X
    Categories: Views

വിദ്യാഭ്യാസ വകുപ്പില്‍ ചീഞ്ഞുനാറുന്നത്

ഇത്തവണത്തെ വിദ്യാലയ പരീക്ഷകളില്‍ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയും ചോദ്യപേപ്പര്‍ ചോരുകയും എസ്.എസ്.എല്‍.സിയില്‍ ഒരു പരീക്ഷ റദ്ദാക്കി വീണ്ടും നടത്തേണ്ടി വരികയും ചെയ്തിരിക്കുന്നു. കഴിഞ്ഞ 20ന് നടന്ന കണക്കു പരീക്ഷക്കു പകരമായി 30ന് വീണ്ടും അതേ പരീക്ഷ മറ്റൊരു ചോദ്യപേപ്പര്‍ പ്രകാരം നടത്തുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. 21ന് നടന്ന പ്ലസ്‌വണ്‍ ജ്യോഗ്രഫിയുടെ ചോദ്യപേപ്പറിലെ 41 ചോദ്യങ്ങളും മോഡല്‍ പരീക്ഷയിലേതാണ്. ഇതും രണ്ടാമത് നടത്തേണ്ട അവസ്ഥയിലാണ്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഗണിത ശാസ്ത്ര അധ്യാപകന്‍ ആ സ്ഥാപനത്തിലെ ചോദ്യപേപ്പര്‍ അതേപടി പകര്‍ത്തിയെഴുതിയാണ് ചോദ്യപേപ്പര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇത്തവണ പത്താം തരത്തിലെ മലയാളം പരീക്ഷയിലും ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷയില്‍ എല്ലാത്തിനും സിലബസിന് പുറത്തും കടുകട്ടിയായതുമായ ചോദ്യങ്ങള്‍ വന്നതും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്ലസ്ടു പരീക്ഷയുടെ ഭൂമിശാസ്ത്രം, ജേണലിസം, രസതന്ത്രം, കണക്ക് ചോദ്യപേപ്പറുകളിലും ഒരേ തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍ വന്നതും കുട്ടികളെ അമ്പരപ്പിച്ചിരുന്നു.

വളരെയേറെ പരിപാവനമാര്‍ന്നതും അതിസൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുമായ വിദ്യാഭ്യാസ മേഖലയിലും ഭാവികേരള തലമുറയുടെ സുപ്രധാന കടമ്പയായ പത്താംതരത്തിന്റെ കാര്യത്തിലും ഇത്രയും ലാഘവത്തോടെയാണ് ഒരു സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും കൈക്കൊണ്ട സമീപനമെന്നത് ഭാവി കേരളത്തെക്കുറിച്ച് പ്രതീക്ഷ വെക്കുന്ന ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നതിന് സുവ്യക്തമായ മാനദണ്ഡങ്ങളുള്ള വിദ്യാഭ്യസ വകുപ്പില്‍ ഇങ്ങനെയൊക്കെ സംഭവിച്ചുവെന്നത് വിശ്വസിക്കാന്‍ പോലുമാകുന്നില്ല. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന പാനലില്‍ മന്ത്രിയുടെ പാര്‍ട്ടിക്കാരായ അധ്യാപകരെ തിരുകി കയറ്റിയതാണ് ഇതിനെല്ലാം കാരണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും മുമ്പും ഐക്യജനാധിപത്യ മുന്നണിയിലെ മുസ്‌ലിംലീഗ് വകുപ്പ് കൈകാര്യം ചെയ്തപ്പോഴെല്ലാം വകുപ്പിനും സര്‍ക്കാരിനുമെതിര ഹാലിളക്കം നടത്തിയവരുടെയൊക്കെ വായടഞ്ഞു പോയോ.
മാര്‍ക്കുദാനം, തോറ്റവരെ ജയിപ്പിച്ചു, അധ്യാപികമാരെ പച്ച ബ്ലൗസ് അണിയിപ്പിച്ചു, പച്ച ബോര്‍ഡുണ്ടാക്കി തുടങ്ങി നൂറുകൂട്ടം ആരോപണങ്ങളാണ് മുന്‍കാലത്ത് വിദ്യാഭ്യാസ മേഖലക്കെതിരെ ചിലര്‍ ഉന്നയിച്ചിരുന്നത്. മുസ്്‌ലിംലീഗിനും അത് ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മതേതരത്വത്തിലധിഷ്ഠിതമായ നയസമീപനങ്ങള്‍ക്കുമെതിരായ നിലപാടുകളായിരുന്നു ഇതെല്ലാം. കുട്ടികളുടെ ഭാവിയെ ബാധിച്ചാലും വേണ്ടില്ല തങ്ങളുടെ ഇടുങ്ങിയ കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കണം എന്ന കുബുദ്ധിയാണ് അവരെ നയിച്ചിരുന്നത്. ഇന്നിതാ വിദ്യാഭ്യാസരംഗത്ത് ഏറെക്കാലത്തെ പ്രവര്‍ത്തന പരിചയമുള്ള കലാലയ അധ്യാപകന്‍ സി.പി.എമ്മിന്റെ പ്രതിനിധിയായി വകുപ്പ് ഭരിക്കുമ്പോഴാണ് മേല്‍ പരാമര്‍ശിത കുറ്റങ്ങളും കുറവുകളും സംഭവിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെയാകട്ടെ ഫീസ്‌കൂട്ടിയും സ്വകാര്യ മുതലാളിമാര്‍ക്ക് തീറെഴുതിയും ഈജിയന്‍ തൊഴുത്താക്കിയിരിക്കുന്നു.
വിദ്യാഭ്യാസ വകുപ്പ് ഏട്ടിലെ പശുവല്ല. അതിനെ സുചിന്തിതമായും പുരോഗമനാത്മകമായ നയപരിപാടികളുടെ അടിസ്ഥാനത്തിലുമാണ് നയിക്കേണ്ടത്. ഇതിനടിസ്ഥാനത്തിലുള്ള കര്‍മപരിപാടികളാണ് കഴിഞ്ഞകാല യു.ഡി.എഫ് സര്‍ക്കാരുകള്‍ ചെയ്തുവന്നിരുന്നത്. ഐക്യജനാധിപത്യ മുന്നണിയും മുസ്‌ലിംലീഗ് നേതാവ് സി.എച്ച് മുഹമ്മദ്‌കോയ മുതല്‍ ചാക്കീരി അഹമ്മദുകുട്ടി, നാലകത്തുസൂപ്പി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ അബ്ദുറബ്ബ് എന്നിവര്‍വരെ ദീര്‍ഘദര്‍ശിത്വത്തോടെ സ്വീകരിച്ച പദ്ധതികള്‍ കാരണമാണ് ഇന്ന് കേരളം നേടിയിട്ടുള്ള സാക്ഷര-വിദ്യാഭ്യാസ പുരോഗതികള്‍. പ്രൊഫ. ജോസഫ് മുണ്ടശേരിയെപോലുള്ള വിദഗ്ധര്‍ ഈ രംഗത്ത് നല്‍കിയ സേവനങ്ങളും മറക്കാവതല്ല. സംസ്‌കൃത, മലയാളം സര്‍വകലാശാലകള്‍ സ്ഥാപിച്ചത് യു.ഡി.എഫ് കാലത്തായിരുന്നു. 2006ലെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അനുവദിച്ച 176 പ്ലസ്ടു സ്‌കൂളുകളിലെ 1500 ഓളം അധ്യാപകര്‍ക്ക് ശമ്പളം അനുവദിച്ചതും പാഠ്യപദ്ധതി പരിഷ്‌കരിച്ചതും അബ്ദുറബ്ബ് മന്ത്രിയായിരിക്കെയാണ്. ഏറെക്കാലത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് യു.ഡി.എഫ് സര്‍ക്കാര്‍ പ്രൈമറി തലം മുതല്‍ ഹയര്‍സെക്കണ്ടറി തലം വരെയുള്ള പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചത്. ഇതിന്മേല്‍ ഒരുവിധ പരാതികളുമുണ്ടായില്ല എന്നത് കൂലങ്കഷമായ കര്‍മപദ്ധതിയുടെ മേന്മ കൊണ്ടായിരുന്നു. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയുടെ സിലബസ് പൂര്‍ണമായും പരിഷ്‌കരിച്ചതും ഇക്കാലത്തായിരുന്നു.
എന്നാല്‍ 2006-11ല്‍ എം.എ ബേബിയും ഇപ്പോഴത്തെ പ്രൊഫ. രവീന്ദ്രനാഥും ഈരംഗത്ത് തികഞ്ഞ അരാജകത്വവും കെടുകാര്യസ്ഥതയുമാണ് നടപ്പിലാക്കിയത്. എന്തിനും രാഷ്ട്രീയം കലര്‍ത്തി തനിക്കാക്കുന്ന സമീപനമാണ് ഇടതുപക്ഷം വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും സ്വീകരിച്ചത്. തങ്ങളുടെ അധ്യാപക സംഘടനകളില്‍പെട്ടവരെ മാത്രം ചുമതലയേല്‍പിക്കുകയും അതുവഴി സര്‍വരംഗത്തും ഏകപക്ഷീയ നയം അടിച്ചേല്‍പിക്കുകയും ചെയ്യുന്ന സമീപനങ്ങള്‍ക്ക് ഉദാഹരണമായിരുന്നു കുട്ടികളുടെ മനസ്സില്‍ തെറ്റിദ്ധാരണ പരത്താനിടയാക്കിയ ‘മതമില്ലാത്ത ജീവന്‍’ എന്ന പാഠ്യഭാഗം. പൊതുപ്രവര്‍ത്തക മെഴ്‌സിരവിയെ വരെ അപകീര്‍ത്തിപ്പെടുത്തുന്ന പാഠഭാഗങ്ങളുമുണ്ടായി. എന്നാല്‍ ഇത്തവണ എല്‍.കെ.ജി മുതല്‍ പ്ലസ്ടുവരെയുള്ള എല്ലാ അധ്യാപകര്‍ക്കുമായി ക്ലസ്റ്റര്‍ എന്ന ആശയം ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അത് നടന്നില്ല. ഹയര്‍സെക്കണ്ടറിയെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനവും വൃഥാവിലായി. ഏറെ കൊട്ടിഘോഷിച്ച് ഇടതു സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണം എന്ന പദ്ധതി ഇന്നും ഏട്ടിലെ പശുവാണ്. ഒരു നിയോജക മണ്ഡലത്തില്‍ ഒരോ പ്രൈമറി സ്‌കൂളിനെയും ഹയര്‍സെക്കണ്ടറിയെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന പരിപാടിക്ക് ഫണ്ട് എന്നോ വരാനിരിക്കുന്ന കിഫ്ബി കൊണ്ടാണെന്നാണ് പറയുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നിരവധി ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ക്ക് കോടിക്കണക്കിന് രൂപയാണ് പുനരുദ്ധാരണത്തിനായി നല്‍കിയതെന്നത് ഇന്ന് പഴയ വിമര്‍ശകര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഇതെല്ലാം തെളിയിക്കുന്നത് ദേശീയ കക്ഷി വിദ്യാഭ്യാസ വകുപ്പ് ഭരിച്ചാല്‍ മാത്രമേ വിദ്യാഭ്യാസ രംഗം ശരിയാകൂ എന്ന വാദത്തിന്റെ അടിത്തറതന്നെ തിരസ്‌കരിക്കുന്നതാണ്.
രാഷ്ട്രീയം ജനാധിപത്യ വ്യവസ്ഥിതിയില്‍ അനിവാര്യമാണെങ്കിലും പൊതുജനങ്ങളുടെ സേവനത്തിന്റെ കാര്യത്തില്‍ കൂപമണ്ഡൂക രീതിയിലുള്ള വികല നിലപാടുകള്‍ സ്വീകരിക്കുന്നതാണ് വിദ്യാഭ്യാസ വകുപ്പിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം ഹേതു. കൊടിയുടെ നിറം നോക്കാതെ കറകളഞ്ഞ സേവന തല്‍പരതക്ക് മുന്‍തൂക്കം നല്‍കി മാത്രമേ വിദ്യാഭ്യാസ രംഗത്തെ നശീകരണ പ്രവണതകളെ തുടച്ചുനീക്കാന്‍ കഴിയൂ.

chandrika: