കറ്റുകളിലും വില ചുരണ്ടിമാറ്റി പുതിയ സ്റ്റിക്കര്‍ ഒട്ടിക്കുന്ന പ്രവണതയുണ്ട്. പരാതികളെ തുടര്‍ന്ന് കടകളില്‍ സംസ്ഥാനത്തെ അളവുതൂക്ക വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതിനെതുടര്‍ന്ന് വ്യാപാരികളുടെ തട്ടിപ്പ് പിടികൂടപ്പെട്ടിട്ടുണ്ടെങ്കിലും മഞ്ഞുമലയുടെ ഒരുഅരിക് മാത്രമാണ് തൊടാനായിട്ടുള്ളത്. സാദാഹോട്ടലുകളില്‍ ഭക്ഷണത്തിന് വില കുറയുമെന്ന പ്രചാരണവും മിഥ്യയായിരിക്കയാണ്. 14 ശതമാനത്തില്‍ നിന്ന് എ.സി ഇല്ലാത്ത ഹോട്ടലുകളിലെ നികുതി എട്ടുശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും മറ്റുചെലവുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹോട്ടലുകാര്‍ വില കുറക്കാതിരിക്കുന്നത്. ചായക്കും വടയ്ക്കും വരെ വില കൂട്ടിയവരുണ്ട്. ഭക്ഷണത്തിനായി വാങ്ങുന്ന വസ്തുക്കള്‍ക്ക് നികുതി വര്‍ധിച്ചതാണ് കാരണമായി ഹോട്ടലുടമകള്‍ പറയുന്നത്.
ഇക്കാര്യത്തിലെല്ലാം കാര്യക്ഷമമായി ഇടപെടുന്നതിന് പകരം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുള്ള അവ്യക്തതയും ആലസ്യവും കെടുകാര്യസ്ഥതയുമാണ് ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നതെന്ന് വ്യക്തം. ജി.എസ്.ടി അനുസരിച്ച് ദേശീയലാഭവിരുദ്ധഅതോറിറ്റി ( നാപ) രൂപീകരിക്കുമെന്ന ഉത്തരവും ഇപ്പോഴും ഏട്ടിലാണ്. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ഓരോ സംസ്ഥാനത്തിലേക്കും ഐ.എ.എസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയോഗിക്കുകയുണ്ടായെങ്കിലും മൂന്നും നാലും ജില്ലകളിലേക്ക് ഒരു ഉദ്യോഗസ്ഥന്‍ എന്ന രീതിയിലാണ് നിയമനം. ഇവര്‍ എന്നു ചുമതലഏറ്റെടുക്കുമെന്ന് പറയാറായിട്ടുമില്ല. ഫലത്തില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന തോന്നലാണ് സര്‍ക്കാര്‍ ഉദ്യോഗസഥരിലും ജനങ്ങളില്‍ പൊതുവെയും ഉണ്ടായിരിക്കുന്ന തോന്നല്‍. ഉത്തരേന്ത്യയിലാകെ പച്ചക്കറി വിലയിടിയുകയും കര്‍ഷകആത്മഹത്യകള്‍ പെരുകുകയും ചെയ്യുമ്പോഴാണ് ഇവിടെ അവയ്ക്ക് കുത്തനെ വിലഉയര്‍ന്നിരിക്കുന്നത് എന്നതുമതി നികുതിയും സര്‍ക്കാരുകളുമൊന്നുമല്ല കേരളത്തിലെ വിലകള്‍ തീരുമാനിക്കുന്നതെന്നതിനുള്ള സൂചിക. ആകെയുണ്ടായിട്ടുള്ള സൗകര്യം സംസ്ഥാനാന്തര ചെക്‌പോസ്റ്റുകളില്‍ നിലവിലുണ്ടായിരുന്ന വാഹനസ്തംഭനം ഇല്ലാതായത് മാത്രമാണ്. ചെക്ക്‌പോസ്റ്റുകളില്‍ വാണിജ്യ നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ ചരക്കുവാഹനങ്ങളില്‍ നിന്ന് ഡികഌറേഷന്‍ഫോം വാങ്ങിവെക്കുന്ന ജോലി മാത്രമാണിപ്പോള്‍ ചെയ്യുന്നത്. ഇതിന് ഒന്നോ രണ്ടോ ഉദ്യോഗസ്ഥര്‍ മാത്രമാണ് വേണമെന്നിരിക്കെ വാളയാറിലടക്കം നൂറിലധികം ഉദ്യോഗസ്ഥര്‍ ജോലിയില്ലാതെ ശമ്പളംപറ്റുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. ഇത് കള്ളക്കടത്തിനും നികുതിവെട്ടിപ്പിനും കാരണമാകുന്നുവെന്ന പരാതിയുമുണ്ട്. ചരക്കുനീക്കം മന്ദഗതിയിലാകുന്നത് വീണ്ടും വിലയുയരാന്‍ ഇടയാക്കും.
മോദിസര്‍ക്കാരിന്റെ സാമ്പത്തികപരിഷ്‌കാരങ്ങളുടെ ചുവടുപിടിച്ചാണ് നോട്ടുനിരോധനവും ജി.എസ്,ടിയും കള്ളപ്പണത്തിനെതിരായ നടപടികളുമൊക്കെ എന്നാണ് കൊട്ടിഘോഷിക്കപ്പെടുന്നതെങ്കിലും ഇവയിലൊന്നും സുതാര്യതയും ലാളിത്യവും ജനതാല്‍പര്യവും ഇല്ലെന്നുതന്നെയാണ് ഇതിനകം വ്യക്തമായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം പൊടുന്നനെ പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ടുനിരോധനനടപടി മൂലം രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ക്കാണ് ജീവിതം വഴിമുട്ടിയത്. തല്‍കാലം സഹിക്കൂ എന്നായിരുന്നു മോദിയുടെ മറുപടി. അന്ന് ജപ്പാനില്‍പോയി പീപ്പി ഊതിക്കളിച്ച മോദി ചരക്കുസേവനനികുതി കൊണ്ട് രാജ്യം വീണ്ടുമൊരു ഊരാക്കുരുക്കിലകപ്പെട്ടിരിക്കുമ്പോള്‍ ഇസ്രാഈലില്‍ പോയി പൂപറിച്ചുകളിക്കുകയാണെന്നത് തീര്‍ത്തും ആഭാസമായിരിക്കുന്നു. ജനാധിപത്യത്തില്‍ ജനങ്ങളോട് ഉത്തരവാദിത്തം വേണ്ട സര്‍ക്കാരുകള്‍ കാട്ടുന്ന വിപ്ലവപരമെന്ന് അവകാശപ്പെടുന്ന നടപടികള്‍ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും വയറ്റത്തടിയാകുന്നതിനെ എന്തുപേരിട്ട് വിളിച്ചാലും ന്യായീകരിക്കാനാവില്ല. വേണ്ടത്ര അവധാനതയോടെ വേണ്ടിയിരുന്നു പദ്ധതി നടപ്പാക്കാനെന്ന പ്രതിപക്ഷകക്ഷികളുടെ മുന്നറിയിപ്പ് അവഗണിച്ചതാണ് കേന്ദ്രം ഉണ്ടാക്കിവെച്ച ഇപ്പോഴത്തെ പ്രതിസന്ധി. സംസ്ഥാന സര്‍ക്കാരുകളുടെ നികുതി അധികാരത്തെ ചോദ്യം ചെയ്യുന്നുവെന്ന പരാതി നിലനില്‍ക്കെ കേരളം പോലുള്ള ചുരുക്കം സംസ്ഥാനങ്ങളുടെ അധികവരുമാനത്തിനുവേണ്ടി ഇടതുപക്ഷം ആചരിക്കുന്ന മൗനസമ്മതം അധികാരികള്‍ക്ക് ഭൂഷണമല്ല. ഈ വിലക്കയറ്റത്തെ കേന്ദ്രത്തിന്റെ തലയിലിട്ട് രക്ഷപ്പെടാമെന്ന് കരുതുകയും വേണ്ട.
- 7 years ago
chandrika
Categories:
Video Stories
ജനങ്ങളെ വീണ്ടും ബന്ദിയാക്കണോ
Tags: editorial
Related Post