X

ഉദ്യോഗസ്ഥപ്പോരില്‍ ഉലയുന്ന ഭരണം

മുതിര്‍ന്ന ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോരില്‍ ഞെരിഞ്ഞമരുകയാണ് സംസ്ഥാന ഭരണം. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ കൂനിന്മേല്‍ കുരു പോലെ ഉദ്യോഗസ്ഥപ്പോര് പ്രതിസന്ധിയുടെ പാരമ്യതയില്‍ എത്തിനില്‍ക്കുകയാണ്. ഒന്നാം വാര്‍ഷിക തലേനാള്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമിയെയും ഡയരക്ടര്‍ ബിജു പ്രഭാകറിനെയും ഇടതു സര്‍ക്കാറിന് ചുമതലകളില്‍ നിന്ന് മാറ്റേണ്ടി വന്നത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രം.
ഉന്നത ഉദ്യോഗസ്ഥരില്‍ രാഷ്ട്രീയ വകഭേദങ്ങള്‍ രൂപപ്പെടുത്തി തനിക്കാക്കി വെടക്കാക്കാനുള്ള തരംതാണ പ്രവണതകളുടെ പരിണിത ഫലമാണ് പിണറായി സര്‍ക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പരസ്പര വിശ്വാസം നഷ്ടപ്പെട്ട ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ തല്ലിത്തീരുന്നത് കയ്യുംകെട്ടി നോക്കിനില്‍ക്കുന്ന ഭരണകൂട നിസഹായത എത്രമാത്രം നാണക്കേടാണ്? സംസ്ഥാനത്തിന്റെ പൊതു താത്പര്യങ്ങളേക്കാള്‍ ഉന്നത ഉദ്യോസ്ഥര്‍ തന്‍പ്രമാണിത്വത്തിനും അന്ധമായ രാഷ്ട്രീയ വിധേയത്വത്തിനും അടിപ്പെടുന്ന അവസ്ഥ അശുഭകരമായ ഭാവിയെയാണ് അടയാളപ്പെടുത്തുന്നത്. അധികാര കേന്ദ്രങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിമറിയും. പക്ഷേ, അതിനനുസൃതമായി ആടിത്തിമിര്‍ക്കേണ്ടവരല്ല ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥര്‍; അവര്‍ അധികാര സ്ഥാപനങ്ങള്‍ ആടിയുലയാതെ കാത്തുസംരക്ഷിക്കേണ്ടവരാണ്. അത്തരം ആര്‍ജവമുള്ള ഉദ്യോഗസ്ഥരെ കണ്ട കേരളമാണ്, ഇന്ന് അധികാര ബലത്തിന്റെ അഹന്തയും അപക്വതയുടെ അടയാഭരണങ്ങളും അലങ്കാരമാക്കി നടക്കുന്നവരെ സഹിക്കേണ്ടി വരുന്നത്.
ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസ്വസ്ഥതകള്‍ പുകഞ്ഞു തുടങ്ങിയിട്ടുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ കെ.എം എബ്രഹാമിന്റേയും ടോം ജോസിന്റേയും വീടുകളില്‍ അന്നത്തെ വിജിലന്‍സ് ഡയരക്ടറായിരുന്ന ജേക്കബ് തോമസ് റെയ്ഡ് നടത്തിയതോടെ ഇത് മറനീക്കി പുറത്തുവരികയും ചെയ്തു. പ്രത്യക്ഷ സമരത്തിനിറങ്ങിയില്ലെങ്കിലും സര്‍ക്കാറുമായി നിസ്സഹകരിച്ച് മുന്നോട്ട് പോകാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ധാരണ രൂപപ്പെട്ടു. മന്ത്രിമാര്‍ക്കെതിരെയുള്ള അന്വേഷണങ്ങളില്‍ വകുപ്പു സെക്രട്ടറിമാരെ പ്രതി ചേര്‍ക്കുന്ന പ്രവണത ആവര്‍ത്തിക്കുകയും വിജിലന്‍സ് ഡയറക്ടര്‍ അതിന് കൂട്ടുനില്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ നിസ്സഹകരണ സമരം ഉദ്യോഗസ്ഥര്‍ക്കിടയില്‍ പടര്‍ന്നുപടിച്ചു. ഒരു ന്യൂനത പോലും ഇല്ലാത്ത രീതിയില്‍ ഫയലുകള്‍ എത്തിയാല്‍ മാത്രമേ ഒപ്പിട്ടു നല്‍കുകയുള്ളൂ എന്ന തീരുമാനത്തില്‍ അവരെത്തി. സാമ്പത്തിക ബാധ്യതയുള്ള ഫയലുകള്‍ തീര്‍പ്പാക്കാതെ മുഖ്യമന്ത്രിക്ക് കൊടുക്കുകയും പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് വരുത്തിയ ശേഷം മാത്രമേ സെക്രട്ടറിമാര്‍ ഫയലുകള്‍ മുമ്പോട്ട് നീക്കുകയുള്ളൂവെന്ന് തീരുമാനിക്കുകയും ചെയ്തു. സമരത്തിനു വേണ്ടി ഒരു ദിവസം തെരഞ്ഞെടുത്തുവെങ്കിലും മുഖ്യമന്ത്രി പരിഹാരം ഉറപ്പു നല്‍കിയ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ സെക്രട്ടറിയേറ്റില്‍ ഇന്നും അതിന്റെ അലയൊലികള്‍ നിലച്ചിട്ടില്ലെന്നതിന്റെ നിരവധി തെളിവുകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഭരണത്തിന്റെ തുടക്കത്തില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനെതിരെ സമര രംഗത്തുവന്ന അത്യപൂര്‍വ സാഹചര്യത്തിനാണ് സംസ്ഥാന സാക്ഷ്യം വഹിച്ചത്. ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ഉടലെടുത്ത തര്‍ക്കം പിന്നീട് ഉദ്യോഗസ്ഥരും സര്‍ക്കാറും തമ്മിലുള്ള ഏറ്റുമുട്ടലായി മാറി. ടി.പി സെന്‍കുമാറുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാറിന് ഒടുവില്‍ മൂക്കുകുത്തി വീഴേണ്ട ഗതിവന്നു. ചേരിപ്പോര് രൂക്ഷമായതോടെ പല ഉദ്യോഗസ്ഥരും സര്‍ക്കാറിനെ രാജി സന്നദ്ധതയോ വകുപ്പു മാറ്റമോ അറിയിച്ചു തുടങ്ങി. തത്വത്തില്‍ സെക്രട്ടറിയേറ്റു മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരെ ഇതിന്റെ പ്രതിഫലനങ്ങള്‍ കാണുകയും ചെയ്തു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിസ്സഹകരണവും ചിലരുടെ ദീര്‍ഘകാല അവധിയും സ്ഥിരമായുള്ള കെടുകാര്യസ്ഥതയും കാരണം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി സാധാരണക്കാര്‍ വിയര്‍ക്കേണ്ട അവസ്ഥവന്നു. ഉദ്യോഗസ്ഥപ്പോര് കാരണം സെക്രട്ടറിയേറ്റു മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരെ ഭരണസ്തംഭനത്തിലേക്കു നീങ്ങിയെന്നര്‍ത്ഥം.
നയപരമായ തീരുമാനം നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ പിടിവാശിയില്‍ നില്‍ക്കുന്നത് സര്‍ക്കാറിനെ കൂടുതല്‍ കുരുക്കിലാക്കിയിരിക്കുകയാണ്. സെക്രട്ടറിയേറ്റില്‍ നിന്ന് ഉദ്യോഗസ്ഥരുടെ വിലാപമുയരുമ്പോള്‍ മുഖ്യമന്ത്രിക്ക് മൂകസാക്ഷിയാകാനേ നിര്‍വാഹമുള്ളൂ. പല ഉന്നത ഉദ്യോഗസ്ഥരെയും വകവരുത്താന്‍ വിജിലന്‍സ് വകുപ്പ് വല വിരിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള മാനസിക സംഘര്‍ഷങ്ങളും വിവിധ വകുപ്പുകളും മന്ത്രിമാരും തമ്മിലുള്ള അനൈക്യവും ഇതിന്റെ അനന്തര ഫലങ്ങളാണ്. കിഫ്ബിയുടെ പേരില്‍ ധന-പൊതു മരാമത്ത് മന്ത്രിമാര്‍ തമ്മിലുള്ള ആഭ്യന്തര പ്രശ്‌നം വകുപ്പ് സെക്രട്ടറിമാരുടെ ‘ഈഗോ ക്ലാഷ്’ ആയി രൂപപ്പെട്ടുവെന്നതാണ് പുതിയ വര്‍ത്തമാനം. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കേണ്ടതില്ല. പക്ഷേ, അവരുടെ മനോവീര്യം തകര്‍ക്കുംവിധമായിരിക്കരുത് സര്‍ക്കാറിന്റെ സമീപനങ്ങള്‍. ഉദ്യോഗസ്ഥര്‍ക്ക് ഭീതിയോടെ ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടായിക്കൂടാ. പ്രതികാര മനോഭാവത്തോടെ പെരുമാറുമ്പോഴാണ് സര്‍ക്കാറും ഉദ്യോഗസ്ഥരും രണ്ടു വഴിക്ക് നീങ്ങുന്നത്. സംസ്ഥാനം നിലവില്‍ അനുഭവിക്കുന്ന ഗുരുതരമായ പ്രതിസന്ധിയും ഇതാണ്. ഭരണ സ്തംഭനവും വികസന മുരടിപ്പും കേവലം പ്രതിപക്ഷ വിമര്‍ശമല്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയാറാകണം. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് സക്രിയമായ ഭരണ നിര്‍വഹണത്തിന് സാധ്യതയൊരുക്കുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം പൊതുജന പ്രക്ഷോഭത്തിനു മുമ്പില്‍ സര്‍ക്കാറിന് പിടിച്ചുനില്‍ക്കാന്‍ പാടുപെടേണ്ടി വരുമെന്ന കാര്യം ഓര്‍ക്കുന്നത് നന്ന്.

chandrika: