X

കര്‍ഷക അവകാശം തന്നെയാണ് മുഖ്യം

ആഗോള കുത്തക വ്യവസായ സ്ഥാപനമായ അമേരിക്കന്‍കമ്പനി പെപ്‌സികോ ഇന്ത്യയിലെ കര്‍ഷകര്‍ക്കെതിരെ കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കേസ് ഫയല്‍ ചെയ്തിരിക്കുന്നുവെന്ന വാര്‍ത്ത പൊതുതെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്കിടയില്‍ പലരുടെയും ശ്രദ്ധയില്‍ വേണ്ട രീതിയില്‍ പെടാതെ പോയി. ഈ മാസമാദ്യമാണ് ഗുജറാത്തിലെ നാല് കര്‍ഷകര്‍ക്കെതിരെ പെപ്‌സികോ നിയമ നടപടി ആരംഭിച്ചത്. തങ്ങള്‍ ഉത്പാദിപ്പിക്കുന്ന ചിപ്‌സ് ബ്രാന്‍ഡായ ലെയ്‌സില്‍ ഉപയോഗിക്കുന്ന പ്രത്യേക ഇനം ഉരുളക്കിഴങ്ങ് ഉല്‍പാദിപ്പിച്ചു എന്ന കുറ്റമാണ് അമേരിക്കന്‍ കുത്തക കമ്പനി കര്‍ഷകര്‍ക്കുമേല്‍ ആരോപിച്ചിരിക്കുന്നത്. അഹമ്മദാബാദ് കോടതിയില്‍ നടന്നുവരുന്ന കേസില്‍ കര്‍ഷകര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പെപ്‌സികോയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന ്‌വ്യക്തമാക്കിയിട്ടുണ്ട്. കേസ് തുടര്‍വിചാരണക്കായി ജൂണ്‍ 12ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
പെപ്‌സികോ കമ്പനി വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയില്‍ ഇടപെട്ടുതുടങ്ങിയിട്ട്. ഓരോ രാജ്യത്തും തങ്ങള്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കുവേണ്ടി അതാതിടത്ത് കര്‍ഷകരെ കരാര്‍ വ്യവസ്ഥയില്‍ കാര്‍ഷിക അസംസ്‌കൃത വസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ ചുമതലപ്പെടുത്തുകയാണ് പെപ്‌സികോയുടെ പതിവ്. ഇതനുസരിച്ച് ഇന്ത്യയില്‍ പതിനായിരക്കണക്കിന് കര്‍ഷകരാണ് ഇപ്പോള്‍ പെപ്‌സിക്കുവേണ്ടി ഉരുളക്കിഴങ്ങ് കൃഷി ചെയ്തുവരുന്നത്. ഇതുപ്രകാരം കമ്പനി കരാര്‍നല്‍കിയ ഉരുളക്കിഴങ്ങിന്റെ പ്രത്യേക ഇനമായ എഫ്.എല്‍ 2027 എന്ന ഇനം ഉരുളക്കിഴങ്ങ് ഗുജറാത്തിലെ കരാറിലുള്‍പെടാത്ത നാല് കര്‍ഷകര്‍ ഉത്പാദിപ്പിച്ചുവെന്നാണ് കമ്പനിയുടെ കേസ്. 3-4 ഏക്കറുകളിലായി ചുരുക്കം ടണ്‍ ഉരുളക്കിഴങ്ങാണ് ഇവര്‍കൃഷി ചെയ്യുന്നത്. കര്‍ഷകന്‍ ഒരാള്‍ക്ക് 1.05 കോടി രൂപ വീതം മൊത്തം 4.20 കോടി രൂപയാണ് കമ്പനി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയിലുള്‍പ്പെടെ മിക്ക രാജ്യങ്ങളില്‍ ലെയ്‌സ് ചിപ്‌സിനായി ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങിന്റെ ഈ ഇനം തങ്ങള്‍ കരാര്‍ നല്‍കിയവര്‍ക്കല്ലാതെ കൃഷി ചെയ്യാനാകില്ലെന്നാണ് പെപ്‌സിയുടെ വാദം. ഇതിനായി പേറ്റന്റ് ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ ലംഘനമാണ് നടന്നതെന്നുമാണ് പെപ്‌സികോ വാദിക്കുന്നത്. എന്നാല്‍ സസ്യ ഇനങ്ങളുടെ സംരക്ഷണവും കര്‍ഷകരുടെ അവകാശവും എന്ന 2001ലെ നിയമത്തിലെ 39 ാം വകുപ്പില്‍ കര്‍ഷകന് അവനിഷ്ടമുള്ള കാര്‍ഷികഉത്പന്നങ്ങള്‍ കൃഷി ചെയ്യാമെന്ന് പറയുന്നുണ്ട്. കര്‍ഷക സംഘടനകള്‍ കുത്തകക്കെതിരെ രംഗത്തുവന്നുകഴിഞ്ഞു.
ഇതുയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പെപ്‌സി ഉന്നയിക്കുന്നതിലും അതിസങ്കീര്‍ണമാണ്. ഈ ഡിജിറ്റല്‍ യുഗത്തിലും ഇന്ത്യയിലെ അറുപതു ശതമാനത്തിലധികംപേര്‍ ജീവിക്കുന്നത് ഗ്രാമങ്ങളില്‍ കാര്‍ഷിക വൃത്തി ചെയ്താണ്. ഇവര്‍ ഉത്പാദിപ്പിക്കുന്നഉത്പന്നങ്ങള്‍ ഭക്ഷിച്ചാണ് ഈ രാജ്യത്തെ നൂറ്റിമുപ്പതു കോടിയിലധികംവരുന്ന ജനത അന്നമുണ്ണുന്നത്. ഇത് മറ്റാരെങ്കിലും കൈവശപ്പെടുത്തുക എന്നാല്‍ ഇന്ത്യയുടെ കാര്‍ഷിക-ഗ്രാമീണമേഖല മാത്രമല്ല, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥതന്നെ അവതാളത്തിലാകും. കര്‍ഷകനെ സംബന്ധിച്ച് ഇന്ത്യയില്‍ കാലങ്ങളായി ഉത്പാദിപ്പിച്ചുവരുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ അതേപടി ഉത്പാദനം നടത്താനുള്ള അവകാശം ഉണ്ടാകുക തന്നെവേണം. വിദേശ കുത്തക കമ്പനികള്‍ ഒരുനാള്‍ പെട്ടെന്ന് രാജ്യത്ത് കടന്നെത്തുകയും ബൗദ്ധിക സ്വത്തവകാശത്തിന്റെ പേരില്‍ ഉത്പന്നങ്ങളുടെ പേറ്റന്റ് സമ്പാദിച്ച് അവ തങ്ങളുടേത് മാത്രമാക്കി മാറ്റുകയും ചെയ്യുന്നതിനെ ഒരുനിലക്കും ന്യായീകരിക്കാന്‍ കഴിയില്ല. ഗാട്ട് കരാറില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും കര്‍ഷകന്റെ പ്രത്യേകാവകാശങ്ങളെക്കുറിച്ചും കാര്‍ഷികാവകാശ നിയമത്തില്‍ വ്യവസ്ഥകള്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ടെന്ന് മനസ്സിലാക്കണം. ഇന്ത്യയുടെ വന്‍ വിപണി മുന്നില്‍കണ്ട് അവരെ വന്‍ ലാഭക്കൊതിയോട് പിഴിഞ്ഞ് ഉണ്ടാക്കുന്ന പണത്തിലൊരംശം ഇവിടുത്ത കര്‍ഷകര്‍ക്ക് നല്‍കുന്നതിനുപകരം അവരെ ശത്രുക്കളായും നിയമലംഘകരായും കാണുന്ന രീതി അംഗീകരിക്കാനാകില്ല. 2017ല്‍ 4.8 കോടി ടണ്‍ ഉരുളക്കിഴങ്ങാണ് ഇന്ത്യ ഉത്പാദിപ്പിച്ചത്. ആഭ്യന്തരത്തിന് പുറമെ 3.6 ബില്യന്‍ ഡോളറിന്റെ കയറ്റുമതിയും ഈ മേഖലയില്‍ ഇന്ത്യക്കുണ്ട്. ഒരുകിലോ ഉരുളക്കിഴങ്ങിന് കര്‍ഷകന് അഞ്ചു രൂപ പോലും വില ലഭിക്കാത്തപ്പോള്‍ ലെയ്‌സില്‍ ഒരു ഉരുളക്കിഴങ്ങിന് ഈടാക്കുന്നത് അത്രയും തന്നെ രൂപയാണ്. പാകിസ്താനെതിരെ നിരന്തരം വായിട്ടടിക്കുന്ന പ്രധാനമന്ത്രിക്ക് സ്വന്തം സംസ്ഥാനത്തിലെ കര്‍ഷകരുടെ കണ്ണീരിന് കമാന്നൊരക്ഷരം മിണ്ടാന്‍പോലും കഴിയുന്നില്ല എന്നത് കഠിനമാണ്.
വിദേശ കുത്തകകളായ വാള്‍മാര്‍ട്ട്, ആമസോണ്‍ തുടങ്ങിയവ ഇതിനകംതന്നെ ഇന്ത്യയുടെ കാര്‍ഷിക വിപണന രംഗത്തേക്ക് കാലെടുത്തുവെച്ചുകഴിഞ്ഞു. ഇന്ന് അസംസ്‌കൃതമായും മായമില്ലാതെയും നാം ഭക്ഷിക്കുന്നതിനെയെല്ലാം പണംകൊണ്ട് പേറ്റന്റ് എന്ന ഓമനപ്പേര് നല്‍കി നമുക്കുതന്നെ വിറ്റഴിക്കുന്ന രീതിയാണ് ഇതിലൂടെ സംഭവിക്കുന്നത്. ഇവിടുത്തെ പാവപ്പെട്ട, നാമമാത്ര കര്‍ഷകര്‍ ഉത്പന്നത്തിന് അര്‍ഹമായ വില ലഭിക്കാതെ നെട്ടോട്ടമോടേണ്ട അവസ്ഥയിലും. ചെറുകിട വ്യാപാര മേഖലയിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ നാം അനുഭവിച്ചുതുടങ്ങിയിട്ട് നാളുകളായി. റിലയന്‍സ് പോലുള്ള കുത്തകള്‍ വ്യാപാര കാര്‍ഷിക രംഗത്തേക്ക് കടന്നുവരുന്നത്മൂലം ചെറുകിടകര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുന്നു. ഇതിനെയെല്ലാം പരോക്ഷമായി പ്രോല്‍സാഹിപ്പിക്കുന്ന മോദിയുടേതുപോലുള്ള സര്‍ക്കാര്‍ കൂടിയാകുമ്പോള്‍ തിക്തഫലം പതിന്മടങ്ങ് വര്‍ധിക്കുകയാണ്. നിലവില്‍ ആര്യവേപ്പ്, മഞ്ഞള്‍ പോലുള്ളവയുടെ ഉത്പാദനാവകാശം അമേരിക്കന്‍ കമ്പനികള്‍ വാങ്ങിയെടുത്തിട്ടുണ്ട്. എന്നിട്ടും അവയുടെ ഉത്പാദനം ഇന്ത്യക്കകത്ത് നിലച്ചിട്ടില്ല. ആ ഇളവ് ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകരുടെ കാര്യത്തിലും സ്വീകരിക്കപ്പെടണം. പെപ്‌സി കമ്പനി പാലക്കാട്ട് ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം അനധികൃതമായി ഊറ്റുന്നതിനെക്കുറിച്ച് പരാതിയുണ്ട്. ഇതിനെതിരെ ഇടതുപക്ഷസര്‍ക്കാര്‍ അനങ്ങുന്നില്ല. പാലക്കാട്ടെതന്നെ പ്ലാച്ചിമടയില കൊക്കകോള കമ്പനി അടച്ചിടാന്‍ നിര്‍ബന്ധിതമായത് പ്രദേശത്തെ കടുത്ത കുടിവെള്ള ക്ഷാമവും മാലിന്യ വ്യാപനവും കൊണ്ടായിരുന്നു. ഇതിനിടെയാണ് കര്‍ഷകരുടെമേല്‍ ഇടിത്തീ പോലെ വീണ്ടും വിദേശ കുത്തകകളുടെ വരവ്. കര്‍ഷകരുടെ സ്വകാര്യഇടങ്ങളില്‍ സ്വകാര്യ ഡിറ്റക്റ്റീവുകളെ നിയോഗിക്കുന്ന രീതിക്കെതിരെയും നിയമ നടപടിയുണ്ടാകണം. കര്‍ഷകരുടെയും ജനങ്ങളുടെയും മുകളില്‍ ഒരു വ്യവസായവും വ്യാപാരവും വളരാന്‍ അനുവദിക്കപ്പെടരുത്. അങ്ങനെ വളര്‍ന്നവയുടെ ശാഖകള്‍ മുറിച്ചുമാറ്റപ്പെടുകതന്നെ വേണം. ഗുജറാത്തിലെ കര്‍ഷകരുടെ പോരാട്ടം അന്നമുണ്ണുന്ന ഓരോ ഭാരതീയന്റെയും കൂടിയാണ്. നീതി കാംക്ഷിക്കുന്ന ലോകത്തെ സകല മനുഷ്യരുടെയും പിന്തുണ ഇതിന് കൂടിയേതീരൂ.

chandrika: