X

ഡിജിറ്റല്‍ വാദക്കാരുടെ മുഖത്തേറ്റ അടി

ആധുനിക സാങ്കേതിക വിദ്യയില്‍ ലോകം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ഇതിനൊപ്പിച്ച് ജനങ്ങള്‍ ജീവിതശൈലി മാറ്റണമെന്നും ആവശ്യപ്പെടുകയാണ് പലരും. മനുഷ്യന്റെ ജിവിത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സാങ്കേതിക വിദ്യകള്‍ക്ക് കഴിയുമെന്ന് ധരിക്കുമ്പോള്‍ തന്നെയാണ് അതേ സംവിധാനങ്ങള്‍ മനുഷ്യജീവിതത്തെ തിരിഞ്ഞുകുത്തിക്കൊണ്ടിരിക്കുന്നതായി പലപ്പോഴും ബോധ്യപ്പെടുന്നത്. ഈ ശ്രേണിയിലെ ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ ഒരാഴ്ചയായി ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വാനാക്രൈ വൈറസ് സൈബര്‍ ആക്രമണം. അന്യരുടെ കമ്പ്യൂട്ടറുകളിലേക്ക് ഇന്റര്‍നെറ്റ് വഴി നുഴഞ്ഞുകയറി വിലപ്പെട്ട രേഖകളും വിവരങ്ങളും നശിപ്പിക്കുന്ന രീതിയാണ് ഹാക്കിങ്. ഇത്തരത്തിലെ ലോകൈകമായ അതിബൃഹത്തായ ഒന്നാണ് വാനാക്രൈ. ഫയലുകള്‍ കൈക്കലാക്കുകയും അവ തിരിച്ചുനല്‍കണമെങ്കില്‍ പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഇതിലെ രീതി. കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്തെ നൂറ്റമ്പതോളം രാജ്യങ്ങളിലായി നടന്ന സൈബര്‍ ആക്രമണം രണ്ടു ലക്ഷത്തിലധികം കമ്പ്യൂട്ടറുകളെ ബാധിക്കുകയും 2500 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് ഏകദേശ കണക്ക്. ബാങ്കുകള്‍, റെയില്‍വെ, വിമാനത്താവളങ്ങള്‍, ഓഹരി വിപണികള്‍ എന്നിവയില്‍ കനത്ത ഭീഷണിയാണ് നിലനില്‍ക്കുന്നത്.
മാല്‍വെയറുകളെ (ദുര്‍പ്രോഗ്രാമുകളെ) തുറന്നുവിട്ടാണ് കമ്പ്യൂട്ടറുകളില്‍ റാന്‍സംവെയര്‍ 2.0 വൈറസ് കയറ്റിവിടുന്നത്. ഇതോടെ കമ്പ്യൂട്ടറുകള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകുകയാണ്. ആദ്യഘട്ടത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളെയാണ് ഇത് ബാധിച്ചതെങ്കില്‍ വൈകാതെ ഇന്ത്യയിലും കേരളത്തിലും വരെ ഈ നീരാളി വന്നെത്തി. ബ്രിട്ടനില്‍ നിരവധി സര്‍ക്കാര്‍ ആസ്പത്രികളുടെ ഫയലുകളാണ് തകരാറിലായത്. ഇന്ത്യയില്‍ കേരളം, ബംഗാള്‍, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെയാണ് ബാധിച്ചതായി പറയുന്നതെങ്കിലും പലതും ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. പാലക്കാട് റെയില്‍വെ ഡിവിഷനിലെ 23 കമ്പ്യൂട്ടറുകള്‍ തകരാറിലായി. ഉച്ചയൂണ് കഴിഞ്ഞെത്തിയ ഉദ്യോഗസ്ഥരാണ് വാനാക്രൈ സിഗ്നലുകള്‍ കമ്പ്യൂട്ടറുകളില്‍ കണ്ടത്. വയനാട്ടിലടക്കം ഏതാനും ഗ്രാമ പഞ്ചായത്തുകളുടെ കമ്പ്യൂട്ടര്‍ സംവിധാനവും ആക്രമണത്തിനിരയായി. ബാങ്കിങ് രംഗത്തേക്കും വാനാക്രൈ ആക്രമണം നടക്കുന്നുവെന്നാണ് വിവരങ്ങള്‍. മലപ്പുറത്ത് കനറാബാങ്കില്‍ ചെക്ക് മാറ്റം തടസ്സപ്പെട്ടതായും വാര്‍ത്തയുണ്ട്. എ.ടി.എമ്മുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ആക്രമണം ഉണ്ടായാല്‍ അത് നിരവധി ആളുകളുടെ സാമ്പത്തിക ഇടപാടുകളെ ബാധിക്കും. രാജ്യത്തെ രണ്ടര ലക്ഷം എ.ടി.എമ്മുകള്‍ അടച്ചിടേണ്ടിവരുമെന്നാണ് ഒരു റിപ്പോര്‍ട്ട്. പഴയ ഓപ്പറേറ്റിങ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മുകളുടെ കമ്പ്യൂട്ടറുകള്‍ തല്‍ക്കാലത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഈ വാര്‍ത്ത സാധാരണക്കാരായ ബാങ്ക് ഇടപാടുകാരില്‍ സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. ഡിജിറ്റല്‍- മൊബൈല്‍ ബാങ്കിങിനെയും സംഭവം ഗുരുതരമായി ബാധിച്ചിരിക്കയാണ്.
ഉത്തര കൊറിയയാണ് വാനാക്രൈയുടെ ഉറവിടമെന്നാണ് ഏറ്റവും പുതുതായി വരുന്ന വാര്‍ത്ത. ബ്യൂറോ 121 എന്ന ആ രാജ്യത്തിന്റെ സൈബര്‍ സംവിധാനത്തെയാണ് അമേരിക്കയും മറ്റും ഉറ്റുനോക്കുന്നത്. ലോകത്ത് വേണ്ടിവന്നാല്‍ സൈബര്‍ ആക്രമണം നടത്താനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്. കമ്പ്യൂട്ടര്‍ വൈറസുകളെ നേരിടുന്ന ആന്റിവൈറസുകള്‍ ഉത്പാദിപ്പിക്കുന്നവര്‍ തന്നെ ഈ വൈറസ് ആക്രമണത്തിന് പിന്നിലുണ്ടാകില്ലേ എന്ന സംശയവും ഉയരുന്നുണ്ട്. ഔഷധ രംഗത്ത് മരുന്നുവഴി രോഗം വിതറുന്ന കച്ചവട തന്ത്രം ഇപ്പോള്‍തന്നെ നിലവിലുണ്ട്. ഇത്തരം ശക്തികള്‍ ഇക്കാര്യത്തിലുമുണ്ടായിക്കൂടെന്നില്ല. അതേസമയം പഴയ കമ്പ്യൂട്ടര്‍ വിന്‍ഡോസ് സോഫ്റ്റ്‌വെയറുകള്‍ മാറ്റി പുതിയ മൈക്രോസോഫ്റ്റ് ഘടിപ്പിക്കണമെന്ന സൈബര്‍ഡോം അധികൃതരുടെ മുന്നറിയിപ്പും കച്ചവട ലോബികളുടെ തന്ത്രമായി സന്ദേഹിക്കപ്പെടുന്നുണ്ട്.
2016 നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി പൊടുന്നനെ പ്രഖ്യാപിച്ച് ഡിജിറ്റല്‍ യുഗത്തിലേക്ക് മാറണമെന്ന് പറഞ്ഞുകൊണ്ട് രാജ്യത്തെ എണ്‍പത്തഞ്ചു ശതമാനം നോട്ടുകളുടെ നിരോധന നടപടി രാജ്യത്തെ ജനങ്ങളെ എത്ര ക്രൂരമായാണ് ബാധിച്ചതെന്ന് ആവര്‍ത്തിക്കേണ്ടതില്ല. അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുകയും പകരം രണ്ടായിരത്തിന്റെ കുറഞ്ഞ നോട്ടുകള്‍ ഇറക്കുകയും ചെയ്തതിന്റെ തിക്ത ഫലം ഇന്നും ജനങ്ങള്‍ അനുഭവിച്ചുവരികയാണ്. പാവപ്പെട്ട തൊഴിലാളികളും കര്‍ഷകരും ചെറുകിട കച്ചവടക്കാരുമൊക്കെയാണ് ഈ കാടന്‍ നടപടിയിലൂടെ ദുരിതത്തിലായത്. കള്ളപ്പണം ഇല്ലാതാക്കുമെന്ന വാദമാകട്ടെ പിന്‍വലിച്ചവയില്‍ ഏതാണ്ടെല്ലാ കറന്‍സികളും തിരിച്ചെത്തിയതോടെ വെള്ളത്തില്‍വരച്ച വരയാകുകയും ചെയ്തു. ഇന്ത്യയെ പോലെ എഴുപതു ശതമാനം പേരും ഗ്രാമീണരായ ഒരു രാജ്യത്ത് സാമ്പത്തിക ഇടപാടുകളെല്ലാം കമ്പ്യൂട്ടറും മൊബൈലും വഴി ഡിജിറ്റലാക്കുക എന്ന വാദമാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മുഴക്കിക്കൊണ്ടിരിക്കുന്നത്. ഇതൊന്നും അംഗീകരിച്ച് നടപ്പാക്കാന്‍ പക്ഷേ ജനത ഇതുവരെയും തയ്യാറായിട്ടില്ല. ഇതിന്റെ ലാഭം കൊയ്യുന്നത് വന്‍കിട ബാങ്കുകളും സ്വകാര്യ മൊബൈല്‍ കമ്പനികളുമൊക്കെയാണെന്നതിന്റെ തെളിവാണ് വര്‍ധിച്ചുവരുന്ന ബാങ്കിങ് സേവനഫീസുകളും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുപയോഗത്തിന് നല്‍കേണ്ടിവരുന്ന അധിക നിരക്കുകളും. തങ്ങളുടെ വരുമാനത്തില്‍ നിന്ന് സ്വരുക്കൂട്ടിവെക്കുന്ന പണം ബാങ്കിനോ സര്‍ക്കാരിനോ നല്‍കിയാല്‍ അതെത്രകണ്ട് സുരക്ഷിതമായിരിക്കും എന്നതിന് ഒരുറപ്പുമില്ലെന്നാണ് വാനാക്രൈ പോലുള്ള സംഭവങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്. സൈബര്‍ ഹാക്കിങ് ബാങ്കിങ് മേഖലയെയാണ് ബാധിക്കുന്നതെങ്കില്‍ എന്തായിരിക്കും രാജ്യത്തിന്റെയും ജനങ്ങളുടെയും അവസ്ഥ? ഇനി ആണവോര്‍ജ നിലയങ്ങളോ മറ്റോ ആണ് ക്രിമിനലുകളുടെ ലക്ഷ്യമെങ്കില്‍ അതിന്റെ പ്രത്യാഘാതം എത്ര വലുതായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും കഴിയില്ല.
മനുഷ്യജീവിതം എല്ലാതരത്തിലും സാങ്കേതികതക്ക് പിന്നാലെ പായുമ്പോള്‍ അടിസ്ഥാന ജീവിത പ്രശ്‌നങ്ങള്‍ക്ക് അവയൊന്നും പരിപൂര്‍ണ പരിഹാരം തരുന്നില്ലെന്നാണ് ഇതൊക്കെ നല്‍കുന്ന ഉത്തരം. വസ്തുവിന്റെ അണുവിസ്‌ഫോടനസിദ്ധാന്തം പ്രയോഗിക്കപ്പെട്ടപ്പോള്‍ വൈകാതെതന്നെ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ജനലക്ഷങ്ങളെ ചുട്ടുകരിച്ച അണുബോംബുകളായാണ് അവ പരിണമിച്ചത്. മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ മഹത്വത്തെ വാഴ്ത്തുമ്പോള്‍ തന്നെ ഇന്ത്യയെപോലെ കാര്‍ഷികാധിഷ്ഠിതമായ രാജ്യത്ത് അമിതമായി ഇത്തരം ആധുനിക സംവിധാനങ്ങളെ ആശ്രയിക്കുന്നതിനെക്കുറിച്ച് വീണ്ടുവിചാരത്തിനുള്ള അവസരംകൂടിയാണ് വാനാക്രൈ ഉയര്‍ത്തിവിട്ടിരിക്കുന്നത്.

chandrika: