നാമേറെ അഭിമാനംകൊള്ളുന്ന കേരളത്തിലും രാജ്യത്താകെയും സ്്ത്രീകള്‍ക്കെതിരെ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് ആകുലപ്പെടുന്നവര്‍ അതിനുപിന്നിലെ ചില അരുതായ്മകളെക്കുറിച്ച് കൂടി സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ട്രെയിനില്‍ സൗമ്യയും സ്വന്തം വീടിനകത്ത് ജിഷയും ലൈംഗിക കൃത്യങ്ങള്‍ക്കിരയായി ദാരുണമായി കൊലചെയ്യപ്പെട്ടപ്പോള്‍ അതിനുപിന്നില്‍ അന്യസംസ്ഥാനക്കാരല്ലേയെന്നു സമാധാനിച്ച
നമുക്ക് പ്രമുഖ നടിക്കെതിരെ കൊച്ചി മഹാനഗരത്തില്‍ സ്വന്തം ഡ്രൈവര്‍ അടക്കമുള്ള ഗുണ്ടാസംഘങ്ങളില്‍ നിന്ന് നേരിടേണ്ടിവന്ന പീഡനകഥ കേട്ട് തലതാഴ്‌ത്തേണ്ടി വന്നിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി തുടങ്ങിയ ഇടങ്ങളിലും സമാനമായ പീഡനങ്ങള്‍ സ്ത്രീകള്‍ക്കെതിരെയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞദിവസം രാജ്യത്തെ സുപ്രീംകോടതി അശ്ലീല ഉള്ളടക്കങ്ങള്‍ നിരോധിക്കുന്നതിനെക്കുറിച്ച് പ്രമുഖ ഓണ്‍ലൈന്‍ സേവനദാതാക്കളോട് വിശദീകരണം ആരാഞ്ഞിരിക്കുന്നത്.
സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണം ലൈംഗിക ഉള്ളടക്കങ്ങളാണെന്ന പരാതിയാണ് പരാതിക്കാരും കോടതിയും ഉന്നയിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ പ്രോജ്വല എന്ന സന്നദ്ധസംഘടനയാണ് കഴിഞ്ഞ ഡിസംബറില്‍ അന്നത്തെ ഹൈക്കോടതി ചീഫ്ജസ്റ്റിസിന് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. ചൊവ്വാഴ്ച ഇതുസംബന്ധിച്ച് വീണ്ടും കോടതി ചോദ്യം ആവര്‍ത്തിക്കുകയുണ്ടായി. ഹര്‍ജി പരിഗണിച്ച എം.ബി ലോക്കൂര്‍, യു.യു ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് സ്ത്രീകളുടെയും കുട്ടികളുടെയും മാനവും പവിത്രതയും നഷ്ടപ്പെടുത്തുന്നതാണ് ഇത്തരം അശ്ലീലവീഡിയോകളും ചിത്രങ്ങളുമെന്ന് ചൂണ്ടിക്കാട്ടി.
ലോകത്ത് ഏറ്റവുംകൂടുതല്‍ യുവാക്കളുള്ള രാജ്യങ്ങളില്‍ ഒന്നാമതാണ് ഇന്ത്യ. 35.6 കോടി പേരാണ് പത്തിനും 24നും ഇടക്കായി രാജ്യത്തുള്ളത്. സദാസമയവും ഇവര്‍ക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യവുമാണ്. ഈ പശ്ചാത്തലത്തിലാണ് ഗൂഗിള്‍, യാഹൂ, ഫെയ്‌സ്ബൂക്ക്, മൈക്രോസോഫ്റ്റ് എന്നീ ഇന്റര്‍നെറ്റ് സേവനദാതാക്കളോട് കോടതി വിശദീകരണം തേടിയതും പ്രതിരോധമാണ് ചികില്‍സയേക്കാള്‍ നല്ലതെന്ന് ചൂണ്ടിക്കാട്ടിയതും. എന്നാല്‍ തങ്ങളുടെ നിയന്ത്രണ പരിധിയിലല്ല കാര്യങ്ങളെന്നാണ് ഗൂഗിളിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ സാജന്‍പൂവയ്യ വ്യക്തമാക്കിയത്.
തങ്ങളുടെ വെബ്‌സൈറ്റുകളില്‍ ഇത്തരം ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി വിവരം കിട്ടിയാലുടന്‍ അവ നീക്കം ചെയ്യാറുണ്ടെന്നും അല്ലാതെ അപ്്‌ലോഡ് ചെയ്യുന്നതിനു മുമ്പ് അവ തടയാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നുമുള്ള വാദമാണ് ഗൂഗിള്‍ പ്രതിനിധി കോടതിയോട് കൈമലര്‍ത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഏത് ലളിതമായ ലൈംഗിക കുറ്റകൃത്യത്തിനും കടുത്ത ശിക്ഷ നല്‍കുന്ന വകുപ്പുകള്‍ ചാര്‍ത്തിയാണ് നാം പുതിയ പുതിയ നിയമങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. എന്നിട്ടും ഇതെല്ലാം ഇപ്പോഴും അഹമഹമികയാ തുടരുന്നുവെന്നതിന്റെ കാരണം അന്വേഷിച്ചു ചെല്ലുമ്പോഴാണ് നാം ഇന്റര്‍നെറ്റില്‍ ചെന്നെത്തുക. വന്‍തോതില്‍ ലൈംഗികദൃശ്യങ്ങളടങ്ങിയ വീഡിയോകള്‍ ഓരോ മണിക്കൂറിലും അപ്‌ലോഡ് ചെയ്യപ്പെടുന്നുവെന്ന് ഗൂഗിള്‍ തന്നെ സമ്മതിക്കുന്നു.
ഇത് തിരയുന്നവരുടെ എണ്ണവും കണക്കുകള്‍ക്കപ്പുറമാണ്. സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിക്ക് ഇത് തടയുന്നതിന് ഗൂഗിളിനെ സഹായിക്കാമെന്ന വാദമാണ് ഗൂഗിള്‍ അഭിഭാഷകന്‍ ഉയര്‍ത്തിയത്. അതേസമയം സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞത് വലിയ തുകയാണ് ഇതുവഴി സേവനദാതാക്കള്‍ നേടുന്നതെന്നും അതുകൊണ്ട് ഇവ തടയാന്‍ അവരൊന്നും ചെയ്യുകയില്ലെന്നുമാണ്. രാജ്യത്തെ നിലവിലുള്ള വിവരസാങ്കേതികവിദ്യാനിയമമനുസരിച്ച് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നും കോടതി ആരാഞ്ഞു.
സഞ്ചരിക്കുന്ന ബസ്സിനകത്ത് നിര്‍ഭയ എന്നയുവതി പീഡനത്താല്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ശക്തിപ്പെടുത്തിയ ക്രിമിനല്‍ നിയമ ഭേദഗതി നിയമം 2003, സ്ത്രീകള്‍ക്കെതിരെ ജോലിസ്ഥലത്തുള്ള ലൈംഗികകുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിയമം, ഗാര്‍ഹിക പീഡനസംരക്ഷണനിയമം തുടങ്ങിയവയൊക്കെ നോക്കുകുത്തിയാകുന്ന അനുഭവമാണ് ഇന്നുള്ളത്. 2011ല്‍ മാത്രം ലൈംഗികകുറ്റകൃത്യങ്ങള്‍ക്ക് രാജ്യത്ത് അറസ്റ്റിലായ 16നും 18നും ഇടയിലുള്ളവരുടെ എണ്ണം 33000 ആയിരുന്നു. ഡല്‍ഹി പോലുള്ള വന്‍നഗരങ്ങളില്‍ നിര്‍ഭയ പോലുള്ള അതിദാരുണസംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇതിനിടെയാണ് വീട്ടകങ്ങളിലും വൃദ്ധസദനങ്ങളില്‍ പോലും സ്ത്രീകള്‍ക്കും അമ്മമാര്‍ക്കുമെതിരെ നടക്കുന്ന ലൈംഗികപരമായ അതിക്രമങ്ങള്‍.
കേരളത്തിന്റെ പൊതുമനസ്സാക്ഷിയെയും സാംസ്‌കാരിക നിലവാരത്തെയും തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഇവയെല്ലാ ംതന്നെയെന്നതില്‍ രണ്ടു പക്ഷമില്ല. സ്ത്രീകളുടെ പ്രകോപനപരമായ വേഷവിധാനത്തെക്കുറിച്ചും മറ്റും പരാതിയുണ്ടെങ്കിലും അശ്ലീലദൃശ്യങ്ങളും ചലച്ചിത്രങ്ങളും ഇവക്ക് കാരണമാകുന്നുണ്ടെന്ന വാദം അതിപ്രധാനമാണ്. ഏതെങ്കിലും വിവരം അന്വേഷിച്ചു ചെല്ലുന്ന കുരുന്നുകള്‍ക്കുമുന്നില്‍ പോലും പ്രത്യക്ഷപ്പെടുന്നത് ഇത്തരം ദൃശ്യങ്ങളും സൈറ്റുകളുമാണ്. പലരും ഇതിനുപിന്നാലെ പ്രായോഗികതതേടി പോകുന്നു.
ലൈംഗികച്ചുവയുള്ള ഒരുവിധ വസ്തുവും സൂക്ഷിക്കരുതെന്ന നിയമം നിലവിലിരിക്കെയാണ് ഇത്തരം വെബ്‌സൈറ്റുകളും യുട്യൂബുകളും ആരുടെയും വിരല്‍ത്തുമ്പിലുള്ളത്്. കഴിഞ്ഞയാഴ്ചയാണ് മുംബൈയിലെ ഒരു യുവതി ഭര്‍ത്താവ് അശ്ലീല സൈറ്റുകള്‍ക്ക് അടിമയാണെന്നും അവ നിരോധിക്കാനുത്തരവിടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചതും. കേരളത്തില്‍ നടിക്കെതിരെയുള്ള സംഭവത്തെ ഭരണകക്ഷിയായ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ഒറ്റപ്പെട്ടതാണെന്ന് പറഞ്ഞ് കുറച്ചുകാണാന്‍ ശ്രമിച്ചത് ജനരോഷം ഭയന്നായിരിക്കണം.
കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച നിര്‍ഭയപദ്ധതിക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നയാപൈസപോലും കേരളത്തിന് നല്‍കിയില്ല എന്നതും പൊലീസിന്റെ വീഴ്ചയുമെല്ലാം സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ അധികാരികളുടെ പൊതു നിലപാടാണ് വ്യക്തമാക്കുന്നത്. തിരുവനന്തപുരത്ത് യുവമിഥുനങ്ങള്‍ കൂടിയിരുന്ന് സംസാരിച്ചതിന് കേസെടുത്ത് പിഴയിട്ടത് ഇതിന്റെ ഭാഗമാണ്. ധാര്‍മികബോധമുള്ള ഒരു സമൂഹമാണ് നിയമങ്ങള്‍ക്കെല്ലാം മുകളിലുണ്ടാവേണ്ടത്. ലൈംഗികതയുടെ കാര്യത്തിലും അതെ.