X
    Categories: columns

ഹത്രാസിലെ പെണ്‍കുട്ടി ഇന്ത്യയോട് ചോദിക്കുന്നത്

മനുഷ്യ മൃഗങ്ങളുടെ കൈകളില്‍ ക്രൂരമായി പിച്ചിചീന്തപ്പെട്ട് മരണത്തിന് കീഴടങ്ങിയ ഹത്രാസിലെ ദലിത് പെണ്‍കുട്ടി അനീതിയുടെ ബലിക്കല്ലില്‍ തുടര്‍ച്ചയായി വെട്ടിനുറുക്കപ്പെടുകയാണ്. കുടുംബത്തിന്റെ അനുവാദമില്ലാതെ ബലമായി മൃതദേഹം ദഹിപ്പിച്ചതിന്പുറമെ, കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ വാതില്‍ തുറന്നുകൊടുത്ത് ഭരണകൂടവും പൊലീസും പീഡനത്തില്‍ പങ്കാളിയാകുന്നു. പ്രതികളും അവരെ രക്ഷപ്പെടാന്‍ സഹായിക്കുന്നവരും ഒരുപോലെ കുറ്റവാളികളാണ്. അങ്ങനെ ഭരണസംവിധാനങ്ങള്‍ ഒന്നടങ്കം ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ മരണശേഷവും വേട്ടയാടുന്നു. ദലിത് കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് മാത്രമാണ് അവളുടെ ആത്മാവിനുപോലും സ്വസ്ഥത നിഷേധിക്കുന്നത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടം ഉത്തര്‍പ്രദേശിനെ ഇരുട്ടറയാക്കി സത്യത്തെ നിര്‍ദയം കുഴിച്ചുമൂടുകയാണ്.
പെണ്‍കുട്ടി ഭീകരമായി പീഡിപ്പിക്കപ്പെട്ടിട്ടും കുറ്റവാളികളെ നിയമത്തിന്മുന്നില്‍ കൊണ്ടുവരുന്നതിന്പകരം അവര്‍ക്ക് രക്ഷപ്പെടാനുള്ള പഴുത് അന്വേഷിക്കുന്നതിലാണ് ഭരണകൂടത്തിന്റെ ശ്രദ്ധ മുഴുവന്‍. നാവ് മുറിക്കപ്പെട്ടും ജനനേന്ദ്രിയം തകര്‍ന്നും നട്ടെല്ലിന് ക്ഷതമേറ്റും വേദനതിന്ന് ആശുപത്രിയില്‍ പിടഞ്ഞുമരിച്ച പെണ്‍കുട്ടിയെ ആരും ബലാത്സംഗം ചെയ്തിട്ടില്ലെന്നാണിപ്പോള്‍ പൊലീസ് പറയുന്നത്. ബലാത്സംഗത്തിനിരയായതിന് തെളിവില്ലത്രെ! ശരീരത്തില്‍ ശുക്ല സാമ്പിളുകള്‍ കണ്ടെത്തിയിട്ടില്ലെന്നതുകൊണ്ട് പീഡനം നടന്നിട്ടില്ലെന്നാണ് പൊലീസിന്റെ വിചിത്ര കണ്ടെത്തല്‍. അന്വേഷണം ഇനിയും തുടങ്ങിയിട്ടില്ലെന്നിരിക്കെ ഇത്തരം വാദങ്ങള്‍ എഴുന്നള്ളിക്കുന്നത് പ്രതികളെ രക്ഷിക്കാനല്ലാതെ മറ്റെന്തിനാണ്? മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ബി.ജെ.പി സര്‍ക്കാര്‍ കുറ്റവാളികളോടൊപ്പമാണെന്ന് വ്യക്തം. സാധാരണ കേസുകളില്‍ സ്വീകരിക്കുന്ന പ്രാഥമിക നടപടിക്രമങ്ങള്‍ പോലും പൊലീസ് സ്വീകരിച്ചിട്ടില്ല. കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ കുറ്റവാളികള്‍ അനായാസം രക്ഷപ്പെടുന്ന രൂപത്തില്‍ തെളിവുകള്‍ മായ്ച്ച് കളയാനാണ് പൊലീസ് ശ്രമിക്കുന്നത്. പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൃതദേഹം ധൃതികൂട്ടി ദഹിപ്പിച്ചത്തന്നെ അതിന്റെ ഭാഗമായിരുന്നു. മാതാപിതാക്കള്‍ക്ക് അന്ത്യദര്‍ശനം നിഷേധിച്ചും ഹിന്ദു മതാചാരപ്രകാരമുള്ള അന്ത്യകര്‍മങ്ങളില്ലാതെയുമാണ് മൃതദേഹം ചുട്ടെരിച്ചത്. ഗ്രാമം വളഞ്ഞ പൊലീസുകാര്‍ ജനങ്ങളെ വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍പോലും അനുവദിച്ചില്ല. കൂടാതെ, രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും ഗ്രാമത്തിലേക്ക് പ്രവേശനം നിഷേധിച്ചു.
കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയ രാഹുല്‍ ഗാന്ധിയേയും പ്രിയങ്കയേയും യു.പി പൊലീസ് വഴിമധ്യേ അറസ്റ്റ് ചെയ്തത് ബി.ജെ.പി സര്‍ക്കാരിന്റെ ധിക്കാരത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കുറ്റവാളികളെ വെള്ളപൂശുന്ന അധികാരികള്‍ പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നവരെ തുറുങ്കിലടക്കാന്‍ നോക്കുകയാണ്. ഉയര്‍ന്ന ജാതിക്കാരായതുകൊണ്ട് മാത്രമാണ് പൊലീസ് പ്രതികളെ സംരക്ഷിക്കുന്നത്. ആദിത്യനാഥ് ഉള്‍പ്പെടുന്ന ഠാക്കൂര്‍ വിഭാഗക്കാരാണ് അറസ്റ്റിലായ പ്രതികള്‍. പ്രതികളില്‍നിന്ന നേരത്തെ തന്നെ അവള്‍ക്ക് ഭീഷണിയുണ്ടായിരുന്നു. ഭീതി കാരണം അവള്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ ധൈര്യപ്പെട്ടിരുന്നില്ല. ഉയര്‍ന്ന ജാതിക്കാര്‍ക്കിടയില്‍ ജീവിക്കുന്ന തങ്ങള്‍ക്ക് ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് അറിയാമായിരുന്നു. ഒടുവില്‍ അവര്‍ ഭയന്നതു തന്നെ സംഭവിച്ചു.
അഹിംസയും മനുഷ്യത്വവും മുഖമുദ്രയാക്കി ലോകത്തിന് മാതൃകയായ ഒരു രാജ്യത്താണ് ഇതെല്ലാം നടക്കുന്നതെന്ന് ഓര്‍ക്കണം. ഹത്രാസ് കേസ് മൃതദേഹത്തോടൊപ്പം രഹസ്യമായി ചുട്ടെരിച്ച് കളയാനാണ് യു.പി ഭരണകൂടം ഉദ്ദേശിച്ചിരുന്നത്. ഒരു പ്രാദേശിക സംഭവം ദേശീയ വിഷയമായി വളരുന്നത് ഒഴിവാക്കാനാണ് മാധ്യമങ്ങളെ ഗ്രാമത്തില്‍നിന്ന് അകറ്റിനിര്‍ത്തിയതെന്ന ജോയിന്റ് മജിസ്‌ട്രേറ്റ് പ്രകാശ് കുമാര്‍ മീണയുടെ പ്രസ്താവന തന്നെ വ്യക്തം. കേസില്‍നിന്ന് പിന്മാറാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനുമേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ട്. ജാതീയമായ സങ്കുചിതത്വവും വിവേചനവുമാണ് ഭരണകൂടത്തെ നിയന്ത്രിക്കുന്നത്. ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ രാജ്‌വീര്‍ സിങിന്റെ വീട്ടില്‍ യോഗം ചേര്‍ന്ന് ഇരയുടെ കുടുംബത്തെ സംഘടിതമായി നേരിടാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നുവെന്നാണ് വിവരം. പ്രതികള്‍ക്കുവേണ്ടി പരസ്യമായി സംസാരിക്കുന്ന ബി.ജെ.പി നേതാക്കള്‍ കേസിനെ സ്വാധീനിക്കുമെന്ന് ഉറപ്പ്. പ്രതിഷേധങ്ങളെത്തുടര്‍ന്ന് സി.ബി.ഐ അന്വേഷണത്തിന് സമ്മതംമൂളിയ സംസ്ഥാന സര്‍ക്കാര്‍ മൂന്ന് പൊലീസുകാരെ സസ്‌പെന്റ് ചെയ്തത് ജനരോഷം തണുപ്പിക്കാനാണ്.
ഫാസിസ്റ്റ് ഭരണകൂടത്തിനുകീഴില്‍ ഒരു രാജ്യത്ത് എന്തെല്ലാം സംഭവിക്കുമെന്നതിനുള്ള ഉത്തമ ദൃഷ്ടാന്തങ്ങളാണ് ഇന്ന് ഇന്ത്യയില്‍ കാണാനാവുന്നത്. മനുഷ്യാവകാശ ധ്വംസനത്തിന്റെയും നീതി നിഷേധത്തിന്റെയും വാര്‍ത്തകള്‍ മാത്രമേ കേള്‍ക്കാനുള്ളൂ. ചോദിക്കാനും പറയാനും ആളില്ലാതെ രാജ്യം അരാജകത്വത്തിലേക്ക് കൂപ്പുകുത്തുകയാണ്. ഉത്തരവാദിത്തബോധമില്ലാത്ത ഭരണകൂടങ്ങളും സംവിധാനങ്ങളും അരങ്ങുതകര്‍ക്കുന്നു. പാവപ്പെട്ടവന്റെ കഷ്ടതകള്‍ കാണാനും മുറവിളികള്‍ കേള്‍ക്കാനും ആളില്ലെന്ന് മാത്രമല്ല, അധ:സ്ഥിതന്റെ ചോരക്കുവേണ്ടി ദാഹിക്കുന്ന സവര്‍ണ മേലാളന്മാര്‍ സര്‍വമേഖലകളിലും ഇരിപ്പുറപ്പിച്ചിരിക്കുന്നു. ജാതിയും മതവും വര്‍ഗവും വര്‍ണവും മാത്രമാണ് നീതിനിര്‍വഹണത്തിന്റെ മാദണ്ഡങ്ങള്‍. സമ്പത്തും അധികാരവുമുണ്ടെങ്കില്‍ ഏത് അനീതിയും നീതീകരിക്കപ്പെടുന്ന സാമൂഹികാന്തരീക്ഷം.
ദുരന്തപൂര്‍ണമായ വര്‍ത്തമാന സാഹചര്യത്തില്‍ പ്രതികരണ ശേഷി പോലും നഷ്ടപ്പെട്ട് ശണ്ഡീകരിക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ ജനത. ചില്ലിക്കാശിനുവേണ്ടി ചാരിത്ര്യം വില്‍ക്കുകയും ഫാസിസ്റ്റുകള്‍ക്ക് ഓശാന പാടുകയും ചെയ്യുന്നവരായി കാവല്‍ നായ്ക്കള്‍ അധ:പതിച്ചിരിക്കുന്നു. ഹത്രാസ് ഒരു പാഠമാണ്. വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ ഭിന്നതകള്‍ മറന്ന് ഐക്യനിര കെട്ടിപ്പടുക്കാന്‍ സമയമായെന്ന് ബോധ്യപ്പെടേണ്ട ഘട്ടം. സവര്‍ണാധിപത്യം മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യം. അധികാരത്തിനുവേണ്ടി മതവികാരം ഇളക്കിവിട്ട് ആളെക്കൂട്ടാന്‍ നോക്കുന്ന സംഘ്പരിവാറിന്റെ ഉള്ളിലിരിപ്പ് തിരിച്ചറിയേണ്ടതുണ്ട്. ഏതെങ്കിലുമൊരു മതവിഭാഗത്തെ മാത്രമല്ല അവര്‍ ലക്ഷ്യമിടുന്നത്. ദലിതരുള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗക്കാരെ മുഴുവന്‍ തുരത്തി സ്വന്തം ആധിപത്യത്തിലുള്ള രാജ്യമാണ് അവരുടെ സ്വപ്‌നം. ഇന്ത്യന്‍ ജനാധിപത്യം എത്രമാത്രം അപകടകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. സമാധാനവും അഹിംസയും ആയുധങ്ങളാക്കി ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ തുരത്തിയോടിച്ച ഇന്ത്യന്‍ ആര്‍ജവം എവിടെയാണ് കൈമോശം പോയത്. ഫാസിസ്റ്റുകള്‍ക്കെതിരെ പഴയ സമരവീര്യം വീണ്ടെടുക്കാന്‍ സമയമായിരിക്കുന്നു.

 

web desk 1: