X

ജി.എസ്.ടി: കൊള്ള ലാഭം തടയാനും നടപടി വേണം

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ ചുരുക്കം ചില കാര്യങ്ങളില്‍ ഒഴികെ അന്തിമ ധാരണയില്‍ എത്തിയതോടെ ജൂലൈ ഒന്നു മുതല്‍ ചരക്കുസേവന നികുതി(ജി.എസ്.ടി) രാജ്യത്ത് പ്രാബല്യത്തില്‍ വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതിനുള്ള നടപടികള്‍ക്കും ജി.എസ്.ടി സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. അതേസമയം ജി.എസ്.ടി സംബന്ധിച്ച ഒട്ടേറെ ആശങ്കകളും ആശയക്കുഴപ്പങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അത് അകറ്റാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് കേവല ബോധവല്‍ക്കരണം മാത്രം മതിയാവില്ല. ഉറച്ച ചില നിലപാടുകളും ഇടപെടലുകളും ആവശ്യമാണ്. പ്രത്യേകിച്ച് ജി.എസ്.ടി നടപ്പാക്കുന്നതിലൂടെ തുറന്നുകിട്ടുന്ന അവസരം കൊള്ളലാഭം കൊയ്യാനുള്ള അവസരമായി കോര്‍പ്പറേറ്റുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് തടയാന്‍ ശക്തമായ ഇടപെടലുകള്‍ തന്നെ അനിവാര്യമായി വരും.
വിവിധ ഇനങ്ങളിലായി ഒരു ഡസനിലധികം നികുതികള്‍ രാജ്യത്ത് നിലവിലുണ്ട്. കേന്ദ്ര എക്‌സൈസ് തീരുവ, കേന്ദ്ര വില്‍പ്പന നികുതി, അന്തര്‍ സംസ്ഥാന ചരക്കുകടത്തു നികുതിയായ ഒക്ട്രോയ്, ആഢംബര നികുതി, വിനോദ നികുതി, മൂല്യവര്‍ധിത നികുതി(വാറ്റ്), മുദ്രപത്ര നികുതി (എസ്.ടി.ടി), ലോട്ടറി, വാതുവെപ്പ്, ചൂതാട്ടം എന്നിവക്കു മേലുള്ള നികുതി തുടങ്ങിയവ എല്ലാം ഇതിന് ഉദാഹരണങ്ങളാണ്. സെസുകള്‍, സര്‍ചാര്‍ജുകള്‍, തദ്ദേശ ഭരണകൂടങ്ങള്‍ ചുമത്തുന്ന വിനോദ നികുതി, പ്രഫഷണല്‍ ടാക്‌സ് തുടങ്ങിയവ ഇതിന് പുറമേയാണ്. കേന്ദ്ര നികുതി ഒരു പോലെയാണെങ്കിലും സംസ്ഥാനങ്ങള്‍ വിവിധ നിരക്കിലാണ് നിലവില്‍ നികുതി ചുമത്തുന്നത്. ഇത് വിലയില്‍ അന്തരം സൃഷ്ടിക്കുന്നതിനൊപ്പം നികുതിവെട്ടിപ്പിനും അവസരം ഒരുക്കുന്നുണ്ട്. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഒട്ടാകെ ഒരു പേരില്‍ ഒരേ നിരക്കില്‍ ഒറ്റ നികുതിഘടന നടപ്പാക്കുന്നത്. അതായത് ജി.എ്‌സ്.ടി പ്രാബല്യത്തില്‍ വരുന്നതോടെ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഏതൊരു ഉത്പന്നത്തിനും സേവനത്തിനും ഇനി ഒറ്റ നികുതി നിരക്കേ നിലവിലുണ്ടാകൂ. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ചുമത്തുന്ന നികുതികളും പ്രഫഷണല്‍ ടാക്‌സും അതുപോലെതന്നെ നിലനില്‍ക്കും.
ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും സ്വഭാവത്തിനനുസരിച്ച് നലു വ്യത്യസ്ത നിരക്കിലുള്ള നികുതിയാണ് ജി.എസ്.ടിയില്‍ ശിപാര്‍ശ ചെയ്യുന്നത്. 5, 12, 18, 28 ശതമാനം എന്ന തോതിലാണിത്. പിരിച്ചെടുക്കുന്ന നികുതി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കിടയില്‍ തുല്യമായി പങ്കുവെക്കുകയാണ് ചെയ്യുക. ജി.എസ്.ടി വരുന്നതോടെ ഭൂരിഭാഗം ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും വിലയില്‍ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ഉത്പാദന വേളയില്‍ കേന്ദ്ര സര്‍ക്കാര്‍ 16.5 ശതമാനം നികുതിയും വില്‍പ്പന വേളയില്‍ സംസ്ഥാന സര്‍ക്കാര്‍ 14.5 ശതമാനം നികുതിയും ഈടാക്കുന്നുണ്ട്. കേന്ദ്ര നികുതി കൂടി ചേര്‍ത്തുള്ള തുകക്കാണ് സംസ്ഥാനം വീണ്ടും നികുതി ഈടാക്കുന്നത് എന്നതിനാല്‍ 31 ശതമാനമോ അതില്‍ കൂടുതലോ ആണ് ഓരോ ഉത്പന്നത്തിനും മേലുള്ള നികുതി. പലപേരിലും തലത്തിലും വിഘടിച്ചുപോകുന്നതിനാല്‍ ഇതിന്റെ യഥാര്‍ത്ഥ ഭാരം ഉപഭോക്താക്കള്‍ അറിയുന്നില്ല എന്നതാണ് വാസ്തവം.
ജി.എസ്.ടി വരുന്നതോടെ ഇവയില്‍ ഗണ്യമായ കുറവുണ്ടാകും. നികുതി നിരക്ക് കുറയുമെങ്കിലും നികുതി വ്യാപ്തി വര്‍ധിക്കും എന്നതിനാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വരുമാനത്തെ ജി.എസ്.ടി ഒരു തരത്തിലും ബാധിക്കില്ല. 1200ഓളം ഉത്പന്നങ്ങളും സേവനങ്ങളുമാണ് ജി.എസ്.ടി പ്രകാരം നികുതി പരിധിയില്‍ വരുന്നത്. കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനം കൂടാനാണ് സാധ്യത. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് പോലുള്ള ഉത്പാദന സംസ്ഥാനങ്ങള്‍ക്ക് വരുമാനം കുറയുമെന്ന ആശങ്കയുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് നഷ്ടം വരുന്ന സംസ്ഥാനങ്ങള്‍ക്ക് നികത്തി നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ഇക്കാര്യത്തില്‍ വലിയ ആശങ്കക്ക് വകയില്ല.
അരി, പയര്‍ പോലുള്ള ഭക്ഷ്യോത്പന്നങ്ങള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും കേവലം അഞ്ചു ശതമാനം മാത്രമാണ് ജി.എസ്.ടി നിരക്ക്. മറ്റുള്ളവക്ക് യഥാക്രമം 12ഉം 18ഉം ശതമാനവും. സിനിമ പോലുള്ളവയുടെ വിനോദ നികുതിയും ആഢംബര ഉത്പന്നങ്ങള്‍ക്കും സിഗരറ്റ് പോലുള്ള പുകയില ഉത്പന്നങ്ങള്‍ക്കും മാത്രമാണ് ഇതിനേക്കാള്‍ കൂടിയ നിരക്കില്‍ നികുതി ഈടാക്കുക. തത്വത്തില്‍ 80-90 ശതമാനം ഉത്പന്നങ്ങള്‍ക്കും നിലവില്‍ ഈടാക്കുന്നതിനേക്കാള്‍ 12 മുതല്‍ 18 ശതമാനം വരെ കുറവായിരിക്കും നികുതി. സ്വാഭാവികമായും ഇതിനു ആനുപാതികമായി ചരക്കുകളുടേയും സേവനങ്ങളുടെയും വിലയിലും കുറവുണ്ടാകണം. എങ്കിലേ ജി.എസ്.ടി നടപ്പാക്കുന്നതുകൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനമുണ്ടാകൂ. എന്നാല്‍ ജി.എസ്.ടി വരുമ്പോള്‍ ആനുപാതികമായി വില കുറയ്ക്കുമെന്ന് നിര്‍മാതാക്കള്‍ ഇതുവരേയും യാതൊരു ഉറപ്പും നല്‍കിയിട്ടില്ല. കേന്ദ്ര സര്‍ക്കാറും ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടില്ല. വില കുറച്ചില്ലെങ്കില്‍ അത്രയും തുക കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭം കൊയ്യാനുള്ള അവസരമായി മാറും. ഉദാഹരണത്തിന് 100 രൂപ വിലയുള്ള ഒരു ഉത്പന്നത്തിന് ജി.എസ്.ടി വരുന്നതോടെ 12 ശതമാനമാണ് നികുതിയെങ്കില്‍ നികുതി ഇനത്തില്‍ നിലവിലുള്ളതില്‍നിന്ന് ഏകദേശം 17 രൂപയോളമാണ് കുറവുണ്ടാവുക. ഈ കുറവ് യഥാര്‍ത്ഥത്തില്‍ ഉപഭോക്താവിന് അവകാശപ്പെട്ടതാണ്. എന്നാല്‍ ഉപഭോക്താവിന് നേട്ടം ലഭിക്കണമെങ്കില്‍ കമ്പനികള്‍ ഇത്രയും തുക പരമാവധി വില്‍പ്പന വിലയില്‍(എം.ആര്‍.പി) കുറവ് വരുത്തണം. വില കുറയ്ക്കാന്‍ കമ്പനികളെ നിര്‍ബന്ധിക്കാനുള്ള ആത്യന്തിക ബാധ്യത കേന്ദ്ര സര്‍ക്കാറിനാണ്. സംസ്ഥാന സര്‍ക്കാറിനും ഈ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. നേരത്തെ മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കിയപ്പോള്‍ അതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് വേണ്ടത്ര ലഭിച്ചിരുന്നില്ല. സമാനമായ സാഹചര്യം തന്നെ ജി.എസ്.ടിയുടെ കാര്യത്തിലും ആവര്‍ത്തിക്കാനുള്ള സാധ്യത ഏറെയാണ്. നികുതി ഘടന ഉള്‍പ്പെടെയുള്ളവ കാര്യത്തില്‍ അന്തിമ ധാരണയില്‍ എത്തിയിട്ടും ഇക്കാര്യത്തില്‍ മാത്രം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ഒരു ഉറപ്പും നല്‍കാത്തത് ദുരൂഹമാണ്. കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാനുള്ള വേദി ഒരുക്കാനുള്ള ഗൂഢ നീക്കമാണോ ഇതിനു പിന്നിലെന്ന സംശയം സ്വാഭിവകമാണ്. ആ സംശയം ദൂരീകരിക്കാനുള്ള ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിറവേറ്റേണ്ടതുണ്ട്.

chandrika: