X
    Categories: columns

താരപ്രഭയില്‍ വീണ്ടും ജസിന്ത

ന്യൂസിലന്റുകാര്‍ക്ക് ജസിന്ത ആര്‍ഡന്‍ പ്രധാനമന്ത്രി മാത്രമല്ല, ആത്മാഭിമാനത്തിന്റെ പ്രതീകം കൂടിയാണ്. ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ താരപരിവേഷത്തോടെ അവര്‍ വീണ്ടും പ്രധാനമന്ത്രിപദം അലങ്കരിക്കുമ്പോള്‍ ഒരു ജനത ഒന്നടങ്കം പുളകംകൊള്ളുന്നുണ്ട്. ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും വിനയവുമാണ് ജസിന്തയെന്ന ഭരണാധികാരിയെ വ്യത്യസ്തയാക്കുന്നത്. ചരിത്ര വിജയം സമ്മാനിച്ച് ജനങ്ങള്‍ അവരെ അധികാരക്കസേരയില്‍ വീണ്ടും പിടിച്ചിരുത്തിയതും മറ്റൊന്നുകൊണ്ടല്ല. അവിവേകികളും അഹങ്കാരികളുമായ ആധുനിക ഭരണാധികാരികള്‍ക്കിടയില്‍ ഇതുപോലൊരാള്‍ ഉണ്ടായിരുന്നോ എന്നുപോലും വരുംതലമുറ സംശയിച്ചുപോകും. സ്വന്തം പൗരന്മാരെ ഉപാധികളില്ലാതെ സ്‌നേഹിക്കുകയും മുന്‍വിധികളില്ലാതെ സേവിക്കുകയും ചെയ്തു എന്നതാണ് ജസിന്തയുടെ വിജയ രഹസ്യം.
ഭരണാധികാരി എങ്ങനെ ആയിരിക്കണമെന്ന വലിയ പാഠം ചുരുങ്ങിയ കാലംകൊണ്ട് ലോകത്തിന് പകര്‍ന്നുനല്‍കാന്‍ അവര്‍ക്ക് സാധിച്ചു. ന്യൂസിലന്റ് തെരഞ്ഞെടുപ്പ് ഇത്രയേറെ ശ്രദ്ധ പിടിച്ചുപറ്റിയതും ജസിന്തയുടെ സാന്നിധ്യമാണ്. പ്രതീക്ഷിച്ച ഫലം തന്നെയാണ് പുറത്തുവന്നിരിക്കുന്നത്. 120 അംഗ പാര്‍ലമെന്റില്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് 64 സീറ്റ് ലഭിച്ചിട്ടുണ്ട്. എതിരാളികള്‍ ഏറെ പിന്തള്ളപ്പെടുകയും ചെയ്തു. ആരെയും ആശ്രയിക്കാതെതന്നെ സര്‍ക്കാരുണ്ടാക്കാം. അനവധി വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് ന്യൂസിലന്റില്‍ ഏകപാര്‍ട്ടി ഭരണം വരുന്നതെന്ന പ്രത്യേകതകൂടി ഇത്തവയുണ്ട്. ലേബര്‍ പാര്‍ട്ടിയുടെ ചരിത്രനേട്ടങ്ങള്‍ അത്രയും ജസിന്തക്ക് അവകാശപ്പെട്ടതാണ്. ഒരുപാട് ഘടകങ്ങള്‍ അവരുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കാണാം. ഏതെങ്കിലുമൊരു വിഷയത്തില്‍ മാത്രം അത് ഒതുങ്ങുന്നില്ല.
2017 ഒക്ടോബര്‍ 17ന് ന്യൂസിലന്റിന്റെ പ്രധാനമന്ത്രിയാകുമ്പോള്‍ ജസിന്തക്ക് പ്രായം 37. 10 വര്‍ഷം ഭരണം കൈയടക്കിവെച്ചിരുന്ന നാഷണല്‍ പാര്‍ട്ടിയെ തറപറ്റിച്ച് ലേബര്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച ചെറുപ്പക്കാരിയായ രാഷ്ട്രീയ നേതാവില്‍ രാജ്യത്തിന് പ്രതീക്ഷയുണ്ടായിരുന്നു. 2018 ജനുവരിയില്‍ പ്രധാനമന്ത്രി പ്രസവാവധിയില്‍ പോകുന്ന പ്രഖ്യാപനം കേട്ടപ്പോള്‍ മുതലാണ് ലോകം അവരെ ശ്രദ്ധിച്ചുതുടങ്ങിയത്. അസാധാരണ നീക്കത്തില്‍ കൗതുകം പ്രകടിപ്പിച്ചവരോട് ജസിന്തക്ക് പറയാനുണ്ടായിരുന്നത് ഒന്നുമാത്രം: ‘ഒരേസമയം ഒന്നിലധികം ജോലികള്‍ ചെയ്യുന്ന ആദ്യ സ്ത്രീയല്ല ഞാന്‍. എനിക്കു മുന്നേ എത്രയോ സ്ത്രീകള്‍ ഈ ദൗത്യം മനോഹരമായി നിര്‍വഹിച്ചിച്ചിരിക്കുന്നു.’ ആറാഴ്ചത്തെ പ്രസവാവധി കഴിഞ്ഞ് ഓഫീസില്‍ തിരിച്ചെത്തിയ അവര്‍ പൂര്‍വ്വാധികം ഉത്സാഹത്തോടെ ഭരണകാര്യങ്ങളില്‍ മുഴുകി. ഔദ്യോഗിക പദവികളും അനുബന്ധ ജോലിത്തിരക്കുകളും അമ്മയാകുന്നതിന് തടസ്സമല്ലെന്ന് തെളിയിക്കുകയായിരുന്നു ജസിന്ത. കുടുംബിനിയായും പ്രധാനമന്ത്രിയായും ഇരട്ട റോള്‍ കൈകാര്യം ചെയ്തു. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ മൂന്ന് മാസം പ്രായമുള്ള മകളുമായി പങ്കെടുത്തുകൊണ്ട് ജീവിതത്തോടുള്ള നിലപാടറിയിച്ചു. ഭരണാധികാരിയായിട്ടും സാധാരണ ജീവിതത്തിന്റെ ഉടയാടകള്‍ മാറ്റിവെച്ചില്ല. പ്രധാനമന്ത്രിയാകുന്നതിന്മുമ്പ് ജനങ്ങള്‍ക്കുകൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ബദ്ധശ്രദ്ധയായിരുന്നു.
2019 മാര്‍ച്ച് 15ന് വെള്ളിയാഴ്ച ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളികളില്‍ അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ട വെടിവെപ്പോടെയാണ് ജസിന്തയിലെ ഭരണകാരിയെ ലോകം അടുത്തറിഞ്ഞത്. വെള്ളക്കാരനായ ഭീകരന്‍ നടത്തിയ കൂട്ടക്കുരുതി ന്യൂസിലാന്റിന്റെ ആധുനിക ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു. ക്രൂരത കണ്ട് രാജ്യം വിറങ്ങലിച്ചുനിന്നപ്പോള്‍ ജസിന്തയിലെ പ്രധാനമന്ത്രി ഉണര്‍ന്നു. വെല്ലിങ്ടണില്‍നിന്ന് ക്രൈസ്റ്റ് ചര്‍ച്ചിലേക്ക് കുതിച്ചെത്തി. ഹിജാബ് ധരിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും നേരില്‍ കണ്ട് ആശ്വസിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍ ലോകം നെഞ്ചോട് ചേര്‍ത്തു. ന്യൂസിലാന്റിന്റെ ബഹുസ്വര സമൂഹത്തില്‍ കാരുണ്യത്തിനും കരുതലിനുമാണ് പ്രഥമ സ്ഥാനമെന്ന് അവര്‍ ഓര്‍മപ്പെടുത്തി. മാനുഷിക മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരുടെ വീടാണ് തങ്ങളുടെ രാജ്യമെന്നും അവയെ അട്ടിമറിക്കാന്‍ ഭീരുത്വം നിറഞ്ഞ ഒരു ആക്രമണത്തിലൂടെ സാധിക്കുമെന്ന് ആരെങ്കിലും സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയെന്നും പ്രസംഗങ്ങളില്‍ തുറന്നടിച്ചു.
ഭീകരാക്രമണത്തിന്‌ശേഷം ആദ്യമായി പാര്‍ലമെന്റിനെ അഭിമുഖീകരിച്ച ജസിന്ത ‘അസ്സലാമു അലൈക്കും’ എന്ന അഭിസംബോധനയോടെയാണ് പ്രസംഗം ആരംഭിച്ചത്. വെല്ലിങ്ടണിലെ അനുശോചന പുസ്തകത്തില്‍ ആദ്യ കുറിപ്പും അവരുടേതായിരുന്നു. പ്രസംഗങ്ങളില്‍ എവിടേയും ആക്രമണം നടത്തിയ ഭീകരവാദിയുടെ പേര് പരാമര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. കൂട്ടക്കുരുതി നടന്ന് ഒരാഴ്ചക്ക്‌ശേഷം വെള്ളിയാഴ്ച ക്രൈസ്റ്റ്ചര്‍ച്ചിലെ പബ്ലിക് പാര്‍ക്കില്‍ നടന്ന ജുമുഅ വീക്ഷിക്കാന്‍ ജസിന്തയും എത്തി. നമസ്‌കാരവും അനുബന്ധ പരിപാടികളും ദേശവ്യാപകമായി തത്സമയം സംപ്രേഷണം ചെയ്തു. പൈശാചിക ആശയങ്ങളുടെ വക്താവാണ് ആക്രമണം നടത്തിയ വെള്ളക്കാരനെന്നും രാജ്യത്തെ വലിച്ചുകീറാനായിരുന്നു അയാളുടെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. ജസിന്തയുടെ പ്രവര്‍ത്തനം സാന്ത്വനത്തില്‍ മാത്രം ഒതുങ്ങിയില്ല. ഭീകരാക്രമണം നടന്ന് ഒരാഴ്ചക്കകം രാജ്യത്ത് തോക്ക് നിരോധനം പ്രഖ്യാപിച്ച് ഭീകരവിരുദ്ധ പോരാട്ടത്തില്‍ നിശ്ചയദാര്‍ഢ്യം തെളിയിച്ചു. തോക്കുകള്‍ കൈവശം വെക്കുന്നവരില്‍നിന്ന് പിടിച്ചുവാങ്ങുകയും ചെയ്തു. പ്രധാനമന്ത്രിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ ഇതെല്ലാം കാരണമായി.
രാജ്യത്ത് കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടിയും ജസിന്ത അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രോഗവ്യാപനത്തിന്മുന്നില്‍ പകച്ചുനില്‍ക്കുമ്പോഴാണ് ന്യൂസിലന്റ് അസാധാരണ കൈയടക്കത്തോടെ മിടുക്ക് കാട്ടിയത്. ഫെബ്രുവരിയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍തന്നെ ജസിന്ത പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മാര്‍ച്ചില്‍ രാജ്യ വ്യാപകമായി രോഗപരിശോധനകള്‍ നടത്തി. അതിശയിപ്പിക്കുന്ന ഉല്‍സാഹത്തോടെയാണ് ഭരണകൂടം കോവിഡിനെ നേരിട്ടത്. രാജ്യത്തെ അവസാന രോഗിയും സുഖമായെന്ന് ഉറപ്പുവരുത്തിയേ ജസിന്ത വിശ്രമിച്ചുള്ളൂ. കോവിഡിനെ തുരത്തിയ ആത്മവിശ്വാസത്തോടെ തന്നെയാണ് അവര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനങ്ങളോട് കൂറുപുലര്‍ത്തുകയും വാക്കുപാലിക്കുകയും ചെയ്തതുകൊണ്ട് വിജയം ഇരന്നുവാങ്ങേണ്ടിവന്നില്ല. പൊതുജീവിതത്തില്‍ ഒരു വ്യക്തിക്കുണ്ടായിരിക്കേണ്ട നേതൃഗുണങ്ങള്‍ എന്തായിരിക്കണമെന്ന ചോദ്യത്തിന് ജസിന്തയുടെ ജീവിതത്തില്‍ മറുപടിയുണ്ട്. ആത്മാര്‍ത്ഥതയും സത്യസന്ധതയും വിശാല മനസ്‌കതതയുമുണ്ടെങ്കില്‍ ഏത് പ്രതിസന്ധികളെയും തരണം ചെയ്യാമെന്ന് ജസിന്തയുടെ രാജ്യം ഓര്‍മിപ്പിക്കുന്നു. പൗരന്മാരെ ആട്ടിപ്പുറത്താക്കാന്‍ പദ്ധതികള്‍ ആലോചിക്കുകയും അവരെ വേട്ടയാടുന്നതില്‍ ആഹ്ലാദം കാണുകയും ചെയ്യുന്ന ഭരണാധികാരികളെക്കൊണ്ട് പല രാജ്യങ്ങളും പൊറുതിമുട്ടുമ്പോള്‍ ന്യൂസിലന്റിന്റെ ജസിന്ത ലോകത്തിന് മാതൃകയാവുകയാണ്.

web desk 1: