X
    Categories: columns

നേരപരാധി

തീവ്ര ഹിന്ദുത്വ വര്‍ഗീയതയുടെ സ്ഥാപകനാരെന്ന ചോദ്യത്തിന് ഗോവാള്‍ക്കറുടെയും സവര്‍ക്കറുടെയുമൊക്കെ പേരുകള്‍ പറയാനാകും. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യത്തിന്റെ ആണിക്കല്ലിളക്കിയതാരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ; അതാണ് ലാല്‍കൃഷ്ണ അദ്വാനി. സംഘകുടുംബത്തിലെ ആര്‍.എസ്.എസ്സിനും വി.എച്ച്.പിക്കും ബജ്‌റംഗ്ദളിനുമെല്ലാം ഇഷ്ടതോഴന്‍. ഇന്നത്തെ പാകിസ്താനിലെ കറാച്ചിയില്‍ ജനിച്ച് വിഭജനകാലത്ത് സിന്ധ് വഴി ഇന്ത്യയിലെത്തി ഹിന്ദുത്വ വര്‍ഗീതയുടെ പ്രായോഗികവല്‍കരണത്തിലൂടെ ഹിന്ദുത്വ വര്‍ഗീയതക്ക് മതേതര രാജ്യത്തിന്റെ അധികാരം ഏല്‍പിച്ചുകൊടുത്ത് ഉപപ്രധാനമന്ത്രിവരെയായ ‘ലോഹപുരുഷന്‍’. കറകളഞ്ഞ വര്‍ഗീയവാദി. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായി നടത്തിയ രഥയാത്രയിലൂടെ ഇന്ത്യന്‍ ഗ്രാമീണ ജനതയെ വര്‍ഗീയമായി വിഭജിച്ച അദ്വാനിക്ക് പക്ഷേ പ്രതീക്ഷിച്ചതുപോലെ പ്രധാനമന്ത്രിക്കേസര സ്പര്‍ശിക്കാനായില്ല. വെറും രണ്ടുസീറ്റില്‍നിന്ന് 85 സീറ്റിലേക്ക് ബി.ജെ.പിയെ കുതിച്ചുയര്‍ത്തിയ നേതാവ് ബി.ജെ.പിയുടെ മാര്‍ഗദര്‍ശക് മണ്ഡല്‍ അംഗം മാത്രമായി ഒതുങ്ങിക്കഴിയുമ്പോഴാണ് സെപ്തംബര്‍ 30ന് സുപ്രീംകോടതി നിര്‍ദേശിച്ചതുപ്രകാരം ലക്‌നൗ സി.ബി.ഐകോടതിയുടെ നിര്‍ണായക വിധി പ്രസ്താവമുണ്ടായിരിക്കുന്നത്. 28 കൊല്ലം മുമ്പ് അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ 32 പ്രതികളെയും നിരപരാധികളെന്നു പറഞ്ഞ് കോടതി വെറുതെ വിട്ടിരിക്കുന്നു. ഇന്ത്യാചരിത്രത്തിന്റെ കറുത്ത ഏടുകളിലൊന്നില്‍ ആഹ്ലാദ പുരുഷനായി അതിലൊരാള്‍ അദ്വാനിയും.
യാതൊരു ആസൂത്രണവുമില്ലാതെ അരാജകവാദികളാണ് ബാബരി മസ്ജിദ് തകര്‍ത്തതെന്നും അദ്വാനിയുള്‍പ്പെടെ 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദിന ്പുറത്തെ വേദിയില്‍ പ്രകോപനപ്രസംഗം നടത്തിയവര്‍ക്കൊന്നും ഇതില്‍ പങ്കില്ലെന്നും മതേതര രാജ്യത്തെയും അതിന്റെ നീതിനിയമ സംഹിതകളെയും നോക്കി വിധിപ്രസ്താവം നടത്തിയ എസ്.കെ യാദവ് എന്ന ന്യായാധിപന് പല ന്യായങ്ങളും പറയാനുണ്ടായിരിക്കാം. എന്നാല്‍ സാക്ഷാല്‍ അദ്വാനിയെയും ഇന്ത്യയിലെ വര്‍ഗീയ ദുര്‍ഭൂതത്തെയും തിരിച്ചറിഞ്ഞ ആര്‍ക്കുമറിയാവുന്ന നഗ്നസത്യത്തെയാണ് കോടതി അതിന്റെ 2300 പേജ് വരുന്ന വിധിയിലൂടെ സ്വയം പരിഹാസ്യമാക്കിക്കളഞ്ഞത്.
ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ക്കുന്ന സമയം യു.പിമുഖ്യമന്ത്രിയായിരുന്ന കല്യാണ്‍സിങ്, അദ്വാനി, പാര്‍ട്ടി അധ്യക്ഷന്‍ മുരളിമനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയ 48 പ്രതികളാണ് കേസിലുണ്ടായിരുന്നത്. അവരില്‍ 16 പേര്‍ ഇതിനകം മരണമടഞ്ഞതിനാലാണ് അദ്വാനിയാദികളെ വിസ്തരിച്ചത്. മുമ്പും സി.ബി.ഐ കോടതി പ്രതികളെ കുറ്റവിമുക്തമാക്കുകയും അലഹബാദ് ഹൈക്കോടതി അത് ശരിവെക്കുകയും സുപ്രീംകോടതി 2017ഏപ്രില്‍ 19ന് അതിനെതിരെ വിധിക്കുകയും ചെയ്തതാണ്. അങ്ങനെയാണ് മൂന്നു വര്‍ഷത്തോളം ദൈനംദിനമെന്നോണം നടന്ന വിചാരണയിലൂടെ ഒടുവില്‍ വിധി പ്രസ്താവിച്ചത്. വിധിയെക്കുറിച്ച് ഡല്‍ഹിയിലെ വസതിയില്‍ പ്രതികരണത്തിനായിചെന്ന മാധ്യമപ്രവര്‍ത്തകരോടായി അദ്വാനി പറഞ്ഞു, തന്റെ നിലപാട് ശരിവെക്കപ്പെട്ടിരിക്കുന്നു! ഇവിടെയാണ് അദ്വാനി എന്ന രാഷ്ട്രീയ നേതാവിന്റെ ഇരട്ടമുഖം ജനത്തിന് ബോധ്യമാകുന്നത്. മസ്ജിദ് തകര്‍ത്തശേഷം അദ്വാനി പറഞ്ഞത് മറ്റൊന്നായിരുന്നു: ‘എന്റെ ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ ദിനമാണിന്ന് !’
ഈ ദ്വന്ദ്വ വ്യക്തിത്വം പലതവണ പല രൂപേണ അദ്വാനിയുടെതന്നെ വാക്കുകളിലൂടെ തെളിയിക്കപ്പെട്ടതാണ്. മുസ്്‌ലിംകളെയും പാക്കിസ്താനെയും കടുത്ത ശത്രുക്കളായി കാണുന്ന ബി.ജെ.പിക്കാരെ ഞെട്ടിച്ചുകൊണ്ട് പാക് രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയെ പ്രകീര്‍ത്തിച്ച് അദ്വാനി ഒരിക്കല്‍ സമാധാനവാദികളുടെ കയ്യടി നേടി. ഇത് മാനസാന്തരമാണെന്ന് ധരിച്ചവര്‍ക്കാണ് സത്യത്തില്‍ തെറ്റിയത്. താനുണ്ടാക്കിയെടുത്ത ബി.ജെ.പിയുടെ അധികാരാരോഹണത്തിന് പകരമായി ലഭിച്ചത് ഉപപ്രധാനമന്ത്രിപദം മാത്രമായതില്‍ മനംനൊന്തുകഴിഞ്ഞ അദ്വാനിയുടെ അവസാനത്തെ പ്രതീക്ഷയായിരുന്നു എ.ബി വാജ്‌പേയിക്കുശേഷം പ്രധാനമന്ത്രിയാകണമെന്നത്. പക്ഷേ നരേന്ദ്രമോദി അപ്പോഴേക്കും അതിന് സുല്ലിട്ടുകഴിഞ്ഞിരുന്നു. കൂട്ടക്കൊലകളില്‍ ആരാണ് മുമ്പന്‍ എന്നായി പിന്നെചോദ്യം. 2014ല്‍ ഗോവയില്‍ നടന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ മോദിക്കെതിരെ ആഞ്ഞടിക്കുമെന്ന് കരുതിയെങ്കിലും മോദിയുടെ തന്ത്രപരമായ നീക്കത്തില്‍ അദ്വാനി നിഷ്പ്രഭനാക്കപ്പെട്ടു. തുടര്‍ന്നാണ് മാര്‍ഗദര്‍ശക് മണ്ഡല്‍ എന്ന പേരില്‍ മുരളി മനോഹര്‍ ജോഷിക്കൊപ്പം മൂലക്കിരുത്തിയത്. 1986ലും 1993ലും 2004ലും പാര്‍ട്ടി അധ്യക്ഷന്‍. 2004ല്‍ ലോക്‌സഭയിലും 1980ല്‍ രാജ്യസഭയിലും പ്രതിപക്ഷനേതാവ്. 1989 മുതല്‍ 2019വരെ ലോക്‌സഭാംഗം. 2014ല്‍ ഒരുതവണ കൂടി ഗുജറാത്തിലെ ഗാന്ധിനഗറില്‍ മോദി സീറ്റുനല്‍കിയെങ്കിലും 2009ല്‍ പാടെതഴഞ്ഞു. പഴയ പടക്കുതിരക്ക് പ്രതിഷേധിക്കാന്‍ പോയിട്ട് ഒന്നു തേങ്ങാന്‍പോലും കഴിയുന്നില്ല. ബി.ജെ.പി സ്ഥാപകരിലൊരാളായ പത്മവിഭൂഷന് പ്രായം 92. 1998-2004 കാലത്ത് (2002-2004 ഉപപ്രധാനമന്ത്രി) ആഭ്യന്തരമന്ത്രി. 2009ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായെങ്കിലും യു.പി.എ വിജയമാവര്‍ത്തിച്ചതോടെ ആ മോഹവും പൊലിഞ്ഞു. നിരവധി നിരപരാധികളുടെ അരുംകൊലക്കും ബാബരി മസ്ജിദിന്റെ പതനത്തിനും ഉത്തരവാദിയായൊരാള്‍ക്ക് ദൈവംകരുതിവെച്ച പത്മവ്യൂഹത്തിലാണീ വര്‍ഗീയപടു. ഭാര്യ കമല. മക്കള്‍ പ്രതിഭയും ജയന്തും.

web desk 1: