X
    Categories: columns

കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ദലിത് വിരുദ്ധ ‘നാടകം’

പ്രശസ്ത നടന്‍ അന്തരിച്ച കലാഭവന്‍ മണിയുടെ സഹോദരന്‍ മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റുള്ള ചാലക്കുടി സ്വദേശി ആര്‍.എല്‍.വി രാമകൃഷ്്ണനോട് അദ്ദേഹം വിശ്വസിക്കുന്ന പ്രസ്ഥാനവും സര്‍ക്കാരും കാണിച്ച ദലിത് വിരോധം പുരോഗമനകേരളത്തിനേറ്റ മുറിവാണ്. ദലിതനായതിനാല്‍ സാംസ്‌കാരിക വകുപ്പിന് കീഴിലെ കേരള സംഗീത നാടക അക്കാദമിയുടെ ഭാരവാഹികള്‍ തന്നോട് അപമര്യാദ കാണിച്ചെന്നും അതിനുത്തരവാദികളായവരെ പിരിച്ചുവിടണമെന്നുമാണ് രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്കുനേരിട്ട അവഗണനയിലും വഞ്ചനയിലും പ്രതിഷേധിച്ച് ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഈ അനുഗൃഹീത കലാകാരാന്‍ മരണത്തില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടിരിക്കുന്നത്. സി.പി.എം എന്ന പാര്‍ട്ടിയും അത് നേതൃത്വം വഹിക്കുന്ന മുന്നണിയും ഭരിക്കുന്ന ഘട്ടത്തില്‍ കലാകാരന്മാര്‍ക്കും ദലിതുകള്‍ക്കും പാവപ്പെട്ടവര്‍ക്കും രക്ഷയില്ലെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ആര്‍.എല്‍.വി രാമകൃഷ്ണനിലൂടെ തെളിഞ്ഞിരിക്കുന്നത്. ഇത് കേവലം ദലിതന്റെയോ ഒരു കലാകാരന്റെയോ മാത്രം പ്രശ്‌നമല്ലെന്നും മുഴുവന്‍ മലയാളികളുടെയും ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണെന്നും മുരത്ത സവര്‍ണ ജാതിചിന്ത മനസ്സിലടിഞ്ഞുകൂടാത്ത ഏതൊരാള്‍ക്കും എളുപ്പത്തില്‍ തിരിച്ചറിയാനാകും.
തൃശൂര്‍ ആസ്ഥാനമായ സംഗീത നാടക അക്കാദമി കോവിഡ് കാലത്ത് നടത്താന്‍ പരിപാടിയിട്ടതും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സാംസ്‌കാരിക മന്ത്രി പറയുന്നതുമായ ഓണ്‍ലൈനിലൂടെയുള്ള നൃത്ത മല്‍സരം സംബന്ധിച്ചാണ് വിവാദം. മോഹിനിയാട്ടത്തില്‍ എം.എയും ഡോക്ടറേറ്റും നേടിയിട്ടുള്ള രാമകൃഷ്ണന്‍ ഇതൊരു അസുലഭാവസരമായി കണ്ടതില്‍ തെറ്റില്ല. ചട്ടമനുസരിച്ച് തന്റെ ആഗ്രഹം സംഗീത നാടക അക്കാദമി ഭാരവാഹികളെ അറിയിച്ചതോടെ തീര്‍ത്തും നിഷേധാത്മകവും നിരാശാജനകവുമായ മറുപടിയാണ് ലഭിച്ചതത്രെ. ഇടതുപക്ഷക്കാരനായ തന്നോട് അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍നായര്‍, താന്‍ മോഹിനിയാട്ടം അവതരിപ്പിച്ചാല്‍ മറ്റുള്ളവര്‍ക്കത് ഇഷ്ടപ്പെടില്ലെന്ന് പറഞ്ഞ് പിന്തിരിപ്പിച്ചതായാണ് രാമകൃ്ഷണന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതേതുടര്‍ന്ന് അക്കാദമിക്ക് മുമ്പില്‍ ധര്‍ണ നടത്താന്‍വരെ രാമകൃഷ്ണന്‍ തയ്യാറായി. വേണമെങ്കില്‍ മോഹിനിയാട്ടത്തെപ്പറ്റി പ്രസംഗിക്കാമെന്നും എന്നാലും മോഹിനിയാട്ടം അവതരിപ്പിക്കരുതെന്നുമെന്നാണത്രെ സെക്രട്ടറി പറഞ്ഞത്. തുടര്‍ന്ന് അക്കാദമി ചെയര്‍പേഴ്‌സനായ പ്രമുഖ നടി കെ.പി.എ.സി ലളിതയെ താന്‍ എട്ടു തവണ ഫോണില്‍ ബന്ധപ്പെടുകയും ‘സെക്രട്ടറിയോട് സംസാരിച്ചിട്ടുണ്ടെന്നും അപേക്ഷ അയച്ചോളൂ’ എന്ന് പറഞ്ഞതായും രാമകൃഷ്ണന്‍ പറയുന്നു (ഇതിന്റെ ശബ്ദരേഖ പുറത്തായിട്ടുണ്ട്). എന്നാല്‍ ഇത് നിഷേധിച്ച ലളിത, രാമൃഷ്ണന്‍ കള്ളം പറയുകയാണെന്നാണ് പറഞ്ഞത്. ഇതോടെ തീര്‍ത്തും നിരാശനായ രാമകൃഷ്ണന്‍ ഒക്ടോബര്‍ രണ്ടിന് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഭാഗ്യത്തിന് അവശനിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ചാലക്കുടി ഗവ.ആസ്പത്രിയിലും തുടര്‍ന്ന് കൊരട്ടിയിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതര നില തരണംചെയ്തതായാണ് വിവരം.
ആത്മഹത്യാകുറിപ്പില്‍ രാമകൃഷ്ണന്‍ രേഖപ്പെടുത്തിയതനുസരിച്ച് സംഗീത നാടക അക്കാദമി സെക്രട്ടറിയടക്കമുള്ളവര്‍ ലിംഗ വിവേചനത്തിനും ദലിത് വിവേചനത്തിനും ശിക്ഷക്ക് വിധേയമാകണം. രാമകൃഷ്ണനെപോലെ ഒരു കലാകാരന്‍ കേരളത്തിനും കലാകേരളത്തിനും നഷ്ടമായിരുന്നുവെങ്കില്‍ എന്താകുമായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ അദ്ദേഹത്തെ അപഹസിക്കുന്നതിന് മുമ്പോ ശേഷമോ ചിന്തിച്ചിരുന്നോ. അക്കാദമി സെക്രട്ടറിയെ ന്യായീകരിച്ചുകൊണ്ട് പലരും സമൂഹമാധ്യമങ്ങളില്‍ രംഗത്തുവന്നത് കണ്ടു. അത്രക്ക് അദ്ദേഹം മാന്യനും സര്‍വജനപ്രിയനും കലാപ്രേമിയുമായിരുന്നുവെങ്കില്‍ ഒരു പണ്ഡിതനായ കലാകാരനോട് ഒരു സ്ഥാപനത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് പുരാതന തറവാട്ടുകാരണവരെപോലെ പെരുമാറുമായിരുന്നോ? കലാഭവന്‍ മണിയുടെ കലാഗൃഹത്തില്‍വെച്ച് രാമകൃഷ്ണന്‍ എഴുതിയ ആത്മഹത്യകുറിപ്പില്‍ ‘വിവേചനമില്ലാത്ത കലാലോകം ഉണ്ടാകട്ടെ’ എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. പൊതുജനങ്ങളുടെ പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ അതിന്റെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികള്‍ ഒരു പൗരനോട് ചെയ്യേണ്ടത് ഇതായിരുന്നോ എന്ന് ചിന്തിക്കുമ്പോഴാണ് ആ കസേരകളിലേക്കെത്തപ്പെട്ടവരുടെ ജാതകവും നാടകവും തികട്ടിവരുന്നത്. ഇടതുപക്ഷത്തിനുവേണ്ടി കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയവരിലൊരാളാണ് കെ.പി.എ.സി ലളിത. രാധാകൃഷ്ന്‍ നായരാകട്ടെ ഇടതുപക്ഷ സര്‍ക്കാര്‍ വരുമ്പോഴെല്ലാം ഏതെങ്കിലും അക്കാദമിയുടെയോ കലാമണ്ഡലത്തിന്റെയോ ഉന്നതാധികാര പദവികളിലൊന്നില്‍ ഇരിപ്പുറപ്പിക്കാറുണ്ട്. ‘താന്‍ പറയന്‍ എന്ന് പേരുവെക്കട്ടെ’ എന്ന രാമകൃഷ്ണന്റെ ചോദ്യം കേരളത്തിന്റെ മഹിത പാരമ്പര്യത്തിന് മേലെയാണ് കൊള്ളുന്നത്. ഒരു ഉന്നത കലാകാരനായ കമ്യൂണിസ്റ്റുകാരന് കമ്യൂണിസ്റ്റ് സര്‍ക്കാരില്‍നിന്ന് ഇതാണനുഭവമെങ്കില്‍ മറ്റുള്ളവരുടെ കാര്യം പിന്നെ പറയാനുണ്ടോ!
കണ്ണൂരില്‍ ദലിത് യുവതിയെ ഓട്ടോ ഓടിച്ചുവെന്നതിനാല്‍ സി.പി.എമ്മുകാര്‍ ആക്രമിച്ചുപരിക്കേല്‍പിച്ചതും ജോലി നഷ്ടപ്പെടുത്തിയതും കേരളം കണ്ടതാണ്. ദലിതര്‍ക്ക് പൂജാരിമാരാകാന്‍ അവസരം നല്‍കിയെന്ന് പറയുന്ന പിണറായി സര്‍ക്കാര്‍ അവര്‍ പൂജ നടത്താനായി ചെന്നപ്പോള്‍ നേരിട്ട സവര്‍ണ പീഡനത്തിനെതിരെ വിരലനക്കിയില്ലെന്നതും കേരളത്തിന് നല്ല ബോധ്യമുണ്ട്. രാധാകൃഷ്ണന്‍ നായരുടെ പാര്‍ട്ടിയുടെ ദലിത് പ്രതിനിധിയാണ് ആദിവാസി കുഞ്ഞുങ്ങളുടെ മരണത്തെ ഒന്നും രണ്ടും പോയെന്ന് അധിക്ഷേപിച്ചുകൊണ്ട് ഈ നിയമസഭയില്‍ പ്രത്യക്ഷപ്പെട്ടത്. രാമകൃഷ്ണനുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് അന്വേഷിക്കാന്‍ സാംസ്‌കാരിക വകുപ്പുസെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പറയുന്ന മന്ത്രി എ.കെ ബാലനും മുഖ്യമന്ത്രിയും പൊലീസും ഇതുവരെയും എന്തുകൊണ്ട് ഒരു ദലിത് കലാകാരന് നേരിട്ട അപമാനത്തിനെതിരെ പട്ടിക ജാതി പീഡനത്തിന് കേസെടുക്കാന്‍ തയ്യാറാവുന്നില്ല? യു.പിയിലെ ഹാത്രസില്‍ ദലിത് യുവതി മൃഗീയ ബാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടപ്പോള്‍ യോഗിയുടെ പൊലീസ് അര്‍ധരാത്രി ശവം കുഴിച്ചുമൂടാന്‍ കാട്ടിയ തിടുക്കത്തെക്കുറിച്ച് വാചാലരാകുന്ന സി.പി.എമ്മും അവരുടെ സാംസ്‌കാരിക നായകരും സ്വന്തം ഭരണത്തിന്‍ കീഴില്‍ നടന്ന ദലിത് ക്രൂരതയെ മറച്ചുപിടിക്കാന്‍ വെമ്പല്‍കൊള്ളുന്നതെന്തിന്? ഗാന്ധിജിയും അംബേദ്കറും അയ്യങ്കാളിയുമെല്ലാം ജീവിതത്തോളം പോരാടിയിട്ടും കമ്യൂണിസ്റ്റുകളുടെ മനോമുകുരങ്ങളില്‍നിന്നുപോലും ഇന്നും മായാത്തവിധം അടിഞ്ഞുകൂടിക്കിടക്കുന്ന ജാതി ചിന്തക്കെതിരായ കര്‍ശന താക്കീതാകട്ടെ ബന്ധപ്പെട്ടവര്‍ക്കെതിരെയുള്ള അടിയന്തിര നടപടി. ദലിതുകള്‍ നൂറ്റാണ്ടുകളായി നേരിടുന്ന ആത്മവിശ്വാസ രാഹിത്യത്തെ അതിലൂടെ ഇല്ലാതാക്കാനുമാകും.

web desk 1: