ഫെയ്‌സ്ബുക്ക്, ആധാര്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് അടുത്തിടെയായി നിത്യേനയെന്നോണം പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരച്ചോര്‍ച്ച അടക്കമുള്ള ജനാധിപത്യവിരുദ്ധമായ ഒട്ടനവധി കാര്യങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കേന്ദ്ര തെരഞ്ഞെടുപ്പുകമ്മീഷനുമായി ബന്ധപ്പെട്ടുയര്‍ന്ന തീയതിചോരണം. തലസ്ഥാനത്തെ വാര്‍ത്താലേഖകരെയെല്ലാം വിളിച്ച് ന്യൂഡല്‍ഹിയിലെ തെരഞ്ഞെടുപ്പു കമ്മീഷന്‍ ആസ്ഥാനമായ നിര്‍വാചന്‍ സദനില്‍ ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിക്കാണ് മുഖ്യതെരഞ്ഞെടുപ്പുകമ്മീഷണര്‍ ഓംപ്രകാശ് റാവത്തും രണ്ട് കമ്മീഷന്‍ അംഗങ്ങളും മാധ്യമ സമ്മേളനം നടത്തിയത്. കര്‍ണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനമാണതെന്ന് ഏതാണ്ടെല്ലാവര്‍ക്കും മുന്‍ധാരണയുമുണ്ടായിരുന്നു. എന്നാല്‍ വോട്ടെടുപ്പു തീയതി കമ്മീഷന്‍ മേധാവികള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് നിമിഷങ്ങള്‍ക്കുമുമ്പുതന്നെ, 11.06ന് ബി.ജെ.പിയുടെ വിവരസാങ്കേതികവിദ്യാ തലവന്‍ അമിത്മാളവ്യ ട്വിറ്റര്‍ അക്കൗണ്ടിലൂടെ തെരഞ്ഞെടുപ്പുതീയതിയും വോട്ടെണ്ണല്‍തീയതിയും പ്രഖ്യാപിച്ചു. മഹത്തായ ഇന്ത്യയുടെ തെരഞ്ഞെടുപ്പുകളുടെയും തെര.കമ്മീഷനുകളുടെയും ചരിത്രത്തില്‍ ഈ സംഭവം കേട്ടുകേള്‍വിയില്ലാത്തതാണ്.
രാജ്യത്തെ സ്വതന്ത്രാധികാരമുള്ള ഭരണഘടനാസ്ഥാപനങ്ങളിലൊന്നായ തെരഞ്ഞെടുപ്പു കമ്മീഷനുമായി ബന്ധപ്പെട്ട സുപ്രധാന വിവരം എങ്ങനെ സര്‍ക്കാരുമായി ബന്ധപ്പെട്ട വ്യക്തിക്ക് മുന്‍കൂട്ടി ചോര്‍ന്നുകിട്ടിയെന്നത് അത്യന്തം നാടകീയതയും തീവ്രമായ ആശങ്കയും നിറഞ്ഞതായിരിക്കുന്നു. ജനാധിപത്യത്തിന്റെ മുഖ്യ തൂണുകളിലൊന്നായ, ഒരുവിധത്തിലുള്ള ആക്ഷേപങ്ങളും പരാതികളുമില്ലാതെ തികഞ്ഞ നിഷ്പക്ഷതയോടെ നീതിയുടെയും ഭരണഘടനയുടെയും പക്ഷത്തുനിന്നുകൊണ്ട് തെരഞ്ഞെടുപ്പുകള്‍ നടത്തിക്കൊടുക്കേണ്ട ഭരണഘടനാസ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ അവരെമാത്രം കുറ്റപ്പെടുത്തിക്കൊണ്ട് തീര്‍പ്പാക്കാനാവില്ല. കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയുടെ പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങളില്‍ ചുക്കാന്‍പിടിക്കുന്ന വ്യക്തിയാണ് ട്വിറ്ററിലൂടെ തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപിച്ചത് എന്നത് അതീവഗൗരവമര്‍ഹിക്കുന്ന തെറ്റാണ്. ജനാധിപത്യത്തിന്റെ നിലനില്‍പിനെ തന്നെ ചോദ്യംചെയ്യുന്ന ഈ നടപടി ഒരു കാരണവശാലും ആവര്‍ത്തിക്കപ്പെടാനോ വെച്ചുപൊറുപ്പിക്കാനോ പാടില്ലെന്നതിലുപരി കുറ്റകൃത്യം ചെയ്തവരെ എത്രയുംപെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് തുറുങ്കിലടച്ച് തെരഞ്ഞെടുപ്പു കമ്മീഷന്റെ യശസ്സ് വീണ്ടെടുക്കണം. ഒ.പി റാവത്ത് മുഖ്യതെര.കമ്മീഷണറായി ചുമതലയേറ്റതുമുതല്‍തന്നെ ഇദ്ദേഹം കേന്ദ്ര സര്‍ക്കാരിനുവേണ്ടി വഴിവിട്ട് കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുവെന്ന പരാതി പരക്കെയുണ്ട്. ഇദ്ദേഹത്തിന്റെ നിയമനം തന്നെ അത്തരത്തില്‍ ആക്ഷേപങ്ങള്‍ക്ക് വിധേയമായിരുന്നതുമാണ്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നതുപോലെ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനും അവരുടെ പിണിയാളുകള്‍ക്കും വേണ്ടി കമ്മീഷനെ പെരുവഴിയിലിട്ട് അലക്കാന്‍ ഇടയാക്കിയ കമ്മീഷണര്‍മാര്‍ ബി.ജെ.പി നേതാവിനെപോലെ തന്നെ ചുട്ടശിക്ഷ ലഭിക്കേണ്ട കുറ്റമാണ് ചെയ്തിരിക്കുന്നത്. നീക്കംചെയ്യാന്‍ പാര്‍ലമെന്റിന്റെ അനുമതി വേണ്ട, സുപ്രീംകോടതി ജഡ്ജിയുടെ പദവിയിലുള്ളവരാണ് കേന്ദ്ര തെര.കമ്മീഷണര്‍മാരെന്നത് ആ സ്ഥാപനത്തിന്റെ പരിപാവനത വ്യക്തമാക്കുന്നതാണ്.
മുഖ്യതെരഞ്ഞെടുപ്പുകമ്മീഷണറുടെ വാര്‍ത്താസമ്മേളനം ആരംഭിച്ച ശേഷമാണ് താന്‍ ട്വിറ്ററിലൂടെ തീയതി വെളിപ്പെടുത്തിയതെന്നാണ് അമിത്മാളവ്യ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. ഇത് ജനങ്ങളുടെ ബുദ്ധിയെ പരിഹസിക്കുന്ന ബി.ജെ.പി-സംഘ്പ്രഭൃതികളുടെ പതിവുശൈലിയുടെ ഭാഗം മാത്രമാണെന്ന് പറയേണ്ടതില്ല. താന്‍ ഒരു വാര്‍ത്താചാനലില്‍ കണ്ടതുവെച്ചാണ് തീയതി പോസ്റ്റ് ചെയ്തതെന്ന് പറയുന്ന മാളവ്യക്ക് എങ്ങനെ ഇത്ര അനൗചിത്യമായി പെരുമാറാനും സംസാരിക്കാനും കഴിയുന്നു എന്നിടത്താണ് കേന്ദ്ര സര്‍ക്കാരും ഭരണകക്ഷിയുമായി ബന്ധപ്പെട്ട പ്രഹേളിക കിടക്കുന്നത്. മുഖ്യതെരഞ്ഞെടുപ്പുകമ്മീഷണറുടെ വാര്‍ത്താസമ്മേളനം നടക്കുന്നുവെന്ന് അറിയാതെയല്ല താന്‍ മുന്‍കൂട്ടി തീയതി വെളിപ്പെടുത്തിയതെന്ന് മാളവ്യ പറയുമ്പോള്‍ അത് അദ്ദേഹത്തിന് ലഭിച്ച വിവരം തെര.കമ്മീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്ന് തന്നെയാണെന്ന് ഉറപ്പാണ്. എന്തിനായിരുന്നു മാളവ്യയുടെ ഈ തിടുക്കം എന്നതാണ് പിന്നെ ഉയരുന്ന ചോദ്യം. തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചുകഴിഞ്ഞാലുടന്‍ പെരുമാറ്റച്ചട്ടം നിലവില്‍വരുമെന്നും ആയത് തന്റെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കുള്ള ഓര്‍മപ്പെടുത്തലാണെന്നുമാണ് അനുമാനിക്കേണ്ടത്.
ഭരണഘടനാസ്ഥാപനങ്ങളെ ഇത്തരത്തില്‍ വക്രീകരിക്കുകയും അപഹസിക്കുകയും ചെയ്യുന്ന പണി ബി.ജെ.പിയും മോദി സര്‍ക്കാരും തുടങ്ങിയിട്ട് നാളുകളേറെയായി. ഹിമാചല്‍പ്രദേശിനൊപ്പം നിയമസഭാകാലാവധി തീരുമായിരുന്നിട്ടും ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഒരു മാസത്തോളം നീട്ടിയത് മോദിക്കും കൂട്ടര്‍ക്കും സ്വന്തം തട്ടകം എന്തുവിലകൊടുത്തും സംരക്ഷിക്കണമെന്നുള്ളതുകൊണ്ടായിരുന്നു. പിന്നീടുള്ള പതിമൂന്നു ദിവസങ്ങളിലായിരുന്നു പ്രധാനമന്ത്രിയുടെ ഗുജറാത്തിനുവേണ്ടിയുള്ള വാഗ്ദാനപ്പെരുമഴകള്‍. സീപ്ലെയിന്‍, നര്‍മദ അണക്കെട്ട്, കോടികളുടെ സഹായധനം തുടങ്ങി ഒരുഡസനോളം പദ്ധതികളാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദി ഗുജറാത്തിനുവേണ്ടി കമ്മീഷന്റെ ചെലവില്‍ പ്രഖ്യാപിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞ് ബൂത്തിന് സമീപത്തുനിന്ന് വന്‍വാഹനപരിവാരത്തോടെ പ്രധാനമന്ത്രി കാറില്‍ പിടിച്ചുതൂങ്ങി യാത്ര ചെയ്തതും തെരഞ്ഞെടുപ്പുചട്ടങ്ങളുടെ ലംഘനമായിരുന്നു. രാജ്യസഭാതെരഞ്ഞെടുപ്പ് ഘട്ടത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ്പട്ടേലിനെതിരെ തെര.കമ്മീഷന്‍ ഓഫീസില്‍ കേന്ദ്രമന്ത്രിമാരുടെ പട തന്നെ കയറിയിറങ്ങി ഫലം തങ്ങള്‍ക്കനുകൂലമാക്കാന്‍ പരമാവധി പ്രയത്‌നിച്ചു. ഇതിലൊന്നും ഒരുവിധ ശിക്ഷാനടപടിയും ഇന്നുവരെയും ബി.ജെ.പിയുടെയോ സര്‍ക്കാരിന്റെയോ ആളുകള്‍ക്ക് നേരെ സ്വീകരിക്കാന്‍ ഒ.പി റാവത്തിന്റെ കമ്മീഷന്‍ തയ്യാറായിരുന്നില്ല. ടി.എന്‍ ശേഷനെപോലെ അതിപ്രഗല്‍ഭനായ ഐ.എ.എസുകാരന്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറായിരിക്കെ നടപ്പാക്കിയ വിവിധ പരിഷ്‌കരണ നടപടികള്‍ അന്നത്തെ കേന്ദ്ര സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയാണ് നടപ്പാക്കിയതെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നത് കൗതുകകരമാകും. ആ പ്രഗല്‍ഭ കസേരയില്‍ ഇരിക്കുന്നത് നട്ടെല്ലില്ലാത്ത ഉദ്യോഗസ്ഥ പുംഗവനാണെന്നതാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ദുര്യോഗം. തീയതി ചോര്‍ച്ചാസംഭവത്തില്‍ മാനംമറയ്ക്കാന്‍ കേന്ദ്ര തെര.കമ്മീഷന്‍ ആരംഭിച്ച ആറംഗ സമിതിയുടെ അന്വേഷണം മാളവ്യയെയല്ല, തീയതി മുന്‍കൂട്ടി ട്വീറ്റ്‌ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബി. ശ്രീനിവാസനെയാണ് ചോദ്യം ചെയ്യുകയത്രെ. സൈന്യം, പരിസ്ഥിതി ട്രിബൂണലുകള്‍, ന്യൂനപക്ഷ, മനുഷ്യാവകാശ കമ്മീഷനുകള്‍ തുടങ്ങി വിവിധ നീതിന്യായ, ഭരണഘടനാ സംവിധാനങ്ങളോട് മോദി സര്‍ക്കാര്‍ കാട്ടുന്ന പരിഹാസ്യമായ നടപടികള്‍ വെച്ചുനോക്കുമ്പോള്‍ തെര. കമ്മീഷനിലും സമാനമായ അവസ്ഥയുണ്ടായതില്‍ അല്‍ഭുതമില്ല. സര്‍ക്കാരുകള്‍ വരും, പോകും. തെര. കമ്മീഷന്റെ വിശ്വാസ്യത തകരുക എന്നാല്‍ ജനാധിപത്യംതന്നെയാണ് തകരുകയെന്ന സത്യം മറന്നുപോകരുത്.
- 7 years ago
chandrika
Categories:
Video Stories