X

സംഘ്പരിവാറിന്റെ കണ്ണുതുറപ്പിക്കേണ്ട വിധി

ജനാധിപത്യസംവിധാനം കെട്ടിപ്പൊക്കപ്പെട്ടിരിക്കുന്നതുതന്നെ പൗരന്മാരുടെ മൗലികാവകാശങ്ങളുടെ കോണ്‍ക്രീറ്റ്തറയിലാണ്. വ്യക്തിയുടെ മൗലിക സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയില്‍ ഇതര വ്യക്തിക്കോ സ്ഥാപനത്തിനോ സംഘടനക്കോ സര്‍ക്കാരുകള്‍ക്കോ അതില്‍ കൈകടത്താന്‍ ഒരുവിധ അവകാശവുമില്ല. വീട്, കുടുംബം, വരുമാനം, കത്തിടപാടുകള്‍, അഭിമാനം, ബഹുമാന്യത ആദിയായവയാണ് സ്വകാര്യതകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഏതൊരു മനുഷ്യനും അത്യധികം വിലപ്പെട്ടവയാണിവയൊക്കെ. രാജ്യത്തെ ഉന്നത നീതിപീഠം കഴിഞ്ഞദിവസം പുറപ്പെടുവിച്ച സുപ്രധാനമായ വിധിന്യായം വഴി പൗരന്റെ ഇത്തരം സ്വകാര്യതകള്‍കൂടി ഇപ്പോള്‍ ഭരണഘടനയുടെ മൗലികാവകാശ പട്ടികയിലേക്ക് കടന്നുവന്നിരിക്കുന്നു. ജനാധിപത്യ സംരക്ഷണത്തിന് ഏറെ ഉതകുന്നതും ദൂരവ്യാപകമായ അര്‍ഥതലങ്ങളുള്ളതുമായിരിക്കുന്നുവെന്നതിനുപുറമെ, കേന്ദ്ര സര്‍ക്കാരിനും സംഘ്പരിവാറിനാകെയും ഏറ്റ കനത്തപ്രഹരമാണ് ഈ വിധി. ബീഫ് നിരോധന ഉത്തരവടക്കം സ്വകാര്യതക്കെതിരായ രാജ്യത്തെ എല്ലാനിയമങ്ങളും ചട്ടങ്ങളും റദ്ദാക്കപ്പെടാനുള്ള സാധ്യതയാണ് ഇതിലൂടെ സംജാതമായിരിക്കുന്നത്. പൊലീസ്, ആദായ നികുതി ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനരീതി, മാധ്യമ പ്രവര്‍ത്തനം തുടങ്ങിയവയുടെ നിയന്ത്രണത്തിനും വിധി കാരണമായേക്കാം.
സുപ്രീംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാബെഞ്ചാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന ചോദ്യത്തില്‍ ഖണ്ഡിതമായ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യത മൗലികാവകാശം തന്നെയെന്നും എന്നാല്‍ അതിന് എല്ലാ മൗലികാവകാശങ്ങളെയും പോലെതന്നെ ന്യായമായ നിയന്ത്രണങ്ങളാവാമെന്നും കോടതി വിധിച്ചിരിക്കുന്നു. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ശിലതന്നെ പൗരസ്വാതന്ത്ര്യമാണ്. തുല്യതക്കും ചൂഷണത്തിനെതിരെയും മാന്യമായി ജീവിക്കാനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും സാംസ്‌കാരികതക്കും വിദ്യാഭ്യാസത്തിനുമൊക്കെയുള്ളതാണ് ഇതുവരെയുണ്ടായിരുന്ന മൗലികാവകാശങ്ങള്‍. അവക്കുപുറമെയാണ് സ്വകാര്യതക്കുള്ള അവകാശം എന്ന ഏഴാമതൊരു മൗലികാവകാശംകൂടി ഭരണഘടനയില്‍ ഇതോടെ ഉള്‍ച്ചേര്‍ത്തപ്പെട്ടിരിക്കുന്നത്. പൗരന്റെ സ്വകാര്യത സംബന്ധിച്ച് സുപ്രീംകോടതി 1954ലും 62ലും നടത്തിയ വിധികളില്‍ അതിനെ മൗലികാവകാശമായി കണക്കാക്കിയിരുന്നില്ല. ഈ വിധികള്‍കൂടിയാണ് വ്യാഴാഴ്ചത്തെ നിര്‍ണായക വിധിയിലൂടെ അസാധുവാക്കപ്പെട്ടിരിക്കുന്നത്. അതിനെ നിസ്സാരമായികണ്ട ബി.ജെ.പിയും താലോലിച്ച ഉദ്യോഗസ്ഥവൃന്ദവും ജനങ്ങളോട് മാപ്പുപറയുകയാണിപ്പോള്‍ ചെയ്യേണ്ടത്. 1948ല്‍ വിവിധ രാജ്യങ്ങള്‍ ചേര്‍ന്ന് പാസാക്കിയ മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനത്തിലെ പന്ത്രണ്ടാം വകുപ്പും 1966ലെ അന്താരാഷ്ട്ര സിവില്‍-രാഷ്ട്രീയാവകാശങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനത്തിന്റെ പതിനേഴാം വകുപ്പുമൊക്കെ സ്വകാര്യതയിലേക്കുള്ള മന:പൂര്‍വമുള്ള കടന്നുകയറ്റത്തെ തടഞ്ഞിട്ടുണ്ട്. ഇതിനെതിരെ ലോകത്തെ ഏറ്റവും മഹത്തായ ജനാധിപത്യ ഭരണഘടനയുള്ള ഇന്ത്യക്ക് ഒരിക്കലും നിലപാടെടുക്കാന്‍ കഴിയില്ലെന്നുമാത്രമല്ല, അവയെ സംരക്ഷിക്കേണ്ട കനത്ത ബാധ്യതയും രാജ്യത്തിനും ഭരണകൂടത്തിനുമുണ്ട്.
സര്‍ക്കാരിനുമാത്രമല്ല, സംഘ്പരിവാറിനാകെയുള്ള മുന്നറിയിപ്പുകൂടിയാണീ വിധി. രണ്ടുതരത്തിലുള്ള പ്രഹരമാണ് സര്‍ക്കാരിന് ഇതിലൂടെ ഏറ്റിരിക്കുന്നത്. ഒന്ന് സ്വകാര്യത സംബന്ധിച്ച നിലപാടും രണ്ട് ആധാര്‍ ബന്ധിത സേവനങ്ങള്‍ നിര്‍ബന്ധിക്കുന്ന നിലപാടും. പൗരന്റെ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ വരുത്തുന്നതിന് മോദി ഭരണകൂടവും അതിന്റെ രാഷ്ട്രീയ ഘടകമായ സംഘ്പരിവാറും കഠിനപരിശ്രമങ്ങള്‍ നടത്തിവരുന്ന കാലത്താണ് വിധി എന്നത് ഏറെ ചിന്തോദ്ദീപകമായിരിക്കുന്നു. പൗരന്‍ എന്തുഭക്ഷിക്കണമെന്നും എങ്ങനെ ചിന്തിക്കണമെന്നും എന്തെഴുതണമെന്നും ഏതു വസ്ത്രം ധരിക്കണമെന്നുമൊക്കെ ബി.ജെ.പിക്കാരടങ്ങുന്ന ഹിന്ദുത്വവാദികള്‍ ജനങ്ങളുടെമേല്‍ നിബന്ധനകള്‍ അടിച്ചേല്‍പിച്ചുവരികയായിരുന്നു. അവ അനുസരിക്കാത്തവരെ പട്ടാപ്പകല്‍ തലക്കടിച്ച് കൊല്ലുന്ന ഒട്ടേറെ സംഭവങ്ങളാണ് രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്നത്.
ജനങ്ങളില്‍ ചിലര്‍ സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ അനര്‍ഹമായി കൈപ്പറ്റുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് കോണ്‍ഗ്രസ് നേതൃത്തിലുള്ള മുന്‍ യു.പി.എ സര്‍ക്കാര്‍ പൗരന്മാരുടെ വിവര ശേഖരണത്തിനായി വിവര സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ആധാര്‍ പദ്ധതി നടപ്പാക്കിയത്. എന്നാല്‍ പിന്നീടുവന്ന ബി.ജെ.പി സര്‍ക്കാര്‍ ഇതിനെ ദുരുപയോഗം ചെയ്യാനാണ് തയ്യാറായത്. ആധാര്‍ നമ്പര്‍ ലഭിക്കുന്ന പൗരന്റെ സ്വകാര്യമായതുള്‍പ്പെടെയുള്ള സര്‍വവിവരങ്ങളും സര്‍ക്കാരിന് ഏതുസമയവും ലഭ്യമാക്കണമെന്നായി അവസ്ഥ. റേഷന്‍, പാന്‍കാര്‍ഡ്, സ്‌കോളര്‍ഷിപ്പുകള്‍, പെന്‍ഷന്‍ മുതലായ നിരവധി സേവനങ്ങള്‍ക്ക് ആധാര്‍ ലിങ്ക് ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. വ്യക്തിയുടെ വിലാസം, വയസ്സ്, മതം, ജാതി എന്നുമാത്രമല്ല, അയാളുടെ ബയോമെട്രിക് വിവരങ്ങള്‍വരെ ആധാര്‍വഴി ശേഖരിച്ചിരുന്നത് സ്വകാര്യതയുടെ മേലുള്ള കൈകടത്തലായി സ്വാഭാവികമായും പരാതിയുയര്‍ന്നു. സര്‍ക്കാര്‍ മാത്രമല്ല, മൊബൈല്‍ കമ്പനികളും ബാങ്കുകളും മറ്റ് വിവിധ സ്വകാര്യ സ്ഥാപനങ്ങളുമൊക്കെ ഇങ്ങനെ ആധാറിലേക്കും അതുവഴി അവന്റെ സ്വകാര്യതയിലേക്കും കടന്നുകയറുന്നത് പതിവുമായി. ആധാര്‍ വിവരശേഖരണം സര്‍ക്കാര്‍ എല്ലാ സേവനമേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിന് നിര്‍ബന്ധിക്കുന്ന ഒട്ടേറെ ഉത്തരവുകള്‍ പുറത്തിറക്കിയതിനെതിരെ നിരവധി കേസുകള്‍ക്കിടെയാണ് സുപ്രീംകോടതി സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രധാനമായ സംശയം തീര്‍ക്കാന്‍ തയ്യാറായത്. 2015ല്‍ ഒരൂകൂട്ടം ഹര്‍ജികളാണ് സുപ്രീംകോടതി മുമ്പാകെ എത്തിച്ചേര്‍ന്നത്. എന്നാല്‍ പൗരാവകാശങ്ങള്‍ സംരക്ഷിക്കാനുത്തരവാദപ്പെട്ട മോദി സര്‍ക്കാര്‍ സ്വകാര്യത മൗലികാവകാശമല്ലെന്ന ഉറച്ച നിലപാടില്‍ തന്നെയായിരുന്നു. സ്വേച്ഛാധിപത്യരാഷ്ട്രം സൃഷ്ടിക്കാനാണ് ഇതെന്ന് ഹരജിക്കാര്‍ കോടതിയില്‍ കുറ്റപ്പെടുത്തിയതില്‍ ഒരു അല്‍ഭുതവുമുണ്ടായിരുന്നില്ല. ബി.ജെ.പി ഭരണകൂടത്തില്‍ നിന്ന് ഇതില്‍നിന്ന് വ്യത്യസ്തമായി പ്രതീക്ഷിക്കുന്നതിലും അര്‍ഥമില്ലായിരുന്നു. സ്വാഭാവികമായും വിചാരണഘട്ടത്തില്‍ തന്നെ സര്‍ക്കാരിന്റെ വിവരശേഖരണ രീതിയുടെ അനവധാനതയെ കോടതി ഭംഗ്യന്തരേണ കുറ്റപ്പെടുത്തിയയെന്നതും ശ്രദ്ധേയമാണ്. ആധാറിന്റെ ദുരുപയോഗത്തിനെതിരായ നിരവധി വിമര്‍ശനങ്ങളും ചോദ്യങ്ങളും സര്‍ക്കാരിന് മറുപടി പറയേണ്ട സ്ഥിതിയിലാണ്. ഏതൊക്കെയാണ് സ്വകാര്യത എന്നതാണ് പ്രധാനഘടകം. മതം, ജാതി, വര്‍ഗം, വര്‍ണം, വൈവാഹിക ബന്ധം, സന്താനങ്ങള്‍, ബാങ്ക് ബാലന്‍സ് തുടങ്ങി ഒരാളുടെ ജീവിതവുമായി ബന്ധപ്പെട്ട നിത്യനിദാനമായ എല്ലാവിധ ഇനങ്ങള്‍ക്കും വിധി ബാധകമായേക്കും. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെങ്കിലും അതിലേക്കെല്ലാമുള്ള അടിസ്ഥാന വിധിരേഖയായി വേണം തദ്‌വിധിയെ നോക്കിക്കാണാന്‍. അതുകൊണ്ടുതന്നെ ബി.ജെ.പിയുടെയും സര്‍ക്കാരിന്റെയും കണ്ണുതുറപ്പിക്കാന്‍ വിധി ഉതകട്ടെ.

chandrika: