X

കൊലക്കളമാവുന്നു നമ്മുടെ നാട്

എട്ട് മാസത്തിനിടെ 1,75,000 ക്രിമിനല്‍ കേസുകള്‍-ഈ ഞെട്ടിക്കുന്ന കണക്ക് ബിഹാറിലേതോ, ഒറീസയിലേതോ അല്ല. നമ്മുടെ കൊച്ചു കേരളം എത്രമാത്രം ക്രിമിനല്‍വല്‍ക്കരിക്കപ്പെടുന്നു എന്നതിന്റെ നേര്‍ചിത്രമാണിത്. ഈ കണക്ക് ഊഹാപോഹമല്ല-ഇടത് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുളള കണക്ക് സമര്‍പ്പിച്ചിരിക്കുന്നത് സംസ്ഥാന രഹസ്യാന്വേഷണ വകുപ്പാണ്. കലാപങ്ങളുടെ നാടായിരിക്കുന്നു കേരളം. എങ്ങും എവിടെയും പ്രശ്‌നങ്ങള്‍. അതില്‍ ഒടുവിലത്തെ ഉദാഹരണമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിച്ചിരിക്കുന്നു, മറ്റ് കൊലപാതകങ്ങള്‍ കൂടിയിരിക്കുന്നു, ക്രിമിനല്‍വത്ക്കരണം പോലെ ക്വട്ടേഷന്‍ സംഘങ്ങള്‍ വ്യാപിക്കുന്നു, പൊലീസിന് വിശ്രമമില്ലാത്ത തരത്തില്‍ രാത്രിയും പകലുമെല്ലാം കൊലപാതകങ്ങള്‍ വര്‍ധിക്കുന്നു. പിടിച്ചുപറിയും മോഷണവും നിര്‍ബാധം നടക്കുന്നു. കേസുകളുടെ എണ്ണത്തിലെ ഭീതീതമായ വര്‍ധനയില്‍ ആഭ്യന്തര വകുപ്പ് നോക്കുകുത്തിയെ പോലെ നില്‍ക്കുന്നു. ഇത്തരത്തില്‍ കേസുകളുടെ വര്‍ധന കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡാണ്. പൊലീസ് കേന്ദ്രങ്ങളും കുറ്റാന്വേഷണ രംഗത്തെ വിദഗ്ദ്ധരുമെല്ലാം ഒരു പോലെ പറയുന്നു-ഈ വര്‍ധനയില്‍ ആശങ്കപ്പെടണമെന്ന്. നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം രഹസ്യാന്വേഷണ വിഭാഗം തന്നെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സാംസ്‌കാരിക കേരളം ഞെട്ടല്‍ പ്രകടിപ്പിച്ച് നില്‍ക്കുമ്പോള്‍ ആഭ്യന്തര വകുപ്പിനും ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും മാത്രം ഞെട്ടലില്ല എന്നത് ക്രിമിനലുകളെ പിന്തുണക്കുന്നതിലുളള ഭരണകൂടത്തിന്റെ വ്യക്തമായ തെളിവായി മാറുന്നു. ഇത്തരത്തില്‍ സര്‍ക്കാര്‍ തന്നെ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുമ്പോള്‍ സമാധാനകാംക്ഷികളായ ജനങ്ങള്‍ ആശങ്കയിലാണ്. കണ്ണൂരിലും സംസ്ഥാനത്തിന്റെ മറ്റ് പലഭാഗങ്ങളിലും സി.പി.എം-ബി.ജെ.പി സംഘര്‍ഷം രൂക്ഷമാവുന്നതിനൊപ്പം കൊലപാതകങ്ങളും വര്‍ധിക്കുന്നു. കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും കൃത്യമായ നടപടികള്‍ ഉറപ്പ് വരുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുമ്പോള്‍ ആ വാഗ്ദാനങ്ങള്‍ എല്ലാം ജലരേഖകളായി മാറുകയും ചെയ്യുന്നുണ്ട്. ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം എവിടെയുമെത്തി നില്‍ക്കാതെ വരുമ്പോള്‍ രക്ഷിതാക്കള്‍ പോലും പരസ്യമായി സമരത്തിനിറങ്ങുന്ന കാഴ്ചയും കേരളത്തില്‍ കാണുന്നു. സദാചാര കൊലകള്‍ വര്‍ധിക്കുമ്പോള്‍ അതില്‍ പലതിലും ഭരണകക്ഷിയിലുളളവരുടെ പങ്കും സംശയിക്കപ്പെടുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വ്യക്തമായ ഗുഡാലോചനയുണ്ടെന്ന് ആദ്യം വ്യക്തമാക്കിയത് സിനിമാ മേഖലയിലുള്ള ഉന്നതരാണ്. അനുഭവങ്ങളില്‍ നിന്ന് അവര്‍ ഗുഢാലോചാന ആരോപിച്ചപ്പോള്‍ അത് നിഷേധിച്ചത് പൊലീസ് ഉന്നതരല്ല-അവരെയും നയിക്കുന്ന മുഖ്യമന്ത്രിയാണ്. സാധാരണ ഗതിയില്‍ അന്വേഷണം നടക്കുമ്പോള്‍ ഉന്നത സ്ഥാനത്തുളളവര്‍ ഇത്തരത്തില്‍ നിലപാട് സ്വീകരിക്കാറില്ല. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് വെച്ച് പറഞ്ഞ വാക്കുകള്‍ പൊലീസിന് പോലും ന്യായീകരിക്കാന്‍ കഴിയാത്ത അവസ്ഥയായി. പള്‍സര്‍ സുനി എന്ന ക്രിമിനലിന് പിറകില്‍ മറ്റ് പലരുമുണ്ടെന്ന് ആക്രമിക്കപ്പെട്ട താരം പറയുമ്പോള്‍, സര്‍ക്കാര്‍ എന്തിന് ആ വാദം നിരാകരിക്കുന്നു എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യം പ്രസക്തമാണ്. അന്വേഷണം പൊലീസിനാണ് നല്‍കേണ്ടത്. അവര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ എന്തിന് ഭരണകൂടം നിലപാട് വ്യക്തമാക്കണം… ജിഷ്ണു പ്രണോയിയുടെ കേസില്‍ ആ കുട്ടിയുടെ രക്ഷിതാക്കള്‍ എത്രയോ തവണ അഭ്യര്‍ത്ഥിച്ചിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി ആ വീട്ടിലേക്ക് പോയില്ല-ആ മാതാവിന്റെ കണ്ണുനീര്‍ കാണുന്നില്ല. തിരുവനന്തപുരം യുനിവേഴ്‌സിറ്റി കോളജില്‍ സദാചാര പൊലീസ് ചമയാന്‍ ഭരണകക്ഷിയുടെ വിദ്യാര്‍ത്ഥി സംഘടനയിലെ ചിലര്‍ ശ്രമിക്കുന്നതായി ആരോപണമുന്നയിക്കുന്നത് ആക്രമണത്തിന് വിധേയനായ വിദ്യാര്‍ത്ഥിയും അവരുടെ സുഹൃത്തുക്കളുമാണ്. എന്നാല്‍ ഇതിലും വ്യക്തമായ ഉത്തരം സര്‍ക്കാരിനില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ നിര്‍ബാധം നടക്കുമ്പോള്‍ കേവലമായ സമാധാന യോഗങ്ങള്‍ക്കപ്പുറം കാര്യങ്ങള്‍ നടക്കുന്നില്ല.
പൊലീസ് പല കാര്യങ്ങളിലും ഇരുട്ടില്‍ തപ്പുകയാണ്. വ്യക്തമായ മറുപടികള്‍ ഒരു കാര്യത്തിനുമില്ല. ഡി.ജി.പി പറയുന്നത് കേസന്വേഷണം മാജിക്ക് അല്ലെന്നാണ്. പള്‍സര്‍ സുനിയെ കോടതി വരാന്തയില്‍ മല്‍പ്പിടുത്തതിലുടെ കീഴടക്കിയത് അഭിമാനമാണെന്ന് പറയുന്ന ഉന്നത പൊലീസ് മേധാവികള്‍ക്ക് ഇത് വരെ ആ ക്രിമിനല്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കേസിലെ നിര്‍ണായക തെളിവാകുമെന്ന് കരുതപ്പെടുന്ന മൊബൈല്‍ ഫോണ്‍ കായലിലേക്ക് വലിച്ചെറിഞ്ഞെന്ന പ്രതിയുടെ മൊഴി വിശ്വസിക്കുകയല്ലാതെ മറ്റൊരു വഴിയില്ലാതെ പൊലീസ് പിന്മാറുമ്പോള്‍ നമ്മുടെ നാടിന്റെ ഈ ദുര്‍ഘട യാത്രയില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ട്. കേവലം രാഷ്ട്രീയമായ ആരോപണമല്ല കേസുകള്‍ വര്‍ധിച്ചുവെന്നത്. രാഷ്ട്രീയമായ വാക്കുകളാണെങ്കില്‍ അതിന് സര്‍ക്കാരിന് മറുപടി നല്‍കാം. പക്ഷേ ഇത് ആഭ്യന്തര വകുപ്പ് തന്നെ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ്. നിയമസഭാ സമ്മേളനം നടക്കുന്ന വേളയില്‍ ഈ കാര്യത്തില്‍ വ്യക്തമായ ഉത്തരം സര്‍ക്കാര്‍ നല്‍കണം. ക്രിമിനലുകളെ നിലക്ക് നിര്‍ത്തണം. സമാധാന ജീവിതം ഉറപ്പ് വരുത്തണം. അതിന് മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങണം. അദ്ദേഹത്തില്‍ നിന്നും രാഷ്ട്രീയ വെല്ലുവിളികളല്ല കേരളം ആവശ്യപ്പെടുന്നത്. പക്വമായ പ്രവര്‍ത്തനവും മറുപടിയുമാണ്.

chandrika: