X
    Categories: columns

പരിശോധനകള്‍ കുറച്ച് കോവിഡിനെ തോല്‍പ്പിക്കരുത്

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളം ഭീതിയോടെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഭരണതലത്തില്‍ എല്ലാ അര്‍ത്ഥത്തിലും പരാജയപ്പെട്ട സര്‍ക്കാരാണ് അധികാരത്തിലുള്ളതെന്ന വസ്തുത ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ചികിത്സയെയും ഇടതുസര്‍ക്കാര്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കോവിഡ് ടെസ്റ്റുകള്‍ കുറച്ച് രോഗം നിയന്ത്രണവിധേയമായെന്ന് വരുത്തിതീര്‍ക്കാന്‍ നീക്കമുള്ളതായി റിപ്പോര്‍ട്ടുണ്ട്. വൈറസ് ബാധിതരെ കണ്ടെത്തുകയെന്നത് ചികിത്സയിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഏറെ നിര്‍ണായകമാണ്. കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നത് തടയാനും രോഗം മൂര്‍ച്ഛിക്കുന്നതിന്മുമ്പ് ചികിത്സ ഉറപ്പാക്കാനും അത് കൂടിയേ തീരൂ. പകരം, ടെസ്റ്റുകള്‍ കുറച്ചുകൊണ്ടുവരുന്നത് വിപരീത ഫലമാണുണ്ടാക്കുക. ഇത്തരം നീക്കങ്ങള്‍ തീര്‍ത്തും നിരുത്തരവാദപരവും ആത്മഹത്യാപരവുമാണെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം.
തരഞ്ഞെടുപ്പ് കാലത്തും ശേഷവും കോവിഡ് വ്യാപിച്ചേക്കുമെന്ന മുന്നറിയിപ്പുകള്‍ ഗൗരവത്തിലെടുക്കേണ്ടതുണ്ട്. വാക്‌സിന്‍ കണ്ടെത്തിയിട്ടില്ലെന്നിരിക്കെ കോവിഡ് ഭീഷണി ശക്തമായി തുടരുകയാണ്. ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ശേഷം വ്യാപപനം വര്‍ധിച്ച അനുഭവങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്. സമീപകാലത്ത് ഉത്തരേന്ത്യയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടിവന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഗുജറാത്തിലും നിരവധി നഗരങ്ങളില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഘോഷസമയങ്ങളില്‍ കോവിഡിനെ അവഗണിച്ചതുകൊണ്ടാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് ഈ സംസ്ഥാനങ്ങള്‍ എത്തിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊള്ളുന്ന ഘട്ടത്തില്‍ കേരളവും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഭരണസംവിധാനങ്ങള്‍ മുഴുവന്‍ തെരഞ്ഞെടുപ്പിലേക്ക് തിരിയുന്നത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍നിന്ന് ശ്രദ്ധ വ്യതിചലിക്കാന്‍ കാരണമാകും. തദ്ദേശ തെരഞ്ഞെടുപ്പാകുമ്പോള്‍ പ്രത്യേകിച്ചും ഉദ്യോഗസ്ഥരെ മുഴുവന്‍ ഇലക്ഷന്‍ ഡ്യൂട്ടിയിയിലേക്ക് നിയോഗിക്കുന്നത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ ബലഹീനമാക്കും. അത്തരമൊരു അപകടമൊഴിവാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെ പൂര്‍ണമായും തെരഞ്ഞെടുപ്പ് ജോലിയില്‍നിന്ന് ഒഴിവാക്കണം. പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നശേഷം പ്രാദേശികതലങ്ങളില്‍ ഉദ്യോഗസ്ഥരാണ് ഭരണം നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയുണ്ടെങ്കില്‍ മാത്രമേ താഴേ തട്ടുകളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കൂ. അതിന് പകരം പരിശോധനകള്‍ ഒഴിവാക്കി രോഗികളുടെ എണ്ണം കുറച്ചുകാട്ടിയതുകൊണ്ട് കാര്യമില്ല.
രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും കൂട്ടത്തോടെ പ്രചാരണ രംഗത്തിറങ്ങുമ്പോള്‍ കോവിഡ് മാനദണ്ഡള്‍ ലംഘിക്കപ്പെടാനുള്ള സാധ്യതയും ഏറെയാണ്. രോഗവ്യാപനത്തിന്റെ ഗ്രാഫ് താഴേക്ക് വരുമെന്ന പ്രതീക്ഷകളെ മങ്ങലേല്‍പ്പിക്കുന്ന സാഹചര്യങ്ങളാണ് നിലവിലുള്ളത്. കോവിഡിന്റെ രണ്ടാംവരവ് ഏറെ തീവ്രമായിരിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹിയും മറ്റ് സംസ്ഥാനങ്ങളും രണ്ടാം വരവിന് മുന്നില്‍ സ്തംഭിച്ചുനില്‍ക്കുന്നത് കേരളത്തിനുള്ള മുന്നറിയിപ്പാണ്. നിയന്ത്രണങ്ങളോട് തണുപ്പന്‍ സമീപം സ്വീകരിച്ചാല്‍ വിവിധ ഘട്ടങ്ങള്‍ക്കിടയില്‍ ഉണ്ടാകാറുള്ള ഇടവേളയുടെ സമയം ചുരുങ്ങും. അത് മുന്നൊരുക്കങ്ങളെ ബാധിക്കുമെന്ന് പ്രത്യേകം ഓര്‍ക്കേണ്ടിയിരിക്കുന്നു.
കോവിഡ് വിരുദ്ധ ബോധവത്കരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ല. മാധ്യമങ്ങളിലൂടെയുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ജനങ്ങളിപ്പോള്‍ മുന്നോട്ടുപോകുന്നത്. ജനങ്ങള്‍ക്കിടയില്‍ ഗൗരവബോധം കുറയുന്ന സാഹചര്യമുണ്ട്. അടിസ്ഥാന ആരോഗ്യപാഠങ്ങളില്‍നിന്ന് ആളുകള്‍ പിറകോട്ട് പോകുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം. വരുംദിവസങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ അയവേറാനാണ് സാധ്യത. ഉദ്യോഗസ്ഥരുടെയും പൊലീസ് സേനയുടെയും പൂര്‍ണ ശ്രദ്ധ വോട്ടെടുപ്പിലേക്ക് തിരിയും. അതോടെ രോഗികളുടെ എണ്ണം ഗണ്യമായി ഉയരുമെന്ന് ആരോഗ്യ വിദഗ്ധര്‍ക്കും ആശങ്കയുണ്ട്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ മുഴുവന്‍ അത് നിഷ്ഫലമാക്കും. അപകട സാധ്യത മുന്നില്‍കണ്ട് പ്രചാരണ രംഗത്തുള്ള പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും സ്വയം നിയന്ത്രിക്കേണ്ടിവരും.
ദേശീയ ആരോഗ്യസൂചികയില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തില്‍ കോവിഡ് നിയന്ത്രണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ സുഖകരമാണ്. പക്ഷേ, സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് രോഗവ്യാപനം ഇത്രയേറെ തീവ്രമാകാന്‍ കാരണം. ആരോഗ്യരംഗത്ത് സംസ്ഥാനത്തെ മറികടക്കാന്‍ മറ്റാര്‍ക്കുമായിട്ടില്ല. അസൂയാവഹമായ ഈ പുരോഗതിക്ക് പിന്നില്‍ ഒരുപാട് സ്വാധീനഘടകങ്ങളുണ്ട്. അതില്‍ പൊതുജനാവബോധം തന്നെയാണ് പ്രധാനം. ജീവിതശൈലിയും മുന്‍കരുതലുകളും നൂതനചികിത്സാസംവിധാനങ്ങളുടെ ലഭ്യതയുമെല്ലാം മെച്ചപ്പെട്ട നിലയിലാണ്. പക്ഷേ, കോവിഡ് വൈറസിന്മുന്നില്‍ കേരളത്തിന് അടിതെറ്റുന്നതാണ് കണ്ടത്. ആരോഗ്യസംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. രോഗവ്യാപനത്തിന്റെ തുടക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചില അവകാശവാദങ്ങള്‍ നടത്തിയിരുന്നെങ്കിലും കൈയടികള്‍ക്കുള്ള വിഫലശ്രമങ്ങള്‍ മാത്രമായിരുന്നു അതെന്ന് പിന്നീട് ബോധ്യമായി.
2020 ജനുവരി മുപ്പതിനാണ് കേരളത്തില്‍ ആദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നുള്ള രണ്ട് മാസങ്ങളില്‍ രോഗവ്യാപനം കുറവാണെന്ന വസ്തുതയിലേക്ക് വിരല്‍ചൂണ്ടി സര്‍ക്കാര്‍ അമിതമായ ആഹ്ലാദപ്രകടനങ്ങളില്‍ മതിമറന്നുനിന്നു. സത്യത്തില്‍ അത് സന്തോഷപ്രകടനം നടത്തേണ്ട സമയമായിരുന്നില്ല. വിദേശ രാജ്യങ്ങളില്‍നിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും മലയാളികള്‍ കൂട്ടത്തോടെ എത്തിക്കൊണ്ടിരിക്കെ ജാഗ്രത പുലര്‍ത്തേണ്ട ഘട്ടമായിരുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് മുന്‍കൂട്ടിക്കാണാന്‍ സര്‍ക്കാരിനായില്ല. ലോക്ഡൗണുകളും അനാവശ്യ നിയന്ത്രണങ്ങളും അടിച്ചേല്‍പ്പിച്ച് സര്‍ക്കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. അപ്പോഴൊന്നും യഥാര്‍ത്ഥ രൂപത്തിലുള്ള രോഗവ്യാപനം കേരളത്തില്‍ തുടങ്ങിയിരുന്നില്ല. ഏപ്രില്‍ ആദ്യത്തോടെ സമ്പര്‍ക്കത്തിലൂടെ രോഗികളാകുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരുന്നു. അതോടൊപ്പം നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനും തുടങ്ങി. അടിയന്തര സാഹചര്യത്തില്‍ മാത്രം നടപ്പാക്കേണ്ട നടപടികള്‍ ആദ്യത്തില്‍ അടിച്ചേല്‍പ്പിച്ച് രോഗികളുടെ എണ്ണം കൂടിയപ്പോള്‍ ഒളിച്ചോടുകയാണ് സര്‍ക്കാര്‍ ചെയ്തത്. സത്യത്തില്‍ കേരളത്തെ കോവിഡിന് വിട്ടുകൊടുത്ത് സര്‍ക്കാര്‍ കാഴ്ചക്കാരനായി നിന്നത് അപകടകരമായ സാഹചര്യങ്ങള്‍ക്ക് കാരണമായി. കോവിഡ് പരിശോധനകളെ അവഗണിക്കുമ്പോഴും ഉണ്ടാകാന്‍ പോകുന്നത് വന്‍ ദുരന്തമായിരിക്കും.

web desk 1: