സംസ്ഥാനത്ത് സിനിമാമേഖലയും പൊലീസും റവന്യൂവകുപ്പുമൊക്കെ സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ഉത്തരവാദപ്പെട്ടവര്‍ കാണാതെ പോകുന്ന ഒന്നാണ് നിത്യോപയോഗ സാധനങ്ങളുടെ വാണം പോലുള്ള വിലക്കുതിപ്പ്. പച്ചക്കറിയുടെ വിലയിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി വന്‍ വിലക്കയറ്റം ദൃശ്യമായിരിക്കുന്നത്. അരിയുടെ വില രണ്ടുമാസം മുമ്പുതന്നെ അമ്പത് രൂപ കിലോക്ക് എന്ന രീതിയിലെത്തിയിരുന്നു. അതവിടെയും നില്‍ക്കുന്ന മട്ടില്ല. മാംസ വിഭവങ്ങളുടെ വിലയിലും കാര്യമായ വര്‍ധനയുണ്ടായിട്ടും ഇവയെ നിയന്ത്രിക്കാനുത്തരവാദപ്പെട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈയുംകെട്ടി നോക്കി നില്‍ക്കുകയോ മറ്റ് അല്‍പമായ വിഷയങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടുകയോ ചെയ്ത് തടിതപ്പുന്ന കാഴ്ചയാണ് കാണാനാകുന്നത്. കഴിഞ്ഞ ഒരാഴ്ചയിലധികമായി തക്കാളിയുടെ വില കിലോക്ക് എണ്‍പതിനും നൂറിനും ഇടയിലാണ്. ചെറിയുള്ളിയുടെ വിലയും ഏതാണ്ട് ഇതോടൊപ്പം നില്‍ക്കുന്നു. ബീന്‍സ്, ബീറ്റ്‌റൂട്ട്, വഴുതിന, കാരറ്റ്, വെണ്ട, മുരിങ്ങക്കായ തുടങ്ങി ഒരു കറിക്ക് അത്യാവശ്യം വേണ്ട പച്ചക്കറിയൊക്കെയാണ് സാധാരണക്കാരന് പിടികിട്ടാത്ത വിധം വാനിലുയര്‍ന്നിരിക്കുന്നത്. ഇവയില്‍ പലതിനും ശരാശരി കിലോക്ക് അമ്പത് രൂപയാണ് ഇന്നലത്തെ വില. തക്കാളി കിലോക്ക് പതിനഞ്ചില്‍ നിന്നാണ് നൂറിലേക്ക് കുതിച്ചത്. കോഴിക്ക് തമിഴ്‌നാട്ടില്‍ കിലോക്ക് 85 രൂപയുള്ളപ്പോള്‍ കേരളത്തില്‍ 150 രൂപവരെയെത്തിനില്‍ക്കുന്നു. കിലോ 85 രൂപക്ക് കോഴി വില്‍ക്കണമെന്നുപറഞ്ഞ മന്ത്രിയെ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല.
വിലക്കയറ്റം സംഭവിക്കുന്നത് സംസ്ഥാനത്ത് പച്ചക്കറി ഉല്‍പാദനം ഇല്ലാത്തതുമൂലമാണെന്നാണ് സര്‍ക്കാരിന്റെ പക്ഷം. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന നിത്യോപയോഗ വസ്തുക്കളുടെ വിലയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന ഉദാസീനതയാണ് പ്രശ്‌നത്തിന് കാരണമെന്നതാണ് നേര്. തമിഴ്‌നാട്ടില്‍ രാവിലെ ഏതാനും മൊത്തക്കച്ചവടക്കാര്‍ ചേര്‍ന്നാണ് കേരളത്തിലേക്കുള്ള പച്ചക്കറിയുടെയും മറ്റും വില നിര്‍ണയിക്കുന്നത്. ഇത് അന്നന്നത്തെ സപ്ലൈയും ഡിമാന്റും എന്ന സാമ്പത്തികതത്വം വെച്ചുകൊണ്ടുള്ളതല്ലെന്ന് പരക്കെയുയര്‍ന്ന ആക്ഷേപമാണ്. എന്തുവന്നാലും കേരളം ഇവ വാങ്ങും എന്നതാണ് വില നിശ്ചയത്തിനുള്ള മാനദണ്ഡം. അതുകൊണ്ടുതന്നെ കിലോക്ക് രണ്ടു രൂപയുണ്ടാകുമ്പോഴും കേരളത്തിലെ തക്കാളിക്ക് ഇരുപതും നാല്‍പതും രൂപവരെ ഉണ്ടായ അനുഭവങ്ങള്‍ നമ്മിലുണ്ട്. ഇപ്പോള്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും വരള്‍ച്ച കാരണം ഉല്‍പാദനം ഇടിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നതെങ്കിലും വടക്കേ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന സവോള, ഉരുളക്കിഴങ്ങ് പോലുള്ള ഇനങ്ങള്‍ക്ക് വില കയറിത്തന്നെ നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് ആരെങ്കിലും വിശദീകരിച്ചുതന്നാല്‍ നന്നായിരിക്കും.
അടുത്ത കാലത്താണ് മഹാരാഷ്ട്രയിലും മധ്യപ്രദേശിലും പച്ചക്കറികള്‍ കൂട്ടത്തോടെ റോഡിലെറിഞ്ഞ് കര്‍ഷകര്‍ അതത് സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധ ദുര്‍ഗവുമായി രംഗത്തെത്തിയത്. മധ്യപ്രദേശില്‍ ഇതിനകം ഈ വര്‍ഷം ഇരുപതോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഉത്പാദനം കൂടിയതാണ് അവിടെ വില കുറയാന്‍ കാരണമെങ്കില്‍ സര്‍ക്കാരുകള്‍ ഇടപെട്ട് വില ഒരുപരിധി വരെയെങ്കിലും പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചില്ല എന്നാണ് കര്‍ഷക സംഘടനകളുടെ പരാതി. പകരം സമരവുമായി രംഗത്തെത്തിയവരുടെ നേര്‍ക്ക് വെടിയുണ്ടകള്‍ പായിച്ച് മധ്യപ്രദേശില്‍ അഞ്ചു കര്‍ഷകരെയാണ് പൊലീസ് കൊലപ്പെടുത്തിയത്. ഇതോടെ സമരവീര്യം തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു സര്‍ക്കാരുകളുടെ ഉദ്ദേശ്യം എന്ന ്‌വ്യക്തമായി. യു.പിയിലും പഞ്ചാബിലും മഹാരാഷ്ട്രയിലുമൊക്കെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് എങ്ങനെ എപ്പോള്‍ ഫലവത്താകുമെന്ന് കാത്തിരിക്കുകയാണ് കര്‍ഷകര്‍.
കേരളത്തില്‍ അരിയുടെ വില നാല്‍പതില്‍ നിന്ന് അമ്പത് രൂപയിലേക്ക് കുത്തനെ കയറിയത് റേഷന്‍ ധാന്യങ്ങള്‍ കേന്ദ്രം പൊടുന്നനെ കുറച്ചതിനെതുടര്‍ന്നായിരുന്നെങ്കിലും ബംഗാളില്‍ നിന്ന് അരിയെത്തിച്ച് വില പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമം താല്‍ക്കാലികമായി മാത്രമാണ് വിജയിച്ചത്. കിലോക്ക് 25 രൂപക്ക് നല്‍കിയിരുന്ന ബംഗാള്‍ അരി തീരെ നിലവാരം കുറഞ്ഞതാണെന്ന കാരണത്താല്‍ ജനം മുഖംതിരിച്ചതിനാല്‍ അത് ഇപ്പോള്‍ നിലച്ചരിക്കുകയാണ്. റേഷന്‍ കടകള്‍ ആളും അര്‍ത്ഥവുമില്ലാത്ത അവസ്ഥയിലാണിപ്പോള്‍. നാലുതരം കാര്‍ഡുകള്‍ നല്‍കി ജനങ്ങളെ തരംതിരിച്ച് റേഷന്‍ വിതരണം നടത്തുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും പൊതിയാത്തേങ്ങ കിട്ടിയ അവസ്ഥയിലാണ് പുതിയ കാര്‍ഡുടമകളിപ്പോള്‍.
കര്‍ക്കിടക മാസം പിറന്നതോടെ ഇനിയും പച്ചക്കറിയുടെ ആവശ്യവും വിലയും ഉയരാനാണിട. ബലിപെരുന്നാളും ആഗതമാകുകയാണ്. ഓണത്തിനും കഷ്ടി ഒന്നര മാസം മാത്രം. വരുന്ന ഓണത്തിനെങ്കിലും വിലക്കയറ്റമില്ലാത്ത വിപണി സ്വപ്‌നം കാണുകയാണ് കര്‍ഷകര്‍. ഇത്തവണ കാലവര്‍ഷത്തിലും മഴയിലുമുണ്ടായിരിക്കുന്ന കുറവ് ‘ഒരുമുറം പച്ചക്കറി’പോലുള്ള പദ്ധതികളുടെ വിജയത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്നുണ്ട്.
വലിയ വായില്‍ ഗിരിഭാഷണം നടത്താനല്ലാതെ വിപണിയില്‍ കാര്യക്ഷമമായി ഇടപെടാനാവില്ലെന്ന് ഇതിനകം തെളിയിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അധികാരമേറ്റയുടന്‍, ഇനിയുള്ള അഞ്ചുകൊല്ലം കേരളം വിലക്കയറ്റമില്ലാത്ത സംസ്ഥാനമാകുമെന്നൊക്കെയായിരുന്നു തട്ടിവിടല്‍. ഇപ്പോള്‍ റിക്കോര്‍ഡ് വിലക്കയറ്റമുണ്ടായിട്ടും ഭക്ഷ്യം, കൃഷി വകുപ്പുകള്‍ അനങ്ങുന്നില്ല. കൃഷി വകുപ്പിലാകട്ടെ അഴിമതിക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ നടപടിക്ക് വിധേയമാകുന്ന അവസ്ഥയാണുള്ളത്. ഭക്ഷ്യവകുപ്പിന് മന്ത്രിതന്നെയുണ്ടോ എന്ന തോന്നലാണ് മലയാളികള്‍ക്ക് ഉണ്ടായിട്ടുള്ളത്.
ഇന്നത്തെ അവസ്ഥവെച്ചുനോക്കുമ്പോള്‍ കേരളത്തില്‍ അടുത്ത ഓണം വരെയും വിലകള്‍ തല്‍സ്ഥിതി തുടരുമെന്നാണ് അനുമാനിക്കേണ്ടത്. ചരക്കുസേവന നികുതി ഒഴിവായതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെയും ഇറച്ചിക്കോഴിയുടെയുമൊക്കെ വില ഇടിയുമെന്ന് വീമ്പിളക്കിയ മന്ത്രിമാര്‍ ഇപ്പോള്‍ ജനങ്ങളുടെ ക്ഷമയും സഹനശേഷിയും സാമ്പത്തികനിലവാരവും പരീക്ഷിക്കുകയാണ് എന്നാണ് കരുതേണ്ടത്. അല്ലെങ്കില്‍ വിലക്കയറ്റം നിയന്ത്രിക്കുമെന്ന് വാക്കാല്‍ പോലും നടപടിയെടുക്കാത്ത സര്‍ക്കാരുകളെയും അവയുടെ മന്ത്രിമാരെയും പറ്റി എന്തുപറയാനാണ്. ആവശ്യമുള്ളതിന്റെ വെറും അഞ്ചുശതമാനം മാത്രം ഉത്പാദിപ്പിക്കുന്ന കേരളത്തിന് വിലയുടെ കാര്യത്തിലെങ്കിലും നിയന്ത്രണം കൈപിടിയിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭാവി തന്നെ ഇരുട്ടിലാകുമെന്നാണ് കരുതുന്നത്. എല്ലാത്തിനും അതിര്‍ത്തിയിലെ വണ്ടി കാത്തിരിക്കുന്ന കാലത്ത് മദ്യവും ടൂറിസവും കൊണ്ട് പണമുണ്ടാക്കി സാധനങ്ങള്‍ വാങ്ങിത്തിന്ന് ജീവിക്കാമെന്ന ചിന്ത സര്‍ക്കാരുകള്‍ക്കുകൂടി വന്നുചേരുന്നിടത്താണ് വലിയ അപായം പതിയിരിക്കുന്നത്.
- 7 years ago
chandrika
Categories:
Video Stories
വിവാദങ്ങള്‍ക്കിടെ മുങ്ങുന്ന വിലക്കയറ്റം
Tags: editorial