രണ്ടു മുതിര്‍ന്ന നേതാക്കളുടെ ദേശീയാടിസ്ഥാനത്തിലുള്ള സ്ഥാനലബ്ധിക്കാണ് ഈയാഴ്ച്ച കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയും കോണ്‍ഗ്രസ് നേതാവ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും. ഉമ്മന്‍ചാണ്ടിയെ ആന്ധാ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി എ.ഐ.സി.സി നിശ്ചയിച്ചപ്പോള്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണര്‍എന്ന ഭരണഘടനാ പദവിയിലേക്കാണ് ബി.ജെ.പി സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.
ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കുമ്മനം ഗവര്‍ണര്‍ പദവിയില്‍ അവരോധിക്കപ്പെടുക വഴി രാഷ്ട്രീയ കേന്ദ്രങ്ങള്‍ മാത്രമല്ല ബി.ജെ.പി നേതൃത്വവും അമ്പരപ്പിലാണ്. ഗവര്‍ണര്‍ പദവി ആദരവാണെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വാദമെങ്കിലും അത് അണികള്‍ക്കുമുമ്പില്‍ പോലും വിശദീകരിക്കാന്‍ നേതൃത്വത്തിന് സാധിക്കുന്നില്ല. അപ്രതീക്ഷിതമായ ഈ നീക്കത്തിലൂടെയുണ്ടായ രാഷ്ട്രീയ അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലവത്താവുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തോല്‍വി മുന്നില്‍ കണ്ടുകൊണ്ടാണ് കേന്ദ്ര നേതൃത്വത്തിന്റെ നടപടിയെന്ന കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും പ്രചരണം അണികളെ അക്ഷരാര്‍ത്ഥത്തില്‍ ആശയക്കുഴപ്പത്തിലും നേതൃത്വത്തെ അങ്കലാപ്പിലുമാക്കിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി നിലകൊ ണ്ടി രുന്ന കുമ്മനത്തെ മാറ്റിയ നടപടിക്കു പിന്നില്‍ പണിഷ്‌മെന്റ് ട്രാന്‍സ്ഫറാണെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവെക്കുന്നതാണ് നിലവിലെ സാഹചര്യങ്ങള്‍. വിഭാഗീയതയുടെ പിടിയിലമര്‍ന്ന് വരിഞ്ഞുമുറുകുന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ അതിന്റെ വന്‍ഗര്‍ത്തത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെടുക്കുകയെന്ന നിയോഗവുമായാണ് കുമ്മനം ആ പദവിയിലേക്ക് അവരോധിക്കപ്പെടുന്നത്. എന്നാല്‍ വിഭാഗീയതക്ക് തടയിടാനായില്ലെന്ന് മാത്രമല്ല അദ്ദേഹം തന്നെ ഒരു വിഭാഗത്തിന്റെ വക്താവായി മാറുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. കെ.എം മാണിയുടേയും ബി.ഡി.ജെ.എസിന്റെയുമെല്ലാം കാര്യത്തില്‍ നേതാക്കള്‍ തന്നെ തുറന്ന യുദ്ധത്തിലേര്‍പ്പെട്ടപ്പോള്‍ കുമ്മനവും അതില്‍ ഭാഗവാക്കായിമാറിയിരുന്നു. ഈ സാഹചര്യത്തില്‍ നേതൃ മാറ്റത്തിന് ഇനിയും അമാന്തിച്ചു നിന്നാല്‍ ചെങ്ങന്നൂരില്‍ വന്‍ നാണക്കേട് ഏറ്റുവാങ്ങേണ്ടി വരുമെന്ന ബോധ്യമാണ് ബി.ജെ.പിയെ യുദ്ധമുഖത്ത് വെച്ച് പടനായകനെ പിന്‍വലിക്കേണ്ട ഗതികേടിലേക്കെത്തിച്ചത്.
ഭരണ ഘടനാ പദവികള്‍ ഒന്നൊന്നായി കടുത്ത കക്ഷി രാഷ്ട്രീയ വല്‍ക്കരണത്തിന് വിധേയമാക്കുകയെന്ന ബി.ജെ.പി തന്ത്രവും ഈ നീക്കത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. ഏതു വിധേനയും അധികാരം നിലനിര്‍ത്തുകയെന്ന ബി.ജെ.പിയുടെ നയത്തിന് ചൂട്ടുപിടിക്കാന്‍ സംസ്ഥാനങ്ങളില്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളെ നിയമിക്കുകയെന്നത് കേന്ദ്ര സര്‍ക്കാര്‍ ഒരു നയമായി സ്വീകരിച്ചിരിക്കുകയാണ്. മുന്‍ കാലങ്ങളില്‍ സജീവ രാഷ്ട്രീയം അവസാനിപ്പിച്ച പരണിതപ്രജ്ഞരായ നേതാക്കളെയാണ് ഈ പദവിയില്‍ സര്‍ക്കാറുകള്‍ അവരോധിച്ചിരുന്നത്. എന്നാല്‍ ഈ കീഴ്‌വഴക്കങ്ങള്‍ പാടെ മാറ്റിമറിച്ച്‌കൊണ്ടാണ് ബി.ജെ.പി അധികാരത്തിലേറിയ നാളുകളില്‍ തന്നെ പലസംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാരെ തിരിച്ചുവിളിച്ച് തങ്ങളുടെ വിശ്വസ്തരെ അവരോധിച്ചത്. അത്തരത്തില്‍ നിയമിക്കപ്പെട്ട ഗവര്‍ണറാണ് കര്‍ണാടകയില്‍ തന്റെ വിധേയത്വം പ്രകടിപ്പിക്കാന്‍ നാണം കെട്ട സമീപനം സ്വീകരിച്ചത്. എന്നാല്‍ പരമോന്നത നീതിപീഠത്തിന്റെ കൃത്യമായ ഇടപെടല്‍ കാരണം അദ്ദേഹത്തിന്റെയും ബി.ജെ.പിയുടേയും കണക്കുകൂട്ടല്‍ പിഴക്കുകയായിരുന്നു.
കുമ്മനത്തിന്റെ നിയമനം സജീവചര്‍ച്ചയായി നില്‍ക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്. കേവലഭൂരിപക്ഷത്തില്‍ നിന്നും ഏതാനും സീറ്റുകള്‍ മാ്ര്രതം അധികമുള്ള ഒരു മുന്നണിയെ അഞ്ചു വര്‍ഷക്കാലം അധികാരത്തിലിരുത്തുകയും സംസ്ഥാനത്തിന്റെ ചരിത്രത്തിലില്ലാത്ത വിധം വികസന രംഗത്തും ക്ഷേമ പ്രവര്‍ത്തനങ്ങളിലും മുന്നിലെത്തിക്കുകയും ചെയ്ത ഭരണാധികാരിയുമാണ് അദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ദേശീയ രംഗത്തുള്ള പ്രവേശനം കോണ്‍ഗ്രസിന് മാത്രമല്ല മതേതര ഭാരതത്തിന് തന്നെ മുതല്‍കൂട്ടാവും. പ്രമുഖ നേതാവായിരുന്നിട്ടും പ്രത്യേക പദവികളൊന്നും വഹിക്കാതിരുന്ന അദ്ദേഹം കെ.പി.സിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെട്ടുവെങ്കിലും സ്വയം പിന്‍മാറുകയായിരുന്നു.
രണ്ടുവര്‍ഷത്തെ ഇടവേളക്കു ശേഷം അദ്ദേഹത്തിനു ലഭിച്ച പദവി അല്‍പം കാഠിന്യമേറിയതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ ഒരു സ്ഥാനാര്‍ത്ഥിയെപ്പോലും ജയിപ്പിക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അവിടെ ശൂന്യതയില്‍ നില്‍ക്കുകയാണ്. ഈ പ്രതിസന്ധിഘട്ടത്തില്‍ നിന്ന് പാര്‍ട്ടിയെ കരകയറ്റാന്‍ അനുഭവസമ്പത്തിന്റെ പിന്‍ബലമുള്ള നേതാവിനു മാത്രമേ സാധിക്കുകയുള്ളൂ എന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തിരിച്ചറിവാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനലബ്ധിക്കു പിന്നില്‍. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്തതോടെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മികച്ച പരിഗണനയാണ് ദേശീയ നേതൃത്വത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു തൊട്ടുമുമ്പ് കെ.സി വേണുഗോപാല്‍ എം.പിയേയും പി.സി വിഷ്ണുനാഥിനെയും ദേശീയ നേതൃത്വത്തിലേക്കുയര്‍ത്തുകയും ഇരുവര്‍ക്കും കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കുകയും ചെയ്തിരുന്നു. ഇരുവരുടേയും മേല്‍നോട്ടത്തില്‍ നടന്ന ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു.
2019 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ നിന്നുള്ള രണ്ടു നേതാക്കളുടെ ദേശീയ പ്രവേശനം ഇരുപാര്‍ട്ടികളുടേയും ജനാധിപത്യത്തോടുള്ള സമീപനത്തിന്റെ ഉദാഹരണം കൂടിയാണ്. ഭരണഘടനാ പദവികളുടെ രാഷട്രീയ വല്‍ക്കരണംപോലെയുള്ള അതീവ ഗുരുതരമായ നടപടികളിലൂടെ ബി.ജെ.പി വളഞ്ഞ വഴിയിലൂടെ അധികാരം അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ജനകീയ ജനാധിപത്യത്തിലൂടെ മറുപടി നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
- 7 years ago
chandrika
Categories:
Video Stories
കേരള നേതാക്കളുടെ ദേശീയ നിയമനം
Related Post