‘അവര്‍ ആദ്യം സോഷ്യലിസ്റ്റുകളെ തേടിവന്നു, ഞാന്‍ മിണ്ടിയില്ല. കാരണം ഞാന്‍ സോഷ്യലിസ്റ്റായിരുന്നില്ല. പിന്നീടവര്‍ ട്രേഡ് യൂണിയനിസ്റ്റുകളെ തേടിവന്നു. ഞാന്‍ മിണ്ടിയില്ല. കാരണം ഞാന്‍ ട്രേഡ് യൂണിയനിസ്റ്റായിരുന്നില്ല. പിന്നീടവര്‍ ജൂതന്മാരെ തേടിവന്നു. ഞാന്‍ മിണ്ടിയില്ല. കാരണം ഞാന്‍ ജൂതനായിരുന്നില്ല. ഒടുവിലവര്‍ എന്നെ തേടിവന്നു. അപ്പോള്‍ എനിക്കുവേണ്ടി സംസാരിക്കാന്‍ ആരും ബാക്കിയുണ്ടായിരുന്നില്ല.’ മാര്‍ട്ടിന്‍ നീമുള്ളറുടെ നാസി വിരുദ്ധ കവിതയുടെ അര്‍ഥവ്യാപ്തി ഉള്‍ക്കൊള്ളാന്‍ ആര്‍ക്കുകഴിയും എന്ന ചോദ്യമാണ് ഇപ്പോള്‍ ഉത്തരം തേടി നമുക്കിടയിലൂടെ അലയുന്നത്. ഇരുണ്ട മധ്യകാലഘട്ടത്തെ അനുസ്മരിപ്പിച്ച് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലിന്നുവരെ കണ്ടില്ലാത്തവിധം മുസ്്‌ലിംകള്‍ക്കെതിരെ അതിരൂക്ഷമായ പകല്‍ കുരുതികളാണ് രാജ്യത്ത്, പ്രത്യേകിച്ചും പശുബെല്‍റ്റ് എന്നറിയപ്പെടുന്ന ഉത്തരേന്ത്യയിലാകെ നഗ്ന താണ്ഡവമാടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ രാജ്യത്തു നടന്ന അക്രമങ്ങളില്‍ പകുതിയിലധികവും പശുവുമായി ബന്ധപ്പെട്ടിരിക്കുന്നു. 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടന്നതായിരുന്നു ഇതിലെ 97 ശതമാനം അക്രമങ്ങളും. ഇതില്‍ കൊല്ലപ്പെട്ടവരില്‍ എണ്‍പതു ശതമാനവും മുസ്‌ലിംകള്‍- 28ല്‍ 24 പേര്‍. 124 പേര്‍ക്ക് പരിക്കേറ്റു. 63ല്‍ 32ഉം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്ന് ഇന്ത്യ സ്‌പെന്‍ഡ് പഠനം പറയുന്നു. അടുത്ത ദിവസങ്ങളിലായി മൂന്നുപേരാണ് രാജസ്ഥാനിലും ഹരിയാനയിലും ഝാര്‍ഖണ്ഡിലുമായി വിദ്വേഷ രാഷ്ട്രീയത്തിനിരയായി മൃഗീയമായി കൊലചെയ്യപ്പെട്ടത്.
2015ല്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് വീട്ടില്‍ സൂക്ഷിച്ചുവെന്ന് വ്യാജ പ്രചാരണം നടത്തി ജവാന്റെ പിതാവ് മുഹമ്മദ്അഖ്‌ലാഖിനെ തല്ലിക്കൊന്നതിനെതുടര്‍ന്ന് രാജ്യത്തുടനീളം വന്‍പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നു. 2016 ഓഗസ്റ്റില്‍ ഗുജറാത്തിലെ ഉനയില്‍ പശുവിന്‍ തോല്‍ കടത്തിയതിന് ദലിത്‌യുവാക്കളെ മര്‍ദിച്ചതിനെതുടര്‍ന്ന് ആഴ്ചകള്‍ക്കുശേഷം പ്രധാനമന്ത്രി വികാരപരമായ ഒരു പ്രസ്താവന നടത്തിയെങ്കിലും പിന്നീട് മാസങ്ങളായി അദ്ദേഹം മൗനവാല്‍മീകത്തിലായിരുന്നു. കഴിഞ്ഞദിവസം ഡല്‍ഹിട്രെയിനില്‍ പതിനഞ്ചുകാരന്‍ ജുനൈദ് മുസ്്‌ലിമെന്നതിന്റെ പേരില്‍ കൊലചെയ്യപ്പെട്ടശേഷം മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലെത്തിയപ്പോഴാണ് പ്രധാനമന്ത്രിക്ക് അക്രമരാഹിത്യത്തെക്കുറിച്ച് ഓര്‍മവന്നതും ഗോരക്ഷര്‍ക്കെതിരെ മറ്റൊരു പ്രസ്താവന നടത്തിയതും. അതേദിവസം തന്നെയാണ് ഝാര്‍ഖണ്ഡില്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മറ്റൊരു മുസല്‍മാനെ കാപാലികര്‍ പട്ടാപ്പകല്‍ കൊല ചെയതത്. ഇതേകാരണം പറഞ്ഞ് ഒരു മധ്യവയസ്‌കന്റെ വീട് തീവെച്ചതും ഇതേ ദിനത്തില്‍ തന്നെ. രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയും ഗോമാതാവിന്റെ പേരിലുള്ള അക്രമത്തിനെതിരെ ജാഗ്രത പലാക്കുന്നില്ലെന്ന് പരോക്ഷമായി കുറ്റപ്പെടുത്തുന്ന പ്രസ്താവന നടത്തിയതും കഴിഞ്ഞ ദിവസമാണ്. എന്നാല്‍ രാജ്യം ഭരിക്കുന്ന കക്ഷിയുടെ അധ്യക്ഷന്‍ പറഞ്ഞിരിക്കുന്നത് ഈ കൊലകളുടെ പേരില്‍ രാജ്യത്ത ഒരുവിധ ആശങ്കയും ഭീതിയും ഇല്ലെന്നാണ്. ഇത്രയും വലിയ മനുഷ്യക്കുരുതികള്‍ നടന്നിട്ടും ഇത്രയും ഹീനവും ലളിതവുമായ പ്രസ്താവന നടത്താന്‍ അമിത്ഷാക്കല്ലാതെ മറ്റാര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. വാസ്തവത്തില്‍ അക്രമങ്ങളുടെ പിന്നിലെ പ്രചോദകരും പ്രോല്‍സാഹകരും ഇവരെന്നുതന്നെയല്ലേ ഇതില്‍നിന്ന് വ്യക്തമാകുന്നത്.
രാജ്യത്തെ പതിനാലര ശതമാനംവരുന്ന മുസ്്‌ലിംകളുടെയും 17 ശതമാനത്തോളം വരുന്ന ദലിതരുടെയും രക്ഷക്കും നിലനില്‍പിനുംവേണ്ടി മതേതര ഭരണഘടനയുള്ള രാജ്യത്തെ ഭരണകൂടം എന്തുചെയ്യുന്നുവെന്നാണ് ജനം ഉറ്റുനോക്കുന്നത്. അധികാര ജീവിതത്തിലെ 13 ശതമാനം സമയവും വിദേശത്ത് ചെലവിട്ട പ്രധാനമന്ത്രി ഇടക്ക് നടത്തുന്ന പ്രസ്താവനകളെ അന്താരാഷ്ട്ര സമൂഹത്തെ തൃപ്തിപ്പെടുത്താനുള്ള നാടകമായേ കാണാനാകൂ. വിഷയത്തില്‍ എന്തുകൊണ്ട് പ്രതിപക്ഷ കക്ഷികള്‍ പ്രസ്താവനകള്‍ക്കപ്പുറം രംഗത്തിറങ്ങുന്നില്ല എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. പ്രശ്‌നം അതീവ രൂക്ഷമായതിനിടെ സമൂഹ മാധ്യമങ്ങളിലൂടെ ഉണ്ടായ പ്രതികരണത്തെതുടര്‍ന്ന് രാജ്യത്തെ ഡല്‍ഹി, മുംബൈ, കൊച്ചി ഉള്‍പ്പെടെയുള്ള 16 വന്‍നഗരങ്ങളില്‍ ‘എന്റെ പേരിലല്ല’ എന്ന പേരില്‍ പൗരബോധമുള്ളവരുടെ കൂട്ടായ്മയും പ്രകടനങ്ങളും നടക്കുകയുണ്ടായതെന്നതൊഴിച്ചാല്‍ ദേശീയ-പ്രാദേശിക മാധ്യമങ്ങളുടെബഹുഭൂരിപക്ഷവും ഇതിലെല്ലാം നിസ്സംഗത പാലിക്കുന്നതായാണ് കാണുന്നത്. മുസ്‌ലിംലീഗ് ഞായറാഴ്ച കോഴിക്കോട്ട് നടത്തിയ റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായെങ്കിലും രാജ്യത്തെ സംബന്ധിച്ച് ഒറ്റപ്പെട്ടതു മാത്രമാണ്. ഒരുനടിയുടെനേര്‍ക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാളുകളായി പാതിരാചര്‍ച്ച നടത്തുന്ന മലയാള മാധ്യമങ്ങള്‍ക്ക് ഈ മുസ്‌ലിംകുരുതികള്‍ സാദാവാര്‍ത്തക്കപ്പുറം വിചാരണക്കെടുക്കാന്‍ വയ്യ. ദലിതുകളുടെയും തൊഴിലാളികളുടെയും വോട്ടു കുത്തക അവകാശപ്പെടുന്ന കക്ഷികള്‍ക്ക് എന്തുകൊണ്ട് സര്‍ക്കാരുകളെക്കൊണ്ട് നടപടിയെടുപ്പിക്കാനാകും വിധം പരസ്യമായി രംഗത്തിറങ്ങാനാവുന്നില്ല.
ഈ സംഭവമെല്ലാം നടന്നിട്ടും മുസ്‌ലിംകള്‍ക്കുവേണ്ടി രംഗത്തിറങ്ങാന്‍ മുഖ്യധാരാ സമൂഹം തയ്യാറാകുന്നില്ലെന്ന ഞെട്ടിപ്പിക്കുന്ന തോന്നലാണ് ഉണ്ടായിരിക്കുന്നത്. അവിടെയുമിവിടെയുമായി അധികാരികളും രാഷ്ട്രീയ കക്ഷി നേതാക്കളും നടത്തുന്ന പ്രസ്താവന ഒഴിച്ചാല്‍ ഇതിനെല്ലാം പിന്തുണ നല്‍കുന്നുവെന്ന് കരുതപ്പെടുന്ന സംഘ്പരിവാര്‍ നേതാക്കളില്‍ നിന്ന് യാതൊരു തരത്തിലുള്ള പ്രതികരണവും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, ഗോ സംരക്ഷണത്തിന് വേണ്ടതെല്ലാം ചെയ്യുമെന്ന രീതിയിലാണ് ഇക്കൂട്ടര്‍ നടത്തിവരുന്ന പ്രതികരണങ്ങള്‍. യു.പിയില്‍ അധികാരത്തിലേറിയ ഉടന്‍ ബി.ജെ.പി സര്‍ക്കാര്‍ ചെയ്തത് പശ്ചിമ യു.പിയിലെ കശാപ്പുശാലകളാകെ അടക്കാന്‍ നിര്‍ദേശിക്കുകയും സംഘ്പരിവാറുകാര്‍ അവ തീവെച്ചു നശിപ്പിക്കുകയുമായിരുന്നു. 2014ല്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മോദി നല്‍കിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു ഗോ സംരക്ഷണം. ഏതാനും ആഴ്ച മുമ്പാണ് പശുക്കള്‍ക്കുവേണ്ടി കാള, എരുമ, പോത്ത്, ഒട്ടകം ഉള്‍പ്പെടെയുള്ള മൃഗങ്ങളെ കശാപ്പിനുവേണ്ടി വില്‍ക്കരുത് എന്ന ഉത്തരവ് മോദി സര്‍ക്കാരിലെ പരിസ്ഥിതി വകുപ്പ് പുറത്തിറക്കിയത്. മുസ്‌ലിംകളോടുള്ള നയം വ്യക്തമാക്കുന്ന മറ്റൊരു നടപടിയാണ് രാഷ്ട്രപതിയുടെ ഇഫ്താര്‍ വിരുന്നില്‍ ഇത്തവണ മോദി സര്‍ക്കാരിലെ ഒരൊറ്റ മന്ത്രിയും പങ്കെടുക്കാതിരുന്നത്. ഇതെല്ലാം രാജ്യത്തിന്‌നല്‍കുന്ന സൂചനയെ എങ്ങനെയാണ് നോക്കിക്കാണേണ്ടത്. പ്രതിപക്ഷ കക്ഷികളുടെ വീഴ്ച മുതലെടുക്കാന്‍ തക്കം പാര്‍ത്ത് കഴിയുന്ന മോദിക്കും സംഘ്പരിവാറിനും 2019ലും തങ്ങളുടെ വര്‍ഗീയ അജണ്ട എളുപ്പത്തില്‍ നടപ്പിലാക്കാനാകുമെന്നാണ് നിതീഷ്‌കുമാറിനെയും ശരത്പവാറിനെയും പോലുള്ള അവസരവാദികള്‍ അടുത്ത ദിവസങ്ങളിലായി വിളംബരം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസും ഇടതുപക്ഷവുമടക്കമുള്ള കക്ഷികളുടെ ഭാഗത്തുനിന്ന് ഇനിയെന്താണ് പ്രതീക്ഷിക്കേണ്ടത് എന്നേ രാജ്യത്തെ മതേതര വിശ്വാസികള്‍ക്കും മുസ്‌ലിംകള്‍ക്കും മുന്നിലുള്ളൂ. അതുകൊണ്ടാണ് അവരിത്രയും സഹിഷ്ണുത കാട്ടുന്നത്.
- 7 years ago
chandrika
Categories:
Video Stories