X

സി.പി.എം സമ്മേളനത്തിന് തിരശ്ശീല വീഴുമ്പോള്‍

സി.പി.എമ്മിന്റെ വര്‍ഗീയ ഫാസിസത്തിനെതിരായ പോരാട്ടം നിഴല്‍യുദ്ധം മാത്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിയച്ചിരിക്കുകയാണ് തൃശൂരില്‍ സമാപിച്ച സംസ്ഥാന സമ്മേളനം. രാജ്യത്തെ വര്‍ഗീയമായ ധ്രുവീകരണത്തിലൂടെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിയും ബി.ജെ.പി യെ എല്ലാ മേഖലകളിലും പ്രതിരോധിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും ഒരു പോലെ എതിര്‍ക്കപ്പെടേണ്ടവരാണെന്നാണ് പാര്‍ട്ടി സമ്മേളനം വ്യക്തമാക്കുന്നത്. ഇരു പാര്‍ട്ടികളുടെയും സാമ്പത്തിക നയങ്ങളിലുള്ള സാമ്യതയാണത്രെ ഇങ്ങനെ ഒരു നിലപാടില്‍ ഉറച്ചുനില്‍ക്കാനുള്ള പ്രേരകം. പ്രതിനിധികള്‍ ഒറ്റക്കട്ടായി ഈ നിലപാടില്‍ ഉറച്ചു നിന്നു. കോണ്‍ഗ്രസുമായുള്ള സഹകരണത്തെ അതിനിശിതമായാണ് പ്രതിനിധികള്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. എന്നു മാത്രമല്ല കോണ്‍ഗ്രസ് അനുകൂല സമീപനം സ്വീകരിക്കുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കടുത്ത വിമര്‍ശനമാണ് പ്രതിനിധികളില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നത്.
പാര്‍ട്ടികോണ്‍ഗ്രസില്‍ ചര്‍ച്ചചെയ്യേണ്ട കരടുപ്രമേയം തയ്യാറാക്കാന്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ തന്നെ ഫാസിസത്തിനെതിരായ സമീപനവുമായി ബന്ധപ്പെട്ട് കടുത്ത അഭിപ്രായ വ്യത്യാസം രൂപപ്പെട്ടിരുന്നു. ബി.ജെ.പിയെ പ്രതിരോധിക്കുന്നതിന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വിശാല മതേതരസഖ്യം രൂപീകരിക്കണമെന്ന യെച്ചൂരിയുടെ നിലപാട് പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം വോട്ടിങ്ങിലൂടെ പരാജയപ്പെടുത്തുകയായിരുന്നു. ബി.ജെ.പിയെ ഫാസിസ്റ്റുകള്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ തൂവല്‍പക്ഷികളാണെന്നും ഇരുപാര്‍ട്ടികളെയും ഒഴിവാക്കി നിര്‍ത്തിയുളള മതേതര കൂട്ടായ്മ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണെന്നും വാദിക്കുന്ന പ്രകാശ് കാരാട്ടിന്റെ ആശയപരമായ കരുത്തും പിന്‍ബലവും കേരള ഘടകമാണ്. വി.എസ് അച്യുതാനന്ദനും തോമസ് ഐസക്കും മാത്രമാണ് കേരളത്തില്‍ നിന്ന് യെച്ചൂരിയുടെ നിലപാടിനെ അനുകൂലിച്ചത്.
രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തെ പ്രബലരായ സി.പി.എമ്മിന് താല്‍പര്യമില്ലെന്നാണ് സംസ്ഥാന സമ്മേളനത്തില്‍ നിന്നുരുത്തിരിഞ്ഞ് വന്ന നിലപാടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ ഭാവി അപകടത്തിലേക്ക് നീങ്ങുമ്പോഴും കേരളത്തിലെ തങ്ങളുടെ നിലനില്‍പ്പെന്ന സ്വാര്‍ത്ഥതക്ക് സി.പി.എമ്മിനെ പോലൊരു പാര്‍ട്ടി അടിപ്പെട്ടുപോകുന്നത് ലജ്ജാകരമാണ്. ഫാസിസത്തിനെതിരായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വിശാല മതേതര സഖ്യത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നതില്‍ നിന്ന് സി.പി.എമ്മിനെ പിറകോട്ടു വലിക്കുന്നത് തങ്ങളുടെ രാഷ്ട്രീയ പ്രസക്തി ചോദ്യം ചെയ്യപ്പെടുമോ എന്ന ഭയമാണ്. ജനങ്ങളെ എന്തു പറഞ്ഞു അഭിമുഖീകരിക്കുമെന്നതാണ് അവരെ വിഷമ വൃത്തത്തിലാക്കുന്നത്.
സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന മറ്റൊരു പ്രധാന വിമര്‍ശനമാണ് പാവങ്ങളില്‍ നിന്ന് പാര്‍ട്ടി അകലുന്നു എന്നകണ്ടെത്തല്‍. അടിസ്ഥാന വര്‍ഗത്തില്‍നിന്നും ദരിദ്ര കര്‍ഷകരില്‍നിന്നുമൊക്കെയുള്ള പാര്‍ട്ടി അംഗത്വം കുറയുന്നതായാണ് പ്രതിനിധികളുടെ വിലയിരുത്തല്‍. പാവപ്പെട്ടവരേയും അടിസ്ഥാന വര്‍ഗത്തേയും താഴിലാളി വര്‍ഗത്തേയുമൊക്കെ പ്രതിനിധീകരിച്ച പ്രസ്ഥാനം അത്തരം വിഭാഗത്തില്‍ നിന്നെല്ലാം മാറി കുത്തക മുതലാളിമാരുടേയും ധനാഢ്യരുടേയുമൊക്കെ താല്‍പര്യ സംരക്ഷണത്തിനായി നിലകൊള്ളുന്നുവെന്നതിന് സി.പി.എം നേതൃത്വം നല്‍കുന്ന സംസ്ഥാന ഭരണം തന്നെ ദൃഷ്ടാന്തമായി നിലകൊള്ളുകയാണ്. ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചെന്ന ആരോപണത്തിന് വിധേയനായ യുവാവ് ആള്‍ക്കൂട്ട കൊലപാതകത്തിനിരയായതും അതുവഴി കേരളം ലോകത്തിനുമുന്നില്‍ നാണം കെട്ടതുമെല്ലാം അത്തരം വിഭാഗങ്ങളോടുള്ള സര്‍ക്കാറിന്റെ സമീപനത്തില്‍ വന്ന വീഴ്ച്ചമൂലമാണ്. മന്ത്രിമാരും പാര്‍ട്ടി നേതാക്കളും അവരുടെ മക്കളുമെല്ലാം സുഖലോലുപതയില്‍ ആറാടുമ്പോഴാണ് ഇത്തരം ദാരുണ സംഭവങ്ങള്‍ നാട്ടില്‍ അരങ്ങേറുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നു.
കേരളാകോണ്‍ഗ്രസുമായി ബന്ധപ്പെട്ട വിഷയത്തിലും പാര്‍ട്ടി സമ്മേളനത്തിന്റെ സമീപനം അരി ഭക്ഷണം കഴിക്കുന്നവര്‍ക്കാര്‍ക്കും ബോധ്യമാകാത്തതാണ്. യു.ഡി.എഫിന്റെ കാലത്ത് ഉയര്‍ന്നുവന്ന ബാര്‍കോഴ സമരത്തിന്റെ സൃഷ്ടിയാണ് ഈ സര്‍ക്കാറെന്ന് നിരീക്ഷിക്കുന്ന സമ്മേളനം തന്നെ കേരള കോണ്‍ഗ്രസിനെ മുന്നണിയിലെത്തിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും മുന്നോട്ടുവെക്കുന്നു. ബാര്‍ കോഴക്കേസില്‍ ഇടതുപക്ഷം പ്രതിസ്ഥാനത്തു നിര്‍ത്തിയത് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയെയാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമായ ബജറ്റ് അവതരണം പോലും തടസപ്പെടുത്തിയ ഇക്കൂട്ടര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ അഴിമതിയുടെ തട്ടകമായി വിശേഷിപ്പിക്കുകയും അതേമുന്നണിയില്‍ ഭരണത്തില്‍ പങ്കാളികളായ കേരള കോണ്‍ഗ്രസിനെ വിശുദ്ധമായി കാണുകയും ചെയ്യുന്ന രീതി സി.പി.എമ്മിന്റെ അവസരവാദ സമീപനം തുറന്നുകാട്ടുന്നതായി മാറിയിരിക്കുകയാണ്. പാര്‍ട്ടിയുടെ ഈ നടപടി ഘടക കക്ഷികള്‍ക്കുപോലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നതിന്റെ അടയാളമാണ് സി.പി.ഐ നടത്തിക്കൊണ്ടിരിക്കുന്ന കടുത്ത പ്രതികരണങ്ങള്‍. സി.പി.ഐയുടെ എതിര്‍പ്പ് മറികടക്കാനായി കാനം രാജേന്ദ്രനേയും കെ.എം മാണിയേയും ഒരേവേദിയില്‍ സി.പി.എം അണിനിരത്തിയെങ്കിലും പ്രതികൂല ഫലമാണ് ഉളവാക്കിയിരിക്കുന്നത്.
പാര്‍ട്ടിയുടെ കൊലപാതക രാഷട്രീയത്തിനെതിരെ അണികളില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നു വരുന്നതിനും സമ്മേളനം സാക്ഷിയായി. എതിര്‍ ശബ്ദങ്ങളെ കായികമായി നേരിടുന്ന പ്രാകൃത സമീപനത്തില്‍ നിന്നും പിന്തിരിയാന്‍ ഇനിയും തയ്യാറായിട്ടില്ലെങ്കില്‍ ബഹുജന അടിത്തറ നഷ്ടപ്പെടുമെന്ന് നല്ലൊരു വിഭാഗം പ്രതിനിധികളും ആശങ്കപ്പെട്ടെങ്കിലും കണ്ണൂരില്‍ നിന്നുള്ള പ്രതിനിധികളുടെ ന്യായീകരണം വര്‍ത്തമാന കാല സാഹചര്യങ്ങള്‍ക്ക് മാറ്റം വരില്ലെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
സംസ്ഥാന ഭരണത്തിന്റെ പോരായ്മകളും മന്ത്രിമാരുടെ വീഴ്ചകളുമൊന്നും സമ്മേളനത്തില്‍ ഉന്നയിക്കാന്‍ അണികള്‍ ധൈര്യം കാണിക്കാതിരുന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടി മുഴുവന്‍ ഒരു അച്ചുതണ്ടിന്റെ കൈപ്പിടിയിലൊതുങ്ങിപ്പോയിരിക്കുന്നു എന്നതാണ് ഇത് നല്‍കുന്ന സൂചന. മുമ്പെങ്ങുമില്ലാത്ത വിധം കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍ ധൂര്‍ത്തിന്റെയും അഴിമതിയുടേയും പിടിയിലകപ്പെടുമ്പോള്‍ അതിനെ നേരെയാക്കേണ്ട സംവിധാനം പോലും പരാജയപ്പെടുന്നത് അശുഭകരമായ സന്ദേശമാണ് നല്‍കുന്നത്.

chandrika: