രക്തദാനത്തിന് ഏറ്റവും വിപുലമായ പ്രചാരണമാണ് നമ്മുടെ സര്‍ക്കാരുകളും പൊതുസമൂഹവും നല്‍കിവരാറുള്ളത്. അടിയന്തിരമായി രക്തം കയറ്റേണ്ടിവരുമ്പോള്‍ പെട്ടെന്നുതന്നെ രോഗിക്ക് യോജിച്ചരക്തം മുന്‍കൂട്ടി ലഭ്യമാക്കുന്നതിനായാണ് രക്തദാനവും ശേഖരണവും എന്നരീതി പരിഷ്‌കൃതസമൂഹം സംവിധാനിച്ചുവെച്ചിട്ടുള്ളത്.. നിര്‍ഭാഗ്യകരമെന്നുപറയട്ടെ, രക്തം ദാനം ചെയ്യുന്നവരില്‍നിന്ന് ദാനപ്രക്രിയവഴി അറിഞ്ഞോ അറിയാതെയോ ദാതാവിന്റെ ശരീരത്തിലുള്ള രോഗം സ്വീകര്‍ത്താവായ രോഗിയിലേക്ക് പടരുന്നു എന്നത് നമ്മുടെ സാങ്കേതികവിദ്യയുടെ പോരായ്മയായേ വിലയിരുത്തപ്പെടാന്‍ കഴിയൂ. ഒരു മഹത്പുണ്യം മഹാഅപരാധമായി മാറുന്ന അനുഭവം. ഇത് രക്തംസ്വീകരിക്കുന്ന ആരെ സംബന്ധിച്ചിടത്തോളവും അത്യന്തം വേദനാജനകമാണ്. എയ്ഡ്‌സ് പോലെയുള്ള അതിമാരകമായ രോഗങ്ങളാണ് രക്തദാനത്തിലൂടെ പകരുന്നത് എന്നത് അതിലുമേറെ വലിയ ആശങ്കകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.
രക്തം സ്വീകരിച്ചതിലൂടെ തിരുവനന്തപുരം റീജീണല്‍കാന്‍സര്‍ സെന്ററില്‍ ആലപ്പുഴ സ്വദേശിയായ രോഗിക്ക് എയ്ഡ്‌സ് രോഗം പടര്‍ന്നതായി കണ്ടെത്തിയെന്ന് കഴിഞ്ഞയാഴ്ചയാണ് വാര്‍ത്ത പുറത്തുവന്നത്. കാന്‍സര്‍ രോഗിയായ ബാലികക്കാണ് ചികില്‍സക്കിടെ എച്ച്.ഐ.വി അണുബാധ ഉണ്ടായതായി കണ്ടെത്തിയിരിക്കുന്നത്. ഒരുരോഗം ചികില്‍സിച്ച് ഭേദമാക്കാന്‍ രോഗിയും അയാളുടെ ബന്ധുക്കളും പെടുന്ന ബുദ്ധിമുട്ടും സാമ്പത്തികച്ചെലവുകളും തന്നെ വലിയ ജീവിതഭാരമായിരിക്കുമ്പോള്‍ ചികില്‍സക്കിടെ മറ്റൊരു മാരകരോഗം പിടികൂടപ്പെടുക എന്നത് ഊഹിക്കാന്‍ പോലുമാകുന്നില്ല. ഭിക്ഷ കിട്ടിയില്ലെങ്കിലും പട്ടിയുടെ കടികൊള്ളുന്ന അവസ്ഥ. അര്‍ബുദ ചികില്‍സയുടെ ഭാഗമായുള്ള നാലാമത്തെ കീമോതെറാപ്പിക്ക് ശേഷം രോഗിയായ കുട്ടിയുടെ അമ്മക്ക് നല്‍കിയ രേഖയില്‍നിന്നാണ് കുട്ടിക്ക് എച്ച്.ഐ.വി ബാധ ഉള്ളതായി മാതാപിതാക്കളുടെ ശ്രദ്ധയില്‍പെടുന്നത്. കുട്ടിയെ ചികിസിച്ച ഡോക്ടര്‍ രോഗിയുടെ ബന്ധുക്കളോട് ആ വിവരം പറയാതിരുന്നത് അതിലും വലിയ അല്‍ഭുതമായിരിക്കുന്നു. തന്റെ പിഴവ് മൂലമാണ് കുട്ടിക്ക് പുതിയ രോഗം വന്നതെന്ന തിരിച്ചറിവിലുള്ള ജാള്യതയും ഭയവും മൂലമായിരിക്കാം പ്രസ്തുത ഭിഷഗ്വരന്‍ ആ വിലപ്പെട്ട വിവരം രോഗിയുടെ ബന്ധുക്കളില്‍ നിന്ന് മറച്ചുവെച്ചത്. ബന്ധുക്കള്‍ വിശദീകരണം തേടിയപ്പോള്‍ പോലും രോഗിക്ക് കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന ഒഴുക്കന്‍ മറുപടിയാണ് ലഭിച്ചതെന്നാണ് രോഗിയുടെ പിതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മന്ത്രിക്ക് മാതാപിതാക്കള്‍ നല്‍കിയ പരാതിയെതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അര്‍ബുദത്തിന് ചികില്‍സിച്ച ആര്‍.സി.സി ആസ്പത്രിയില്‍ നിന്നല്ല എയ്ഡ്‌സ് ബാധ ഉണ്ടായതായി കണ്ടെത്തിയിട്ടുള്ളത്. ആലപ്പുഴയിലെ ഒരു ആതുരകേന്ദ്രത്തില്‍ വെച്ചാവാം എയ്ഡ്‌സ് ബാധിച്ചതെന്നാണ് പ്രാഥമികമായ നിഗമനം. ബാലികക്ക് രക്തം നല്‍കിയ നാല്‍പതോളം പേരെ പരിശോധനക്ക് വിധേയമാക്കിയിരിക്കയാണിപ്പോള്‍.
പ്രശ്‌നത്തിന്റെ സാങ്കേതികവശങ്ങളിലേക്ക് കടക്കുമ്പോള്‍ മനസ്സിലാകുന്നത്, രക്തംദാനം ചെയ്യുന്ന വ്യക്തിക്ക് എയ്ഡ്‌സ് രോഗം ഉള്ളതായി അറിവില്ലെങ്കില്‍ അത് പടരാനുള്ള സാധ്യതയാണ് ഒന്ന്. മറ്റൊന്നുള്ളത്, രക്തം ദാനംചെയ്ത ശേഷവും രണ്ടാഴ്ച വരേക്കും എച്ച്.ഐ.വി ബാധ സ്വീകര്‍ത്താവില്‍ തെളിയില്ലെന്നതാണ്. സാങ്കേതികവിദ്യയുടെ പോരായ്മയാണിത്. ആര്‍.സി.സി കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ പ്രമുഖമായതും അര്‍ബുദചികില്‍സാംരംഗത്ത് ഏറെ ആദരിക്കപ്പെടുന്നതുമായ ആതുരാലയമാണ്. രക്തദാനം നടത്തുന്നതിനു മുമ്പ് നടത്തപ്പെടുന്ന എലീസ പരിശോധനയില്‍ എയ്ഡ്‌സ് രോഗാണു തെളിയില്ലത്രെ. ആര്‍.സി.സി യിലും സ്ഥിതി സമംതന്നെ. എന്നാല്‍ നൂതനമായ ന്യൂക്ലിക് ആസിഡ് പരിശോധന ( നാറ്റ് ) യില്‍ ഈ കാലാവധി ബാധകമല്ല. അപ്പോള്‍ നമ്മുടെ ആസ്പത്രികളില്‍ പ്രതിദിനം നടക്കുന്ന ആയിരക്കണക്കിന് ആളുകളുടെ രക്തദാനവും രക്തസ്വീകരണവും ഉയര്‍ത്തുന്ന ആശങ്ക ഒട്ടും സുരക്ഷിതവും ലളിതവുമേയല്ലെന്നുവരുന്നു.
കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ആറു കുട്ടികള്‍ക്ക് ചികില്‍സക്കിടെ എയ്ഡ്‌സ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ ബാലികയുടെ മാതാപിതാക്കളില്‍ നടത്തിയ പരിശോധനയില്‍ എയ്ഡസ് ബാധ കണ്ടെത്തിയിട്ടില്ല എന്നതും ഇതുസംബന്ധിച്ച ജാഗ്രതയിലേക്കാണ് വിരല്‍ചൂണ്ടപ്പെടുന്നത്. ഇടുക്കിയിലെ ഒരു കുട്ടിക്കും സമാനമായി രോഗം പിടികൂടപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ 2012 ജൂലൈയില്‍ വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുള്ള കുട്ടിക്ക് രക്തസ്വീകരണത്തിലൂടെ എയ്ഡ്‌സ് പടര്‍ന്നിരുന്നു. തലാസിമിയ എന്ന അര്‍ബുദരോഗത്തിനുള്ള ചികില്‍സക്കിടെയായിരുന്നു രോഗബാധ. അന്വേഷണത്തില്‍ മാനന്തവാടി ജില്ലാ ഗവ.ആസ്പത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികില്‍സിച്ചിരുന്നെന്നും അവിടങ്ങളിലെവിടെയോ വെച്ച് രോഗം പടര്‍ന്നിരിക്കാമെന്നുമായിരുന്നു കണ്ടെത്തിയത്. ഒടുവില്‍ സര്‍ക്കാരിന് 12 ലക്ഷംരൂപ ഖജനാവില്‍ നിന്ന ്‌നഷ്ടപരിഹാരം നല്‍കേണ്ടിവന്നു. സമാനമായ രീതിയില്‍ പാലക്കാട്ടെ രണ്ടുകുട്ടികള്‍ക്കും കോഴിക്കോട്ടെ മറ്റൊരു കുട്ടിക്കും എയ്ഡ്‌സ് പടരുകയുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
മതിയായി സ്‌റ്റെറിലൈസേഷന്‍ നടത്താത്ത സിറിഞ്ചുകളുടെ ഉപയോഗവും ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും അവധാനതക്കുറവും സാങ്കേതികത്തകരാറുകളുമെല്ലാം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയെയാണ് നമുക്കുമുന്നില്‍ തുറന്നിട്ടിരിക്കുന്നത്. രക്തം പോയിട്ട് ഉമിനിരില്‍കൂടി പോലും പകരുന്നതാണ് എച്ച്.ഐ.വി അണു. ഇക്കാര്യങ്ങള്‍ അറിയാമായിരുന്നിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ ആതുരാലയങ്ങളില്‍പോലും ഇതിനുതക്ക സംവിധാനങ്ങള്‍ ഇനിയും ഉണ്ടായിട്ടില്ല എന്നത് നമ്മെയെല്ലാം ഇരുത്തിച്ചിന്തിപ്പിക്കേണ്ട ഘട്ടം അതിക്രമിച്ചിരിക്കുന്നു. ദേശീയ എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്ന തിരുവനന്തപുരം ആര്‍.സി.സിയില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ചികില്‍സക്കിടെ എയ്ഡ്‌സ് ബാധിച്ച കുട്ടികളുടെ കാര്യത്തില്‍ രക്തസ്വീകരണം വഴിയല്ല രോഗം പടര്‍ന്നതെന്ന വിവരവും സുരക്ഷിതമല്ലാത്ത ആതുരാലയസംവിധാനങ്ങളിലേക്കാണ് വീണ്ടും വിരല്‍ചൂണ്ടപ്പെടുന്നത്.
ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ അടിസ്ഥാനമായ കടമയാണെന്നിരിക്കെ ആസ്പത്രികള്‍ വഴി രോഗം പകരുന്നുവെന്നത് ചെറുതായി കാണേണ്ടതല്ല. സര്‍ക്കാര്‍ ആസ്പത്രികളുടെ കണക്ക് മേല്‍പറഞ്ഞതാണെങ്കില്‍ സംസ്ഥാനത്തെ ഡസന്‍കണക്കിന് സ്വകാര്യ ആതുരാലയങ്ങളിലെ തികില്‍സാ-പരിശോധനാസംവിധാനങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് കൂടുതലെന്തെങ്കിലും പറയേണ്ടതുണ്ടോ. പ്രതിദിനം അഞ്ചുലക്ഷം യൂണിറ്റ് രക്തം സംസ്ഥാനത്ത് ദാനം ചെയ്യപ്പെടുന്നതായാണ് കണക്ക്. സൗജന്യമായും ദാതാക്കളില്‍ ചിലര്‍ പണത്തിനുവേണ്ടിപോലും രക്തം ദാനം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ മതിയായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ടോ എന്നത് രക്തം സ്വീകരിക്കുന്നവരും രക്തബാങ്കുകളും ആസ്പത്രികളും ഡോക്ടര്‍മാരും അവരുടെ സംഘടനകളുമൊക്കെ ആലോചിക്കണം. എലീസക്ക് പകരം എല്ലാ രക്തസാമ്പിളുകളും നാറ്റ് പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. എന്നിട്ടൊക്കെ മതി രക്തദാനത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് ഇനിയെങ്കിലും പ്രചുരപ്രചാരണം നടത്താന്‍.
- 7 years ago
chandrika
Categories:
Video Stories
ആസ്പത്രികള്‍വഴി രോഗം പടരുന്നത് ആശങ്കാജനകം
Tags: editorial