X

ഹാമിദ് അന്‍സാരിയുടെ ഉത്കണ്ഠ

ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി പദവിയില്‍നിന്ന് മുഹമ്മദ് ഹാമിദ് അന്‍സാരി ഇന്ന് വിടചൊല്ലുമ്പോള്‍ യാദൃച്ഛികമാണെങ്കിലും, ഇന്ത്യയുടെ എഴുപതു സംവല്‍സരത്തെ സ്വാതന്ത്രാനന്തര രാഷ്ട്രീയ-സാമൂഹിക ഭൂമിക ഉത്തരംകിട്ടാത്ത ചില അപ്രിയ ചോദ്യങ്ങളെ അഭിമുഖീകരിക്കുകയാണ്. പരിണതപ്രജ്ഞനായ വിദ്യാഭ്യാസ ചിന്തകന്‍, കൂശാഗ്രബുദ്ധിയായ വിദേശകാര്യവിദഗ്ധനും നയതന്ത്രജഞനും, ചടുലനായ സഭാനേതാവ്, പതറാത്ത വ്യക്തിത്വം തുടങ്ങിയ നിലകളില്‍ പ്രശോഭിച്ച ഹാമിദ് അന്‍സാരി, ഉപരാഷ്ട്രപതി, രാജ്യസഭാധ്യക്ഷന്‍ എന്നീ നിലകളില്‍ കാഴ്ചവെച്ച തങ്ക മികവാര്‍ന്ന രാഷ്ട്ര സേവനം ആരാലും അഭിനന്ദിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. യു.എ.ഇ, സഊദി അറേബ്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നയതന്ത്രപ്രതിനിധിയായി തിളങ്ങിയ എണ്‍പതുകാരനായ ഈ പശ്ചിമബംഗാളുകാരന്‍, ദേശീയ ന്യൂനപക്ഷകമ്മീഷന്‍ ചെയര്‍മാന്‍, അലിഗഡ് മുസ്‌ലിം സര്‍വകലാശാലാവൈസ്ചാന്‍സലര്‍ എന്നീ പദവികളും വഹിച്ചിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ മുഖ്താര്‍ അഹമ്മദ് അന്‍സാരിയുടെ പേരക്കുട്ടിയായ ഇദ്ദേഹം മൂന്നു രാഷ്ട്രപതിമാരുടെയും രണ്ടു പ്രധാനമന്ത്രിമാരുടെയും കീഴില്‍ ഉപരാഷ്ട്രപതിയായി പ്രവര്‍ത്തിച്ചു.
നിര്‍ഭാഗ്യവശാല്‍ ഔദ്യോഗിക ജീവിതത്തിനൊടുവില്‍ പ്രതീക്ഷയുടെ ശുഭവചനങ്ങള്‍ക്കപ്പുറം ആത്മനൊമ്പരത്തിന്റെ ഏതാനും അശുഭ വചസ്സുകളും ഈ മനീഷിയില്‍നിന്ന് നമുക്ക് കേള്‍ക്കാനിടയായിരിക്കുന്നു. രാജ്യത്തിന്റെ രണ്ടാം പൗരനെന്ന നിലയില്‍ രാഷ്ട്ര സംബന്ധിയായ വിഷയങ്ങള്‍ പൊതുരംഗത്ത് ചര്‍ച്ചക്കും തിരുത്തലുകള്‍ക്കുമായി അവതരിപ്പിക്കേണ്ട ഭരണഘടനാദത്തമായ ഉത്തരവാദിത്തമായേ ഈ പ്രസ്താവനയെ ഏതൊരു രാജ്യസ്‌നേഹിക്കും കാണാനാകൂ. രാജ്യത്തെ മുസ്‌ലിംകള്‍ക്കിടയില്‍ അസ്വസ്ഥതയും സുരക്ഷിതരല്ലെന്നബോധവും കലശലാണെന്നും അവരുടെ ‘അംഗീകാരത്തിന്റെ അന്തരീക്ഷം’ ഭീഷണി നേരിടുകയാണെന്നുമായിരുന്നു രാജ്യസഭാ ടെലിവിഷന്റെ അഭിമുഖത്തിലെ അന്‍സാരിയുടെ അഗ്നിസ്ഫുരിക്കുന്ന വാക്കുകള്‍. പൗരന്മാരെ രാജ്യസ്‌നേഹത്തെക്കുറിച്ച് ചോദ്യം ചെയ്യുന്നത് അസ്വാസ്ഥ്യജനകമായ ചിന്തയാണെന്നും ഹാമിദ് അന്‍സാരി ഓര്‍മിപ്പിക്കുകയുണ്ടായി. ഈ ഉത്കണ്ഠ താന്‍ പ്രധാനമന്ത്രിയും മന്ത്രിമാരുമായും പങ്കുവെച്ചിരുന്നതായും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറയുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, ഘര്‍വാപസി തുടങ്ങിയ വിഷയങ്ങളാണ് ഇതിന് ഉപോല്‍ബലകമായി അദ്ദേഹം പങ്കുവെച്ചത്. എന്നാല്‍, ഇതിനെതിരെ വിരമിച്ചശേഷം രാഷ്ട്രീയ ജോലി പ്രതീക്ഷിച്ചാണ് ഹാമിദ് അന്‍സാരി മുസ്‌ലിംകള്‍ക്കനുകൂലമായി പറഞ്ഞതെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവന ഇന്നലെ പുറത്തുവന്നതാണ് ഇതിലും കൗതുകമായത്. ഹാമിദ് അന്‍സാരിക്ക് അഭിവാദ്യമര്‍പ്പിച്ച പ്രധാനമന്ത്രി നടത്തിയ ‘താങ്കളില്‍ നിന്ന് ഞങ്ങള്‍ ഒരുപാട് പഠിച്ചു’ വെന്ന പ്രസ്താവനയും സ്വാഭാവികമായി.
2007ലെ യു.പി.എ-ഇടതുസഖ്യത്തിന്റെ കാലത്താണ് അന്‍സാരി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്നത്. ആ പദവിയില്‍ ഏറ്റവും കൂടുതല്‍ കാലം ഇരുന്നയാളെന്ന വിശേഷണം ഹാമിദ് അന്‍സാരിക്ക് സ്വന്തം. 2014ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വലതുപക്ഷ തീവ്രശക്തികള്‍ ഇന്ദ്രപ്രസ്ഥത്തില്‍ അധികാരം പിടിച്ചെടക്കുമ്പോള്‍ ജനാധിപത്യത്തിന്റെ തേജസ്സുറ്റ ശ്രീകോവിലായി രാജ്യസഭ നിലകൊള്ളുകയായിരുന്നു. ഭരണകക്ഷിക്കോ അതിന്റെ മുന്നണിക്കോ പിടികൊടുക്കാതെയാണ് ഉപരിസഭ പ്രതിപക്ഷാംഗങ്ങളുടെ സംഖ്യാബലം കൊണ്ട് കരിനിയമങ്ങളെയൊക്കെയും ചെറുത്തു പരാജയപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷം മന്ത്രിമാരായ അരുണ്‍ജെയ്റ്റ്‌ലി, മുക്താര്‍ അബ്ബാസ് നഖ്‌വി പോലുള്ള ഭരണപക്ഷത്തെ ഉന്നതരെ നിലക്കുനിര്‍ത്താനും പ്രതിപക്ഷ ശബ്ദത്തിന് വേണ്ട പരിഗണന ലഭിക്കാനും ഹാമിദ് അന്‍സാരിയുടെ കാലഘട്ടത്തില്‍ കഴിഞ്ഞു. കറകളഞ്ഞ രാജ്യസ്‌നേഹി, തികഞ്ഞ മതേതരവാദി എന്നീ വിശേഷണങ്ങള്‍ കാരണം ഇദ്ദേഹത്തിന്റെ വാക്കുകള്‍ രാജ്യവും ഭരണത്തലവന്മാരും പ്രത്യേകം ശ്രദ്ധിച്ചു. സ്വാതന്ത്ര്യസമരത്തിലടക്കം പങ്കുകൊണ്ട പൊതുരംഗത്ത് നൂറുവര്‍ഷത്തെ പാരമ്പര്യമുള്ള കുടുംബമാണ് അന്‍സാരിയുടേത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാകല്യതയുടെ ഭാരതീയ പാരമ്പര്യം കനത്ത ഭീഷണി നേരിടുന്നുവെന്ന് പല പ്രഭാഷണങ്ങളിലും ഹാമിദ് അന്‍സാരി രാജ്യത്തോട് ഉണര്‍ത്തി. ഇക്കാര്യത്തില്‍ രണ്ടാഴ്ചമുമ്പ് സ്ഥാനമൊഴിഞ്ഞ പ്രഥമ പൗരന്‍ പ്രണബ്മുഖര്‍ജിയുടെ ചിന്താധാരകള്‍ക്ക് ഒപ്പമായിരുന്നു അന്‍സാരിയും. അതുകൊണ്ടുതന്നെ പ്രഥമ പൗരന്റെ കസേരയിലേക്ക് ആനയിക്കപ്പെടേണ്ട എല്ലാവിധ യോഗ്യതയും ഇദ്ദേഹത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നു.
ഹിന്ദുത്വത്തെ ദേശീയതയായും അതിദേശീയതയായും വ്യാഖ്യാനിക്കുകയും സ്വയം സൃഷ്ടിച്ചെടുത്ത മതാന്ധകാരിയായ ചിത്രകൂടത്തിനുള്ളില്‍ അതിനെ പ്രതിഷ്ഠിക്കുകയും ബഹുസാംസ്‌കാരികതയുടെ വക്താക്കളെയും പ്രയോക്താക്കളെയും മുഴുവന്‍ രാജ്യദ്രോഹികളായി മുദ്ര കുത്തുകയും പലപ്പോഴും വ്യംഗ്യമായും ചിലപ്പോള്‍ പരസ്യമായും കുഴലൂത്ത് നടത്തുന്ന ഭരണക്കാരുടെ മുന്നില്‍ ഒരു ചെറുപുഞ്ചിരിയോടെ കടന്നുചെന്ന സവ്യസാചിയാണ് ഇദ്ദേഹം. രാജ്യത്തെ പതിനഞ്ചു ശതമാനം വരുന്ന മുസ്‌ലിംകളെ രണ്ടാംതരം പൗരന്മാരായി മുദ്ര കുത്തുന്ന കാലത്ത് അതിനെ മുഖത്തുനോക്കി ചോദ്യം ചെയ്തയാളാണ് ഇന്ന് പടികളിറങ്ങിപ്പോകുന്നത്. അതിനുള്ള ആര്‍ജവം അദ്ദേഹത്തിന്റെ കഴിഞ്ഞകാല ജീവിതാനുഭവങ്ങളും അറിവുകളുമാണെന്നതില്‍ സംശയമില്ല. മുന്‍ പരാമര്‍ശിത സാമൂഹികാന്ധകാരത്തിന്റെ വക്താക്കളായി ഇന്ത്യയുടെ ഒന്നും രണ്ടും പൗരന്മാരുടെ തസ്തികകളില്‍ വിഭജനത്തിന്റെ വക്താക്കള്‍ കയറിയിരിക്കുന്ന കാലത്ത് ഹാമിദ് അന്‍സാരി എന്ന ന്യൂനപക്ഷ സമുദായാംഗം പടിയിറങ്ങിപ്പോകുന്നത് യാദൃച്ഛികമാകാമെങ്കിലും അദ്ദേഹം മുഴക്കിയ ഉന്നതമായ ചിന്തയുടെയും സഹിഷ്ണുതയുടെയും പ്രകമ്പനം രാജ്യനഭസ്സില്‍ കുറച്ചുകാലമെങ്കിലും മുഴങ്ങിക്കൊണ്ടിരിക്കുകതന്നെ ചെയ്യും.
ഇതോടെ മതേതരത്വവും ജനാധിപത്യവും ബഹു സാംസ്‌കാരികതയും ഉദ്‌ഘോഷിക്കുന്നൊരു രാജ്യത്തിന്റെ ഉപരാജ സിംഹാസനത്തുനിന്ന് അതിന്റെ മറ്റൊരു പ്രതീകം കൂടിയാണ് പടിയിറങ്ങിപ്പോകുന്നത്. അദ്ദേഹം ഇറങ്ങുന്നത് ചരിത്രത്തിന്റെ മറ്റൊരു നാഴികക്കല്ലിലേക്കാണ്. ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിലൂടെ കണ്ട പണക്കൊഴുപ്പിന്റെയും അധികാര ദുര്‍മേദസ്സിന്റെയും വിഴുപ്പലക്കലുകള്‍ക്കിടയില്‍ അഹമ്മദ് പട്ടേല്‍ എന്ന മതേതര രാഷ്ട്രീയക്കാരന്‍ ഇതേ രാജ്യസഭയിലേക്ക് കടന്നുവരുന്നുവെന്നതും മറ്റൊരു കാവ്യനീതിയാകാം. ഫാസിസത്തിന്റെ കൂരിരുട്ടിലും ഒരുനേരം എല്ലാംവകഞ്ഞുമാറ്റി വരുന്നൊരു ശുഭപ്രതീക്ഷകളുടെ അര്‍ക്കനെപ്പോലെ. അതുകൊണ്ടാണ് ബാംഗ്ലൂരില്‍ ഉപരാഷ്ട്രപതി പദവിയിലെ തന്റെ അവസാന പ്രഭാഷണത്തില്‍ അന്‍സാരി പ്രസിദ്ധ ചിന്തകന്‍ ജോണ്‍ലോക്കിനെ ഉദ്ധരിച്ചുകൊണ്ട് നമ്മെ ഇങ്ങനെ ഓര്‍മിപ്പിച്ചത്: നിയമം അവസാനിക്കുന്നിടത്ത് അരാജകത്വം ആരംഭിക്കുന്നു.

chandrika: