വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ സംഘ് പരിവാര്‍ കുടുംബത്തില്‍ നിന്ന് മൂന്നു ലക്ഷത്തോളം പേര്‍ അയോധ്യയിലെത്തിയതോടെ 26 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഭീതിതമായ സാഹചര്യത്തിലേക്ക് ആ പ്രദേശം നീങ്ങിയിരിക്കുകയാണ്. രാമക്ഷേത്ര നിര്‍മാണം വൈകുന്നതിലെ അതൃപ്തി ഭരണകൂടങ്ങളെ അറിയിക്കാന്‍ വേണ്ടി എന്ന പേരിലാണ് ഭരണകൂടത്തേയും നിയമസംവിധാനങ്ങളെയുമെല്ലാം നോക്കു കുത്തിയാക്കി പുതിയ നീക്കം ആരംഭിച്ചിരിക്കുന്നത്. രാമക്ഷേത്രം പണിയാനുള്ള ഓര്‍ഡിനന്‍സുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാണമെന്നാണ് പ്രതിഷേധത്തിന്റെ മുന്നണിയിലുള്ള ശിവസേനയുടെ ആവശ്യം. എന്നാണ് രാമക്ഷേത്രം പണിയുന്നതെന്ന് പറയണമെന്നും അവര്‍ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് സമയത്ത് തന്ന വാഗ്ദാനങ്ങളില്‍ നിന്നുരുളുന്ന നിലപാടാണ് ബി.ജെ.പി സര്‍ക്കാരിന്റേത്. ഹിന്ദുത്വത്തെ അനുകൂലിക്കുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഞങ്ങള്‍ അയോധ്യയെക്കുറിച്ച് ചോദിക്കുമ്പോള്‍ ബി.ജെ.പി കുംഭകര്‍ണന്‍മാരാകുന്നു. കുംഭകര്‍ണന്റെ ഉറക്കമുണര്‍ത്താനായാണ് ശിവസേന പ്രവര്‍ത്തകര്‍ അയോധ്യയിലെത്തിയതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ പറയുകയുണ്ടായി. കുംഭകര്‍ണന്‍ ആറുമാസമാണ് ഉറങ്ങുക. പക്ഷേ ഈ കുംഭകര്‍ണന്‍ നാലര വര്‍ഷമായി ഉറങ്ങുകയാണ്. വാജ്‌പേയി സര്‍ക്കാറിന് സ്വന്തമായി ഭൂരിപക്ഷമുണ്ടായിരുന്നില്ല. എന്നാല്‍ മോദി സര്‍ക്കാറിന് ഭൂരിപക്ഷമുണ്ട്. അതിനാല്‍ ഓര്‍ഡിനന്‍സോ, നിയമമോ കൊണ്ടുവരണമെന്നും ഇതിന്റെ തീയതി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രദേശത്ത് പൊലീസ് കനത്ത സംരക്ഷണമൊരുക്കിയുട്ടെണ്ടെന്നാണ് ഭരണാധികാരികളുടെ ഭാഷ്യമെങ്കിലും ന്യൂനപക്ഷങ്ങള്‍ തികഞ്ഞ അരക്ഷിതാവസ്ഥയിലാണ് കഴിഞ്ഞു കൂടുന്നത്. 1992 ലെ ബാബരി ധ്വംസനത്തിന്റെ സമാന സാഹചര്യങ്ങളാണ് മുന്നില്‍ കാണുന്നത്. ഈ സാഹചര്യത്തിലും മുഖ്യമന്ത്രി രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നത് സുരക്ഷാ സന്നാഹത്തെക്കുറിച്ചുള്ള സംസ്ഥാന സര്‍ക്കാറിന്റെ വാദഗതിയുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്നുണ്ട്. ആളുകള്‍ കൂട്ടത്തോടെ പ്രദേശത്ത് നിന്ന് മാറിപ്പോവുകയാണ്. അവിടെ തന്നെ നിലയുറപ്പിക്കുന്നവര്‍ ഭക്ഷണ സാധനങ്ങള്‍ വാങ്ങിക്കൂട്ടി പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ തങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ബാബരി മസ്ജിദ് തകര്‍ത്ത സാഹചര്യത്തില്‍ സംസ്ഥാനം മാത്രമായിരുന്നു ബി.ജെ.പി യുടെ അധികാരത്തിലെങ്കില്‍ ഇപ്പോള്‍ കേന്ദ്രത്തിലും അവരാണെന്നത് ആശങ്കയുടെ ആഴം വര്‍ധിപ്പിക്കുന്നു.
മുന്‍ കാലങ്ങളില്‍ രാമക്ഷേത്ര നിര്‍മാണത്തിനു വേണ്ടി മുറവിളി ഉയര്‍ന്നിരുന്നത് കര്‍സേവകരുടെ അത്യാവേശത്തില്‍ നിന്നായിരുന്നുവെങ്കില്‍ നിലവില്‍ അത് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നു തന്നെയാണെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പ് രാമക്ഷേത്രം നിര്‍മിക്കുമെന്ന് പറഞ്ഞിരിക്കുന്നത് ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആഥിത്യ നാഥ് തന്നെയാണ്. രാമക്ഷേത്ര നിര്‍മാണത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നാണ് കേന്ദ്ര നിയമ കാര്യമന്ത്രി രവിശങ്കര്‍ പ്രസാദ് നല്‍കിയിരിക്കുന്ന ഉറപ്പ്. ക്ഷേത്രനിര്‍മാണത്തിന് സുപ്രീംകോടതി വിധി വരെ കാത്തുനില്‍ക്കാനാവില്ലെന്നാണ് യു.പിയില്‍ നിന്നു തന്നെയുള്ള ബി.ജെ.പി എം.പി പ്രസ്താവിച്ചിരിക്കുന്നത്. പ്രശ്‌നം സുപ്രീംകോടതിയിലാണെന്ന കാര്യം പോലും മറന്നുകൊണ്ടാണ് ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയവര്‍ തന്നെ പ്രസ്താവനകിളിറക്കിക്കൊണ്ടിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളും മതേതര വിശ്വാസികളും ആശങ്കയുടെ മുള്‍മുനയിലാണെങ്കിലും കേന്ദ്ര- യു.പി ഭരണാധികാരികള്‍ ആഹ്ലാദത്തിമര്‍പ്പിലാണ്. ക്ഷേത്ര വിഷയം ഉയര്‍ന്നു വരണമെന്ന് ഇരു ഭരണകൂടങ്ങളും അതിയായി ആഗ്രഹിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് സംഘ്പരിവാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്. ഇപ്പോഴത്തെ നീക്കത്തിനു പിന്നില്‍ ഭരണകൂടങ്ങളുടെ പങ്ക് തന്നെ ന്യായമായും സംശയിക്കാവുന്ന രീതിയിലാണ് കാര്യങ്ങളുടെ കിടപ്പ്. പ്രത്യേകിച്ച് അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍. പാര്‍ട്ടി അഭിമാന പോരാട്ടമായി കാണുന്ന രാജസ്ഥാനിലും മധ്യപ്രദേശിലുമെല്ലാം ശക്തമായി അലയടിക്കുന്ന ഭരണ വിരുദ്ധ വികാരത്തെ പ്രതിരോധിക്കാന്‍ വര്‍ഗീയ ധ്രുവീകരണമല്ലാതെ മറ്റൊരു ആയുധവും ഇപ്പോള്‍ ബി.ജെ.പിയുടെ കൈവശമില്ല.
അതിനിടെ ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നിയമ നിര്‍മാണത്തിനുള്ള ശ്രമങ്ങളും ബി.ജെ.പി ഒരു വശത്ത് നടത്തിക്കൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ കൊണ്ട് വരാനുള്ള ശ്രമം അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ലോക സഭയില്‍ കാര്യങ്ങള്‍ കൈപ്പിടിയില്‍ നില്‍ക്കുമെങ്കിലും രാജ്യസഭയില്‍ നിലവിലെ സാഹചര്യത്തില്‍ പോലും ബില്‍ പാസാക്കിയെടുക്കാന്‍ ഭരണ പക്ഷത്തിന് കഷ്ടപ്പെടേണ്ടി വരും. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരാനുള്ള നീക്കങ്ങളും നടന്നേക്കാം. ഓര്‍ഡിനന്‍സിന്റെ കാലാവധി ആറുമാസമാണെങ്കിലും അത് വീണ്ടും നീട്ടിക്കൊണ്ടുപോവാനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിന് ഭരണ ഘടന നല്‍കുന്നുണ്ട്. അപ്പോഴും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിതന്നെ സുപ്രീംകോടതിയെ മറികടക്കാന്‍ ശ്രമിക്കുകയെന്ന അനൗജിത്യം നിലനില്‍ക്കുന്നുണ്ട്. എന്നിട്ടും ഈ നടപടി ക്രമങ്ങളിലേക്ക് ബി.ജെ.പി നീങ്ങുന്നുവെങ്കില്‍ അതിന്റെ ഉദ്ദേശം പാര്‍ലമെന്റിനകത്ത് തന്നെ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടത്തുകയെന്നത് മാത്രമാണ്. ബില്‍ ചര്‍ച്ചക്കെടുക്കുമ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷത്ത് നില്‍ക്കുന്നവര്‍ ക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുക സ്വാഭാവികമാണ്. അത് ഉപയോഗപ്പെടുത്തി അവരെ ക്ഷേത്ര വിരുദ്ധരായി ചിത്രീകരിക്കാനും അങ്ങനെ രൂപപ്പെടുന്ന ധ്രുവീകരണത്തെ രാജ്യത്തെമ്പാടും വ്യാപിപ്പിക്കാനും അതുവഴി ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുമാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പൊതു തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ രാജ്യത്താകമാനം ഭരണ വിരുദ്ധവികാരം പ്രകടമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ് ഘടനയുടെ നട്ടെല്ലായ കര്‍ഷകരും ചെറുകിട വ്യവസായികളുമെല്ലാം ചരിത്രത്തിലില്ലാത്ത വിധം ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്നു.പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുതിച്ചുയരുമ്പോഴും രൂപയുടെ മൂല്യം തകര്‍ന്നടിയുമ്പോയും കേന്ദ്ര സര്‍ക്കാര്‍ കാഴ്ച്ചക്കാരന്റെ റോളിലാണ്. ന്യൂനപക്ഷങ്ങളും ദളിതുകളുമെല്ലാം അതിക്രൂരമായി വേട്ടയാടപ്പെടുകയും നോട്ടു നിരോധനവും ജി.എസ്.ടി കൊണ്ടുവന്നതിലെ അപാകതയുള്‍പ്പടെ യുള്ള തലതിരിഞ്ഞ സാമ്പത്തിക നയങ്ങള്‍ വളര്‍ച്ചാനിരക്കില്‍ കുത്തനെ ഇടിവ് വരുത്തിയിരിക്കുകയാണ്. കള്ളപ്പണം മുഴുവന്‍ പിടികൂടി ഒരോ ഇന്ത്യക്കാരന്റേയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നതുള്‍പ്പെടെയുള്ള മോദിയുടെ വാഗ്ദാനങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്ക് തന്നെ നിഷേധിക്കേണ്ട സാഹചര്യം വന്നുപെട്ടിരിക്കുകയാണ്. ഇതിനുപുറമെ ഫാഷിസത്തിനെതിരായ ചെറുത്തു നില്‍പ്പിനെ ഏകോപിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷശ്രമങ്ങളില്‍ ആശാവഹമായ പുരോഗതിയുണ്ടാവുന്നതും ബി.ജെ.പിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതിനെയെല്ലാം പ്രതികരിക്കാന്‍ അവരുടെ മുന്നിലുള്ള ഒറ്റമൂലി വര്‍ഗീയ ധ്രുവീകരണം മാത്രമാണ്. അതിനുള്ള ശ്രമമാണ് അയോധ്യ വഴി അവര്‍ ആരംഭിക്കുന്നത്.
- 6 years ago
chandrika
Categories:
Video Stories
അയോധ്യയില്‍ മുഴങ്ങുന്നത് തെരഞ്ഞെടുപ്പ് കാഹളം
Related Post