നൊബേല്‍ സമ്മാന ജേതാവും ഭാരതരത്‌നവുമായ മദര്‍തെരേസയുടെ ഉപവിയുടെ സഹോദരി( മിഷനറീസ് ഓഫ് ചാരിറ്റി) മാരുടെ ഗണത്തില്‍പെടുന്ന സലേഷ്യന്‍ സഭാപാതിരിയായ കോട്ടയം പാലാ രാമപുരം സ്വദേശി ഫാ. ടോം ഉഴുന്നാലിലിനെ യെമനിലെ ഭീകരരുടെ തടവില്‍നിന്ന് മോചിതനാക്കിയെന്ന വാര്‍ത്ത മനുഷ്യസ്‌നേഹികളായ എല്ലാവരിലും അളവറ്റ ആശ്വാസവും ആഹ്ലാദവും ഉളവാക്കിയിരിക്കുന്നു. ചൊവ്വാഴ്ച തലസ്ഥാനമായ മസ്‌കറ്റില്‍ ഒമാന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കാത്തോലിക്കരുടെ ആത്മീയാകേന്ദ്രമായ റോമിലെ വത്തിക്കാന്‍ ഭരണകൂടത്തിന്റെ അപേക്ഷപ്രകാരം ഫാ. ടോമിനെ മോചിപ്പിച്ചുവെന്നാണ് അറിയിപ്പ്. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജ് ഫാ.ടോമിന്റെ മോചനവിവരം വെളിപ്പെടുത്തിയ ട്വിറ്റര്‍ സന്ദേശത്തില്‍ മാര്‍പ്പാപ്പയുടെയോ വത്തിക്കാന്റെയോ ശ്രമഫലമായാണ് മോചനമെന്ന ഒരുസൂചനയും കണ്ടില്ല. ആരുമുഖേനയായാലും ഇന്ത്യയിലെയും വിദേശത്തെയും നിരവധി ക്രിസ്ത്യന്‍ മിഷണറിമാരുടെയും നന്മ നിറഞ്ഞ മനസ്‌കരുടെയും പ്രാര്‍ഥനയുടെ ഫലമാണ് ഒന്നരവര്‍ഷത്തോളം നീണ്ട കാരാഗൃഹവാസത്തിനുശേഷം മലയാളിയായ സമൂഹസേവകന് ജീവനോടെ മടങ്ങാന്‍ കഴിയുന്നത് എന്നത് ആശ്ചര്യവും പ്രതീക്ഷാനിര്‍ഭരവുമാണ്.
2016 മാര്‍ച്ച് നാലിനാണ് യെമനിലെ ഏദനില്‍ മിഷണറീസ് ഓഫ് ചാരിറ്റി നടത്തുന്ന വൃദ്ധസദനത്തിലേക്ക് ഭീകരപ്രവര്‍ത്തകര്‍ കടന്നുകയറി തുരുതുരാ വെടിവെച്ച് നാല് കന്യാസ്ത്രീകളടക്കം 16പേരെ വധിച്ചത്. ക്രിസ്ത്യന്‍ പള്ളിയുടെ ഭാഗമായ ചാപ്പലില്‍ പ്രാര്‍ഥിക്കുകയായിരുന്നു തല്‍സമയം മലയാളിയായ ഫാ. ടോം ഉഴുന്നാലില്‍. എട്ടുവര്‍ഷമായി ഏദനില്‍ സേവനം അനുഷ്ഠിച്ചുവരുന്ന ഫാദര്‍ ടോം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് തൃണവല്‍ഗണിച്ചും ഭീരരുടെ തോക്കിനേക്കാള്‍ നിരാലംബരായ മനുഷ്യരുടെ രോദനം അകറ്റുകയെന്ന ലക്ഷ്യമിട്ടാണ് കലാപകലുഷിതമായ യെമനിലേക്ക് വിമാനം കയറിയത്. ആശങ്കപ്പെട്ടതുപോലെ തന്നെയായിരുന്നു 557 ദിവസം മുമ്പ് സംഭവിച്ച ഏദനിലെ ആ ദുരന്തം. വൃദ്ധസദനം ആക്രമിച്ച ഭീകരര്‍ പാതിരിയെ പിടിച്ചുകെട്ടി തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. ഇതിനിടെ ഇദ്ദേഹത്തെക്കുറിച്ച് കേരളത്തിലടക്കം വലിയ ആശങ്കകളുയര്‍ന്നു. ഇന്ത്യന്‍ സര്‍ക്കാരിലേക്ക് തുരുതുരെ ആപല്‍സന്ദേശങ്ങളും രക്ഷാഅഭ്യര്‍ഥനകളും പ്രവഹിച്ചു.
ക്രിസ്ത്യന്‍ സഭകളുടെ മേലാധികാരികളായ കേരളത്തിലെ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം, ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി തുടങ്ങിയവര്‍ കേന്ദ്രസര്‍ക്കാരുമായും വത്തിക്കാനുമായും നിരന്തരമായി ബന്ധപ്പെട്ട് ഫാ.ടോമിന്റെ മോചനത്തിന് കഠിനപരിശ്രമം തന്നെനടത്തിയെങ്കിലും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ പതിവുപോലെ ട്വിറ്റര്‍ നയതന്ത്രവുമായി കാലം കഴിക്കുന്ന കാഴ്ചയാണ് നിര്‍ഭാഗ്യവശാല്‍ കാണാനായത്.
യെമനില്‍ ഇന്ത്യക്ക് നയതന്ത്ര കാര്യാലയം ഇല്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഒഴികഴിവ്. ഒടുവില്‍ ഇന്ത്യയുടെ സഹായമില്ലാതെ ക്രിസ്ത്യന്‍ സഭക്ക് നേരിട്ടുതന്നെ വിഷയത്തില്‍ ഇടപെട്ട് ഇന്ത്യന്‍ പാതിരിയുടെ ജീവന്‍ രക്ഷിക്കേണ്ട അവസ്ഥവന്നു. യെമനുമായി മികച്ച നയതന്ത്രബന്ധം പുലര്‍ത്തിവരുന്ന ഒമാനുമായി കൂടിയാലോചിച്ചായിരുന്നു വത്തിക്കാന്റെ ഓരോനീക്കവും. സര്‍വസംഗപരിത്യാഗിയായ ഒരു സാമൂദായികസേവകന്റെ മോചനം തങ്ങളുടെ കര്‍ത്തവ്യമാണെന്ന തിരിച്ചറിവില്‍ അധിഷ്ഠിതമായിരുന്നു ഒമാന്‍ ഭരണകൂടത്തിന്റെ തുടര്‍ന്നുള്ള ഓരോ ചലനങ്ങളും. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നേതൃത്വപരമായ കഴിവാണ് ഈ മോചനത്തില്‍ പ്രതിഫലിച്ചതെന്നതിന് അവരുടെ മികച്ച നയന്ത്രനീക്കങ്ങള്‍ തെളിവാണ്. അതേസമയം ഇക്കാര്യത്തില്‍ ഇന്ത്യാഭരണകൂടം തീര്‍ത്തും ഒറ്റപ്പെടുകയും നയതന്ത്രരംഗത്ത് വലിയ പാളിച്ചക്ക് കാരണമാവുകയും ചെയ്തിരിക്കുന്നുവെന്നാണ് വിഷയം പഠിക്കുന്ന ആര്‍ക്കും ബോധ്യമാകുക. കഴിഞ്ഞ മേയില്‍ സ്വയം മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫാ. ടോമിന്റെ അവശനിലയിലുള്ള വീഡിയോദൃശ്യം ഭീകരര്‍ പുറത്തുവിടുന്നതുവരെയും ഇദ്ദേഹത്തിന്റെ റാഞ്ചലിനെക്കുറിച്ചുപോലും ജ്ഞാനമില്ലാതിരുന്ന സര്‍ക്കാരില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കുക വയ്യല്ലോ.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2004ല്‍ അന്നത്തെ വിദേശകാര്യസഹമന്ത്രിയായ ഇ.അഹമ്മദ് ഇറാഖില്‍ ബന്ദികളാക്കപ്പെട്ട മൂന്ന് ഇന്ത്യന്‍ പൗരന്മാരുടെ കാര്യത്തില്‍ നടത്തിയ അതിസൂക്ഷ്മവും പക്വവുമായ നയതന്ത്രനീക്കങ്ങളും സിഖ് യുവഡ്രൈവര്‍മാരുടെ മോചനത്തിന് വഴിവെച്ചതും നാമിപ്പോള്‍ സ്മരിക്കുന്നത് ഉചിതമാകുമെന്ന ്‌തോന്നുന്നു. മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ സഹമന്ത്രിയായിരുന്ന ഇ.അഹമ്മദിനെയാണ് പ്രതിസന്ധിപരിഹാരസമിതി തലവനായി നിയോഗിച്ചത്. ഒന്നരമാസം നീണ്ട അഹമ്മദിന്റെ കഠിനപരിശ്രമത്തിന്റെ ഫലമായുണ്ടായ മോചനം അന്ന് അന്താരാഷ്ട്രതലത്തില്‍ ഏറെ ശ്രദ്ധേയമാകുകയും ചെയ്തിരുന്നു. ഒമാനിലെ ഇന്ത്യന്‍ പ്രതിനിധി തല്‍മീസ് അഹമ്മദിന്റെ നേതൃത്വത്തില്‍ പ്രത്യേക നയതന്ത്ര വിദഗ്ധരെ ഉള്‍പെടുത്തിയാണ് ആ ഓപ്പറേഷന്‍ അഞ്ചുപൈസ മോചനദ്രവ്യം നല്‍കാതെ രാജ്യം വിജയിപ്പിച്ചെടുത്തത്. അതേസമയം കൂടെ റാഞ്ചപ്പെട്ട കുവൈത്ത് ഡ്രൈവര്‍മാര്‍ക്കുവേണ്ടി മൂന്നുലക്ഷം ഡോളര്‍ ഇനാം നല്‍കിയിരുന്നുവെന്നത് ഓര്‍ക്കുക. എന്നാല്‍ സര്‍വരാലും ആദരിക്കപ്പെടുന്ന ഒരു ഇന്ത്യന്‍പൗരന്റെ കാര്യത്തില്‍ രാജ്യത്തെ ഭരണകൂടത്തിന് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് നമ്മെ സംബന്ധിച്ചിടത്തോളം നാണക്കേടല്ലാതെന്തുപറയാന്‍.
ലോകം ചുറ്റും വാലിപനായി വിലസുന്ന പ്രധാനമന്ത്രിക്ക് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയംഗത്വം നേടിയെടുക്കുന്നതിനോ പാക്കിസ്താനിലെ ഇന്ത്യന്‍ ഹിറ്റ്‌ലിസ്റ്റിലുള്ള ഭീകരരെ വിടുവിക്കുന്നതിനോ മല്ല്യയെ പോലുള്ള സാമ്പത്തിക തട്ടിപ്പുവീരന്മാരെ മടക്കിക്കൊണ്ടുവരുന്നതിനോ കഴിയാതിരിക്കുമ്പോള്‍ തന്നെയാണ് ഇന്ത്യയില്‍ വര്‍ഷങ്ങളായി ജീവാഭയം തേടിയിരിക്കുന്നവരെ ആട്ടിയോടിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം നാം നിര്‍ലജ്ജം കേള്‍ക്കേണ്ടിവന്നത്. മ്യാന്മറിലെ രോഹിംഗ്യകളുടെ കാര്യത്തില്‍ കഴിഞ്ഞദിവസമാണ് ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സില്‍ ഇന്ത്യയെ കടുത്തഭാഷയില്‍ ശാസിച്ചത്. പാക്കിസ്താന്‍ തടവിലാക്കിയ ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ കാര്യത്തിലും ഇതുവരെയും മോചനത്തിന് പോയിട്ട് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് കാണാനുള്ള അവസരംപോലും അനുവദിക്കപ്പെട്ടിട്ടില്ല. യെമനില്‍നിന്ന് പാതിരിയെ മോചിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ നിസ്സംഗത കാരണം അന്താരാഷ്ട്രരംഗത്ത് ഇന്ത്യക്ക് കിട്ടുമായിരുന്ന മേല്‍ക്കൈ ഇല്ലാതാക്കി. മോചനശേഷം ഫാ.ടോമിനെ മസ്‌കറ്റിലേക്കും വത്തിക്കാനിലേക്കും കൊണ്ടുപോയി എന്നത് ഇന്ത്യക്കാരായ നമ്മെ സംബന്ധിച്ചിടത്തോളം ആശ്വാസത്തോടൊപ്പം ലജ്ജാകരവുമാണ്. ഇതെല്ലാം രാജ്യസ്‌നേഹത്തെക്കുറിച്ച് മിഥ്യാമേനി നടിക്കുന്ന ഭരണക്കാര്‍ക്ക് ഭൂഷണമാണോ എന്ന് ചിന്തിച്ചുനോക്കുക. എട്ടുകാലി മമ്മൂഞ്ഞ് നിലപാടിനു പകരം ബുദ്ധിപരവും തലയെടുപ്പുള്ളതുമായ നയതന്ത്രനയമാണ് ഇന്ത്യ ആരായുന്നത്.
- 7 years ago
chandrika
Categories:
Video Stories
ഫാ.ടോമിന്റെ മോചനവും എട്ടുകാലി മമ്മൂഞ്ഞുമാരും
Tags: editorial