X
    Categories: columns

വര്‍ഗീയ കാര്‍ഡിറക്കി സി.പി.എം തന്ത്രം

കേരളത്തില്‍ പഞ്ചായത്ത്, നഗരസഭാ തെരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ ഭരണകക്ഷിയായ സി.പി.എം അങ്കലാപ്പിലാണ്. വോട്ടെടുപ്പിനെ നേരിടാന്‍ ഇത്രയേറെ പേടിയുള്ള മറ്റൊരു പാര്‍ട്ടി ഇല്ലെന്ന് അവരുടെ വെപ്രാളം തെളിയിക്കുന്നു. ഭരണതലത്തില്‍ അടിമുടി പരാജയപ്പെട്ട സ്ഥിതിക്ക് ജനത്തിന്മുന്നില്‍ എങ്ങനെ വോട്ട് ചോദിച്ച് ചെല്ലുമെന്ന ആശങ്ക പാര്‍ട്ടി നേതൃത്വത്തെയും അണികളെയും ഒരുപോലെ തളര്‍ത്തുന്നുണ്ട്. എണ്ണിപ്പറയാന്‍ പ്രത്യേക ഭരണനേട്ടങ്ങളൊന്നുമില്ലെന്നിരിക്കെ ഏതുവിധേനയും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആലോചിക്കുകയാണ് സി.പി.എം നേതാക്കള്‍. സ്വര്‍ണക്കടത്ത്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തങ്ങളിലെ പരാജയം, ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതി അഴിമതി, നേതാക്കളുടെ മക്കളുള്‍പ്പെട്ട മയക്കുമരുന്ന് കള്ളക്കടത്ത് കേസുകള്‍ തുടങ്ങി മല പോലെ ഉയര്‍ന്നുനില്‍ക്കുന്ന എണ്ണമറ്റ പ്രതിസന്ധികളാണ് ഇടതുപക്ഷ സര്‍ക്കാരിന് മുന്നിലുള്ളത്.
ബൂര്‍ഷ്വാ സംസ്‌കാരത്തിന്റെ ജീര്‍ണതകളെല്ലാം പാര്‍ട്ടിയുടെ സമസ്ത അവയവങ്ങളെയും തളര്‍ത്തിക്കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വിയാണ് ഇടതുപക്ഷത്തെ കാത്തിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിക്കുക മാത്രമേ അവര്‍ രക്ഷാമാര്‍ഗമായി കാണുന്നുള്ളൂ. അതിന്റെ ഭാഗമാണ് വര്‍ഗീയ കാര്‍ഡിറക്കാനുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ശ്രമം, അതും വൃത്തികെട്ട രീതിയില്‍. ഹസന്‍-കുഞ്ഞാലിക്കുട്ടി-അമീര്‍ കൂട്ടുകെട്ടാണ് യു.ഡി.എഫിനെ നിയന്ത്രിക്കുന്നതെന്ന അദ്ദേഹത്തിന്റെ ആക്ഷേപം അങ്ങേയറ്റം നിന്ദ്യമാണ്. ബി.ജെ.പിയെപ്പോലും നാണിപ്പിക്കുന്ന ആരോപണം. കേരളത്തെ വര്‍ഗീയമായി വിഭജിച്ചാണെങ്കിലും നാല് വോട്ട് സമ്പാദിക്കണമെന്ന ഏക ലക്ഷ്യമാണ് കോടിയേരിയെ നിയന്ത്രിക്കുന്നത്. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ആക്രമണത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി മൂന്ന് പേരുകള്‍ മാത്രമാണ് കോടിയേരി ഉദ്ധരിച്ചിരുന്നത്. ഒരു പ്രത്യേക മതവിഭാഗത്തെ ചൂണ്ടിക്കൊണ്ടുള്ള ആക്ഷേപങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ളതാണ്. ബി.ജെ.പിക്കും ആര്‍.എസ്.എസിനുമുള്ള ചൂണ്ട കൂടിയാണ് ഇതെന്ന് വ്യക്തം. പക്ഷേ, സി.പി.എമ്മിനുണ്ടായിരുന്ന മതേതര മതിപ്പുകൂടി ഇതിലൂടെ ഇല്ലാതാവുകയാണ്. പാര്‍ട്ടിയിലെ മതേതരവിശ്വാസികള്‍ക്ക് കോടിയേരിയുടെ പ്രസ്താവന ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല.
ഭൂരിപക്ഷ മനസ്സുകളില്‍ പേടി വിതച്ച് വോട്ടുകള്‍ മുഴുവന്‍ തങ്ങളുടെ പെട്ടിയില്‍ വീഴ്ത്താമെന്ന തരംതാണ കണക്കുകൂട്ടല്‍ പ്രതികൂല ഫലമാണുണ്ടാക്കുകയെന്ന് സി.പി.എം മനസ്സിലാക്കേണ്ടതുണ്ട്. പാര്‍ട്ടിക്ക് വേണ്ടത് രണ്ട് വോട്ടുകളായിരിക്കാം. പക്ഷേ, അതുണ്ടാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളായിരിക്കും. യു.ഡി.എഫും ഘടകക്ഷികളും ജമാഅത്തെ ഇസ്‌ലാമിയുമായി സഖ്യം സ്ഥാപിച്ചിരിക്കുന്നുവെന്ന പ്രചാരണത്തിന്റെ പുകമറയില്‍ ബി.ജെ.പിയുമായും ആര്‍.എസ്.എസുമായും തെരഞ്ഞെടുപ്പില്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ സി.പി.എം അണിയറ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് കോടിയേരിയുടെ പ്രസ്താവനയില്‍നിന്ന് വ്യക്തമാകുന്നത്. ന്യൂനപക്ഷ സംഘടനകള്‍ക്കെതിരെയും യു.ഡി.എഫിന്റെ വിശാല പ്ലാറ്റ്‌ഫോമിനെതിരെയും ആക്രമണം അഴിച്ചുവിടുന്നത് അതിന്റെ ഭാഗമാണ്. നിയമസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സി.പി.എം വലിയ ഓഫറുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുമ്പും ബി.ജെ.പിയെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാന്‍ സി.പി.എം ശ്രമിച്ചിട്ടുണ്ട്. വര്‍ഗീയ കൂട്ടുകെട്ടുകളിലൂടെ വിജയമുറപ്പിക്കാന്‍ സാധിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ടാകാം. കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ചിട്ടുള്ള അവശേഷിക്കുന്ന ന്യൂനപക്ഷ വിഭാഗക്കാരെക്കൂടി അകറ്റുന്നതാണ് സി.പി.എം നീക്കമെന്ന് തിരിച്ചറിയുന്നത് ആ മുന്നണിയുടെ ഭാവിക്ക് നല്ലതാണ്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുസ്‌ലിംലീഗിന്റെ മതേതര നിലപാടുകളെയും ഇടപെടലുകളെയും എല്ലാവരും അംഗീകരിച്ചതാണ്. സി.പി.എം നേതാക്കള്‍ക്കുപോലും അക്കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. അവരുടെ അണികള്‍ക്കും മുസ്‌ലിംലീഗിനെ വര്‍ഗീയമായി കാണാന്‍ സാധിക്കില്ലെന്നിരിക്കെ കോടിയേരിയുടെ നിന്ദ്യമായ വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍ അവരും ബുദ്ധിമുട്ടും. കേരളത്തിലെ തലമൂത്ത രാഷ്ട്രീയ നേതാവും തികഞ്ഞ മതേതര വിശ്വാസിയുമായ എം.എം ഹസനെപ്പോലും വര്‍ഗീയമായി ചിത്രീകരിക്കുന്നത് ഹിന്ദുവോട്ടില്‍ കണ്ണുനട്ടാണ്. സമീപഭാവിയില്‍ പാര്‍ട്ടിക്കത് കനത്ത തിരിച്ചടിയാകും. ആര്‍.എസ്.എസിനും ബി.ജെ.പിക്കും കേരളത്തില്‍ വിളനിലമൊരുക്കുകയാണ് കോടിയേരി ചെയ്യുന്നത്. വോട്ടിനുവേണ്ടി സി. പി.എം നടത്തുന്ന കളികളെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. എല്‍.ഡി.എഫിനും യു.ഡി.എഫിനും പുറത്തുള്ള കക്ഷികളുമായി നീക്കുപോക്കുകള്‍ നടത്തുകയും വോട്ടുപിടിക്കലുമെല്ലാം പാര്‍ട്ടിയുടെ പതിവ് രീതികളാണ്. അക്കാര്യത്തില്‍ അവര്‍ ധാര്‍മികതയോ മുഖമോ നോക്കാറില്ല.
മുഖ്യധാരയില്‍ ഇടംകിട്ടാതെ അലയുന്ന പാര്‍ട്ടികളപ്പോലും പിടിച്ചുകൊണ്ടുവന്ന് വേദി പങ്കിടുകയും ലജ്ജയില്ലാതെ വോട്ട് ചോദിക്കുകയും ചെയ്തതിന് സംസ്ഥാനം എത്രയോ തവണ സാക്ഷിയായിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പിഐ, പി.ഡി.പി തുടങ്ങിയ കക്ഷികളെ സി.പി.എം തരാതരം ഉപയോഗിക്കുകയും ഇപ്പോഴും നിരവധി പഞ്ചായത്തുകളില്‍ ഭരണം പങ്കിടുകയും ചെയ്യുന്നുണ്ട്. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലുടനീളം ഓടിനടന്ന് ജമാഅത്തെ ഇസ്‌ലാമിയെ പുകഴ്ത്തിപ്പാടിയ കാലം അത്ര വേഗം മറക്കാന്‍ പറ്റുമോ? ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ജമാഅത്തിന്റെ സഹായം സി.പി.എമ്മിനാണ് കിട്ടിയത്. യു.ഡി.എഫിനെ ജമാഅത്ത് സഹായിച്ച ചരിത്രമില്ല. ചില പ്രത്യേക ഘട്ടങ്ങളില്‍ സി.പി.എം അവരെ വിമര്‍ശിച്ചിരുന്നുവെങ്കിലും അതിന്റെ പേരില്‍ പരസ്പരം പിണങ്ങിയിരുന്നില്ല. പി.ഡി.പിയുമായുള്ള സി.പി.എം ബന്ധം പരസ്യമായിരുന്നു.
രാഷ്ട്രീയ മര്യാദയുടെ സര്‍വ്വ അതിര്‍വരമ്പുകളും സി.പി.എം ലംഘിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ ഫാസിസ്റ്റ് ഭീഷണികള്‍ നേരിടാന്‍ മതേതര ജനാധിപത്യ ശക്തികള്‍ ഐക്യപ്പെടേണ്ട ഘട്ടത്തിലാണ് സി.പി.എം വര്‍ഗീയത ആളിക്കത്തിക്കാന്‍ നോക്കുന്നത്. താല്‍ക്കാലിക ലാഭങ്ങള്‍ക്കുവേണ്ടി എത്രമാത്രം അധ:പതിക്കാമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് സി.പി.എം നിലപാടുകള്‍. അന്ധമായ കോണ്‍ഗ്രസ് വിരോധം കൊണ്ടുനടന്ന സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളാണ് ബി.ജെ.പിയുടെ വളര്‍ച്ചക്കും മതേതര ചേരിയുടെ തളര്‍ച്ചക്കും കാരണമായത്. ബി.ജെ.പിയെ കൂട്ടുപിടിച്ചിട്ടാണെങ്കിലും കോണ്‍ഗ്രസിന്റെ കണ്ണീരു കാണണമെന്ന ആഗ്രഹം മാത്രമായിരുന്നു അക്കാലത്ത് പാര്‍ട്ടിയെ നിയന്ത്രിച്ചിരുന്നത്. ഇന്ന് കേരളത്തിലും അവര്‍ പയറ്റാന്‍ നോക്കുന്നത് സമാന തന്ത്രമാണ്. യു.ഡി.എഫിനെ തകര്‍ത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്നേ സി.പി.എം നേതാക്കള്‍ക്കുള്ളൂ. മതേതര പാര്‍ട്ടികള്‍ക്കുമേല്‍ ചെളിവാരി എറിഞ്ഞ് ഫാസിസ്റ്റുകള്‍ക്ക് വിജയപാത വെട്ടുന്നത് വന്‍ ദുരന്തമായി മാറുമെന്ന് സി.പി.എം മനസ്സിലാക്കുന്നത് നല്ലതാണ്.

 

web desk 1: