ലോകത്ത്് ഏറ്റവുംകൂടുതല്‍ ചെറുപ്പക്കാരുള്ള രാജ്യത്തെ വലിയൊരുസംസ്ഥാനത്ത് ചോരത്തിളപ്പുള്ള രണ്ട് ചെറുപ്പക്കാര്‍ നേതൃത്വംനല്‍കുന്ന പാര്‍ട്ടികളെ മലര്‍ത്തിയടിക്കുക. അതും കഴിഞ്ഞ 15 വര്‍ഷക്കാലം മുഖ്യമന്ത്രിയായിരുന്നശേഷം. അതൊരൊന്നൊന്നര നേട്ടംതന്നെ. മാധ്യമങ്ങളുടെയും തിരഞ്ഞെടുപ്പുസര്‍വേക്കാരുടെയും വിലയിരുത്തലുകളെ തുറന്നുകാട്ടുകകൂടി ചെയ്തു ഈതിരഞ്ഞെടുപ്പില്‍ നിതീഷ്‌കുമാര്‍ എന്ന 69കാരന്‍. എതിരാളികളിലൊരാള്‍ ലാലു പുത്രന്‍ തേജസ്വിയാദവ്-പ്രായം വെറും 31 വയസ്സ്. മറ്റൊരാള്‍ ചിരാഗ്പാസ്വാന്‍-പ്രായം 38. എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ പറഞ്ഞപോലെ യാദവ ഭരണവും വന്നില്ല, നിതീഷിനെ കെട്ടുകെട്ടിക്കാനുമായില്ല. നാലാമതും ബീഹാറിന്റെ മുഖ്യമന്ത്രിക്കസേരയിലേക്ക് നിതീഷ് വീണ്ടും എത്തി. അതാണ് നിതീഷ്‌കുമാറിനെ വിജയകുമാരനാക്കുന്നത്. ഈ വിജയസൂത്രം നിതീഷിനെ കണ്ടുതന്നെ പഠിക്കണമെന്നര്‍ത്ഥം. ഒക്ടോബര്‍ 28നും നവംബര്‍ 7നുമിടയില്‍നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ മൂന്നാംസ്ഥാനത്തേക്കാണ് തന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ് പിന്തള്ളപ്പെട്ടതെങ്കിലും നിതീഷ് ഒരിക്കല്‍കൂടി അതേ കസേരയില്‍ അമര്‍ന്നിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ സ്വന്തം ബി.ജെ.പിയുടെ പിന്തുണയോടെ.
സോഷ്യലിസ്റ്റ് ഭക്തി തലയ്ക്കുപിടിച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയതെങ്കിലും ഇന്ത്യന്‍ സോഷ്യലിസ്റ്റുകളിലെ അവസരവാദക്കാരിലൊരാളാണ് ഭക്തിയാര്‍പൂര്‍കാരനായ നിതീഷ്‌കുമാര്‍. അല്ലെങ്കിലും ഈ സോഷ്യലിസവും ആദര്‍ശവുമൊക്കെ കടിച്ചുപിടിച്ച് എത്രകാലം കഴിയാനാകും. വായ തുറന്നാലല്ലേ അധികാരപ്പഞ്ചസാര നുണയാന്‍കഴിയൂ. ഹിന്ദി ബെല്‍റ്റിലെ ബീമാരു(രോഗി) സംസ്ഥാനങ്ങളില്‍ പട്ടിണിപ്പാവങ്ങളുടെയും പിന്നാക്കാവസ്ഥയുടെയും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനത്ത് നിതീഷ് വീണ്ടും മുഖ്യമന്ത്രിയായതില്‍ അത്ഭുതമില്ല. കാരണം അത് ജനതയും അര്‍ഹതപ്പെട്ടതേ നേടൂ. ബീഹാറികളെ വികസനം കൊണ്ടുവന്ന് പുരോഗമിപ്പിച്ചാല്‍ അവര്‍ വേറെവല്ല പാര്‍ട്ടിയും നോക്കിപ്പോകും. ഒരു കാലത്ത് ബീഹാര്‍ കോണ്‍ഗ്രസിന്റെ കുത്തക സംസ്ഥാനങ്ങളിലൊന്നായിരുന്നു. പിന്നീടത് തൊണ്ണൂറുകളില്‍ ലാലുപ്രസാദ് യാദവിന്റെ പര്യായമായി. ഉത്തര്‍പ്രദേശില്‍ മുലായംസിംഗും തൊട്ടടുത്ത ബീഹാറില്‍ ലാലുയാദവും തുടക്കമിട്ട പിന്നാക്ക രാഷ്ട്രീയമാണ് ഒരര്‍ത്ഥത്തില്‍ നിതീഷിനെ ബീഹാറിന്റെ മുക്കിലും മൂലയിലും വേരുറപ്പിച്ചത്. ജനതാദളില്‍നിന്ന ്‌രാജിവെച്ച് സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയാണ് നിതീഷ് കളിയാരംഭിച്ചത്. കോണ്‍ഗ്രസിനും ഇന്ദിരാഗാന്ധിക്കുമെതിരെ സോഷ്യലിസ്റ്റ്‌സിംഹം ജയപ്രകാശ് നാരായണന്‍ നടത്തിയ പ്രതിപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് നിതീഷ്‌കുമാറും രാഷ്ട്രീയത്തില്‍ ചുവടുവെച്ചത്. 1970ല്‍ നിയമസഭാംഗമായി. കോണ്‍ഗ്രസിനെ അരുക്കാക്കിയശേഷം ബി.ജെ.പിയുമായി ചേര്‍ന്ന് 1999 മുതല്‍ എന്‍.ഡി.എയിലടക്കം കേന്ദ്ര കൃഷി, റെയില്‍വെ, ഗതാഗത മന്ത്രിയായി. പതുക്കെപ്പതുക്കെ ബീഹാറിലേക്ക് ചുവടുമാറ്റം. കാലിത്തീറ്റ കുംഭ കോണക്കേസില്‍ ലാലുവിനെ സി.ബി.ഐ അറസ്റ്റുചെയ്തതോടെ ഭാര്യ റാബറിദേവിയെ ലാലു മുഖ്യമന്ത്രിപദമേല്‍പിച്ചതോടെ ബീഹാര്‍ ജനതയുടെ നീരസം അവസരമാക്കി മാറ്റുകയായിരുന്നു കൂര്‍മബുദ്ധിയായ നിതീഷ്. അതിന്റെ ഫലം തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളില്‍ കണ്ടു. 2015ല്‍ മഹാസഖ്യവുമായി ലാലുവിന്റെ ആര്‍.ജെ.ഡിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയ നിതീഷ് പക്ഷേ വര്‍ഗ ശത്രുവായി പ്രഖ്യാപിച്ചിരുന്ന മോദിയുടെ ബി.ജെ.പിയുമായി ചേര്‍ന്ന് ലാലുവിനെയും കൂട്ടരെയും ഒതുക്കാനും തയ്യാറായി. ലാലു പുത്രന്‍ തേജസ്വിയെ ഉപമുഖ്യമന്ത്രിയാക്കിയെങ്കിലും 2015ലെ ജനവിധി അട്ടിമറിച്ചുകൊണ്ട് രണ്ടുവര്‍ഷത്തിനുശേഷം ബി.ജെ.പിയുമായിചേര്‍ന്ന് തുടര്‍ന്നുംമുഖ്യമന്ത്രിയായി. കൂട്ടുകാരന്റെ മകനായതിനാലാണ് തേജസ്വിയെ സഹിക്കുന്നതെന്നും നുണ മാത്രമാണ് തേജസ്വി പറയുന്നതെന്നും തുറന്നടിച്ചു നിതീഷ്. ഒരു കൊലപാതകക്കേസില്‍ നിതീഷ്‌കുമാര്‍ പിഴയടച്ചു എന്ന പരാമര്‍ശമാണ് നിതീഷിനെ ചൊടിപ്പിച്ചത്. നിയമസഭാതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യക്തിപരമായി തേജസ്വിയെ ആക്ഷേപിക്കാനും നിതീഷ് തയ്യാറായി. ലാലുവിന് പെണ്‍കുട്ടികളില്ലാത്തതിനെക്കുറിച്ചായിരുന്നു നിതീഷിന്റെ പ്രകോപനപരമായ പരാമര്‍ശം. ഇതിന് മറുപടിയായി തേജസ്വി പറഞ്ഞത് മുഖ്യമന്ത്രിയായാല്‍ അഴിമതിക്കേസില്‍ നിതീഷിനെ അഴിക്കുള്ളിലാക്കുമെന്നായിരുന്നു. കോവിഡ് കാലത്ത് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് തിരിച്ചുവന്ന തൊഴിലില്ലാപടയ്ക്ക് നാട്ടില്‍ തൊഴിലവസരം നല്‍കുമെന്നാണ് നിതീഷിന്റെ വാദ്ഗാനം. അത് ഫലവത്താകുമോ എന്ന് ഇനിയും കണ്ടറിയണം.ഇനി സാക്ഷരതയും തൊഴിലും നല്‍കിയാല്‍ ആളുകളെങ്ങാനും പാര്‍ട്ടി മാറിയാലോ എന്നാണ് പേടി. ഏറ്റവും വലിയ ഒറ്റക്കക്ഷി തേജസ്വിയുടെ പാര്‍ട്ടിതന്നെയാണ്. രണ്ടാം സ്ഥാനത്ത് ബി.ജെ.പിയും. 71ല്‍നിന്ന് 43ലേക്ക് നിതീഷിന്റെ പാര്‍ട്ടി പിന്നാക്കംപോയി. തക്കംകിട്ടിയാല്‍ മുഖ്യശത്രുവിനെ താഴെയിറക്കാന്‍ കാത്തിരിക്കുന്ന തേജസ്വി ബി.ജെ.പിയുമായി കൂടുമോ എന്നേ ഇനി അറിയാനുള്ളൂ. മോദിയെ വര്‍ഗീയവാദിയാണെന്നും പ്രധാനമന്ത്രിയാക്കരുതെന്നും വാശിപിടിച്ച നിതീഷിന് മോദിയുടെ പാര്‍ട്ടിയുമായി സര്‍ക്കാരുണ്ടാക്കാമെങ്കില്‍ എന്തുകൊണ്ട് തേജസ്വിക്കും അതായിക്കൂടായെന്നാണ് ജനം ചോദിക്കുന്നത്. പട്‌ന സയന്‍സ് കോളജില്‍നിന്ന് ബിരുദവും എന്‍.ഐ.ടിയില്‍നിന്ന് എഞ്ചിനീയറിംഗ് ബിരുദവുംനേടിയ നിതീഷ് 2008ലും 2010ലും എന്‍.ഡി.ടി.വിയുടെ ഇന്ത്യന്‍ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. പരേത മഞ്ജുകുമാരി സിന്ഹയാണ് ഭാര്യ.
- 4 years ago
web desk 1
Categories:
columns
വിജയകുമാരന്‍
Tags: editorial