അധികാരത്തിലേറി പത്തുമാസം പിന്നിട്ടപ്പോഴേക്കും നാണക്കേടിന്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി സര്‍ക്കാര്‍. ഭരണ കെടുകാര്യസ്ഥതയുടേയും പിടിപ്പുകേടിന്റേയും പരമകോടിയില്‍ നില്‍ക്കുന്ന സര്‍ക്കാറിനെ പിടിച്ചുലച്ചുകൊണ്ടാണ് സംസ്ഥാനത്തെ ഒരു മന്ത്രിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതും വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം രാജിവെച്ചൊഴിയേണ്ടി വന്നതും. ആദ്യം ഇ.പി ജയരാജന്‍, ഇപ്പോള്‍ എ.കെ ശശീന്ദ്രനും. സമൂഹ മാധ്യമങ്ങളിലെ ട്രോളര്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇരട്ടച്ചങ്കന്‍ സര്‍ക്കാറിന്റെ രണ്ടാം വിക്കറ്റും വീണു. ഒന്ന് ബന്ധു നിയമനം, അഴിമതി, സ്വജന പക്ഷപാതം തുടങ്ങിയ ആരോപണങ്ങള്‍. മറ്റൊന്ന് പരാതിപറയാന്‍ വിളിച്ച സ്ത്രീയോട് ലൈംഗിക ചുവനിറഞ്ഞ സംസാരം. സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും അംഗങ്ങള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് നാക്ക് വായിലേക്കെടുക്കും മുമ്പാണ് നാണക്കേടിന്റെ ഭാണ്ഡവുംപേറി ഒരു മന്ത്രിക്ക് കസേര വിട്ടിറങ്ങേണ്ടി വന്നത്. ജിഷ വധം ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീ സുരക്ഷ പ്രധാന പ്രചാരണായുധമാക്കി അധികാരത്തില്‍ വന്ന ഒരു സര്‍ക്കാറിലെ മന്ത്രിയില്‍നിന്നാണ് നാടു മുഴുവന്‍ തല കുനിക്കേണ്ടിവന്ന അനുഭവം ഒരു പരാതിക്കാരിക്ക് നേരിടേണ്ടി വന്നത് എന്നത് നാണക്കേടിന്റെ ആഴം വര്‍ധിപ്പിക്കുന്നുണ്ട്.
കുത്തഴിഞ്ഞ അവസ്ഥയിലാണ് സംസ്ഥാന ഭരണം മുന്നോട്ടുപോകുന്നതെന്ന വിമര്‍ശനമാണ് സി.പി.എം നേതൃയോഗത്തില്‍ ഉള്‍പ്പെടെ ഉയര്‍ന്നത്. ഇത് ശരിവെക്കുന്നതാണ് ഓരോ വകുപ്പുകളുടേയും പ്രകടനം. എസ്.എസ്.എല്‍.സി പരീക്ഷാ നടത്തിപ്പിലെ വീഴ്ചയെതുടര്‍ന്ന് ഈ മാസം 25ന് നടന്ന കണക്ക് പരീക്ഷ റദ്ദാക്കുകയും മെയ് 30ന് പുതിയ പരീക്ഷ നടത്താന്‍ ഉത്തരവിടേണ്ടിയും വന്നത് സര്‍ക്കാറിന്റെ പിടിപ്പുകേടിന്റെ മറ്റൊരു ഉദാരഹരണമാണ്. യു.ഡി.എഫ് സര്‍ക്കാറിന്റെ അവസാന കാലത്ത് എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതില്‍ കടന്നുകൂടിയ സാങ്കേതിക പാളിച്ചയെ വലിയ വിവാദമാക്കിയവര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഗുരുതരമായ ക്രമക്കേടുകള്‍ക്കാണ് സംസ്ഥാനം സാക്ഷിയാകേണ്ടിവന്നത്. സ്വകാര്യ സ്ഥാപനത്തിനായി തയ്യാറാക്കിയ മാതൃകാ ചോദ്യപ്പേപ്പറിലെ ചോദ്യങ്ങള്‍ പൊതുപരീക്ഷാ ചോദ്യേപ്പേപ്പറില്‍ കടന്നുകൂടിയത് കേവല പാളിച്ചയോ അശ്രദ്ധയോ അല്ല. ഗുരുതരമായ വീഴ്ചയും പൊതുപരീക്ഷാ നടത്തിപ്പില്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രതക്കുറവിന്റെ ഫലവുമാണ്. ഇതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സര്‍ക്കാറിനോ വിദ്യാഭ്യാസ മന്ത്രിക്കോ ആവില്ല. മെയ് 30ന് സംസ്ഥാനത്ത് വാഹന പണിമുടക്കിന് ആഹ്വാനം നിലനില്‍ക്കുന്നതിനാല്‍ അന്ന് പുതിയ പരീക്ഷ നടത്തുമെന്ന മന്ത്രിയുടെ പ്രഖ്യാപനം എങ്ങനെ നടക്കും എന്ന ചോദ്യവും ബാക്കി നില്‍ക്കുന്നു.
സംസ്ഥാനത്തെ ക്രമസമാധാനനില മുമ്പെങ്ങുമില്ലാത്ത വിധമുള്ള വെല്ലുവിളികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അക്രമവും സംഘര്‍ഷവും രാഷ്ട്രീയ കൊലപാതകങ്ങളും ജനത്തിന്റെ സ്വാസ്ഥ്യ ജീവിതം തകര്‍ത്തുകൊണ്ടിരിക്കുന്നു. മതസ്പര്‍ധ വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളും ന്യൂനപക്ഷ വേട്ടയും അരങ്ങു തകര്‍ക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങളുടെ പ്രളയമാണ് മാധ്യമ വാര്‍ത്തകളില്‍ നിറയുന്നത്. സംഘ്പരിവാര്‍ സംരക്ഷകരായി സംസ്ഥാനത്തെ പൊലീസ്‌സേന മാറുമ്പോള്‍ അതിനെ തിരുത്താനോ എതിര്‍പ്പിന്റെ സ്വരമുയര്‍ത്താനോ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് പോലും കഴിയുന്നില്ല. കൊടിഞ്ഞി ഫൈസല്‍ വധം, കാസര്‍ക്കോട് ചെങ്കളയിലെ റിയാസുദ്ദീന്‍ മൗലവി വധം എന്നിവയുമായി ബന്ധപ്പെട്ട പൊലീസ് നടപടികള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. താനൂരില്‍ പൊലീസ് തന്നെ വേട്ടക്കാരന്റെ വേഷം കെട്ടുമ്പോള്‍ സര്‍ക്കാറിന്റെ അനാസ്ഥക്കു മുന്നില്‍ ജനം നിസ്സഹായരായി മാറുകയാണ്. ഭീതിതമായ അന്തരീക്ഷത്തിലൂടെ സംസ്ഥാനം കടന്നുപോകുമ്പോള്‍ കുറ്റവാളികളെ കണ്ടെത്താനും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ശ്രമിക്കുന്നതിനു പകരം, ജയിലിലുള്ള ക്രിമിനലുകളെക്കൂടി ശിക്ഷാ ഇളവ് നല്‍കി തുറന്നുവിടാന്‍ സര്‍ക്കാര്‍ വ്യഗ്രത കാട്ടുന്നത് എന്തു താല്‍പര്യത്തിന്റെ പുറത്താണെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാറിന് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് തെല്ലെങ്കിലും ഉയരാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, അടിസ്ഥാന പ്രശ്‌നങ്ങള്‍ പോലും കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച വരുത്തുകയുംചെയ്തു. ഐ.എ.എസ്- വിജിലന്‍സ് പോരില്‍ സംസ്ഥാന ഭരണം സ്തംഭനാവസ്ഥയിലായിട്ട് മാസങ്ങളായി. സാധാരണക്കാരന്റെ ആശ്രയകേന്ദ്രമായ റേഷന്‍ സംവിധാനം കുത്തഴിഞ്ഞുകിടക്കുന്നു. വരള്‍ച്ച ഉള്‍പ്പെടെയുള്ള ദുരിതങ്ങളെ നേരിടാന്‍ കാര്യക്ഷമമായ ഒരു നടപടിയുമില്ല. പൊലീസ് വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ ഭരണനേതൃത്വത്തിലുള്ളവര്‍ പോലും പരസ്യ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിക്കൊണ്ടിരിക്കുന്നു.
ന്യൂനപക്ഷ വകുപ്പിന്റെ പ്രവര്‍ത്തനത്തെച്ചൊല്ലി പരാതികളുടെ പ്രളയമാണ്. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ രണ്ടുപേരെ പിരിച്ചുവിട്ട നടപടി ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കാപ്പെക്‌സ് തോട്ടണ്ടി ഇടപാടുമായി ബന്ധപ്പെട്ട് മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ കറ ഇനിയും നീങ്ങിയിട്ടില്ല. ഇതിനെല്ലാം പുറമെയാണ് ഒരു മന്ത്രി കൂടി രാജിവെച്ചൊഴിയേണ്ടി വന്നിരിക്കുന്നത്. ഈ നിലയില്‍ ഒരു സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് പിന്തുണ നല്‍കി അധികാരത്തിലേറ്റിയ ജനത്തോടുള്ള അനാദരവും അവഹേളനവുമാണ്. അത് തിരിച്ചറിയാനും തിരുത്താനും സര്‍ക്കാറിന് കഴിയണം. അല്ലാത്തിടത്ത് ജനം തിരുത്തല്‍ ശക്തിയാകും. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലാവുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്. ദുരിതക്കയത്തില്‍ ആഴ്ന്നുപോകുന്ന ജനം വിയോജിപ്പിന്റെ ശബ്ദം വോട്ടായി രേഖപ്പെടുത്തുമ്പോള്‍ അതിനെ ഉള്‍കൊള്ളാന്‍കൂടി അധികാര കേന്ദ്രങ്ങളിലുള്ളവര്‍ ആര്‍ജ്ജവം കാണിക്കുമെന്ന് പ്രതീക്ഷിക്കാം.