X
    Categories: columns

സി.പി.എമ്മിന്റെ ‘കോടിമൂല്യം’

‘ഓരോ പാര്‍ട്ടി അംഗവും പൊതുജനങ്ങളുടെ കര്‍ശനമായ നിരീക്ഷണത്തിന് വിധേയമാകുന്നുണ്ടെന്ന കാര്യം ഓര്‍ക്കണം. വരുമാനത്തില്‍കവിഞ്ഞ സ്വത്ത് സമ്പാദനത്തിനെതിരെ പാലക്കാട്, കൊല്‍ക്കത്ത പ്ലീനങ്ങള്‍ നിര്‍ദേശിച്ച തെറ്റുതിരുത്തല്‍ നടപടികള്‍ കര്‍ശനമായി നടപ്പാക്കണം. കമ്യൂണിസ്റ്റ്മൂല്യങ്ങളില്‍നിന്നുള്ള വ്യതിചലനം സംബന്ധിച്ച തെറ്റുതിരുത്തല്‍ നടപടികള്‍ പാര്‍ട്ടിഘടകങ്ങള്‍ ഓരോവര്‍ഷവും നടപ്പാക്കണം. അനധികൃതസ്വത്ത് സമ്പാദനം തുടരുന്നത് ഈ ദുഷ്്പ്രവണത പടരുന്നതിന് ഇടയാക്കും.’ 2018 ഫെബ്രുവരിയില്‍ സി.പി.എം കേരളസംസ്ഥാനസമിതിയില്‍ സെക്രട്ടറി കോടിയേരിബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈനിര്‍ദേശം. സി.പി.എമ്മിനെസംബന്ധിച്ച് അവരുടേത് മറ്റ് ‘ബൂര്‍ഷ്വാരാഷ്ട്രീയകക്ഷികളെ’പോലെയല്ലെന്നും ഓരോപ്രവര്‍ത്തകനും നേതൃതലംവരെ ‘കമ്യൂണിസ്റ്റ് മൂല്യങ്ങള്‍’ പാലിക്കണമെന്നുമാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ വല്ല തെറ്റുകുറ്റങ്ങളും സംഭവിച്ചാല്‍ അവ ജനാധിപത്യപരമായി പരിശോധിച്ച് സമയാസമയങ്ങളില്‍ തിരുത്തല്‍നടപടികള്‍ കൈക്കൊണ്ട് മുന്നോട്ടുപോകുകയാണ് പതിവെന്ന് നിരവധിപാര്‍ട്ടിരേഖകള്‍ പറയുന്നു. ഇതിനായാണ് ഇടക്ക് പാര്‍ട്ടിപ്ലീനം എന്ന പേരില്‍ സമ്പൂര്‍ണസമ്മേളനങ്ങള്‍ ചേരാറ്. അംഗങ്ങള്‍ക്ക് മേല്‍മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ അവ പരിഹരിക്കണമെന്നുമാണ് ഇതില്‍ നിര്‍ദേശിക്കപ്പെടാറ്. എന്നാല്‍ പാര്‍ട്ടിരേഖ ഒരുവഴിക്കും പാര്‍ട്ടിഅംഗങ്ങള്‍ മറുവഴിക്കും സഞ്ചരിക്കുന്നതാണ് നാംജനങ്ങള്‍ പൊതുവില്‍ കണ്ടുവരുന്നത്. ഇന്ത്യന്‍കമ്യൂണിസ്റ്റ്പാര്‍ട്ടി അതിന്റെ നൂറാംവാര്‍ഷികം ആഘോഷിക്കുന്ന വേളയിലും ഇതില്‍ വലിയവ്യത്യാസമൊന്നും കാണാനില്ല. അതിലൊന്നാണ് രാജ്യത്ത് അവശേഷിക്കുന്ന ഏകപാര്‍ട്ടികോട്ടയായ കേരളത്തിലെ സംസ്ഥാനസെക്രട്ടറിയുടെ മകനെതിരെ കഴിഞ്ഞദിവസം ഉണ്ടായിരിക്കുന്ന അറസ്റ്റ്. കമ്യൂണിസ്റ്റ്മൂല്യങ്ങള്‍ പാലിക്കുന്നതും സംരക്ഷിക്കുന്നതും പോയിട്ട് ഏതൊരുസാധാരണമനുഷ്യനും ചെയ്യാത്തതും ചെയ്യരുതാത്തതുമായ കൊടുംതെറ്റിനാണ് കോടിയേരിയുടെ പുത്രന്മാരിലൊരാളായ ബിനീഷ് കേന്ദ്രഅന്വേഷണഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റിന്റെ കക്ഷത്തായിരിക്കുന്നത്. ഇനിയെന്തു തെറ്റുതിരുത്തലാണ് ഇനി സി.പി.എംനടത്താന്‍ പോകുന്നതെന്നോര്‍ത്ത് ഊറിച്ചിരിക്കുകയാണ് ജനങ്ങളിപ്പോള്‍. മോന്തായംവളഞ്ഞാല്‍ മൊത്തം വളയും. അതുപോലെയാണ് പാര്‍ട്ടി പ്ലീനത്തിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഉത്തരവാദിത്തപ്പെട്ട ഉന്നതനേതാവിന്റെ പുത്രന് മയക്കുമരുന്നുകച്ചവടക്കേസില്‍ അറസ്റ്റിലാകേണ്ടിവന്നിരിക്കുന്നത്.
അറിഞ്ഞിടത്തോളം ബിനീഷ് കോടിയേരിയും സഹോദരന്‍ ബിനോയ്‌കോടിയേരിയും ഇതിനകംതന്നെ പലവിധ തട്ടിപ്പുവെട്ടിപ്പുകളിലും പങ്കാളികളാണ്. ഇത് ആഴ്ചകളോ മാസങ്ങളോ ആയതുമല്ല. എത്രയോ കാലമായി ആഭ്യന്തരവകുപ്പ് ഭരിച്ചിരുന്ന കോടിയേരിബാലകൃഷ്ണന്റെ പുത്രന്മാര്‍ക്കെതിരെ പലതരത്തിലുള്ള ആരോപണങ്ങള്‍ പൊതുമണ്ഡലത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നു. അപ്പോഴെല്ലാം എതിരാളികളുടെ രാഷ്ട്രീയാരോപണങ്ങളാണ് അവയെന്നായിരുന്നു കോടിയേരിയുടെയും നേതാക്കളുടെയും വ്യാഖ്യാനം. എന്നാലിതാ 2020 ഒക്ടോബര്‍ 29 എന്ന ദിവസത്തിന് ഇന്ത്യയുടെ ഇടതുപക്ഷരാഷ്ട്രീയഭൂപടത്തില്‍ സവിശേഷസ്ഥാനമുണ്ടെന്ന് അക്ഷരംപ്രതി തെളിയിക്കപ്പെട്ടിരിക്കുകയാണ്. അന്നാണ് കമ്യൂണിസ്റ്റ്പാര്‍ട്ടി ഇന്ത്യയിലിതുവരെ കേള്‍ക്കാത്ത രീതിയിലുള്ള ആരോപണങ്ങള്‍ക്ക് സി.പി.എംവിധേയമായിരിക്കുന്നത്. കേരളത്തില്‍ സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് ബംഗളൂരുകേന്ദ്രീകരിച്ച് സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ മകന്‍ മയക്കുമരുന്നുകേസില്‍ അറസ്റ്റിലായത് എന്നത് ചില്ലറകാര്യമല്ല. ജൂലൈയിലെ തിരുവനന്തപുരംഅന്താരാഷ്ട്രസ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് മയക്കുമരുന്നുമാഫിയയെക്കുറിച്ചും ഹവാലഇടപാടുകളെക്കുറിച്ചുമൊക്കെ ആരോപണം പൊന്തിവന്നത്. ഒരുവശത്ത് മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ മറ്റൊരു പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായിവിജയന്റെ അടുത്ത സഹപ്രവര്‍ത്തകനും മുഖ്യസെക്രട്ടറിയുമായ ആളാണ് വഴിവിട്ട് കാര്യങ്ങള്‍ നടത്തിക്കൊടുത്തതെന്ന് കേന്ദ്രഏജന്‍സി പറയുമ്പോള്‍ അതിലൊരു പങ്ക് കോടിയേരിയുടെ പുത്രനും ഉണ്ടാകുക സ്വാഭാവികം. സ്വര്‍ണക്കടത്ത് പിടികൂടപ്പെട്ട് പ്രതികളായ സരിത്തും സ്വപ്‌നസുരേഷും രായ്ക്കുരാമാനം കോവിഡ്‌പ്രോട്ടോകോള്‍ നിലനില്‍ക്കെ 600 കിലോമീറ്ററോളം പട്ടാപ്പകല്‍ കേരളത്തിലെ റോഡിലൂടെ സഞ്ചരിച്ച് കര്‍ണാടകത്തിലേക്ക് രക്ഷപ്പെട്ടെങ്കില്‍ ബംഗളൂരുവില്‍ ഇവര്‍ക്ക് താമസസൗകര്യം ഒരുക്കിക്കൊടുത്തത് ബിനീഷുമായി ബന്ധപ്പെട്ട അധോലോകമാണെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. ആ വഴിക്കുള്ള അന്വേഷണത്തിലാണ് ഇ.ഡിക്ക് മയക്കുമരുന്നുലോബിയുമായുള്ള ബന്ധത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്. ലഹരിമാഫിയാതലവന്‍ അനൂപ്മുഹമ്മദിനെ ചോദ്യംചെയ്തപ്പോള്‍ അയാളുടെ അക്കൗണ്ടിലേക്ക് എത്തിയ 50 ലക്ഷംരൂപ സംബന്ധിച്ചാണ് ബിനീഷിലേക്കുള്ള കണ്ണി എത്തുന്നത്. എന്നാല്‍ അതിലുമെത്രയോ കോടികള്‍ ബിനീഷും അനൂപുംതമ്മില്‍ ഇടപാട് നടത്തിയതായാണ് റിമാന്‍ഡ്‌റിപ്പോര്‍ട്ടില്‍ പറയുന്നത്. നാലുദിവസത്തേക്കാണ് ബിനീഷിനെ കോടതി വിട്ടുകൊടുത്തിരിക്കുന്നതെങ്കിലും കള്ളന്‍കപ്പലില്‍തന്നെ എന്ന് എന്തുകൊണ്ടും വിശ്വസിക്കാവുന്ന വിവരങ്ങളാണ് ജനത്തിന് മുമ്പിലുള്ളത്.
‘തന്റെ മകന്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ തൂക്കിക്കൊന്നോട്ടെ’ എന്നാണ് കോടിയേരി ഒഴുക്കന്‍മട്ടില്‍ പറയുന്നത്. ബിനീഷ് തെറ്റുചെയ്തിട്ടുണ്ടെന്ന് ഈ ഘട്ടത്തിലും സമ്മതിക്കാനോ തിരുത്തിക്കാനോ കോടിയേരിബാലകൃഷ്ണന്‍ തയ്യാറല്ലെന്നതാണ് വൈരുധ്യം.ഏതൊരുകുറ്റവാളിയും അയാളുടെബന്ധുവും പറയുന്ന ന്യായത്തിനപ്പുറമൊന്നും ഇതിലില്ല. വെറുമൊരു പിതാവല്ല താനെന്നും രാജ്യത്തെ ഏറ്റവുംശക്തമായ പാര്‍ട്ടിഘടകത്തിന്റെ തലപ്പത്തുള്ളയാളാണെന്നും പുത്രവാല്‍സല്യത്താല്‍ അദ്ദേഹം മറന്നുപോയിരിക്കുന്നു. ഇതിനുള്ളശിക്ഷ ബിനീഷിനെതിരെ ഏതെങ്കിലും കോടതി നാളെപുറപ്പെടുവിക്കാനിരിക്കുന്ന വിധിയാകില്ല. മറിച്ച് കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ കേഡറുകളിലാരും നാളെ കോടിയേരിയുടെ ന്യായംതന്നെയാകും സ്വീകരിക്കുക. അങ്ങനെവന്നാല്‍ പാര്‍ട്ടിതിരുവനന്തപുരം എ.കെ.ജിസെന്റര്‍ ബ്രാഞ്ച്കമ്മിറ്റിയിലുള്ള ബിനീഷിന്റെ കാര്യത്തിലുള്ള നിലപാട് അവരോരോത്തര്‍ക്കുവേണ്ടിയും കോടിയേരിയുടെ പാര്‍ട്ടിക്ക് സ്വീകരിക്കേണ്ടിവരും. വരമ്പത്ത് കൂലികൊടുക്കുമെന്നും പൊലീസ്‌സ്‌റ്റേഷനില്‍ ബോംബ് നിര്‍മിക്കാമെന്നും തിസീസ് ഇറക്കിയ നേതാക്കളുടെ മക്കളും അടുപ്പക്കാരും ശതകോടികളില്‍ അന്തിയുറങ്ങുമ്പോള്‍ സാധാരണഅണികള്‍ കൊണ്ടുംകൊടുത്തും വെട്ടിമരിച്ചും പാര്‍ട്ടിയെവളര്‍ത്തണമെന്നാണ് അലിഖിതനിയമമെങ്കില്‍ അതിനെ ബി.ജെ.പിയുടെ വളര്‍ച്ചതടയുന്ന ശക്തിയായല്ല, വര്‍ഗീയശക്തിയെ വളര്‍ത്തുന്ന റിക്രൂട്ടിംഗ്‌സംവിധാനമായി മാത്രമേ കരുതാനാകൂ.

 

web desk 1: