രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വിഘ്‌നം തട്ടുന്ന തരത്തില്‍ നടത്തുന്ന പ്രസംഗങ്ങള്‍ ഇപ്പോള്‍ പതിവു രീതിയായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ സമാധാന ജീവിതത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം പ്രസംഗങ്ങള്‍ ഒരു വിഭാഗം കരുതിക്കൂട്ടി ഉയര്‍ത്തിവിടുകയാണ്. രാജ്യം ഇതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് പ്രാസംഗികരോ ഭരണാധികാരികളോ ഓര്‍ക്കാതെ പോകുന്നതാണ് വലിയ കഷ്ടം. എറണാകുളം ജില്ലയിലെ വടക്കന്‍പറവൂരില്‍ ഹിന്ദുഐക്യവേദി നടത്തിയ പൊതുയോഗത്തില്‍ അധ്യക്ഷ നടത്തിയ പ്രസംഗം ഇത്തരത്തിലുള്ളതാണ്. വെള്ളിയാഴ്ചയാണ് ഇത്തരമൊരു വിവാദപ്രസംഗം നടത്തിയതെങ്കിലും ഇതിനെതിരെ ചെറുവിലനക്കാന്‍ സംസ്ഥാനത്തെ പൊലീസോ മതേതരവാദികളുടെ സര്‍ക്കാരിലെ പ്രമുഖരോ മുന്നോട്ടുവന്നില്ല. കോണ്‍ഗ്രസ് എം.എല്‍.എ വി.ഡി സതീശന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഈ വിദ്വേഷ പ്രസംഗത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതവിദ്വേഷം വളര്‍ത്തിയെന്ന കുറ്റത്തിന് 153-ാം വകുപ്പനുസരിച്ചാണ് കേസ്.
മാതാപിതാഗുരു എന്നാണ് ഇന്ത്യന്‍ സംസ്‌കാരം. പാലക്കാട് വല്ലപ്പുഴയിലെ എയ്ഡഡ് സ്‌കൂളിലെ സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന അധ്യാപികയാണ് ഈ തീപ്പൊരി പ്രാസംഗിക ശശികല. പറവൂരില്‍ ഇസ്‌ലാം മതപ്രബോധനവുമായി കഴിഞ്ഞമാസം രംഗത്തിറങ്ങിയ യുവാക്കളെ മര്‍ദിച്ച് പൊലീസിനെക്കൊണ്ട് കള്ളക്കേസ് എടുപ്പിച്ചവര്‍ക്കു വേണ്ടിയാണ് ശശികലയും കൂട്ടരും പറവൂരില്‍ പൊതുയോഗംവെച്ച് പ്രകോപനപ്രസംഗം നടത്തിയത്. ഇതേ സംഘടനയുടെ മുന്‍ അധ്യക്ഷനാണ് ഇപ്പോഴത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട്. ശശികലയുടെ പ്രസംഗത്തെ അനുകൂലിച്ച് കുമ്മനം രംഗത്തെത്തിയതില്‍ അല്‍ഭുതമില്ല. ഹിന്ദുമതത്തിലെ വിവിധ ജാതിവിഭാഗങ്ങളെ ഒരുമിപ്പിക്കലാണ് സംഘടനയുടെ ലക്ഷ്യമെന്നാണ് വെയ്‌പെങ്കിലും ടീച്ചറുടെ പ്രധാനപണി ഹിന്ദുയിതര വിഭാഗങ്ങളുടെ പ്രത്യേകിച്ചും മുസ്‌ലിം സമുദായാംഗങ്ങളുടെ മേല്‍ ചെളിവാരിയെറിയുകയാണ്. തത്മാര്‍ഗം നാട്ടിലെ സാമുദായികാന്തരീക്ഷം തകര്‍ക്കുകയാണ് കഴിഞ്ഞ ഏതാനുംകാലമായി ചെയ്തുവരുന്ന മുഖ്യകര്‍മം. ഒരു പ്രസംഗത്തില്‍തന്നെ ചുരുങ്ങിയത് പത്ത് കേസെങ്കിലും എടുക്കാവുന്ന കുറ്റമുണ്ടാകും. മലപ്പറം ജില്ലയിലെ ഭൂരിപക്ഷ സമുദായാംഗത്തിനെതിരെ മുമ്പ് നടത്തിയ പ്രസംഗങ്ങള്‍ ഇവിടെ വിസ്തരിക്കുന്നില്ല. ആര്‍.എസ്.എസിന്റെ വക്താവായ സ്വാമി ഗോപാലകൃഷ്ണന്‍ മലപ്പുറം ജില്ലക്കാര്‍ മൃഗത്തെ പോലെ പ്രസവിക്കുന്നുവെന്ന് പറഞ്ഞിട്ടും മാസങ്ങളധികമായിട്ടില്ല. മൈക്കും കോളാമ്പിയും കിട്ടുന്ന വേദികളിലൊക്കെയും മതവിദ്വേഷത്തിന്റെ വിത്തുകള്‍ വിതറിയെറിഞ്ഞ് കലാപത്തിനുവേണ്ടി പായുന്ന ഇത്തരം നേതാക്കളെക്കുറിച്ച് ഇതിനകംതന്നെ എണ്ണമറ്റ പരാതികളാണ് കേരള പൊലീസിന് ലഭിച്ചിട്ടുള്ളത്. എന്നിട്ടും പള്ളിയിലെ പ്രസംഗത്തിന്റെ പേരില്‍ കാസര്‍കോട്ടെ ഖത്തീബിനെയും ലഘുലേഖ വിതരണം ചെയ്തതിന് യുവാക്കളെയും അറസ്റ്റുചെയ്ത് ജയിലിലടച്ച പിണറായിയുടെ പൊലീസിന് ശശികലക്കെതിരെ വിരലനക്കാന്‍ ഇതുവരെയും തോന്നിയില്ല. ദേശീയപതാകക്കെതിരെപോലും ഇവര്‍ വിമര്‍ശനം അഴിച്ചുവിടുന്നതും നാം കേട്ടതാണ്.
മതേതരവാദികളായ എഴുത്തുകാരെയാണ് പറവൂര്‍ പ്രസംഗത്തില്‍ ശശികല വ്യംഗ്യമായി ഭീഷണിപ്പെടുത്തുന്നത്. രാജ്യത്തിന്റെ അടിസ്ഥാന ശിലയാണ് മതേതരത്വം. എഴുത്തുകാര്‍ സമൂഹത്തിന്റെ പൊതുസ്വരം പരികല്‍പന ചെയ്യുന്ന മതേതരവാദികളാകുന്നതിനെ എന്തിനാണ്, ആര്‍ക്കാണ് അവിവേകമായി തോന്നുന്നത്. സാഹിത്യകാരന്മാരെയും എഴുത്തുകാരെയും മാധ്യമ പ്രവര്‍ത്തകരെയും ഇവര്‍ നിരന്തരമായി ആക്രമിച്ചുകൊണ്ടിരിക്കുന്നതും നടത്തിവരുന്ന വിദ്വേഷ പ്രയോഗങ്ങളും കൊലപാതകങ്ങളും പ്രത്യേകിച്ച് ആരെയും ഓര്‍മിപ്പിക്കേണ്ടതില്ല. ശശികല പരാമര്‍ശിച്ച ബംഗളൂരുവിലെ ഗൗരിലങ്കേഷിന്റെ കൊലപാതകം വരെ അവര്‍ പ്രതിനിധീകരിക്കുന്ന ഹിന്ദുത്വവാദികളുടെ ചെയ്തിയായിരുന്നുവെന്നതിന് സംസാരിക്കുന്ന തെളിവുകളുണ്ട്. കര്‍ണാടകയിലെതന്നെ യുക്തിവാദിയായ സാഹിത്യകാരന്‍ കല്‍ബുര്‍ഗി, മഹാരാഷ്ട്രയിലെ ഗോവിന്ദ്പന്‍സാരെ, നരേന്ദ്രധാബോല്‍കര്‍ എന്നിവരെ വെടിയുണ്ടകൊണ്ട് വകവരുത്തിയത് മറ്റാരുമായിരുന്നില്ല. ജ്ഞാനപീഠജേതാവ് എം.ടി വാസുദേവന്‍നായരെയും സംവിധായകന്‍ കമലിനെയും ബി.ജെ. പിയുടെ നയങ്ങളോട് വിയോജിച്ചുവെന്നതുകൊണ്ടുമാത്രം എന്തുമാത്രം വഷളത്തരമായും പ്രകോപനപരമായുമാണ് അവരുടെ നേര്‍ക്ക് ഇക്കൂട്ടര്‍ കുരച്ചുചാടിയത്. ലോക പ്രശസ്ത ചിത്രകാരന്‍ എം.എഫ് ഹുസൈനെ സ്വരാജ്യത്ത് കടക്കാനാവാതെ അന്ത്യശ്വാസം വരിക്കേണ്ട ഗതിവരുത്തിയവരാണ് നവഹിന്ദുത്വവാദികള്‍. ആ അതുല്യ പ്രതിഭക്ക് രാജ്യം സമ്മാനിച്ച പത്മശ്രീ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട ഏക സംഘടനയാണ് ശശികലയുടേത്. സ്വതന്ത്ര ചിന്തയുടെ പേരില്‍ ഡല്‍ഹി സര്‍വകലാശാലയിലെ കനയ്യകുമാറിനെതിരായ പീഡനം മുതല്‍ ഹൈദരാബാദ് സര്‍വകലാശാലയിലെ സ്വയംഹത്യക്കിരയാക്കിയ രോഹിത് വെമൂലയുടെയും മാട്ടിറച്ചിയുടെ പേരില്‍ തലക്കടിച്ചുകൊല്ലപ്പെട്ടവരുടെയും സംഭവകഥകളെത്ര. ഈ സമയങ്ങളിലൊക്കെയും മതന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും അനുകൂലമായി തൂലിക ചലിപ്പിച്ച് സമൂഹ മന:സാക്ഷിയെ ഉണര്‍ത്തിനിര്‍ത്തിവന്നത് എഴുത്തുകാരും ജാഡകളില്ലാത്ത മതേതരവാദികളുമാണ്. തമിഴ്‌നാട്ടിലെ പെരുമാള്‍ മുരുകന്റെ തൂലിക തല്‍കാലത്തേക്കെങ്കിലും മൂടിവെപ്പിച്ചത് ഇതേ വര്‍ഗീയകശ്മലന്മാരാണ്. ഗൗരിലങ്കേഷ് കൊല്ലപ്പെട്ടതിനെതുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ആര്‍.എസ്.എസ് അനുകൂലികളുടെ പോസ്റ്റുകളൊക്കെയും മതേതര എഴുത്തുകാരെയും സ്വതന്ത്ര ചിന്തകരെയും കണക്കറ്റ് പരിഹസിക്കുന്നവയായിരുന്നുവെന്നതുമതി ശശികല ഇപ്പോള്‍ താന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെയാണ് കുറ്റപ്പെടുത്തിയതെന്ന് പറയുന്നതിലെ പരിഹാസം തിരിച്ചറിയാന്‍.
ഇത്തരം മാനവദോഷികളെ ഇതിനുമുമ്പുതന്നെ അറസ്റ്റുചെയ്യാനോ കേസെടുക്കാനോ തയ്യാറായിരുന്നെങ്കില്‍ കേന്ദ്രാധികാരത്തിന്റെ മെഗ്ലോമാനിയ ഈ മതേതര വിരുദ്ധരില്‍ ഇത്രയങ്ങ് പതഞ്ഞുപൊങ്ങില്ലായിരുന്നു. തക്കസമയത്ത് നിയമത്തിന്റെ ദണ്ഡുപ്രയോഗിച്ച് ഇത്തരക്കാരെ കല്‍തുറുങ്കിലടക്കേണ്ട സംസ്ഥാനസര്‍ക്കാരും സി.പി.എമ്മും ഞഞ്ഞാപിഞ്ഞാ പറഞ്ഞും ന്യൂനപക്ഷങ്ങളെ ശകാരിച്ചും തങ്ങളുടെ രാഷ്ട്രീയ ബലാബലം പരീക്ഷിക്കുന്ന കാഴ്ച പരിഹാസ്യമാണ്. ഒടുവിലെങ്കിലും യു.ഡി.എഫ് നേതാവിന്റെ ലെറ്റര്‍പാഡ് കാട്ടി കേരളത്തിന്റെ ഈ വിഷക്കലക്കെതിരെ കേസെടുക്കാതിരിക്കാന്‍ പിണറായിയുടെ പൊലീസിന് വയ്യെന്നായതില്‍ അത്രയെങ്കിലും സന്തോഷം. ഇനിയൊരു മതവിദ്വേഷ പ്രസംഗത്തിന്റെ നഞ്ചുതുള്ളിയും ഒരാളുടെയും നാവിന്‍തുമ്പില്‍ നിന്ന് ഒലിച്ചിറങ്ങാതിരിക്കണമെങ്കില്‍ മോദിയെ ഭയന്ന് സമയം കളയാതെ ശശികലയെപോലുള്ള അല്‍പ ബുദ്ധികളെ അറസ്റ്റുചെയ്ത് ജയിലിലടക്കുകയാണ് വേണ്ടത്.
- 7 years ago
chandrika
Categories:
Video Stories
മത വിദ്വേഷത്തിന്റെ നഞ്ചുതുള്ളി ഒലിച്ചിറങ്ങരുത്
Tags: editorial