ആഭ്യന്തരമായ സാമ്പത്തിക അനിശ്ചിതത്വത്തിനിടയില്‍ അറുപത്തെട്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ലോകത്തെ പ്രമുഖ രാഷ്ട്രങ്ങളിലൊന്നായ ഐക്യ അറബ് എമിറേറ്റ്‌സിലെ അബൂദാബി കിരീടാവകാശിയെ അത്യാഹ്ലാദപൂര്‍വം വരവേല്‍ക്കുകയാണ് ഇന്ത്യ. ഇന്ന് തലസ്ഥാനത്ത് നടക്കുന്ന പ്രൗഢ ഗംഭീരമാര്‍ന്ന റിപ്പബ്ലിക്ദിന പരേഡില്‍ വിശിഷ്ടാതിഥിയായിരിക്കുന്നത് യു.എ.ഇയുടെ ഉപ സര്‍വസൈന്യാധിപന്‍ കൂടിയായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനാണ് എന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ അത്യന്തം ഊഷ്മളമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പരേഡില്‍ യു.എ.ഇയുടെ 179 വ്യോമ സേനാംഗങ്ങള്‍ പങ്കെടുക്കുന്നുവെന്നതും സുപ്രധാന സവിശേഷതയാണ്. ലോകത്ത് അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ യു.എ.ഇ ഏറ്റവും കൂടുതല്‍ വ്യാപാര ബന്ധം പുലര്‍ത്തുന്ന രാഷ്ട്രമാണ് ഇന്ത്യ.
ഡല്‍ഹി വിമാനത്താവളത്തില്‍ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടുചെന്ന് അറബി രീതിയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്്‌യാനെ ആലിംഗനം ചെയ്തു സ്വീകരിച്ചതു തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ വരാനിരിക്കുന്ന വര്‍ധിച്ച തോതിലുള്ള സഹകരണത്തെയാണ് സൂചിപ്പിച്ചത്. 2015 ഓഗസ്റ്റില്‍ മോദി യു.എ.ഇയിലെത്തിയപ്പോള്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനും സഹോദരങ്ങളും പ്രോട്ടോകോള്‍ മറന്ന് വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയത് കണക്കിലെടുത്തായിരിക്കണം മോദിയും ചൊവ്വാഴ്ച ഇത്തരമൊരു സമീപനം സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. 2015ലെ ബജറ്റില്‍ ഇന്ത്യ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യ വികസന ഫണ്ടിന്റെ കാര്യത്തില്‍ ഇന്ത്യ കാര്യമായി മുന്നോട്ടുപോയില്ലെന്ന പരാതി യു.എ.ഇക്കുണ്ടായിരുന്നു. 2006ല്‍ യു.പി.എ ഭരണകാലത്ത് സഊദി അറേബ്യന്‍ ഭരണാധികാരി ഷെയ്ഖ് അബ്ദുല്ല രാജാവായിരുന്നു റിപ്പബ്ലിക്ദിനത്തിലെ വിശിഷ്ടാതിഥിയെന്നത് ഗള്‍ഫ് മേഖലയുമായി ഇന്ത്യ തുടര്‍ന്നുവരുന്ന ഊഷ്മള ബന്ധത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു.
ഇരുരാജ്യങ്ങളും തമ്മില്‍ തന്ത്രപരമായ സമഗ്ര പങ്കാളിത്തത്തിനുള്ള കരാറാണ് ചര്‍ച്ചകളില്‍ പ്രധാനം. 350 ബില്യന്‍ ഡോളറിന്റെ വാണിജ്യസഹകരണമാണ് നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ളത്. ഇത് മൂന്നിരട്ടിയായി വര്‍ധിപ്പിക്കുകയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്റെ സന്ദര്‍ശനത്തിലെ സുപ്രധാന ലക്ഷ്യം. ഇന്നലെ ഇരു രാജ്യങ്ങളുടെയും മന്ത്രിമാരും ഉന്നത തല ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ഉഭയകക്ഷിചര്‍ച്ചകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വലിയ തോതിലുള്ള സഹകരണത്തിനുള്ള കരാറുകളാണ് ഒപ്പുവെക്കപ്പെട്ടിരിക്കുന്നത്. പ്രതിരോധം, സൈബര്‍ സ്‌പേസ്, വാണിജ്യം, സമുദ്ര-റോഡ് ഗതാഗതം എന്നീ മേഖലകളിലടക്കം 14 കരാറുകളിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചിരിക്കുന്നത്. വാണിജ്യം, തീവ്രവാദം, ഇസ്‌ലാമിക മൗലികവാദം എന്നീ വിഷയങ്ങളില്‍ ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ചനടത്തിയതായി നരേന്ദ്രമോദി സംയുക്ത പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി. ഇന്ത്യക്കാര്‍ക്ക് ആ രാജ്യം നല്‍കിവരുന്ന ശ്രദ്ധയിലും അവിടെ ക്ഷേത്രം നിര്‍മിക്കാന്‍ അവസരം നല്‍കിയതിലും നന്ദി അറിയിച്ചതായും മോദി വ്യക്തമാക്കി. ഐ.എസ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ പശ്ചാത്തലത്തില്‍ മധ്യ-ദക്ഷിണേഷ്യന്‍ മേഖലയിലെ സുരക്ഷാഭീഷണിയും സംസാര വിഷയമായത് സ്വാഭാവികം. ഊര്‍ജം, നിക്ഷേപം എന്നീ മേഖലകളില്‍ തുടര്‍ന്നും സഹകരണം ഉറപ്പുവരുത്താന്‍ ഇരുവരും ശ്രദ്ധിക്കും. ഊര്‍ജം പോലുള്ള മേഖലകളില്‍ വലിയ തോതിലുള്ള നിക്ഷേപമാണ് യു.എ.ഇയില്‍ നിന്ന് നമുക്ക് ആവശ്യമുള്ളത്. മേഖലയിലെ സുരക്ഷയും ഇരുരാജ്യങ്ങള്‍ക്കും വലിയ വെല്ലുവിളിയാണ്. 2015ലെ ഇന്ത്യ-യു.എ.ഇ സംയുക്ത പ്രസ്താവനയില്‍ ആഗോള ഭീകരവാദത്തെ ശക്തിയായി അപലപിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ സമീപ കാലത്ത് നടത്തിയ സംയുക്ത സൈനികാഭ്യാസങ്ങള്‍ ഇതിന് തെളിവാണ്. ഭീകരവാദത്തെക്കുറിച്ച് പറയുമ്പോള്‍ തീര്‍ച്ചയായും ഇന്ത്യ ലക്ഷ്യമിടുന്നത് പാക്കിസ്താനെയാണ്.
വളരെ കാലംമുമ്പു മുതല്‍ക്കുതന്നെ ഗള്‍ഫ് സഹകരണകൗണ്‍സില്‍ രാഷ്ട്രങ്ങള്‍ നമ്മുടെ വാണിജ്യ മേഖലയില്‍ മുഖ്യപങ്കാണ് വഹിച്ചുവരുന്നത്. ഇന്ത്യയുടെ വിദേശ വരുമാനത്തിന്റെ 52 ശതമാനം വഹിക്കുന്നത് അറേബ്യന്‍ ഗള്‍ഫാണ്. ജി.സി.സിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ ഒ ന്നാം സ്ഥാനവും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ രണ്ടാം സ്ഥാനവുമാണ് ഇന്ത്യക്കുള്ളത്. മധ്യപൂര്‍വ ദേശത്തും വടക്കനാഫ്രിക്കന്‍ മേഖലയിലും ജീവിത സൗകര്യങ്ങളുടെ കാര്യത്തില്‍ മികച്ച രാഷ്ട്രമായി യു.എ.ഇ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ, സുരക്ഷാ രംഗങ്ങളിലൊക്കെ പരിശോധിക്കുമ്പോള്‍ ലോകത്തെ മികച്ച പതിനഞ്ചാമത്തെ രാജ്യം കൂടിയാണ് യു.എ.ഇ എന്നത് ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന രാജ്യമെന്ന നിലക്ക് നമുക്ക് തീര്‍ച്ചയായും അഭിമാനിക്കാവുന്ന ഒന്നാണ്. അതിന് നേതൃത്വം നല്‍കിയവരില്‍ ഒരാളാണ് നമ്മുടെ ഇന്നത്തെ വിശിഷ്ടാതിഥി. അന്തരിച്ച പിതാവ് ശൈഖ് സായിദ് അല്‍ നഹ്‌യാനും ശൈഖ് റാഷിദ് അല്‍മക്തൂമുമാണ് ആധുനിക യു.എ.ഇയുടെ ശില്‍പികള്‍.
ഇന്ത്യയുടെ വളര്‍ച്ചയില്‍ യു.എ.ഇക്ക് തീര്‍ച്ചയായും മുഖ്യപങ്കുണ്ടെന്ന് മോദി ഇന്നലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയത് അതിശയോക്തിപരമല്ല. മൂന്നര പതിറ്റാണ്ടിനുശേഷമായിരുന്നു ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ 2015ലെ യു.എ.ഇ സന്ദര്‍ശനം. അഞ്ചുലക്ഷം കോടി രൂപയുടെ അടിസ്ഥാന വികസനത്തിനുള്ള നിക്ഷേപം ഇന്ത്യയില്‍ നടത്താനുള്ള കരാര്‍ അന്ന് ഒപ്പുവെക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് കൗണ്‍സലേറ്റ് ആരംഭിച്ചതും ഈ ബന്ധത്തിനുള്ള തെളിവായിരുന്നു. പ്രവാസി ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ സഊദി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് ഐക്യഅറബ് എമിറേറ്റ്‌സ്-26 ലക്ഷം പേര്‍. മലയാളികളാണ് ഇതില്‍ ഒന്നാമത്. യു.എ.ഇയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ ആ രാജ്യത്തെ ജനസംഖ്യയുടെ നാല്‍പതു ശതമാനം വരും. ദീര്‍ഘ കാലത്തെ ബന്ധം ഇരുരാജ്യങ്ങളുടെയും ജനങ്ങള്‍ തമ്മില്‍ നിലവിലുണ്ട്. ആ രാജ്യത്തിന്റെ ഇന്നു കാണുന്ന വളര്‍ച്ചയില്‍ നമുക്കുള്ള പങ്കിന് സമാനമാണ് കേരളം പോലുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക കുതിപ്പില്‍ യു.എ.ഇക്കുള്ള പങ്കും. കൊച്ചി സ്്മാര്‍ട്ട്‌സിറ്റി പോലുള്ള പദ്ധതികളും സ്മരണീയമാണ്. ഇവയെല്ലാം മുന്നില്‍കണ്ടുള്ള ദീര്‍ഘ ദൃഷ്ടിയുള്ളതും സൃഷ്ടിപരവും യുക്തി പൂര്‍ണവുമായ നടപടികളാണ് ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ നടത്തിയിരിക്കുന്നത് എന്നത് ലോകത്തെ വലിയ രണ്ട് സമ്പദ് വ്യവസ്ഥകളെ സംബന്ധിച്ചിടത്തോളവും ജനങ്ങളെ സംബന്ധിച്ചും ഏറെ പ്രതീക്ഷാദായകമാണെന്ന കാര്യത്തില്‍ സംശയമില്ല. ഈ ദിശയിലാകട്ടെ ഭാവിയിലെ സര്‍വനീക്കങ്ങളും. യു.എ.ഇയിലെ ക്ഷേത്രത്തിന്റെ കാര്യത്തിലേതുപോലെ, ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ കാട്ടുന്ന ഇരട്ട നീതി പോലെയാകരുത്.
- 8 years ago
chandrika
Categories:
Video Stories
ഉയരങ്ങളിലേക്ക് കുതിക്കുന്ന ഇന്ത്യ-യു.എ.ഇ ബന്ധം
Related Post