X
    Categories: Views

കുട്ടിക്കുറ്റവാളികളെ കരുതിയിരിക്കേണ്ട കാലം

രാജ്യത്ത് പീഡനക്കേസില്‍ പിടിയിലാവുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നത് ആധിയും ആശങ്കയുമുയര്‍ത്തുന്നതാണ്. ഓരോ നാലു മണിക്കൂറിലും ഒരു കൗമാരക്കാരന്‍ കേസുകളില്‍ പ്രതികയാവുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഓരോ രണ്ടു മണിക്കൂറിലും ഒരു കൗമാരക്കാരന്‍ അറസ്റ്റിലാവുന്നുവെന്നതും സമൂഹ മന:സാക്ഷിയെ പിടിച്ചുകുലുക്കുന്നതാണ്. കുറ്റകൃത്യങ്ങള്‍ക്ക് ചുറ്റുപാടുകളും സാഹചര്യങ്ങളും പറുദീസയൊരുക്കുന്നതും പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന ശിക്ഷാനിയമങ്ങളും കുട്ടിക്കുറ്റവാളികളുടെ എണ്ണം പെരുകുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. രാജ്യത്തിന്റെ നല്ല നാളേക്കു വേണ്ടി കരുതലൊരുക്കുമ്പോള്‍ തന്നെ കുട്ടിപ്പീഡകരുടെ കാര്യത്തില്‍ കണ്ണും കാതും കൂര്‍പ്പിച്ച് കാവലിരിക്കേണ്ട കാലം അതിക്രമിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മ്ര്രന്താലയത്തിന്റെ റിപ്പോര്‍ട്ട് നല്‍കുന്ന പാഠമാണ്. 2014 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ രാജ്യത്ത് 6039 കുട്ടികളാണ് പീഡന കേസുകളില്‍ അഴിക്കുള്ളിലായതെങ്കില്‍ 2017ല്‍ നാലു ശതമാനത്തോളം വര്‍ധനവോടെയാണ് രാജ്യം കുട്ടിക്കുറ്റകൃത്യങ്ങളില്‍ കുതിക്കുന്നത്. 2014ല്‍ പിടിയിലായ 1592 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുറ്റവാളികളുടെ കണക്കുകളും നടപ്പുവര്‍ഷം ഭേദിച്ച് മുന്നേറുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ ഇത് ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ കണക്കുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. കൊലപാതകം ബലാത്സംഗം, മോഷണം, മയക്കുമരുന്ന് കടത്തും ഉപയോഗവും, സ്വവര്‍ഗരതി, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങി മുതിര്‍ന്നവര്‍ ചെയ്യുന്ന മുഴുവന്‍ കുറ്റകൃത്യങ്ങളിലും കുട്ടികള്‍ പിടിയിലാകുന്നു എന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞ വര്‍ഷം ജുവനൈല്‍ കുറ്റകൃത്യങ്ങളില്‍ ആറു ശതമാനം ബലാത്സംഗവും 4.7 ശതമാനം സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും 20 ശതമാനം മോഷണവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുറ്റകൃത്യങ്ങളുടെ എണ്ണത്തിന്റെ തോത് കൂടുന്നത് മാത്രമല്ല, എല്ലാതരം കുറ്റങ്ങളിലും കുട്ടികളുടെ സജീവ പങ്കാളിത്തം വര്‍ധിച്ചുവരുന്നു എന്നത് ഏറെ പേടിപ്പെടുത്തന്നതാണ്.

ചെറുപ്രായത്തില്‍ തന്നെ കൊലപാതകവും ബലാത്സംഗവും അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് അടിമയാകുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരുന്നതിന്റെ സാമൂഹിക കാരണങ്ങള്‍ പലരും പലതവണ പഠനവിധേയമാക്കിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ക്രിമിനല്‍ കേസുകളില്‍ കുട്ടികള്‍ പ്രതികളാകുന്നതിന് സമൂഹത്തിലെ അരാജകത്വത്തെ മാത്രം പഴിചാരി കയ്യൊഴിയുന്നതില്‍ കാര്യമില്ല. ഹൈസ്‌കൂള്‍ തലത്തില്‍ എത്തുമ്പോഴേക്ക് സ്വഭാവത്തിലും സാമൂഹികാവബോധത്തിലും വൈകൃതം പേറിക്കഴിയുന്ന കുട്ടികളുടെ എണ്ണം പെരുകുന്നത് തടയാനായില്ലെങ്കില്‍ നമ്മുടെ മക്കള്‍ നമ്മുടേതല്ലാതായി മാറുമെന്ന കാര്യം തീര്‍ച്ച. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് ഒബ്‌സര്‍വേഷന്‍ സെല്ലുകളിലും സ്‌പെഷ്യല്‍ ഹോമുകളിലും കഴിഞ്ഞിരുന്ന കുട്ടികള്‍ പുറത്തിറങ്ങിയ ശേഷവും വീണ്ടും വലിയ കുറ്റവാളികളായി മാറുന്നത് ഭീതിപരത്തുന്നുണ്ട്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കേരളത്തിലെ കണക്കുകള്‍ പരിശോധിച്ചാലും കുട്ടിക്കുറ്റവാളികളുടെ കടന്നുകയറ്റം കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ എത്രമാത്രം അസ്വസ്ഥപ്പെടുത്തുന്നുവെന്ന് കാണാന്‍ കഴിയും. നാല്‍പതു ശതമാനത്തിലധികം വര്‍ധനവാണ് കുറ്റകൃത്യങ്ങളുടെ സര്‍വ മേഖലകളിലും അടയാളപ്പെടുത്തിയിരിക്കുന്നത്. ഒരിക്കല്‍ പിടിക്കപ്പെട്ട് നല്ല നടപ്പിന് വിധേയരായവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നത് പതിവാകുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിസാര കുറ്റങ്ങളില്‍ കുടുങ്ങി ഒടുവില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ നീരാളിക്കൈകളില്‍ അകപ്പെടുന്ന കുട്ടികള്‍ പിന്നീട് കൊടും ക്രിമിനലുകളായി പരിവര്‍ത്തിക്കപ്പെടുന്ന രീതിയാണ് കണ്ടുകൊണ്ടിരിക്കുന്നത്. പ്രായപൂര്‍ത്തിയാവുന്നതോടെ ഇവര്‍ മറ്റു കുറ്റവാളികള്‍ക്കൊപ്പം പല കേസുകളിലും പ്രതിയായി മാറുകയും ചെയ്യുന്നു. ഇതിനു വിഭിന്നമായി, കുറ്റകൃത്യങ്ങളില്‍ നിന്ന് പാടെ മാറിനിന്നു ജീവിതം മുന്നോട്ടു നയിക്കുന്നവരെ വളരെ വിരളമായി മാത്രമെ കാണുന്നുള്ളൂ.

ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് അറുനൂറിലധികം കേസുകളില്‍ കുട്ടികള്‍ പിടിയിലായിട്ടുണ്ട്. ഇവയില്‍ പലതും പുതിയ തലമുറ അങ്ങേയറ്റം അപകടാവസ്ഥയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്ന കേസുകളാണ്. സ്വന്തം അമ്മ വസ്ത്രം മാറുന്നത് മൊബൈലില്‍ പകര്‍ത്തി യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്ത പത്തുവയസുകാരനും സ്‌കൂള്‍ ബാഗില്‍ കഞ്ചാവു പൊതിക്കെട്ടുകളുമായി പിടിയിലായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും വാട്‌സ് ആപ്പിലൂടെ സ്വന്തം ശരീര ഭാഗങ്ങളുടെ ചിത്രങ്ങള്‍ കുട്ടിക്കാമുകന് കൈമാറിയ ഒമ്പതാം ക്ലാസുകാരിയുമെല്ലാം വര്‍ത്തമാന കേരളത്തിന്റെ സ്വാസ്ഥ്യം കെടുത്തുവിധം വളര്‍ന്നു വരുന്നുണ്ട്. ദാരിദ്ര്യമോ മോശം ജീവിത പശ്ചാത്തലമോ ആണ് കുറ്റകൃത്യങ്ങള്‍ക്കു കാരണമെന്ന് കണ്ടെത്തി കൈകഴുകാനാവില്ല. വിശപ്പു മാത്രമല്ല, അതിസമ്പന്നതയും കുട്ടികളെ കുറ്റകൃത്യങ്ങളുടെ ആഴക്കയങ്ങളിലേക്ക് തള്ളിവിടുന്നതായി കാണാനാകും.

സ്മാര്‍ട്ട് ഫോണുകളും സൂപ്പര്‍ ബൈക്കുകളുമായി കറങ്ങുന്ന കൊച്ചുകുട്ടികളാണ് ക്രിമിനല്‍ സംഘങ്ങളുടെ വലയില്‍ അകപ്പെടുന്നവരില്‍ അധികവും. 35 ശതമാനം കുട്ടികള്‍ അശ്ലീല സൈറ്റുകളില്‍ അഭയം പ്രാപിച്ചവരായി സൈബര്‍ കുറ്റകൃത്യങ്ങളുടെ പട്ടിക പരിശോച്ചാല്‍ ബോധ്യമാകും. ഇതില്‍ 45 ശതമാനവും സ്മാര്‍ട്ട് ഫോണുകളെ ആശ്രയിക്കുന്ന കുട്ടികളാണെന്ന കാര്യം ഗൗരവമേറിയതാണ്. ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്‌കീം (ഐ.സി.പി.എസ്) ഓരോ സംസ്ഥാനത്തും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ കാര്യക്ഷമമല്ലെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ബാലാവകാശ നിയമത്തില്‍ കാതലായ മാറ്റം കൊണ്ടുവന്നെങ്കില്‍ രാജ്യത്ത് അതിന്റെ അലയൊലികള്‍ പ്രതിഫലിച്ചില്ല എന്നതാണ് സമീപകാല കണക്കുകള്‍ പോലും പറയുന്നത്. ശിക്ഷകളും നിയമങ്ങളും നോക്കുകുത്തിയായി നില്‍ക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ കുറ്റകൃത്യങ്ങളിലേക്ക് വഴുതി വീഴുന്നത് ശ്രദ്ധിക്കാന്‍ രക്ഷിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. സ്വത്വ സംരക്ഷണത്തിനും നാടിന്റെ നിര്‍മിതിക്കും ഉതകുന്ന കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ കൂടുതല്‍ കരുതല്‍ വേണ്ട കാലംകൂടിയാണ്. അഹന്തയും ദുരഭിമാനവും അരങ്ങുതകര്‍ക്കുന്ന സാമൂഹികാന്തരീക്ഷത്തോട് മത്സരിക്കാന്‍ ആഢംബരങ്ങളുടെ രസപ്പകര്‍ച്ചയിലേക്ക് കുട്ടികളെ തള്ളിവിടുന്ന രക്ഷിതാക്കള്‍ ഒടുവില്‍ നഖംകടിക്കേണ്ടി വരുമെന്ന നഗ്നചിത്രമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഇത് തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ അസ്വസ്ഥതയുടെ പുകച്ചുരുളുകള്‍ പടര്‍ന്നുപിടിക്കുന്ന ആസുരകാലത്തുനിന്നും നമ്മുടെ മക്കളെ നമ്മുടേതു മാത്രമായി നമുക്ക് കാത്തുസൂക്ഷിക്കാം.

chandrika: