X
    Categories: columns

എം.എല്‍.എക്കും രക്ഷയില്ലേ

‘കണ്ണൂരില്‍ സി.പി.എമ്മിന് ആറു ലക്ഷം അണികളാണുള്ളതെങ്കില്‍, അതിന്റെ നാലിരട്ടി, ഏതാണ്ട് 20 ലക്ഷത്തോളം അണികളാണ് മുസ്്‌ലിംലീഗിന് മലപ്പുറത്ത്. എന്നിട്ടും കണ്ണൂരിലെപോലെ പാര്‍ട്ടി കോടതി ശിക്ഷവിധിക്കാനോ, അണികളത് നടപ്പിലാക്കാനോ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കാനോ ലീഗ് നേതൃത്വം തുനിയാറില്ല’. ഒരു മാധ്യമ പ്രവര്‍ത്തകന്റെ പ്രസ്താവന കേരളം നൂറാവൃത്തി വായിച്ചുകൊണ്ടിരിക്കവെയാണ് മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയും നിയമസഭാസാമാജികനുമായ കെ.എം ഷാജിയെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചെന്ന ഞെട്ടിക്കുന്ന വാര്‍ത്ത കേരളം കേള്‍ക്കുന്നത്. സംസ്ഥാനത്തിന്റെ ക്രമസമാധാനരംഗത്തും സാമൂഹിക രാഷ്ട്രീയ മേഖലകളിലും നടമാടിക്കൊണ്ടിരിക്കുന്ന അഴിമതിയുടെയും കൊള്ളരുതായ്മകളുടെയും കൊലപാതക പരമ്പരകളുടെയും നേര്‍പ്രതിഫലനമാണ് ഒരു എം.എല്‍.എക്കെതിരായിക്കൂടി നടന്നിരിക്കുന്ന വധഭീഷണിയും. ഷാജിക്കെതിരെ പല കോണുകളില്‍നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീഷണികള്‍ കണക്കിലെടുക്കുമ്പോള്‍ തങ്ങളുടെ ആശയങ്ങളുമായി പൊരുത്തപ്പെടാത്തവരെ ഇകഴ്ത്തിയും ഭീഷണിപ്പെടുത്തിയും കള്ളക്കേസുകള്‍കൊണ്ട് നിഷ്‌കാസനം ചെയ്യിച്ചും പൊതുപ്രവര്‍ത്തനം നടത്തുന്നവരുടെ രീതിതന്നെയാണ് ഈ വധഭീഷണിയിലും അടങ്ങിയിരിക്കുന്നതെന്ന് കാണാന്‍ പ്രയാസമില്ല. തങ്ങളുടെ തട്ടകത്തില്‍നിന്ന ്തുടര്‍ച്ചയായി മൂന്നാം തവണയും ജയിച്ചുവന്നേക്കുമോ എന്ന ആധിയാണ് ഷാജിക്കെതിരായ ‘അരിവാള്‍ പാര്‍ട്ടി’ക്കാരുടെ ഈ ഉദ്യമത്തിനുപിന്നിലുമുള്ളത്. ആശയത്തെ നേരിടാന്‍ തക്ക ആദര്‍ശശേഷിയും ജനപിന്തുണയുമില്ലാത്തവരേ അയോഗ്യരാക്കലും ശാരീരികോന്മൂലനവും പോലുള്ള പണിക്ക് നില്‍ക്കൂ. തന്നെ ഇല്ലാതാക്കാന്‍ കണ്ണൂരിലെ സി.പി.എം നേതാവ് മുംബൈ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയെന്ന് കെ.എം ഷാജി എം.എല്‍.എ വെളുപ്പെടുത്തിയത് കഴിഞ്ഞദിവസമാണ്. കണ്ണൂര്‍ പാപ്പിനിശേരിയിലെ പ്രാദേശിക സി.പി.എം നേതാവ് ഗുണ്ടാസംഘവുമായി നടത്തുന്ന ശബ്ദസന്ദേശമാണ് ഷാജിക്ക് ലഭിച്ചത്. സി.പി.എമ്മുമായി ബന്ധപ്പെട്ട വാട്‌സ്ആപ് ഗ്രൂപ്പില്‍ അതീവ രഹസ്യമായി കൈമാറിയ സന്ദേശം സി.പി.എമ്മിലെതന്നെ ആളായിരിക്കണം ഷാജിക്ക് കൈമാറിയിരിക്കുന്നത്. അതാരാണെന്ന് വെളിപ്പെടുത്താന്‍ ഷാജി തയ്യാറാകാത്തത് അയാളുടെകൂടി ജീവന്‍ അപകടത്തിലാകുമെന്നതിനാലായിരിക്കണം. 25 ലക്ഷം രൂപക്കാണ് ക്വട്ടേഷന്‍ ഉറപ്പിച്ചതെന്ന് ഫോണ്‍ സംഭാഷണത്തില്‍നിന്ന് വ്യക്തമാണ്. ഇതടക്കമാണ് ഷാജി മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും സംസ്ഥാന പൊലീസ്‌മേധാവിക്കും പരാതി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ പ്രത്യേകിച്ചും കണ്ണൂരിലെ സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയവും ഷാജിക്കെതിരായി സി.പി.എം നേതാക്കളും അണികളും നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന അസ്‌ക്യതയും ഭീഷണികളും അറിയാവുന്ന ഏതൊരാള്‍ക്കും ഈ ഹീനകൃത്യത്തിനുപിന്നിലെ കറുത്ത കരങ്ങള്‍ ആരുടേതാണെന്ന് തിരിച്ചറിയാന്‍ വിഷമമുണ്ടാകില്ല.
ഇത്തരത്തിലൊരു ഫോണ്‍ സംഭാഷണം ഉണ്ടായതിന്റെ കാലഘട്ടം പ്രധാനമാണ്. കഴിഞ്ഞ മേയിലാണ് പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ ഷാജി തന്റേതായ ശൈലിയില്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്. അതാകട്ടെ സംസ്ഥാന സര്‍ക്കാരിന്റെ ചെയ്തികളെ തുറന്നുകാട്ടുന്നതുമാണ്. പ്രളയത്തിന്റെ പേരില്‍ പിരിക്കുന്ന നാട്ടുകാരുടെ സംഭാവന സി.പി.എമ്മുകാര്‍ കൊന്നുതള്ളിയ പ്രതികളെ ശിക്ഷയില്‍നിന്ന് വിടുവിക്കാന്‍ സര്‍ക്കാര്‍ ഉപയോഗിച്ചേക്കുമെന്ന ധ്വനിയിലുള്ള ആക്ഷേപഹാസ്യപ്രദമായ കുറിപ്പാണ് ഷാജി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്. അതിനെതിരെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഷാജിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തുവരികയുണ്ടായി. പ്രളയ ഫണ്ടിലേക്ക് ജനങ്ങള്‍ സംഭാവന നല്‍കുന്നതിനെ ഷാജി തടസ്സപ്പെടുത്തുന്നുവെന്നാണ് പിണറായി വിജയന്‍ അതിനെ ദുര്‍വ്യാഖ്യാനിച്ചത്. അരിയില്‍ ഷുക്കൂര്‍, ശുഹൈബ്, കൃപേഷ്, ശരത്‌ലാല്‍ തുടങ്ങിയവരുടെ വധവുമായി ബന്ധപ്പെട്ട് സി.പി.എമ്മുകാര്‍ പ്രതികളായ കേസുകളില്‍ കേസ് വാദിക്കാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത് പാവപ്പെട്ടവന്റെ നികുതിപ്പണമാണെന്നത് ആര്‍ക്കും അറിയാവുന്ന സത്യമാണ്. ഷാജിയെ വിമര്‍ശിച്ച മുഖ്യമന്ത്രി പക്ഷേ ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഇന്നുവരെയും ഒരുവാക്കുപോലും ഉരിയാടിയിട്ടില്ല. പകരം സി.പി.എം സൈബര്‍ സഖാക്കള്‍ എം.എല്‍.എക്കെതിരെ കേട്ടാലറക്കുന്ന രീതിയിലുള്ള ശകാരവും തെറിവിളിയുമാണ് നടത്തിയത്. അതിന്നും വലിയ കുറവില്ലാതെ തുടരുകയുംചെയ്യുന്നു. ഈ തര്‍ക്കം കഴിഞ്ഞ് ജൂണിലാണ് ഷാജിക്കെതിരായ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചതെന്നാണ് ലഭ്യമായ വിവരം. വസ്തുത പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന പ്രധാനപ്പെട്ട സംഗതി സംഭാഷണം നടത്തിയ സി.പി.എം നേതാവിനെ കാണാതായിരിക്കുന്നുവെന്നതാണ്.
ഇത്തരം സംഭവങ്ങള്‍ പുറത്തുവരുമ്പോള്‍ അത് നിഷേധിച്ചുകൊണ്ട് ആരോപണം നേരിടുന്നവര്‍ പ്രത്യക്ഷപ്പെടുകയാണ് പതിവെങ്കില്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ട് സി.പി.എം അതിനുപോലും തയ്യാറാകുന്നില്ല. ഷാജി പറയുന്ന പ്രാദേശിക സി.പി.എം നേതാവ് ആരാണെന്ന് അദ്ദേഹം പ്രതിനിധാനംചെയ്യുന്ന പാര്‍ട്ടി നേതൃത്വത്തിന് നിമിഷനേരംകൊണ്ട് കണ്ടുപിടിക്കാന്‍ കഴിയുന്നതേയുള്ളൂ. അതില്ലാത്തതുകാരണം ഒരുകാര്യം വ്യക്തമാകുന്നു; വധശ്രമത്തിന് പിന്നിലുള്ളത് സി.പി.എമ്മിന്റെ ഉന്നതര്‍ തന്നെയാണ്. ഷാജിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും ഒരു കീഴുദ്യോഗസ്ഥനെകൊണ്ട് പരാതിയെക്കുറിച്ച് അന്വേഷിപ്പിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ആര്‍.എസ്.എസ്സിന്റെ ഊരിപ്പിടിച്ചവാളിനിടയിലൂടെ നടന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഭരിക്കുമ്പോള്‍ ഇവിടെ ഒരു ജനപ്രതിനിധിക്കുപോലും രക്ഷയില്ലെന്നാണോ ജനം ധരിക്കേണ്ടത്? ഉത്തരവാദപ്പെട്ട ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ കേസന്വേഷിക്കാന്‍ ഏല്‍പിക്കേണ്ട സാമാന്യ മര്യാദപോലും സി.പി.എം ഭരിക്കുന്ന ആഭ്യന്തര വകുപ്പും സര്‍ക്കാരും കാട്ടാത്തതെന്തുകൊണ്ടാണ്. അഡീഷണല്‍ എസ്.ഐ നടത്തുന്ന അന്വേഷണംതന്നെ പരാതിയെക്കുറിച്ചല്ല, ക്വട്ടേഷന്‍ സംബന്ധിച്ച സംഭാഷണംചോര്‍ന്നതെങ്ങനെയെന്നതിനെക്കുറിച്ചാണെന്ന ്പരാതിക്കാരന്‍ പറയുമ്പോള്‍ ലജ്ജിച്ചു തലതാഴ്ത്തുകയേ പുരോഗമനകേരളത്തിന് നിവൃത്തിയുള്ളൂ. വിഷയത്തില്‍ കേന്ദ്ര ഏജന്‍സികള്‍ കേസേറ്റെടുക്കാന്‍ തയ്യാറാകണം. മുമ്പ് രണ്ടു തവണ വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടയാളാണ് യുവതയുടെ ആശയാവേശമായ കെ.എം ഷാജി. ഉള്ളത് ഉള്ളതുപോലെ ആരുടെ മുഖത്തും നോക്കിപ്പറയാന്‍ ആര്‍ജവമുണ്ടെന്ന് നിരവധിതവണ തെളിയിച്ച വ്യക്തിത്വം. ജീവനില്‍ ഭയമില്ലെന്ന് ഷാജിപറയുമ്പോഴും അദ്ദേഹത്തെ ഗുണ്ടാസംഘങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ സി.പി.എം തുനിഞ്ഞാല്‍ ജനാധിപത്യ കേരളം അതിനെ നഖശിഖാന്തം ചെറുക്കും. ഇന്ത്യന്‍ കമ്യൂണിസത്തിന്റെ നൂറാം വാര്‍ഷികത്തിലും സി.പി.എം തുടരുന്ന സ്റ്റാലിനിസത്തിന്റെ മരണമണിയാണ് പശ്ചാത്തലത്തില്‍ മുഴങ്ങുന്നത്. സഹനത്തെ ബലഹീനതയുമായി കൂട്ടിക്കെട്ടരുതെന്ന് പഠിപ്പിച്ച മഹാത്മാവിന്റെ നാടാണിത്.

web desk 1: