X

വയനാട് ചുരംപാത: അവഗണന ബദലാവില്ല

അന്തര്‍സംസ്ഥാന ഗതാഗതത്തിനായി ഏറ്റവും കൂടുതല്‍ ആശ്രയിക്കപ്പെടുന്ന വയനാട് ചുരം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് സമഗ്രമായ ബദല്‍ മാര്‍ഗങ്ങള്‍ ഇനിയും പ്രാവര്‍ത്തികമായിട്ടില്ല എന്നത് കേരളത്തിന്റെ മൊത്തം അപമാനമായി മാറിയിരിക്കുകയാണ്. മഴയൊന്ന് കനത്താല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം നിലക്കുന്ന അവസ്ഥയാണ് കാലങ്ങളായി ഉള്ളത്. കോഴിക്കോട് മുതല്‍ വയനാട് വരെയുള്ള ചുരം റോഡില്‍ അടിവാരം മുതല്‍ ലക്കിടിവരെയുള്ള ഭാഗത്താണ് വലിയ അപകടങ്ങള്‍ പതിയിരിക്കുന്നത്. 12 കിലോമീറ്റര്‍ ദൂരത്തായി ഒന്‍പതു കൊടും വളവുകളാണുള്ളത്. പലതും അന്‍പതടിവരെ താഴ്ചക്ക് അരികെയും. പാതയില്‍ മഴവെള്ളം കെട്ടിനിന്ന് പരന്നൊഴുകുന്നതിന് ബദല്‍ സംവിധാനമില്ല. ഇവിടങ്ങളില്‍ വലിയമരങ്ങള്‍ വേരു നഷ്ടപ്പെട്ട് കടപുഴകി റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന സ്ഥിതിയാണ്. മണ്ണിന് അനുയോജ്യമായ ടാറിങ് ഇല്ലാത്തതിനും വലിയ വാഹനങ്ങളുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഇതിലൂടെ നിരനിരയായി കടന്നുപോകുമ്പോള്‍ സംഭവിക്കുന്ന തകര്‍ച്ചക്കും കുരുക്കിനും ഇനിയെങ്കിലും ശാപമോക്ഷം ലഭിക്കേണ്ടത് അത്യന്താപേക്ഷിതമായിരിക്കുകയാണ്. കഴിഞ്ഞമാസവും കഴിഞ്ഞ ദിവസവും കനത്ത മഴയില്‍ മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസ്സപ്പെടുകയും വലിയവാഹനങ്ങളുടെ ഗതാഗതം നിരോധിക്കേണ്ട സ്ഥിതിയുമുണ്ടായി.
മലബാര്‍ ഭാഗത്തുനിന്ന് വയനാട്, ബംഗ്ലൂര്‍, മൈസൂര്‍, ഊട്ടി തുടങ്ങി രണ്ടു സംസ്ഥാനങ്ങളിലെ വന്‍ നഗരങ്ങളിലേക്കുമുള്ള ഈ പാതയുടെ ഗതികേടിനെക്കുറിച്ച് പലപ്പോഴും വലിയ തോതിലുള്ള ചര്‍ച്ചകളും പരിഹാര നീക്കങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും പ്രധാന തടസ്സമായി നില്‍ക്കുന്നത് വനംവകുപ്പാണ്. ഇവിടെയുള്ള മരങ്ങള്‍ നശിപ്പിച്ചുകൊണ്ടുള്ള പാത വിപുലീകരണത്തിന് വനം-പരിസ്ഥിതി വകുപ്പ് സ്വീകരിച്ചിരിക്കുന്ന പുറംതിരിഞ്ഞ നയമാണ് കാര്യങ്ങളെ പാതിവഴിയില്‍ നിര്‍ത്തുന്നത്. നിത്യേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ചുരം റോഡിന് ബദല്‍ റോഡ് അനിവാര്യമാണെന്നാണ് സ്ഥിതിഗതികള്‍ പഠിച്ച ഔദ്യോഗിക സംഘങ്ങളൊക്കെ നിര്‍ദേശിച്ചിട്ടുള്ളത്. പതിനൊന്നു പേര്‍ മരിക്കാനിടയായ 1983ലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് ബദല്‍ റോഡ് എന്ന ആശയം പൊന്തിവരുന്നത്. ഇതിനുള്ള ആദ്യ ശ്രമങ്ങള്‍ നടന്നത് 1984ലാണ്. അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിലെ പൊതുമരാമത്തു വകുപ്പു മന്ത്രി അവുക്കാദര്‍കുട്ടിനഹ മുന്‍കയ്യെടുത്ത് ആരംഭിച്ച ഒന്നാം ബദല്‍പാത ഇന്നും എങ്ങുമെത്തിയിട്ടില്ല.
1992ല്‍ സര്‍വേ നടത്തി യു.ഡി.എഫ് സര്‍ക്കാര്‍ നിര്‍മാണം നടത്തിയ പടിഞ്ഞാറത്തറ-പൂഴിത്തോട്-കോഴിക്കോട് ബദല്‍ പാതയും ഒന്‍പതു കിലോമീറ്ററൊഴികെ ഗതാഗത യോഗ്യമല്ലാതായിക്കിടക്കുകയാണ്. പൊതുമരാമത്തുവകുപ്പു മന്ത്രി പി.കെ.കെ ബാവയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ 1994ല്‍ തറക്കല്ലിട്ട ഈ 27 കിലോമീറ്റര്‍ പാതയും വനംവകുപ്പിന്റെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടപ്പാണ്. പെരുവണ്ണാമുഴി മുതല്‍ വയനാട് വരെ ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളതിനാല്‍ ഇതാണ് സാമ്പത്തികമായി ഏറ്റവും പ്രായോഗികമായ ബദല്‍ മാര്‍ഗം, ഈ പാതക്കുവേണ്ടി 52 ഏക്കര്‍ വനം ഏറ്റെടുത്തതിന് പകരമായി നിയമ പ്രകാരമുള്ള 104 ഏക്കര്‍ റവന്യൂ ഭൂമി കോഴിക്കോട്, വയനാട് ജില്ലകളിലെ നാലുവില്ലേജുകളില്‍നിന്ന് വനം വകുപ്പിന് കൈമാറുകയും വനവല്‍കരണത്തിലൂടെ നിബിഡവനമായി മാറിയിരിക്കുകയുമാണ്. ബംഗ്ലൂരില്‍ നിന്ന് പെരുവണ്ണാമുഴിയിലെ പട്ടാള ബാരക്കിലേക്കുള്ള സഞ്ചാരത്തിന് ഈ റോഡ് പ്രായോഗികമാണെന്ന് കണ്ടെത്തിയതുമാണ്. അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ഇതിനായി പത്തുകോടി രൂപ നീക്കിവെച്ചിരുന്നു.
നിത്യേന നിരവധി കണ്ടെയ്‌നറുകളടക്കം ആറായിരത്തോളം വാഹനങ്ങള്‍ കടന്നുപോകുന്ന വയനാട് ചുരം റോഡിന് വിനോദ സഞ്ചാര രംഗത്തും വലിയ പ്രാധാന്യമാണുള്ളതെന്ന് പ്രത്യേകം ഓര്‍മിപ്പിക്കേണ്ടതില്ല. എന്നിട്ടും സംസ്ഥാനത്ത് ഏറ്റവും അവഗണിക്കപ്പെട്ട ജില്ലയെന്നതുപോലെ ഈ റോഡിന്റെ കാര്യത്തിലും ഈ അവഗണന തുടരുന്നത് ജനകീയ സര്‍ക്കാരുകളുടെ പിടിപ്പുകേടാണ് ബോധ്യപ്പെടുത്തുന്നത്. കണ്ണൂര്‍ മുതല്‍ മലപ്പുറം, തൃശൂര്‍ വരെയുള്ള ജനങ്ങളും അന്യദേശത്തുനിന്നുള്ള വിനോദ സഞ്ചാരികളും ഏറെ ആശ്രയിക്കുന്ന ഈ പാതയുടെ കാര്യത്തില്‍ ഇനിയെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കണ്ണ് തുറന്നേതീരു. ചുരം റോഡിന്റെ സൗന്ദര്യവത്കരണത്തിന് ജില്ലാ ഭരണകൂടങ്ങള്‍ നല്‍കുന്ന പ്രാധാന്യം പോലും അതിന്റെ സഞ്ചാര യോഗ്യതക്ക് നല്‍കുന്നില്ല എന്നത് വലിയ കഷ്ടം തന്നെ. പക്രന്തളം-കുറ്റിയാടി-മാനന്തവാടി, തലപ്പുഴ-ചിപ്പിലിത്തോട്, ആനക്കാംപൊയില്‍-മേപ്പാടി, മേപ്പാടി-മുണ്ടേരി, വിലങ്ങാട്-കുഞ്ഞോം ബദല്‍ പാതകളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും എല്ലാം കടലാസിലൊതുങ്ങുകയാണ്. വനംവകുപ്പും പൊതുമരാമത്തുവകുപ്പും ഇക്കാര്യത്തില്‍ ഏകശിലാരൂപത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ആയിരക്കണക്കിന് ജനങ്ങളുടെ ദുരിതത്തിന് പരിഹാരമാകൂ. പൊതുമരാമത്തുവകുപ്പ് വടകര കേന്ദ്രമായി ആരംഭിച്ച പ്രത്യേക ചുരം ഡിവിഷന്‍ കാര്യാലയവും ഇന്ന് ഏട്ടിലൊതുങ്ങുന്നു. സര്‍വേ പൂര്‍ത്തിയാക്കിയ വയനാട്-നിലമ്പൂര്‍ -നഞ്ചന്‍കോട് റെയില്‍വെ ലൈനിന്റെ കാര്യവും മാധ്യമ വാര്‍ത്തകളില്‍ മാത്രമൊതുങ്ങുകയാണ്.
ജനകീയ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ ചുരം റോഡിന്റെ ഇന്നത്തെ അവസ്ഥക്ക് പരിഹാരമാകൂ എന്നാണെങ്കില്‍ അതിന് വയനാട്ടുകാര്‍ തന്നെയാണ് ഇനി മുന്‍കയ്യെടുക്കേണ്ടത്. കോഴിക്കോട് ജില്ലയുടെ പ്രദേശമാണ് ചുരത്തിന്റെ ഭാഗം മുഴുവനും എന്നത് ആ ജില്ലയുടെ ഉത്തരവാദിത്തവും വര്‍ധിപ്പിക്കുന്നുണ്ട്. തമിഴ്‌നാടിന്റെ ഊട്ടി, കൊടൈക്കനാല്‍ പോലുള്ള ചുരം റോഡുകളിലേതുപോലെ കല്‍ഭിത്തി കഴിഞ്ഞുള്ള ചെറിയഭാഗം ഏറ്റെടുത്ത് പാത സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ് നടക്കേണ്ടത്. തലയില്‍ വീണാലും മരത്തില്‍ തൊടരുത് എന്ന വനംവകുപ്പിന്റെ നയം നിരപരാധികളായ ജനങ്ങളുടെ ജീവന് ബദലായിക്കൂടാത്തതാണ്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പുതിയ പാതയ്ക്കായി മുറവിളി കൂട്ടുന്നവരും മലബാറിന്റെ വികസനകാര്യം വരുമ്പോള്‍ മാവിലായിക്കാരന്‍ ചമയുന്നവരും ചേരുന്നതാണ് താമരശേരി ചുരം റോഡിന്റെ ശാപം. പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെങ്കില്‍ സര്‍ക്കാരിലെ ജനതല്‍പരര്‍ മുന്നിട്ടിറങ്ങുക മാത്രമാണ് പോംവഴി. മഴക്കാലത്ത് തകര്‍ന്നുതരിപ്പണമായ സംസ്ഥാനത്തെ സാധാരണ റോഡുകളുടെ കാര്യത്തില്‍പോലും പരിഹാരമില്ലാതിരിക്കുമ്പോള്‍ ഇന്നത്തെ ഭരണാധികാരികളില്‍ നിന്ന് വലുതായി പ്രതീക്ഷിക്കുക വയ്യെങ്കിലും കേരളത്തിന്റെ മൊത്തം താല്‍പര്യം പരിഗണിച്ച് വയനാട് ചുരം റോഡിന്റെ കാര്യത്തില്‍ ബന്ധപ്പെട്ടവരെല്ലാം ഒത്തൊരുമിച്ച് രംഗത്തിറങ്ങുകയാണ് അടിയന്തിരമായ കര്‍ത്തവ്യം.

chandrika: