കേരള ഹൈക്കോടതി തുറന്നാല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഒരു വിമര്‍ശനമെങ്കിലുമില്ലാതെ അന്നന്നത്തെ നടപടികള്‍ അവസാനിപ്പിക്കാനാവില്ലെന്നായിരിക്കുന്നു. കേരള പൊലീസ് മുതല്‍ വിജിലന്‍സ് വരെ നീതിപീഠത്തിന്റെ വിമര്‍ശനക്കൂരമ്പുകളില്‍ ദിനംപ്രതി അലിഞ്ഞില്ലാതാവുകയാണ്. കഴിഞ്ഞ പത്തു മാസത്തിനകം ഒരു ഡസനിലധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്ന ഒരു വിജിലന്‍സിന്റെ തലവനെ സര്‍ക്കാര്‍ ഇനിയും സംരക്ഷിക്കുന്നതെന്തിനെന്ന ചോദ്യം ജന മനസ്സുകളില്‍ ഉയരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇന്നലെ ഒരിക്കല്‍കൂടി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ പരാമര്‍ശം ഉണ്ടായിരിക്കുന്നു. ഇനിയും എന്തിനാണ് ഇത്തരമൊരു ഡയറക്ടറെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്നായിരുന്നു വിവിധ പരാതികളിന്മേല്‍ വാദം കേള്‍ക്കുന്നതിനിടെ ഹൈക്കോടതി ജഡ്ജി ആരാഞ്ഞത്. ഈ ചോദ്യം ഈ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.
ജിഷ വധക്കേസ്, മുന്‍മന്ത്രി കെ.എം മാണിക്കെതിരായ പരാതികള്‍ തുടങ്ങിയ വിവിധ ഹര്‍ജികളിന്മേലുള്ള വാദത്തിനിടെയായിരുന്നു ഇന്നലെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്് തോമസിനെതിരായ കോടതിയുടെ ആവര്‍ത്തിത പരാമര്‍ശങ്ങള്‍. കോടതിയുടെയും നിയമസഭയുടെയും പരിധിയില്‍പെട്ട വിഷയങ്ങളിലും വിജിലന്‍സ് ഡയറക്ടര്‍ ഇടപെടുന്നു. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ എന്ന് ഹൈക്കോടതി ചോദിച്ചിട്ട് ആഴ്ചകളേ ആകുന്നുള്ളൂ. പൊലീസ് വകുപ്പിന്റെ മാത്രം ചുമതലയിലുള്ള ജിഷ വധക്കേസ് അന്വേഷണം തുടര്‍ന്നുവരുന്ന ഘട്ടത്തില്‍ വിജിലന്‍സിന് എന്തു കാര്യമാണ് ഈ കേസിലുള്ളതെന്ന് കോടതി ചോദിച്ചു. ജേക്കബ് തോമസിനെതിരെ ഇതിലും ഗുരുതരമായ ആക്ഷേപങ്ങള്‍ ഇനി ഉയരാനില്ല. സര്‍ക്കാരിന്റെ നടപടികളിലെ വീഴ്ചകളും അഴിമതിയും തടയുന്നതിന് രൂപീകൃതമായ വിജിലന്‍സ് സംവിധാനത്തിനെതിരെ കോടതിയില്‍ നിന്ന് ഇത്രയും രൂക്ഷമായ പരാമര്‍ശങ്ങളുണ്ടായിട്ടും മുഖ്യമന്ത്രിയുടെ മാത്രം താല്‍പര്യ പ്രകാരമാണ് അദ്ദേഹം ആ പദവിയില്‍ തുടരുന്നത്. ജേക്കബ് തോമസ് തമിഴ്‌നാട്ടില്‍ വഴിവിട്ട് ഭൂമിവാങ്ങിയെന്ന കാര്യം പ്രതിപക്ഷം നിയമസഭയില്‍ കഴിഞ്ഞയാഴ്ച വസ്തുതകളുടെ ബലത്തോടെ ഉയര്‍ത്തിയപ്പോള്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ച് അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ജേക്കബ് തോമസിന്റെ കട്ടില്‍ കണ്ട് പനിക്കേണ്ടെന്നാണ് പിണറായി വിജയന്‍ സഭയില്‍ നല്‍കിയ മറുപടി.
അഴിമതി വിരുദ്ധ നടപടികള്‍ക്ക് ചുക്കാനേന്തുന്ന ആളെന്ന നിലയില്‍ നൂറു ശതമാനവും സുതാര്യമായ പ്രവര്‍ത്തനമാണ് ഒരു വിജിലന്‍സ് തലവനില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ കോടികളുടെ സാമഗ്രികള്‍ വഴിവിട്ട് വാങ്ങിയെന്നും തമിഴ്‌നാട്ടിലും കര്‍ണാടകയിലും അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടിയെന്നും ജോലിയില്‍ നിന്ന് അവധിയെടുത്ത് സ്വകാര്യ കോളജില്‍ ക്ലാസെടുത്ത് ശമ്പളം പറ്റിയെന്നുമൊക്കെയാണ് ഇദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ കൊട്ടിഘോഷിച്ചാണ് പൊലീസ് നിര്‍മാണ വകുപ്പിന്റെ ചുമതലയുള്ള ജേക്കബ് തോമസിനെ പിണറായി വിജയന്‍ വിജിലന്‍സ് തലപ്പത്തേക്ക് ആനയിച്ചിരുത്തിയത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേസ് നടത്താന്‍ അനുമതി ചോദിച്ച് വാര്‍ത്ത സൃഷ്ടിച്ചയാളാണ് ടിയാന്‍. അഗ്നിശമന സേനാ വകുപ്പില്‍ നിന്നുമാറ്റി എന്നതായിരുന്നു ജേക്കബ് തോമസിന്റെ കൊതിക്കെറിവിന് കാരണം. സര്‍ക്കാരിന് മുകളില്‍ എല്ലാ വകുപ്പുകളിലും ക്രിയേറ്റീവ് വിജിലന്‍സായി ഇടപെടുമെന്ന വീമ്പുപറച്ചിലായി പിന്നീട്. ഇതിനായി ചുവപ്പു കാര്‍ഡും മഞ്ഞക്കാര്‍ഡുമൊക്കെ പോക്കറ്റില്‍ നിന്ന് ഉയര്‍ത്തിക്കാട്ടി ജനപ്രിയത നേടാനും ഈ ഉദ്യോഗസ്ഥന്‍ ശ്രമിച്ചു. എന്നാല്‍ വിജിലന്‍സ് ഏറ്റെടുത്ത പ്രമാദമായതെന്നുകരുതിയ കേസുകളിലെല്ലാം തെളിവില്ലെന്ന സത്യവാങ്മൂലമാണ് കോടതികളില്‍ വിജിലന്‍സ് നല്‍കിക്കൊണ്ടിരുന്നത്. ഉന്നതരായ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന രീതിയില്‍ അവരുടെ സ്വകാര്യ വസതികളിലടക്കം പരിശോധന നടത്തി. ഇതോടെ ഭരണം സ്തംഭിച്ചു. ഐ.ജി ശങ്കര്‍റെഡ്ഡിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കെതിരായ പരാതിയിലും വിജിലന്‍സിന് കോടതിയുടെ വിമര്‍ശന ശരമേറ്റു. ആരെങ്കിലുമൊരാള്‍ വെള്ളക്കടലാസില്‍ പരാതിയുമായി ചെന്നാല്‍ അന്വേഷണവുമായി രംഗത്തിറങ്ങി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുക എന്ന തന്ത്രമാണ് ജേക്കബ് തോമസ് പയറ്റിവന്നത്. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ എന്ന് കോടതിയെക്കൊണ്ട് ചോദിപ്പിച്ചത് ഇതായിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബന്ധു നിയമനം നടന്നുവെന്നാരോപിച്ച് വിജിലന്‍സ് നടത്തിയ അന്വേഷണവും തെളിവില്ലെന്നുകണ്ട് തള്ളിക്കളയേണ്ടിവന്നു. മന്ത്രി ഇ.പി ജയരാജന്റെ രാജിക്ക് കാരണമായ ബന്ധു നിയമനക്കേസിലും വിജിലന്‍സിന് തിരിച്ചടിയാണ് ഏല്‍ക്കേണ്ടിവന്നത്.
ഈ കോലാഹലങ്ങള്‍ക്കെല്ലാമിടയിലും മുഖ്യമന്ത്രിയുടെ പ്രത്യേക വല്‍സലനായി ജേക്കബ് തോമസ്. ഉദ്യോഗസ്ഥനും അദ്ദേഹവും തമ്മിലെന്ത് അന്ത:രഹസ്യമാണ് ഉള്ളതെന്ന സംശയമാണിപ്പോള്‍ ജനമനസ്സില്‍ ഉയരുന്നത്. ഡി.ജി.പിയായിരുന്ന ടി.പി സെന്‍കുമാറിനെ മാറ്റിയ സര്‍ക്കാരിനെതിരെ സുപ്രീം കോടതി തന്നെ പരാമര്‍ശങ്ങള്‍ നടത്തിയത് മറന്നുകൂടാ. ഏകാധിപത്യ രീതിയിലുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിനെതിരെ പഞ്ചപുച്ഛമടക്കിക്കഴിയേണ്ട അവസ്ഥയിലാണ് ഭരണകൂടം ഒന്നാകെ. സി.പി.ഐ ഇടക്ക് ചില ഒളിയമ്പുകളെയ്യുന്നുവെന്നല്ലാതെ മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ കുലുക്കം ലവലേശമില്ല. ഓരോ കോടതി വിമര്‍ശനവും ആസനത്തിലെ തണലായി കൊണ്ടുനടക്കുകയാണ് പിണറായി സര്‍ക്കാരെന്നു തോന്നുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് കുമ്പസാരിച്ചിട്ടും മൂന്നാറില്‍ സി.പി.എം എം.എല്‍.എ എസ് രാജേന്ദ്രന്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് ഔദ്യോഗിക രേഖകള്‍ പരസ്യമായിട്ടും അദ്ദേഹത്തെ മുഖ്യമന്ത്രി വെള്ളപൂശുകയാണ്. നിരപരാധികളുടെ വധങ്ങള്‍ നിത്യസംഭവമായിരിക്കുന്നു. അഴിച്ചുവിട്ട കൂട്ടം പോലെ പൊലീസ്. കുട്ടികള്‍ക്കുപോലും സൈ്വര്യമായി ജീവിക്കാനാവുന്നില്ല. വിദ്യാഭ്യാസ വകുപ്പ് കലക്കവെള്ളമായിട്ടും മുഖ്യമന്ത്രിക്ക് ഒരുപ്രതികരണവുമില്ല. ഇതെല്ലാം തെളിയിക്കുന്നത് വിജിലന്‍സ് മാത്രമല്ല, ആഭ്യന്തര വകുപ്പടക്കമുള്ള മുഖ്യമന്ത്രിയുടെ നിയന്ത്രണംവേണ്ട എല്ലാ വകുപ്പുകളും കെടുകാര്യസ്ഥതകൊണ്ട് മലീമസമായിരിക്കുന്നു. ഇനിയും കോടതിയെ പോലും വിലവെക്കാതെ മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെ ഭാവമെങ്കില്‍ അത് ജനാധിപത്യത്തെതന്നെ കുരുതിക്ക് കൊടുക്കലാകും.
- 8 years ago
chandrika
Categories:
Views