പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനത്ത് ഇന്നലെ അരങ്ങേറിയ നെറികെട്ട രാഷ്ട്രീയ നാടകത്തിന്റെ നാണക്കേടിലാണ് രാജ്യമിപ്പോള്‍. ഒഴിവുവന്ന ഗുജറാത്തിലെ മൂന്ന് രാജ്യസഭാസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ടതും അവരുടെ തലമുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ പ്രതിനിധീകരിച്ചതുമായ ഒരേയൊരു സീറ്റിനെ വൈരനിര്യാതന ബുദ്ധിയും കുതിരക്കച്ചവടവും കൊണ്ട് തര്‍ക്ക വിഷയമാക്കിയിരിക്കുകയാണ് കേന്ദ്ര ഭരണകക്ഷി. കോണ്‍ഗ്രസ് എം.എല്‍.എമാരെ ലോഭ മോഹങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച് മൂന്നാമത്തെ സീറ്റും അടിച്ചെടുക്കാന്‍ ബി.ജെ.പി നടത്തിയ കരുനീക്കത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. സ്വതന്ത്ര ഇന്ത്യയില്‍ ഇതിന് സമാനതകളുമില്ല. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് എം.എല്‍.മാരില്‍ ചിലര്‍ വോട്ടുചെയ്തശേഷം ബാലറ്റ്‌പേപ്പര്‍ ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പുകമ്മീഷന്റെ തീരുമാനം നിര്‍ണായകമായിരിക്കുകയാണ്. ജനാധിപത്യത്തെ എത്ര ഹീനമായി അവഹേളിക്കാമെന്നാണ് കേന്ദ്ര മന്ത്രിമാരെ ഉപയോഗിച്ച് ബി.ജെ.പി നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനുമേലുള്ള അധികാര ദുര്‍വിനിയോഗം വ്യക്തമാക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളില്‍ സ്വന്തം ആളുകളെ കയറ്റിയിരുത്തിയ മോദി-അമിത്ഷാ നേതൃത്വത്തിന്റെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ ഏതറ്റംവരെ പോകുമെന്നതിന്റെ ഉത്തമോദാഹരണംകൂടിയാണ് ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിലൂടെ രാജ്യം ദര്‍ശിച്ചത്. ‘കോണ്‍ഗ്രസ് മുക്തഭാരതം’ എന്ന മുദ്രാവാക്യവുമായി അധികാരത്തിലിരിക്കുന്ന തീവ്ര വര്‍ഗീയ കക്ഷിയായ ബി.ജെ.പിയുടെ അതിമോഹങ്ങളിലൊന്നാണ് പ്രതിപക്ഷമുക്ത ഭാരതമെന്ന് ഓരോദിവസം ചെല്ലുന്തോറും വ്യക്തമാകുകയാണ്. സഭയില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായത് കഴിഞ്ഞ ദിവസമാണ്. സ്വന്തമായി ഭൂരിപക്ഷം നേടുകയാണ് ഇനിയുള്ള പണി. ഭരണത്തില്‍ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഉപരിസഭയില്‍ പ്രതിപക്ഷത്തിനാണ് ഇപ്പോഴും മുന്‍തൂക്കമെന്നതിനാല്‍ പലപ്പോഴും ബില്ലുകള്‍ ഇംഗിതാനുസരണം പാസാക്കാനാകാതെ വരുന്നു. അതിലേക്കുള്ള ചവിട്ടുപടിയായി ജനാധിപത്യ സംവിധാനത്തെ ദുരുപയോഗിക്കുകയായിരുന്നു ഈ ഹിന്ദുത്വ കക്ഷി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ നീക്കങ്ങളിലൂടെ ചെയ്തത്. കഴിഞ്ഞവര്‍ഷം ഹരിയാനയിലും സമാനമായ നീക്കമാണ് നടത്തിയിരുന്നത്.
ഗുജറാത്തിലെ രാജ്യസഭാതെരഞ്ഞെടുപ്പ് ദേശീയശ്രദ്ധ പിടിച്ചുപറ്റിയത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ്പട്ടേല്‍ ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായതിനെതുടര്‍ന്നാണ്. മൂന്നുതവണ ലോക്‌സഭയിലേക്കും നാലുതവണ രാജ്യസഭയിലേക്കും ജയിച്ചുവന്ന തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ഗുജറാത്തിലെ ഭറൂച്ച് സ്വദേശിയായ അഹമ്മദ്പട്ടേല്‍. മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ പാര്‍ലമെന്ററികാര്യസെക്രട്ടറിയായിരുന്ന ഈ അറുപത്തേഴുകാരന്‍ കോണ്‍ഗ്രസിന്റെ 2004ലെയും 2009ലെയും ദേശീയവിജയത്തിന് ചുക്കാനേന്തിയവരില്‍ പ്രമുഖന്‍. ഗുലാംനബി ആസാദ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിന്റെ മുസ്്‌ലിം നേതൃത്വത്തിലെ സൗമ്യമുഖം. അധികമൊന്നും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കാത്തവ്യക്തിത്വം. ജനാധിപത്യമര്യാദയനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സാധാരണഗതിയില്‍ പട്ടേലിന് സുഗമമായി ജയിച്ചുവരാവുന്ന സീറ്റാണ് ബി.ജെ.പി അതിന്റെ ഭരണ-സാമ്പത്തിക സ്വാധീനമുപയോഗിച്ച് പ്രതിസന്ധിയുടെ മുള്‍മുനയിലാക്കിയത്. 182 അംഗ ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസിലെ ആറുപേരുടെ രാജിയെത്തുടര്‍ന്നുള്ള 176ല്‍ 121 അംഗങ്ങളുടെ പിന്തുണയാണ് ബി.ജെ.പിക്കുള്ളത്. കോണ്‍ഗ്രസിലെ 51 എം.എല്‍.എമാരില്‍ ആറുപേരെ സഭയില്‍ നിന്നും മുതിര്‍ന്ന നേതാവ് ശങ്കര്‍സിങ് വഗേലയെ കോണ്‍ഗ്രസില്‍ നിന്നും രാജിവെപ്പിച്ച മോദിയുടെയും അമിത്ഷായുടെയും തന്ത്രം ഏതുവിധേനയും പട്ടേലിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് നേതൃത്വത്തെ പ്രഹരിക്കുക എന്നതിലപ്പുറമൊന്നുമല്ലായിരുന്നു. ഇതിലൂടെ നിറവേറ്റിയത് ഡിസംബറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കേഡര്‍മാരുടെ ആത്മവീര്യം തകര്‍ക്കുകയും. 45 വീതം വോട്ടുനേടി മൊത്തം മൂന്ന് രാജ്യസഭാംഗങ്ങള്‍ക്ക് ജയിക്കാന്‍ മാത്രമുള്ള എം.എല്‍.എമാരാണ് സംസ്ഥാനത്തുള്ളതെങ്കിലും ബി.ജെ.പി മാത്രം മൂന്ന് സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയതിന്റെ പിന്നില്‍ മറ്റൊന്നുമായിരുന്നില്ല; കുളംകലക്കി മീന്‍പിടിക്കല്‍. ഈ കുതന്ത്രം മണത്തതിനെതുടര്‍ന്നാണ് ബാക്കിയുള്ള 44 എം.എല്‍.എമാരെയും കൊണ്ട് കോണ്‍ഗ്രസിന് കര്‍ണാടകയിലേക്ക് പോകേണ്ടിവന്നത്.ബി.ജെ.പി ദേശീയാധ്യക്ഷനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്ഥനുമായ അമിത്ഷായെ രാജ്യസഭയിലേക്ക് മല്‍സരിപ്പിച്ചത് പട്ടേലിനെ വെട്ടാനാണെന്ന് ഉറപ്പായിരുന്നു. രണ്ടാമത്തെയാള്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ സ്മൃതി ഇറാനിയാണ്. അടുത്തിടെ കോണ്‍ഗ്രസ് വിട്ട ബല്‍വന്ത്‌സിങ് രാജ്പുത്തിനെയാണ് മൂന്നാമതായി രംഗത്തിറക്കിയത്.
മുന്‍ഗണനാവോട്ടിങ് രീതി അനുസരിച്ച് രാജ്പുത്തിന്റെ വിജയം സുനിശ്ചിതമല്ലെന്ന് ഉറപ്പായപ്പോഴാണ് പണച്ചാക്കുകളുമായി കേന്ദ്ര-സംസ്ഥാന ഭരണകക്ഷി ഇവിടെ രംഗത്തെത്തിയത്. കോണ്‍ഗ്രസ് സാമാജികര്‍ക്ക് 15 കോടി വീതം നല്‍കുകയാണ് അഴിമതിക്കെതിരെ വീറോടെ പ്രസംഗിക്കുന്ന മോദിയുടെ പാര്‍ട്ടി ചെയ്തതെന്ന വാര്‍ത്തകള്‍ ശക്തമാണ്. ബീഹാറില്‍ രണ്ടാഴ്ച മുമ്പ് ഒരു സര്‍ക്കാരിനെ മറിച്ചിട്ടശേഷമായിരുന്നു ഈ രാഷ്ട്രീയനാടകത്തിന് തിരക്കഥ ചമച്ചത്. വോട്ടുകച്ചവടത്തിന്റെ പുതിയ മേഖലകളാണ് ബി.ജെ.പി ഇതിലൂടെ രാജ്യത്തിന് കാണിച്ചുകൊടുത്തിരിക്കുന്നത്.
നരേന്ദ്രമോദിയുടെ പതിനൊന്നുകൊല്ലത്തെ തുടര്‍ഭരണകാലത്ത് ഉണ്ടാക്കിയതെന്നുപറയുന്ന കൊട്ടിഘോഷിക്കപ്പെട്ട വരേണ്യവികസനവും ജനത്തെ ഭിന്നിപ്പിക്കലും സംസ്ഥാനത്ത് പാര്‍ട്ടിയെ തിരിച്ചടിക്കുകയാണിപ്പോള്‍. സംസ്ഥാനത്തെ പട്ടേല്‍, ജാട്ട് വിഭാഗങ്ങളാകെ ഇന്ന് അവിടെ ബി.ജെ.പിക്കെതിരാണ്. ആദ്യ രണ്ടു വര്‍ഷംകൊണ്ടുതന്നെ മുഖ്യമന്ത്രിയെ മാറ്റേണ്ടിവന്ന പാര്‍ട്ടിക്ക് പുതിയ മുഖ്യമന്ത്രിയിലും വിശ്വാസമില്ലെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ 60 സീറ്റിലപ്പുറം കിട്ടില്ലെന്ന് ആര്‍.എസ്.എസ് തന്നെ വിലയിരുത്തിയിരിക്കുന്നു. അപ്പോള്‍ ഏതുവിധേനയും പാര്‍ട്ടിയുടെ പിടിനിലനിര്‍ത്തുകയാണ് സംഘ്പരിവാര്‍ ലക്ഷ്യം. കേന്ദ്ര ഭരണം തുടര്‍ന്ന് കിട്ടിയാലും ഇല്ലെങ്കിലും വരുന്ന ആറുകൊല്ലത്തേക്ക് രാജ്യസഭയിലെങ്കിലും സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പറ്റാമെന്നാണ് ലക്ഷ്യം. ഇതേ ഗുജറാത്തിലാണ് കഴിഞ്ഞദിവസം പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ബി.ജെ.പിക്കാര്‍ കല്ലെറിഞ്ഞ് സുരക്ഷാഭടന് പരിക്കേല്‍പിച്ചത്. ബാലറ്റിലൂടെയും കഴിയില്ലെങ്കില്‍ ശാരീരികമായും രാഷ്ട്രീയപ്രതിയോഗികളെയും പ്രതിപക്ഷത്തെയും നിഷ്‌ക്രിയമാക്കുക എന്ന അത്യന്തം അപകടകരമായ പാതയിലാണിപ്പോള്‍ മോദിയുടെ കക്ഷി. കടന്നുവന്ന വഴികള്‍ അതിനവരെ പ്രാപ്തമാക്കിയിരിക്കാം.
- 7 years ago
chandrika
Categories:
Video Stories
ഗുജറാത്തിലെ നാടകം നാടിനാകെ അപമാനം
Tags: editorial