X
    Categories: columns

ആത്മഹത്യാപരം

1964ല്‍ കോണ്‍ഗ്രസ് വിട്ടുപോന്ന കെ.എം ജോര്‍ജിലൂടെ രൂപീകൃതമായ കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പല ഘട്ടങ്ങളില്‍ പലവിധ കാരണങ്ങളാല്‍ പലതായി പിളരേണ്ടിവന്നെങ്കിലും ഇടതുപക്ഷ മുന്നണിക്കെതിരെ കേരളത്തിന്റെ ജനാധിപത്യ ചേരിക്കൊപ്പം അടിയുറച്ചുനിന്ന മഹിതചരിത്രമാണുള്ളത്. 1979ല്‍ കെ.എം മാണി നേതാവായി രൂപീകൃതമായ കേരള കോണ്‍ഗ്രസ്സിന് (എം) അതിന്റെ നാലുപതിറ്റാണ്ടത്തെ ചരിത്രത്തില്‍ ഹ്രസ്വ ഇടവേളയൊഴിച്ച് ഐക്യജനാധിപത്യ മുന്നണിയുടെ തറവാട്ടിലായിരുന്നു സ്ഥാനം. 2019 ഏപ്രിലിലെ കെ.എം മാണിയുടെ വിയോഗത്തോടെ പുത്രന്‍ ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗം ആ പാര്‍ട്ടിയുടെ ചിരകാല തത്വങ്ങളെല്ലാം ബലികഴിച്ചാണ്, ഏതാനും മാസങ്ങളായി യു.ഡി.എഫിന് പുറത്തുനിന്നശേഷം ഇടതുമുന്നണിയിലേക്ക് പോകുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തോടും ജനാധിപത്യ മതേതര വിശ്വാസികളോടുമുള്ള വഞ്ചനയെന്നല്ലാതെ ഇതിനെ വിശേഷിപ്പിക്കാനാകില്ല. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സമാധാനത്തിന്റെയും മാനമര്യാദകളുടെയും പൂമുഖത്തുനിന്ന് അഴിമതിയിലും കെടുകാര്യസ്ഥതയിലും കൊലപാതക രാഷ്ട്രീയത്തിലും ആണ്ടിറങ്ങിയിരിക്കുന്ന മറുമുന്നണിയിലേക്ക് ചേക്കാറാനുള്ള ജോസ്.കെ മാണിയുടെ തീരുമാനം ആത്മവഞ്ചനയും ആത്മഹത്യാപരവുമാണ്. മുങ്ങുന്ന കപ്പലിലേക്ക് എടുത്തുചാടുന്നവരെക്കുറിച്ച് സഹതപിക്കുകയല്ലാതെന്തുമാര്‍ഗം!
മുന്‍ വര്‍ക്കിംഗ് ചെയര്‍മാനായ തലമുതിര്‍ന്ന നേതാവ് പി.ജെ ജോസഫാണ് നിലവിലെ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍. ഇവരിന്നും യു.ഡി.എഫിനോടൊപ്പമുണ്ട്. എന്നാല്‍ പി.ജെ ജോസഫുള്ള മുന്നണിയില്‍ താനില്ലെന്ന ബാല്യസമാനമായ പിടിവാശിയാണ് ജോസ് കെ. മാണി സ്വീകരിച്ചത്. പാലായില്‍ കെ.എം മാണി അന്തരിച്ച ഒഴിവില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി കേരളകോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി പരാജയപ്പെടാനിടയായതില്‍ മറ്റാരേക്കാള്‍ ഉത്തരവാദിത്വം അദ്ദേഹത്തിന്റെ പുത്രനായ ജോസ് കെ.മാണിക്ക് തന്നെയാണെന്ന് സാമാന്യമായി വിലയിരുത്താനാകും. എന്നാല്‍ അതിന്റെ കെറുവ് മുഴുവന്‍ ഐക്യജനാധിപത്യ മുന്നണിയിലേക്ക് ചാരാനാണ് ജോസ് നിര്‍ഭാഗ്യവശാല്‍ ശ്രമിച്ചത്. 2014ലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയില്‍നിന്നുകൊണ്ട് പാര്‍ട്ടിയിലെ എതിര്‍ചേരിയുടെയും ഘടകകക്ഷികളുടെയും സഹായത്തോടെ കോട്ടയത്തുനിന്ന് വിജയിച്ചശേഷം ജോസ് കെ.മാണി പിന്നീട് രാജ്യസഭാസീറ്റ് വാങ്ങി വീണ്ടും എം.പിയായത്. 2019ലെ പൊതുതിരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസില്‍നിന്ന് കെ.എം മാണിയുടെ ആശിസ്സുകളോടെയാണ് കോട്ടയം സീറ്റില്‍ തോമസ് ചാഴിക്കാടന്‍ വിജയിച്ചതും ചിന്ത്യം. ഇതിനെല്ലാം കാരണം പി.ജെജോസഫിന്റെയും കൂട്ടരുടെയും കളങ്കമില്ലാത്ത പിന്തുണ മാണിക്കും മുന്നണിക്കും ലഭിച്ചതുകൊണ്ടായിരുന്നു. കോട്ടയം ജില്ലാപഞ്ചായത്ത് അധ്യക്ഷ പദവിയിലായി പിന്നീടുള്ള പിടുത്തം. കരാര്‍ പ്രകാരം അധ്യക്ഷസ്ഥാനം കൈമാറണമെന്നുണ്ടായിട്ടും അതിന് വഴങ്ങാത്തതിനാല്‍ ഗത്യന്തരമില്ലാതെ മുന്നണി യോഗങ്ങളില്‍ തല്‍കാലത്തേക്ക് പങ്കെടുക്കേണ്ടതില്ലെന്ന് ജോസിനെ യു.ഡി.എഫ് നേതൃത്വം അറിയിക്കുകയായിരുന്നു. എന്നിട്ടും ചര്‍ച്ചയിലൂടെയും സമവായത്തിലൂടെയും പരമാവധി സംയമനം പ്രകടിപ്പിച്ച മുന്നണി നേതൃത്വത്തെ വഴിയിലിട്ടാണ് ജോസും കൂട്ടരുമിപ്പോള്‍ ഇടതുപാളയത്തിലേക്ക് ചേക്കേറിയിരിക്കുന്നത്.
സത്യത്തില്‍ ജോസ് കെ. മാണി ഇതിന് കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയേണ്ടിയിരിക്കുന്നു. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭാകാലത്ത് തന്റെ വന്ദ്യപിതാവും അര നൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ പാര്‍ലമെന്ററി പരിചയ സമ്പത്തുമുള്ള കെ.എം മാണിയെ കേരളത്തിന്റെ പാരമ്പര്യത്തെയും രാഷ്ട്രീയ മഹിമയെയും കാറ്റില്‍പറത്തി പരസ്യമായി ആക്ഷേപിച്ചവരാണ് ജോസ് ഇപ്പോള്‍ ചെന്നെത്തിയിരിക്കുന്ന ഇടതുമുന്നണിയിലുള്ളത്. അക്കാര്യം ജോസിനേക്കാള്‍ അറിയുന്ന മറ്റാരും ഭൂമി മലയാളത്തിലുണ്ടാകുമെന്ന ് തോന്നുന്നില്ല. നിയമസഭയില്‍ മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന് പറഞ്ഞ് സഭയിലുടനീളം ഓടിനടന്നും സ്പീക്കറെയും ഭരണപക്ഷാംഗങ്ങളെയും കയ്യേറ്റംചെയ്തും ചരിത്രത്തെ നാണംകെടുത്തിയവരാണ് ഇപ്പോള്‍ മാണി പുത്രനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതെന്നത് രാഷ്ട്രീയ നൈതികതയുടെയും ധാര്‍മികതയുടെയും പ്രശ്‌നമാണ്. സാമാന്യജനം രാഷ്ട്രീയത്തെ പുച്ഛിക്കാന്‍ ഇടയാക്കുന്ന സംഗതിയാണിത്. രണ്ടുലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം വരുത്തി കേരളം അന്നേവരെ കൊണ്ടുനടന്ന സകലമാന രാഷ്ട്രീയമര്യാദകളുടെയും കടയ്ക്കല്‍ കത്തിവെക്കുകയായിരുന്നു സി.പി.എമ്മും കൂട്ടരുമന്ന്്. നിയമസഭയിലെ ആ പരിതാപ നാടകത്തിനെതിരായ കേസില്‍നിന്ന് തലയൂരാന്‍ നെട്ടോട്ടമോടുകയാണ് സര്‍ക്കാരിന്റെ ഒത്താശയോടെ സി.പി.എം നേതാക്കള്‍. മാന്യതയുടെ പര്യായമായ കെ.എം മാണിയെയും കുടുംബത്തെയും ഇല്ലാത്ത ബാര്‍ കോഴ ആരോപണത്തിന്റെ മുള്‍മുനയില്‍ തറച്ചായിരുന്നു ഈ ക്രൂശിക്കലെല്ലാം. ബൈബിള്‍ ഉദ്ധരിച്ചുവരെ മാണിയെ അന്നത്തെ പ്രതിപക്ഷ നേതാവ് വാക്കുകളുടെ കുരിശില്‍ തറച്ചത് ജനം കേട്ടതും കണ്ടതുമാണ്. അതേ മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞ് പറ്റിച്ചതും അതേ സി.പി.എം ആയിരുന്നു. സി.പി.എം പാര്‍ട്ടി പ്ലീനത്തില്‍വരെ പങ്കെടുപ്പിക്കാന്‍ സി.പി.എം കൗശലം കാട്ടി. നാലു വോട്ടിനുവേണ്ടി മുന്നണിയിലേക്ക് ആകര്‍ഷിക്കാനുള്ള പച്ചിലകള്‍ മാത്രമാണ് അവയെന്ന് മനസ്സിലാക്കാന്‍ കെ.എം മാണിക്ക് പക്ഷേ അധികനാള്‍ വേണ്ടിവന്നില്ല.
രാഷ്ട്രീയമായി നിരാശപ്പെടേണ്ടിവന്നാലും ഇടതുമുന്നണിയിലേക്കില്ലെന്ന പക്ഷക്കാരനായിരുന്നു കെ.എം മാണിയെന്ന് കേരള കോണ്‍ഗ്രസ് ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും അറിയാവുന്ന സത്യമാണ്. ആ പാര്‍ട്ടിയുടെ അവശേഷിച്ച കഷണത്തെയാണ് മാണി പുത്രന്‍ ഇപ്പോള്‍ യാതൊരുപാധിയുമില്ലാതെ സി.പി.എമ്മിന്റെ തൊഴുത്തില്‍കൊണ്ട് കെട്ടിയിരിക്കുന്നത്. രാഷ്ട്രീയത്തിലെ തത്വദീക്ഷക്കും മൂല്യങ്ങള്‍ക്കും തരിമ്പും വിലയില്ലെന്നും ഏതുവിധേനയും അധികാരം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നുമാണ് സി.പി.എം ഇതിലൂടെ വ്യക്തമാക്കുന്നത്. അതിനുവേണ്ടി ചിരകാല ഘടകക്ഷിയായ എന്‍.സി.പിയെ തഴയാനും അവര്‍ തയ്യാറാണ്. ഇതോടെ യു.ഡി.എഫ് തകര്‍ന്നെന്നും തങ്ങള്‍ അവഹേളിച്ച മാണിയുടെ പുത്രനിലൂടെ ഇനിയും ഭരിക്കാമെന്നും കരുതുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ്. പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ രാഷ്ട്രീയത്തില്‍ രണ്ടുംരണ്ടും നാലല്ലെന്ന് അറിയണമെങ്കില്‍ മുമ്പൊരിക്കല്‍ തുടര്‍ഭരണം സ്വപ്‌നംകണ്ട് നാലാം വര്‍ഷത്തില്‍ തിരഞ്ഞെടുപ്പിലേക്കുപോയ സ്വന്തം സര്‍ക്കാരിനെ ഓര്‍ത്താല്‍ മതി. കയ്യാലപ്പുറത്തെ തേങ്ങയായി ഇടതുമുന്നണിയിലിരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് കെ.എം മാണിയുടെ പുത്രന്‍ തന്നെയാണ്.

web desk 1: