മൂന്നു മാസത്തോളമായി നിലനിന്ന ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കത്തിന് പര്യവസാനമായെന്ന വാര്‍ത്ത ഇരു രാജ്യങ്ങളിലെയും ജനകോടികളെ സംബന്ധിച്ചിടത്തോളം ഏറെ ശുഭോദര്‍ക്കമായിരിക്കുന്നു. ജൂണ്‍ പതിനാറിനാണ് ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ഭൂട്ടാന്‍ പ്രദേശമായ ദോക്‌ലാമില്‍ ചൈന ഏകപക്ഷീയമായി റോഡ് നിര്‍മാണം ആരംഭിച്ചതും അതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചതും. തിങ്കളാഴ്ച പ്രദേശത്തുനിന്ന് സൈനികരെ പിന്‍വലിച്ചതായി അറിയിച്ച ഇന്ത്യയുടെ നടപടിക്കു പിന്നാലെ സൈനികരെയും റോഡ് നിര്‍മാണസാമഗ്രികളും ചൈന മാറ്റിയെന്നാണ് വാര്‍ത്തകള്‍. ഇന്ത്യന്‍ സൈനിക പിന്മാറ്റത്തിന് ‘ആവശ്യമായ നീക്കുപോക്ക്’ നടത്തുമെന്ന ചൈനയുടെ പ്രസ്താവന കലങ്ങിമറിഞ്ഞ അന്തരീക്ഷത്തിന് തെളിച്ചം നല്‍കുമെന്ന ്കരുതാം. അതേസമയം ഇന്ത്യ ഇതൊരു പാഠമായി കണക്കാക്കണമെന്ന ചൈനീസ് സൈനികത്തലവന്റെ ഇന്നലത്തെ പ്രസ്താവന ആ രാജ്യത്തിന്റെ അഹങ്കാരത്തെയാണ് വ്യക്തമാക്കുന്നത്.
രണ്ടായിരത്തോളം സൈനികരെയാണ് ചൈന ഇവിടെ വിന്യസിച്ചിരുന്നത്. ചൈനീസ് അതിര്‍ത്തിയിലേക്ക് കടന്ന് ഇന്ത്യ നാനൂറു പേരെയും. ഇരുരാജ്യങ്ങളുടെയും രണ്ടാംനിര നേതാക്കള്‍ വാക്കുളികളുമായി നിറഞ്ഞുനിന്നതോടെ ലോകത്തെ രണ്ടു വലിയ ജനസംഖ്യാരാജ്യങ്ങള്‍ തമ്മില്‍ രക്തച്ചൊരിച്ചിലിനുള്ള സാധ്യതയാണ് ആശങ്കപ്പെട്ടത്. തിങ്കളാഴ്ച ഇരു രാജ്യങ്ങളും അതിര്‍ത്തികളില്‍ നിന്ന്് നിര്‍ണായകമായ പിന്മാറ്റം നടത്തിയതോടെ തല്‍ക്കാലത്തേക്കെങ്കിലും ബന്ധങ്ങള്‍ മുന്‍സ്ഥിതിയിലേക്ക് പിന്തിരിഞ്ഞിരിക്കുകയാണ്. ചൈനയില്‍ നടക്കാനിരിക്കുന്ന പഞ്ചരാഷ്ട്ര ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് ഇതോടെ ഉറപ്പായിരിക്കുന്നു. സെപ്തംബര്‍ നാലിന് ബീജിങില്‍ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന അറിയിപ്പും മഞ്ഞുരുക്കത്തിന് കൂടുതല്‍ പ്രചോദനമായേക്കും. മൂന്നുമുതല്‍ അഞ്ചുവരെയാണ് ബ്രസീല്‍, ദക്ഷിണാഫ്രിക്ക, റഷ്യ എന്നിവരുമടങ്ങുന്ന സിയാമനിലെ ബ്രിക്‌സ് ഉച്ചകോടി. കഴിഞ്ഞ മാസം ജര്‍മനിയിലെ ഹംബര്‍ഗില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍പിങ്ങും തമ്മില്‍ കൂടിക്കണ്ടിരുന്നുവെന്നത് തര്‍ക്കങ്ങള്‍ക്ക് നയതന്ത്ര പരിഹാരം എന്ന നയത്തിന്റെ വിളംബരമായിരുന്നു.
മൂന്നു രാജ്യങ്ങളുടെ അതിര്‍ത്തിയും ഏറെ തന്ത്രപ്രധാന മേഖലയുമായ ദോക്‌ലാമില്‍ ചൈന നടത്തിയ അതിസാഹസികതയാണ് പ്രശ്‌നത്തിന് ഹേതു. ഇന്ത്യയുടെ ആസാം മുതലായ വടക്കുകിഴക്കന്‍ മേഖലകളിലേക്കുള്ള ഏക പാത കൂടിയാണ് ഈ മഞ്ഞുനിറഞ്ഞ പ്രദേശം. മാത്രമല്ല, ചൈനയിലെ ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ മാനസ സരോവറിലേക്കുള്ള റോഡുമാര്‍ഗവും ഇതുമാത്രമാണ്. ഇവിടെയാണ് ഇന്ത്യയെയും ഭൂട്ടാനെയും വെല്ലുവിളിച്ചു ചൈനീസ് ഭരണകൂടം നടത്തിയ റോഡ്‌നിര്‍മാണം. മുമ്പ് യുദ്ധത്തിലേക്ക് നയിച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഈ സംഭവം കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. 1962 പോലെയായിരിക്കില്ല ഇനിയൊരു യുദ്ധമെന്നായിരുന്നു ചൈനയുടെ വീരവാദമെങ്കില്‍ അതിന് തക്കമറുപടി നല്‍കാന്‍ നമ്മളും തയ്യാറായി. പ്രശ്‌നത്തില്‍ മിക്ക രാജ്യങ്ങളും പക്ഷപാത രഹിതമായ നിലപാട് സ്വീകരിച്ചതോടെ പ്രശ്‌നം തനിയെ തണുക്കുകയായിരുന്നുവെന്നാണ് അനുമാനിക്കേണ്ടത്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ അമേരിക്ക ചൈനക്കെതിരായ നിലപാട് കടുപ്പിക്കുകയും ഇന്ത്യ അമേരിക്കയുമായി അടുക്കുകയും ചെയ്തതോടെ ചൈന-ഇന്ത്യ ബന്ധത്തിനുമേലും കരിനിഴല്‍ വീഴുകയായിരുന്നു. ഇതായിരിക്കാം പെട്ടെന്നൊരു പ്രകോപനത്തിന് ചൈനയെ പ്രേരിപ്പിച്ചത്. ഇന്ത്യയെ ഒന്നു വിരട്ടിവിടുക. ഈ തന്ത്രം ചൈന തുടങ്ങിയത് ഇന്നും ഇന്നലെയുമൊന്നുമല്ല. അരുണാചലിലും സിയാച്ചിനിലും ലഡാക്കിലുമൊക്കെ വില്ലന്‍ റോളിലാണ് പഴയ കമ്യൂണിസ്റ്റ് രാഷ്ട്രം പ്രത്യക്ഷപ്പെട്ടത്. സ്വാഭാവികമായും ഏതൊരു വ്യക്തിയെയും പോലെ ഇന്ത്യയും മറു തന്ത്രവുമായി രംഗത്തുവന്നു. ചൈന അടക്കിവെച്ചിരിക്കുന്ന തിബത്തിന്റെ കാര്യത്തില്‍ ജനാധിപത്യം പുലരണമെന്ന നയം ഇന്ത്യ സ്വീകരിക്കുകയും സിക്കിമില്‍ ബുദ്ധമത നേതാവ് ദലൈലാമയെ വരവേല്‍ക്കുകയും ചെയ്തതാണ് ’62ലെ യുദ്ധത്തില്‍ കലാശിച്ചത്. അന്നു പക്ഷേ നമുക്ക് വലിയ നഷ്ടങ്ങളാണ് നേരിടേണ്ടിവന്നത്. സിക്കിം 1975ല്‍ ഇന്ത്യയില്‍ ഏകപക്ഷീയമായി ലയിച്ചതോടെ ചൈനക്ക് നേരിട്ട മറ്റൊരു തിരിച്ചടിയായി അത്. ഇന്നും സൈനികമായി ചൈനക്കു തന്നെയാണ് ശാക്തിക ബലത്തില്‍ മേല്‍കൈ. എന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ യുദ്ധം പഴയപോലെയാവില്ല എന്ന തിരിച്ചറിവ് അന്നമുണ്ണുന്ന എല്ലാവര്‍ക്കും ബോധ്യമുള്ളതിനാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ ഏവരും ശ്രദ്ധിക്കുന്നുവെന്നാണ് കരുതേണ്ടത്. ഇത് മനുഷ്യനെ കൂടുതല്‍ വിവേകിയാക്കുകയേ ഉള്ളൂ.
ഇരുനൂറ്റിയെണ്‍പതു കോടിയോളം വരുന്ന ലോക ജനസംഖ്യയിലെ പകുതിയോളം പേരെ തീറ്റിപ്പോറ്റാന്‍ വിധിക്കപ്പെട്ട രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. ഇവരിലെ പകുതിയോളവും ഇന്നും ഒരുനേരത്തെ ഭക്ഷണത്തിന് പോലും പ്രയാസപ്പെടുമ്പോള്‍ യുദ്ധംചെയ്ത് കളിക്കാന്‍ വിവേകവും ജനക്ഷേമത്തില്‍ തല്‍പരതയുമുള്ള നേതാക്കള്‍ക്കും ഭരണാധികാരികള്‍ക്കും കഴിയില്ലതന്നെ. പ്രത്യേകിച്ചും ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യക്ക്. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളാകട്ടെ പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ കൊന്നുതള്ളിയത് ജനലക്ഷങ്ങളെയാണെന്നതിന് ചൈന തന്നെയും സാക്ഷിയാണ്. ഉഭയകക്ഷി ബന്ധത്തിന് സമാധാനവും സൗഹാര്‍ദവുമാണ് പ്രധാനമെന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന ഇതാണ് സൂചിപ്പിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിനിധിതല ചര്‍ച്ചകള്‍ ഇനിയും തുടരേണ്ടതിന്റെ ആവശ്യകതയാണ് ദോക്‌ലാം സംഭവം നമ്മെ ഓര്‍മിപ്പിക്കുന്നത്. പാക്കിസ്താനുമായി ചൈനക്കുള്ള ബന്ധം ഒരുപരിധിവരെ ബന്ധങ്ങളെ ബാധിക്കുമെന്നതു ശരിയാണെങ്കിലും ഭീതിയുടെ സന്തുലിതത്വം എന്ന സിദ്ധാന്തപ്രകാരം മനുഷ്യഹാനിക്കുള്ള അവസരങ്ങള്‍ പരമാവധി കുറക്കേണ്ടതുതന്നെയാണ്.
സൈനിക പിന്മാറ്റങ്ങളുടെ രണ്ടുദിവസം മുമ്പാണ് ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത് നടത്തിയ പ്രസ്താവന ശ്രദ്ധേയമായതും ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയതും. ‘ഇന്ത്യ ഏറ്റവും നല്ലത് ആഗ്രഹിക്കുകയും ഏറ്റവും മോശമായതിന് തയ്യാറെടുക്കുകയും ചെയ്യുന്നു’ എന്നായിരുന്നു റാവത്തിന്റെ ആത്മവിശ്വാസപ്രകടനവും മുന്നറിയിപ്പും. ഒരുവശത്ത് സമാധാനവും മറുവശത്ത് സൈനികബലവും എന്നതാണ് നമ്മുടെ നയം. ഇത് രാജ്യത്തിന്റെ പരമാധികരാത്തിനും അഖണ്ഡതക്കും അത്യന്താപേക്ഷിതവുമാണ്. ഇതുതന്നെയാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലം മുതല്‍ രാജ്യം തുടര്‍ന്നുവരുന്നതും. ചൈനയുടെ കാര്യത്തിലും ഇതുതന്നെയാവട്ടെ തുടര്‍ന്നും നാം അവലംബിക്കേണ്ടത്.
- 7 years ago
chandrika
Categories:
Video Stories
ഈ മഞ്ഞുരുക്കം പ്രതീക്ഷാഭരിതം
Tags: editorial