തിരുവനന്തപുരം അന്താരാഷ്ട്ര സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി സന്ദീപ്‌നായരുടെ ഭാര്യയുടെ മൊഴി കേസുമായി ബന്ധപ്പെട്ട് നാളിതുവരെയുള്ള സി.പി.എമ്മിന്റെ നിലപാടുകളെ നിലംപരിശാക്കിയിരിക്കുകയാണ്. സ്വര്‍ണക്കടത്ത് പിടികൂടപ്പെട്ടശേഷം അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനും പങ്കുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ എങ്കില്‍ സ്വര്‍ണം ചെന്നെത്തിയത് മുസ്്‌ലിംലീഗ് കേന്ദ്രങ്ങള്‍ക്കാണെന്നും അത് കണ്ടെത്താതെ സി.പി.എമ്മിനെ കുരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നുമായിരുന്നു സി.പി.എമ്മിന്റെയും സര്‍ക്കാരിലെ ആളുകളുടെയും പരാതി. എന്നാലിതാ പച്ചക്കുതന്നെ ആ സത്യം വെളിപ്പെട്ടിരിക്കുന്നു: കള്ളക്കടത്ത് സ്വര്‍ണം ചെന്നെത്തിയത് കൊടുവള്ളിയിലെ സി.പി.എം സ്വതന്ത്ര എം.എല്‍.എ കാരാട്ട് റസാഖിനും സി.പി.എമ്മിന്റെ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനുമാണ്. ഇതുവരെയും സി.പി.എമ്മും ഇടതുപക്ഷ സര്‍ക്കാരും കെട്ടിപ്പൊക്കിയ നുണക്കോട്ടകളുടെ അടിത്തറയാണ് ഇതിലൂടെ ഇളകിയിരിക്കുന്നത്. സൈബര്‍ സഖാക്കളും പാര്‍ട്ടിപത്രവും ഏറ്റുപിടിച്ചിരുന്ന വാദങ്ങളൊന്നാകെയാണ് പൊളിച്ചടുക്കപ്പെട്ടിരിക്കുന്നത്. ഇനിയെങ്കിലും നാലു മാസത്തിലധികമായി കേരള ജനത ഒന്നടങ്കം ചര്‍ച്ച ചെയ്യുകയും ആശങ്കയില്‍ നിര്‍ത്താനിടയാക്കുകയും ചെയ്ത സംഭവത്തിലെ വസ്തുത പുറത്തുപറയാന്‍ സി.പി.എമ്മും സര്‍ക്കാരിലെ ബന്ധപ്പെട്ടവരും സത്യസന്ധത കാട്ടണം. സ്വര്‍ണക്കടത്തിലെ സി.പി.എം ഭൂതമാണിന്ന് പുറത്തുചാടിയിരിക്കുന്നത്.
മുമ്പ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പാര്‍ട്ടി സംസ്ഥാനതല ജാഥയുടെ ഭാഗമായി കൊടുവള്ളിയിലെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ചാനയിച്ചത് കാരാട്ട് ഫൈസലിന്റെ ആഢംബര കാറിലായിരുന്നുവെന്നതും കാരാട്ട് ഫൈസലും കാരാട്ട് റസാഖും തമ്മിലെ ബന്ധവും കണക്കിലെടുക്കുമ്പോള്‍ ഇപ്പോഴത്തെ വെളിപ്പെടുത്തലില്‍ ആരും അത്ഭുതംകൂറില്ല. അത്രകണ്ട്് അടുപ്പമാണ് കാരാട്ട് റസാഖും കാരാട്ട് ഫൈസലും സ്വര്‍ണക്കടത്തും തമ്മിലുള്ളതെന്നതെന്ന ്മുമ്പേ വെളിപ്പെട്ടതാണ്. ഗള്‍ഫില്‍നിന്ന് എത്തിക്കൊണ്ടിരിക്കുന്ന സ്വര്‍ണത്തിന്റെ നികുതി വെട്ടിപ്പിനെക്കുറിച്ചും പ്രസ്തുത സ്വര്‍ണം എവിടെ ചെന്നെത്തുന്നുവെന്നതിനെക്കുറിച്ചും ഏകദേശ ധാരണയേ ഇതുവരെ കേരള ജനതക്ക് ഉണ്ടായിരുന്നുള്ളൂവെങ്കില്‍ വലിയ മാഫിയതന്നെയാണ് കാരാട്ട് ഫൈസലും കാരാട്ട് റസാഖും സി.പി.എമ്മും തമ്മിലുള്ളതെന്നാണ് വെളിച്ചത്തായിരിക്കുന്നത്. കൊടുവള്ളിയില്‍ എം.എല്‍.എയും പൊതുപ്രവര്‍ത്തകനും സ്വര്‍ണ വ്യാപാരിയുമായിരിക്കുമ്പോള്‍തന്നെയാണ് കള്ളക്കടത്ത് സ്വര്‍ണം വഴി ഈ നേതാവ് കോടികള്‍ സമ്പാദിച്ചതെന്നത് പരസ്യമായ രഹസ്യമാണ്. ഇതുവരെയും മതിയായ തെളിവുകള്‍ ലഭിച്ചിരുന്നില്ലെന്നതിനാലാണ് കാരാട്ടുമാരുടെ ‘കാരറ്റു’കള്‍ പിടിക്കപ്പെടാതെ പോയത്. ഗള്‍ഫില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടവരോടൊപ്പം ചിത്രമെടുത്തതിന്റെ വിവരങ്ങല്‍ ടി.പി കേസുമായി ബന്ധപ്പെട്ട് പുറത്തുവന്നപ്പോഴും അതില്‍നിന്ന ്പലതും പറഞ്ഞ് തടിയൂരാനായിരുന്നു കാരാട്ടുമാരുടെ കുല്‍സിത ശ്രമമെങ്കില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുള്‍പ്പെട്ട സ്വര്‍ണക്കടത്തുകേസിലൂടെ കാരാട്ടുമാരുടെയും സി.പി.എം നേതാക്കളുടെയും തനിനിറം പകല്‍വെളിച്ചസമാനം പുറത്തായിരിക്കുകയാണ്. കാരാട്ടുമാരുമായുള്ള കോടിയേരിയുടെ പങ്ക് മുമ്പുതന്നെ വ്യക്തമായിരിക്കവെ മുഖ്യമന്ത്രിയുടെ പങ്കാളിത്തം മാത്രമാണ് ഇനി ഇക്കാര്യത്തില്‍ തെളിയാനുള്ളത്. അതിലേക്ക് കാര്യങ്ങള്‍ ഉടന്‍തന്നെ ചെന്നെത്തുമെന്നുവേണം അന്വേഷണ ഗതിവിഗതികള്‍ നിരീക്ഷിക്കുമ്പോള്‍ ബോധ്യപ്പെടുന്നത്.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് സന്ദീപ് നായരുടെ ഭാര്യ കാരാട്ട് റസാഖിനും ഫൈസലിനുമാണ് കള്ളക്കടത്തു സ്വര്‍ണം എത്തിക്കുന്നതെന്ന് ഭര്‍ത്താവ് പറഞ്ഞതായി കഴിഞ്ഞദിവസം പുറത്തുവന്ന വാര്‍ത്ത. കസ്റ്റംസിന്റെ കുറ്റപത്രത്തിലെ വിവരം പുറത്തായതോടെ സി.പി.എം ശരിക്കും കൊഞ്ഞനംകുത്തുകയാണിപ്പോള്‍. ആദ്യം അത് വെറും രാഷ്ട്രീയമാണെന്ന് പറഞ്ഞവര്‍ വൈകീട്ടായതോടെ കസ്റ്റംസിന്റെ റിപ്പോര്‍ട്ടിലെ പേരില്‍ നേരിയ പിശക് പറ്റിയതില്‍ കയറിപ്പിടിച്ചായിരുന്നു ന്യായീകരണശ്രമം. സി.പി.എം സംസ്ഥാന സമിതിയംഗവും മുന്‍ എം.പിയുമായ എന്‍.എന്‍ കൃഷ്ണദാസ് ഒരുപടി കൂടി കടന്ന് മാധ്യമങ്ങള്‍ മാപ്പുപറയണമെന്ന് വരെ ആക്രോശിച്ചു. സി.പി.എമ്മിന്റെ പങ്ക് പുറത്തായതോടെ ഉണ്ടായ വെപ്രാളം അവരുടെ നേതാക്കളുടെ പ്രതികരണങ്ങളില്‍നിന്നുതന്നെ വ്യക്തമാകുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തയാളെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇതുവരെയും ഇത്രയൊക്കെയായിട്ടും തള്ളിപ്പറയാന്‍ പിണറായി വിജയന്‍ തയ്യാറായിട്ടില്ലെന്നതും പാര്‍ട്ടിയോടൊപ്പം മുഖ്യമന്ത്രിയുടെ പങ്കും ചോദ്യംചെയ്യപ്പെടുകയാണ്. എത്രതന്നെ മുഖ്യമന്ത്രി ന്യായീകരിക്കാന്‍ പരിശ്രമിച്ചാലും ഒളിച്ചുവെക്കാനാകാത്തവിധത്തിലാണ് ഇപ്പോള്‍ തന്റെ മുഖ്യസെക്രട്ടറിയുടെ പങ്ക് സ്വര്‍ണക്കടത്തുകേസില്‍ തെളിഞ്ഞുവന്നിട്ടുള്ളത്. സ്വപ്‌നസുരേഷ് എന്ന നാലാംകിട സ്ത്രീയുമായി വിദേശയാത്ര ചെയ്യാന്‍ മാത്രം എന്താണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കുണ്ടായിരുന്നതെന്നത് മുഖ്യമന്ത്രിതന്നെയാണ് ജനത്തോട് വിശദീകരിക്കേണ്ടത്. പലതവണ ഒരുമിച്ച് നടത്തിയ വിദേശയാത്രകളിലൂടെയാണ് സ്വര്‍ണക്കടത്ത്് ആസൂത്രണം നടത്തിയതെന്നാണ് അന്വേഷണഏജന്‍സികള്‍ നിരന്തരമായ ചോദ്യംചെയ്യലിലൂടെ പൊതുസമൂഹത്തിനും കോടതിക്കും മുമ്പാകെ ബോധിപ്പിച്ചിരിക്കുന്നത്. സി.പി.എമ്മിന്റെ താഴെതട്ടില്‍നിന്ന് തുടങ്ങി സംസ്ഥാനത്തിന്റെ ഭരണ സിരാകേന്ദ്രത്തിലേക്ക് വരെ ചെന്നെത്തുന്ന കണ്ണികളായി സ്വര്‍ണക്കടത്ത് മാറിയെങ്കില്‍ ഇനിയും പ്രതിപക്ഷത്തെ പഴിച്ചിട്ട് കാര്യമുണ്ടോ എന്ന ് മുഖ്യമന്ത്രി സ്വയം ആലോചിക്കണം. സ്വയം പരിഹാസ്യനാകുകയാണ് ഇതിലൂടെ പിണറായി വിജയന്‍ ഓരോ നിമിഷവും. പറ്റിപ്പോയ തെറ്റിന് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സെക്രട്ടറിയും പാര്‍ട്ടി സെക്രട്ടറിയും കൊടുവള്ളിയിലെ ‘സര്‍വതന്ത്രസ്വതന്ത്രരും’ കേരള ജനതയോട് മാപ്പുപറയാന്‍ തയ്യാറാകുകയാണ് വേണ്ടത്. ഏറ്റവുംകുറഞ്ഞത് സ്വന്തം പാര്‍ട്ടി അണികളുടെ സമൂഹമാധ്യമങ്ങളിലെ ജാള്യതയെങ്കിലും അതിലൂടെ ഇല്ലാതാക്കാന്‍ കഴിഞ്ഞേക്കും. മുസ്‌ലിംലീഗിനും യു.ഡി.എഫിനും മേലെ ചാരി കേസില്‍നിന്ന ്‌രക്ഷപ്പെടാന്‍ പതിനെട്ടടവും പയറ്റിയവരുടെ ലജ്ജാകരമായ സ്ഥിതി ജനം മലക്കെ തുറന്ന് കാണുകയാണിപ്പോള്‍. അധികാരംകൊണ്ടും രാഷ്ട്രീയാരോപണംകൊണ്ടും മറച്ചുപിടിക്കാമെന്ന് കരുതിയ നെറികെട്ട അഴിമതിക്കഥ മറക്കണമെന്ന് പറയാന്‍ ഈ തെരഞ്ഞെടുപ്പുകാലത്തെങ്കിലും സി.പി.എമ്മും സര്‍ക്കാരും തൊലിക്കട്ടി കാട്ടാതിരുന്നാല്‍മതി. ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കച്ചവട താല്‍പര്യം വെടിഞ്ഞ് കുറ്റക്കാരെയെല്ലാം തുറങ്കിലടക്കാന്‍ അന്വേഷണഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കണം.