X
    Categories: columns

ഇടതുഭരണത്തില്‍ തകരുന്ന ക്രമസമാധാനം

കേരളത്തില്‍ ക്രിമിനലുകള്‍ അരങ്ങുവാഴുന്നതില്‍ ജനങ്ങള്‍ ഭീതിയിലാണ്. ഭൂരിഭാഗം സംഭവങ്ങളിലും ഭരണകക്ഷിക്കാര്‍ തന്നെയാണ് പ്രതികളെന്നത് ആശങ്ക ഇരട്ടിയാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന പൊലീസ് വകുപ്പ് നിഷ്‌ക്രിയമാകുകകൂടി ചെയ്യുമ്പോള്‍ മനസമാധാനം പൂര്‍ണമായും നഷ്ടപ്പെടുകയാണ്. സമീപകാലത്ത് തുടരെത്തുടരെയാണ് കുറ്റകൃത്യങ്ങളുണ്ടായത്. വെഞ്ഞാറാമൂട് ഇരട്ടക്കൊലപാതകം മുതല്‍ കോവിഡ് രോഗിയായ യുവതി ആംബുലന്‍സില്‍ ബലാത്സംഗം ചെയ്യപ്പെട്ടതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ആഭ്യന്തര ക്രമസമാധാനം അടിമുടി തകര്‍ന്നതിന്റെ തെളിവാണ്.
പത്തനംതിട്ട ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം 40 ദിവസത്തിന് ശേഷമാണ് സംസ്‌കരിച്ചത്. നീതി തേടി ഭാര്യ ഷീബയും ബന്ധുക്കളും നാട്ടുകാരും നടത്തിയ പോരാട്ടത്തിനൊടുവില്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്. രണ്ടാം പോസ്റ്റുമാര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം സി.ബി.ഐ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. ജൂലൈ 28നാണ് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ മത്തായിയെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. പിന്നീട് കുടുംബവീടിന് സമീപമുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വനപാലകരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കസ്റ്റഡിയെടുത്തതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയ്കുമാര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്റ്റഡിയിലുള്ള വ്യക്തിക്ക് സുരക്ഷ ഉറപ്പാക്കുന്നതിലും ജീവന്‍ രക്ഷിക്കുന്നതിലും ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ലെന്ന് വനം മന്ത്രി കെ. രാജുവിന് നല്‍കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മത്തായിയുടെ മൃതദേഹത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കുടുതല്‍ പരുക്ക് സി.ബി.ഐ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തി. മരണം ആത്മഹത്യയാണെന്നായിരുന്നു പൊലീസ് ഭാഷ്യം. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തോടെയാണ് സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നത്. വനംവകുപ്പിന്റെ കസ്റ്റഡിയിലിക്കെ ഒരാള്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത് എങ്ങനെയെന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ട്. അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നതോടെ വനംവകുപ്പ് കൂടുതല്‍ പ്രതിക്കൂട്ടിലാവുകയാണ്.
ആരെയും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആഭ്യന്തരരംഗം കലങ്ങിമറിഞ്ഞിരിക്കുന്നു. ആറന്മുളയില്‍ കോവിഡ് രോഗിയായ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നത് ഏറെ ഭീകരമാണ്. കോവിഡ് രോഗിയായ പെണ്‍കുട്ടിക്ക് സംരക്ഷണം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. നാള്‍ക്കുനാള്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശ്വാസ്യതയെപ്പോലും ചോദ്യംചെയ്യപ്പെടാന്‍ ഈ സംഭവം കാരണമാകും. കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടം ഇല്ലെന്നും തെളിയിക്കപ്പെട്ടിരിക്കുകയാണ്. കോവിഡ് ബാധിതയായ പെണ്‍കുട്ടി വീട്ടില്‍നിന്ന് ഇറങ്ങിയതുമുതല്‍ സര്‍ക്കാരിന്റെ സംരക്ഷണത്തിലായിരിക്കണം. അറസ്റ്റിലായ ഡ്രൈവര്‍ കൊലക്കേസ് പ്രതിയാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. 2018ല്‍ ഇയാള്‍ക്കെതിരെ 308 പ്രകാരം കേസെടുത്തിരുന്നു. അതിന് ശേഷമാണ് ഇയാള്‍ ആംബുലന്‍സ് ഡ്രൈവറായത്. വീട്ടില്‍നിന്ന് പുറപ്പെടുമ്പോള്‍ ആംബുലന്‍സില്‍ നാല്‍പത് വയസുള്ള സ്ത്രീ കൂടിയുണ്ടായിരുന്നു. ഇവരെ കോഴഞ്ചേരിയിലെ ജനറല്‍ ആശുപത്രിയില്‍ ഇറക്കിയ ശേഷം പന്തളത്തേക്ക് കൊണ്ടുപോകുമ്പോള്‍ പെണ്‍കുട്ടി തനിച്ചാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ആംബുലന്‍സ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട ശേഷമാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഡ്രൈവറെ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ നിര്‍ദ്ദേശിച്ചതുകൊണ്ട് മാത്രം ആരോഗ്യ മന്ത്രിയുടെ ബാധ്യത അവസാനിക്കുന്നില്ല. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ചികിത്സയിലുള്ളവര്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കാത്തത് സര്‍ക്കാരിന്റെ കഴിവുകേടിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാനാവില്ല. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരോഗ്യ മന്ത്രി തയാറാകണം.
സി.പി.എമ്മിന്റെ നേതൃസ്ഥാനത്തുള്ളവര്‍ തന്നെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ പ്രതികളാണെന്നിരിക്കെ കുറ്റവാളികള്‍ക്ക് ഭരണകൂടത്തിന്റെ തണലുണ്ട്. കൊടുംകുറ്റവാളികള്‍ പലരും ഭരണസ്വാധീനത്തിന്റെ ബലത്തില്‍ പുറത്തിറങ്ങി വിലസുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് റാക്കറ്റുകളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുകയാണ്. കര്‍ണാടക പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസില്‍ പ്രതിയായ അനുപ് മുഹമ്മദുമായി ബിനീഷിനുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ ഉപയോഗിച്ച് നടന്ന സ്വര്‍ണ്ണക്കടത്തിലും കോടിയേരിയുടെ മകന് പങ്കുണ്ടെന്ന സംശയം ബലപ്പെടുകയാണ്. അധികാരമുണ്ടെങ്കില്‍ എന്ത് നെറികേടും ആവാമെന്ന ചിന്തയിലേക്ക് സി.പി.എം മാറിത്തുടങ്ങിയിരിക്കുന്നു. എന്തു വന്നാലും ഭരണത്തിന്റെ ഒത്താശയോടെ രക്ഷപ്പെടാമെന്ന തോന്നലാണ് ബോംബുകള്‍ നിര്‍മിക്കാനും ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാനും അണികള്‍ക്ക് ധൈര്യം പകരുന്നത്.
തലശ്ശേരി പൊന്ന്യത്ത് ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഓടിരക്ഷപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ അശ്വന്ത് സി.ഒ.ടി നസീര്‍ വധശ്രമ കേസിലെ രണ്ടാം പ്രതിയാണ്. ബോംബ് നിര്‍മാണത്തിന് കാവല്‍നിന്നത് ഇയാളാണെന്ന് പൊലീസ് പറയുന്നു. പുഴക്കരയില്‍ ആളൊഴിഞ്ഞ ഷെഡിലുണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാള്‍ ടി.പി ചന്ദ്രശേഖരന്‍ വധശ്രമക്കേസിലെ 24-ാം പ്രതിയാണ്. കൊലപാതക രാഷ്ട്രീയം പാര്‍ട്ടി പദ്ധതിയായി കൊണ്ടുനടക്കുന്ന സി.പി.എമ്മിന് ബോംബ് നിര്‍മാണം കുടില്‍ വ്യവസായത്തെ പോലെയാണ്. പാര്‍ട്ടി നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയും അറിവോടെയും രാഷ്ടീയ എതിരാളികളെ കൊല്ലാനാണ് ഇവയൊക്കെ ഉണ്ടാക്കുന്നത്. പക്ഷെ, പ്രതിയോഗികളെ മാത്രമല്ല, സ്വന്തം അണികളെക്കൂടിയാണ് സി.പി.എം നേതാക്കള്‍ നശിപ്പിക്കുന്നത്. എന്തു സംഭവിച്ചാലും പാര്‍ട്ടി കൂടെയുണ്ടാകുമെന്ന നേതാക്കളുടെ വാക്കു കേട്ട് ബോംബുകളുമായി ഇറങ്ങുന്ന പ്രവര്‍ത്തകരുടെ ജീവിതം അവസാനിക്കുന്നത് തീരാദുരിതത്തിലാണ്. നിണായക ഘട്ടത്തില്‍ നേതാക്കള്‍ അവരെ കൈവിടുകയും ചെയ്യും.
പാര്‍ട്ടി പ്രവര്‍ത്തകരെ ക്വട്ടേഷന്‍ ഗുണ്ടകളായാണ് നേതാക്കള്‍ കാണുന്നത്. സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി വടിവാളുകളും ബോംബുകളും നല്‍കി ഇളക്കിവിടുകയാണ് സി.പി.എം നേതൃത്വം. കേരളത്തിലെ കൊലപാതകക്കേസുകളില്‍ പ്രത്യക്ഷമായും പരോക്ഷമായും മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ക്ക്് പങ്കുള്ളതായി കാണാം. ചോരച്ചാലുകള്‍ തീര്‍ത്ത് രാഷ്ട്രീയ ലാഭം കൊയ്യാന്‍ നോക്കുന്ന മാര്‍ക്‌സിസ്റ്റ് തന്ത്രത്തെ പരാജയപ്പെടുത്തുക തന്നെ വേണം.

 

 

 

web desk 1: