X

മാവോയിസ്റ്റ് വധം: സത്യം പുറത്തുവരണം

നിലമ്പൂര്‍ കരുളായ് വനമേഖലയില്‍ 23ന് രാത്രി രണ്ടു മാവോയിസ്റ്റ് തീവ്രവാദികള്‍ കൊല്ലപ്പെട്ട സംഭവം കേരളത്തില്‍ വലിയ മനുഷ്യാവകാശ പ്രശ്‌നമായിരിക്കയാണ്. സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കര്‍ണാടക സ്വദേശി കുപ്പുസ്വാമി എന്ന ദേവരാജന്‍ (61), സഹപ്രവര്‍ത്തക ചെന്നൈ സ്വദേശി അജിത പരമേശ്വരന്‍ (46) എന്നിവര്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം. പൊതുമരാമത്തുവകുപ്പുമന്ത്രി ജി. സുധാകരന്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ മലപ്പുറം ജില്ലാപൊലീസ് മാത്രം അറിഞ്ഞുകൊണ്ടുള്ള ഓപ്പറേഷനാണ് നടന്നിട്ടുള്ളത്. തീവ്രവാദികളായാലും രാജ്യത്തെ പൗരന്മാരെ വെടിവെച്ചുകൊല്ലാന്‍ പൊലീസിനും സര്‍ക്കാരിനും അധികാരമില്ലെന്നിരിക്കെ മനുഷ്യാവകാശ-പൗരാവകാശപ്രവര്‍ത്തകരും തീവ്രകമ്യൂണിസ്റ്റുകളും പൊലീസിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നിരിക്കയാണ്.
ഏറ്റുമുട്ടലിലൂടെ തന്നെയാണ് കൊലപാതകമെന്ന് ആവര്‍ത്തിക്കുന്ന പൊലീസ് വന്‍ ആയുധശേഖരവുമായാണ് സംഘം എത്തിയതെന്നാണ് വെളിപ്പെടുന്നത്. മജിസ്‌ട്രേറ്റ് തലത്തിലുള്ള അന്വേഷണത്തിന് പെരിന്തല്‍മണ്ണ സബ് കലക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് വിഭാഗവും അന്വേഷിക്കുന്നുണ്ട്. സംസ്ഥാനമനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുകഴിഞ്ഞു. എങ്ങനെയായാലും സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരേണ്ടതുണ്ട്. സര്‍ക്കാരിലെ വനം വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി കെ. രാജുവും താനൊന്നുമറിഞ്ഞില്ലെന്നും തന്റെ പാര്‍ട്ടിയുടെ നിലപാടിനെ പിന്തുണക്കുന്നുവെന്നും പറയുകയുണ്ടായി. കൃത്യം ഒരുമാസം മുമ്പ് (ഒക്ടോബര്‍ 24ന്് ) ആന്ധ്ര-ഒറീസ അതിര്‍ത്തിയില്‍ 24 മാവോയിസ്റ്റുകളെയാണ് പ്രത്യേക ദൗത്യസേന വെടിവെച്ചുകൊന്നത്. ഏറ്റുമുട്ടലിലൂടെയാണെന്നാണ് പറഞ്ഞതെങ്കിലും അതിന് പിന്നിലെയും ദുരൂഹതകള്‍ നീങ്ങിയിട്ടില്ല. തമിഴ്‌നാട്ടുനിന്ന് കഴിഞ്ഞ വര്‍ഷം രൂപേഷ് അടക്കം ഏതാനും മാവോയിസ്റ്റ് നേതാക്കളെ പിടികൂടുകയുണ്ടായി. അയല്‍ സംസ്ഥാനങ്ങള്‍ മാവോവേട്ട ശക്തമാക്കിയതോടെയാവണം ഇക്കൂട്ടര്‍ കേരളത്തെ സുരക്ഷിത ഇടമാക്കി എത്തിയിരിക്കുന്നത്.
സായുധരായ അക്രമികള്‍ 15റൗണ്ട് പൊലീസിന് നേരെ വെടിവെച്ചതായാണ് പറയുന്നത്. ശേഷം പൊലീസ് തിരിച്ചുവെടിവെക്കുകയായിരുന്നുവത്രെ. എന്നാല്‍ വെടിയേറ്റുമരിച്ച രണ്ടുപേര്‍ക്കും പിന്‍ഭാഗത്താണ് വെടിയുണ്ടയുടെ പാടുകളുള്ളതെന്നത് നേര്‍ക്കുനേര്‍ വെടിവെപ്പുണ്ടായിരുന്നില്ലെന്നതിന്റെ സൂചനയാണ്. 11 പേരാണ് സംഘത്തുലുണ്ടായിരുന്നത്. പൊലീസാകട്ടെ അറുപതിലധികം പേരും. മാധ്യമപ്രവര്‍ത്തകരെയും മറ്റും സംഭവസ്ഥലത്തേക്ക് പ്രവേശിപ്പിക്കുകയോ മൃതദേഹങ്ങള്‍ കാട്ടിക്കൊടുക്കുകയോ ഉണ്ടായില്ലെന്നതും ദുരൂഹത ഉണര്‍ത്തുന്നു. മാത്രമല്ല, ഭാഗ്യവശാലാണെങ്കിലും, പൊലീസിന്റെ ഭാഗത്ത് ഒരു പരിക്ക് പോലും ഏല്‍ക്കുകയുണ്ടായില്ലെന്നതും പ്രതികളെ പിടികൂടി വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. ഇവിടെ നേരിട്ട് വെടിവെച്ചുകൊന്ന നിലക്ക് പ്രതികളുടെ ശിക്ഷ പൊലീസ് തന്ന വിധിച്ചിരിക്കുകയാണെന്ന് പറയാം. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ് രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഉദ്‌ബോധിപ്പിക്കുന്നത്.
ഇനി സ്വയരക്ഷക്കായി വെടിവെക്കാന്‍ പൊലീസിന് അനുമതിയുള്ള സന്ദര്‍ഭങ്ങളും ഇന്ത്യന്‍ പൊലീസ് നിയമത്തില്‍ വിവക്ഷിച്ചിട്ടുണ്ട്. ജീവന് ഭീഷണി നേരിടുന്ന ഘട്ടത്തില്‍ ഉന്നതോദ്യഗസ്ഥന്റെ നിര്‍ദേശ പ്രകാരം പ്രതികള്‍ക്കെതിരെ വെടിവെക്കാമെന്നതാണ് അത്. ഇതാകട്ടെ അരക്കുകീഴ്‌പോട്ടായിരിക്കണം. സംഭവത്തിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരാനിരിക്കുന്നതേയുള്ളൂവെങ്കിലും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം കൊല്ലപ്പെട്ടവര്‍ക്ക് പിന്നില്‍ നിന്നാണ് കൂടുതല്‍ വെടിയേറ്റിട്ടിരിക്കുന്നത്. അജിതയുടെ ശരീരത്തില്‍ 19 ഉം കുപ്പുസ്വാമിയുടെ ശരീരത്തില്‍ ഏഴും വെടിയുണ്ടകളാണ് തറച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഇരുവരുടെയും ശരീരത്തില്‍ ഉണ്ടകള്‍ തറച്ചുപുറത്തേക്കുപോയതായാണ് റിപ്പോര്‍ട്ട് പറയുന്നത്.കുപ്പുസ്വാമിയും കൂട്ടരും നിരോധിത സായുധഅക്രമകാരികളാണെന്നുവെച്ചാല്‍ തന്നെ അവരെ നിയമത്തിന്റെ മുന്നില്‍ ഹാജരാക്കുകയാണ് പൊലീസ് ചെയ്യേണ്ടിയിരുന്നത്.
രാജ്യത്ത് പതിനഞ്ചോളം സംസ്ഥാനങ്ങളിലും ഏറിയും കുറഞ്ഞും കമ്യൂണിസ്റ്റ് ഒളിപ്പോര്‍ മാതൃകയില്‍ നക്‌സലൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. പ്രധാനമായും സമൂഹത്തിലെ താഴേക്കിടയിലുള്ള ആദിവാസികളുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ഇന്ത്യയെപോലെ പതിറ്റാണ്ടുകളായി ജനാധിപത്യം അംഗീകരിച്ച് പ്രാവര്‍ത്തികമാക്കി വരുന്ന രാജ്യത്ത് അക്രമത്തിലും ആയുധത്തിലും അധിഷ്ഠിതമായ സമരമുറ വേണമോ എന്ന് ചിന്തിക്കുമ്പോള്‍ തന്നെ, ഇതിന് കാരണമായ സാമൂഹികാവസ്ഥ മാറ്റാന്‍ ജനാധിപത്യഭരണകൂടങ്ങള്‍ ശ്രമിക്കുന്നുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്. ആദിവാസികളുടെ ഭൂമി കയ്യേറുന്ന ക്വാറി, ഖനി മാഫിയകള്‍ ഇവരുടെ ജീവിതം ദുസ്സഹമാക്കുകയാണ്. രാജ്യത്തെ ഭരണകൂടങ്ങളാണ് ഇതിനുത്തരവാദികളെന്ന് തീവ്രവാദികള്‍ പറയുന്നു.പലപ്പോഴും ഗ്രാമീണരായ നിരക്ഷരെയാണ് തീവ്രവാദികള്‍ ആയുധമാക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം വയനാട്ടിലും അട്ടപ്പാടിയിലും വനംവകുപ്പ് ഓഫീസുകള്‍ക്കും പൊലീസ് ഔട്ട്‌പോസ്റ്റുകള്‍ക്കും നേരെ അക്രമം അഴിച്ചുവിട്ട മാവോയിസ്റ്റുകള്‍ പാലക്കാട്ട് അന്താരാഷ്ട്ര സ്വകാര്യ ഭക്ഷ്യശൃംഖലയുടെ കടകള്‍ക്കുനേരെയും കല്ലേറ് നടത്തി.
തൃശൂര്‍ കാതിക്കൂടത്തെ നീറ്റ ജലാറ്റിന്‍ കമ്പനിയുടെ മാലിന്യം ചാലക്കുടിപ്പുഴയിലേക്കൊഴുകുന്നുവെന്നാരോപിച്ചുള്ള സമരത്തിനിടെ കൊച്ചിയിലെ നീറ്റയുടെ ഓഫീസ് തകര്‍ത്തതും ഇക്കൂട്ടരായിരുന്നു. ഇവര്‍ക്ക് വനംമാഫിയയില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. മോദി ഭരണത്തില്‍ മുസ്്‌ലിംകള്‍ക്കെതിരെയടക്കം ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വ്യാജമെന്നു തെളിയിക്കപ്പെട്ട നിരവധിസംഭവങ്ങള്‍ രാജ്യത്തിനുമുന്നിലിരിക്കെ കേരളത്തിലെങ്കിലും നീതി നടപ്പാവണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. വയനാട്ടില്‍ നകസലൈറ്റ് വര്‍ഗീസ് കൊല്ലപ്പെട്ടത് താന്‍ വെടിവെച്ചിട്ടാണെന്ന് പൊലീസുകാരന്‍ വെളിപ്പെടുത്തിയത് കാലമേറെ കഴിഞ്ഞായിരുന്നു.
അതേസമയം സാമാന്യജനതയുടെ സ്വസ്ഥജീവിതത്തിന് പോറല്‍ വരുത്താനും കേരളവനമേഖലയില്‍ അസ്വസ്ഥതയുടെ വിത്തുകള്‍ വിതക്കാനും അനുവദിച്ചുകൂടാ. അക്രമമാര്‍ഗം വെടിഞ്ഞ് പാര്‍ലമെന്ററി ജനാധിപത്യരീതി സ്വീകരിക്കാന്‍ തീവ്രവാദികളും നിയമപാലനം ഉറപ്പുവരുത്താന്‍ പൊലീസും തയ്യാറാകണം. ഒപ്പം, വന്ന വഴികള്‍ മറക്കാതിരിക്കുന്നത് കേരളത്തിലെ കമ്യൂണിസ്റ്റ് കക്ഷികള്‍ക്കും നന്നായിരിക്കും.

chandrika: