നൂറ്റാണ്ടിലെ കടുത്ത വരള്‍ച്ചയെ അഭിമുഖീകരിക്കുന്ന കേരളത്തിന് അയല്‍ സംസ്ഥാനത്തുനിന്ന് അര്‍ഹമായ വെള്ളം വാങ്ങിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്നിരിക്കുകയാണ്. പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലാണ് കുടിവെള്ളത്തിനായി ലക്ഷക്കണക്കിന് വരുന്ന ജനം നെട്ടോട്ടമോടുന്നത്. കേരളവും തമിഴ്‌നാടും തമ്മില്‍ ഉണ്ടാക്കിയ പറമ്പിക്കളം- ആളിയാര്‍ കരാര്‍ പ്രകാരം ലഭിക്കേണ്ട വെള്ളം അനുവദിക്കാന്‍ തമിഴ്‌നാട് തയ്യാറാകുന്നില്ലെന്നതിനാല്‍ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് അതിര്‍ത്തിയിലെ ജനത.
മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഇരു പ്രദേശങ്ങളും വേര്‍പെട്ട് പ്രത്യേക സംസ്ഥാനങ്ങളായതോടെ പാലക്കാട് ജില്ലയുടെ ഭാഗമായ പ്രദേശത്താണ് പത്തോളം അണക്കെട്ടുകള്‍ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം. കേരളത്തിന്റെ ഭൂമിയിലാണെങ്കിലും കരാര്‍ പ്രകാരം വെള്ളത്തിന്റെ നിയന്ത്രണം തമിഴ്‌നാട്ടിനാണെന്നതാണ് പ്രശ്‌നം വഷളാക്കുന്നത്. നാളിതു വരെയായി കരാര്‍ പ്രകാരം കേരളത്തിന് ചിറ്റൂര്‍ പുഴയിലേക്ക് ലഭിക്കേണ്ട 7.25 ടി.എം.സി അടിവെള്ളം ലഭിക്കുന്നില്ലെന്നതാണ് കേരളത്തിന്റെ പരാതി. കരാര്‍ പ്രകാരം കേരള ഷോളയാറിലേക്ക് 12.3 ടി.എം.സി അടി വെള്ളവും കേരളത്തിന് കിട്ടേണ്ടതുണ്ട്. ഇത് ഓരോ കാലത്തും പലവിധ ന്യായങ്ങള്‍ കാട്ടി തടയുകയാണ് തമിഴ്‌നാട്.
വെള്ളം തുറന്നു വിട്ട ശേഷം കോണ്ടൂര്‍ കനാലുകള്‍ വഴി തമിഴ്‌നാട്ടിലേക്ക് തന്നെ തിരിച്ചുകൊണ്ടു പോകുന്നതും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. മണക്കടവ് വിയറില്‍ നിന്ന് അര്‍ഹതപ്പെട്ടതിലും ഇരുപത് ശതമാനം വരെ മാത്രമാണ് പലപ്പോഴും ആ സംസ്ഥാനം കേരളത്തിന് വെള്ളം തുറന്നു വിടുന്നത്. ഇത് പലപ്പോഴും പ്രകോപനപരമായ അവസ്ഥ സൃഷ്ടിക്കാറുണ്ടെങ്കിലും കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടതോടെയാണ് ജനങ്ങള്‍ പരസ്യമായ പ്രക്ഷോഭത്തിലേക്കിറങ്ങിയിരിക്കുന്നത്. ഈ ജലവര്‍ഷം മാത്രം 2.555 ടി.എം.സി അടിവെള്ളം മാത്രമാണ് കേരളത്തിന് പദ്ധതിയില്‍ നിന്ന് ലഭിച്ചതെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന ജല വിഭവ വകുപ്പു മന്ത്രി മാത്യു ടി. തോമസ് വെളിപ്പെടുത്തിയത് കേട്ട് ആരും ഞെട്ടുന്നില്ല. തമിഴ്‌നാട് കൃഷിക്കുപുറമെ വൈദ്യുതി ഉത്പാദനത്തിനും ഈ ജലം ഉപയോഗിക്കുന്നതായി വെളിപ്പെട്ടിട്ടുണ്ട്.
കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടെ കാല്‍ ഭാഗത്തു പോലും നെല്‍ കൃഷി ഇത്തവണ നടത്തുന്നില്ല. 1500 മി.മീറ്ററിന് പകരം ഇത്തവണ ആയിരം മി.മീറ്റര്‍ മഴയാണ് പാലക്കാടിന് ലഭിച്ചത്. പൊതുവെ തന്നെ കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് ജില്ലയിലെ ചിറ്റൂരും അട്ടപ്പാടിയും. പെരുമാട്ടി, പട്ടഞ്ചേരി പ്രദേശങ്ങളിലെ വാഴക്കൃഷി പോലും ഉണങ്ങി നശിച്ചു.
കേരള സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പാലിക്കാതിരുന്നതാണ് പ്രക്ഷോഭത്തിന് വഴിമരുന്നിട്ടത്. ചിറ്റൂര്‍ പുഴ പ്രദേശത്തെ നെല്‍കൃഷിക്കാണ് പ്രസ്തുത ജലം ഉപയോഗിക്കുന്നതെങ്കിലും ഇത്തവണ കൃഷി പോയിട്ട് കുടിവെള്ളത്തിന് പോലും കടുത്ത ക്ഷാമം അനുഭവപ്പെടുകയാണ്.
ഇതേതുടര്‍ന്നാണ് കഴിഞ്ഞ മാസം പാലക്കാട് ജില്ലാകലക്ടര്‍ ഇടപെട്ട് തമിഴ്‌നാട് ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന ്കുറേശെയായി വെള്ളം വിട്ടുതരുന്നുണ്ട്. ദിവസം 225 ഘനയടി വെള്ളം ലഭ്യമാക്കാമെന്നായിരുന്നു ധാരണ. എന്നാലിതിന്റെ കാലാവധി നാളെ അവസാനിക്കുകയാണ്. ഈ മാസം അവസാനം വരെ കിട്ടിയാലേ അതിര്‍ത്തി ഗ്രാമങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരമാകൂ.
കാലവര്‍ഷം വരുന്ന മെയ് 31വരെ 100 ക്യുസെക്‌സ് ജലമെങ്കിലും നേടിയെടുക്കാന്‍ കേരളത്തിന് കഴിയണം. ഇപ്പോള്‍ ലഭിക്കുന്ന വെള്ളത്തിന് കേരളത്തിന്റെ സ്വന്തം പരിശോധന തുടരുകയും വേണം. ഇക്കാര്യത്തില്‍ നമ്മുടെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സവിശേഷമായ ശ്രദ്ധ ഉണ്ടാവണം. ഇപ്പോഴും വെള്ളം തടയണകളില്‍ സൂക്ഷിച്ച് കുടിവെള്ള ക്ഷാമം നേരിടാന്‍ പൂര്‍ണമായി കഴിഞ്ഞിട്ടില്ല.
അതിനിടെയാണ് പറമ്പിക്കുളം വെള്ളം ഉപയോഗിച്ച് തമിഴ്‌നാട് തിരുമൂര്‍ത്തി ഡാം നിറക്കാനും അതുവഴി തെക്കന്‍ തമിഴ്‌നാട്ടിലെ കൃഷി ഉണങ്ങാതെ നോക്കാനും ശ്രമിക്കുന്നത്. ഇത് കടുത്ത കൈയെന്നല്ലാതെ പറയാനാവില്ല. തമിഴ്‌നാട്ടിലെ ഈ ഭാഗത്തുനിന്നുള്ള പച്ചക്കറിയും മറ്റുമാണ് കേരളത്തിലേക്ക് വരുന്നത് എന്നത് പോകട്ടെ, കുടിവെള്ളക്ഷാമം തീര്‍ക്കലാണോ കൃഷി നടത്തലാണോ ഇപ്പോഴത്തെ അടിയന്തിര കടമ എന്നാണ് തമിഴ്‌നാട് ആലോചിക്കേണ്ടത്.
പാലക്കാട് ജില്ലയിലെ തന്നെ ശിരുവാണി അണക്കെട്ടില്‍ നിന്നുള്ള വെള്ളമാണ് കോയമ്പത്തൂര്‍, മേട്ടുപ്പാളയം തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ള ആവശ്യത്തിന് പരിഹാരമാകുന്നത്. ഇതു മനസ്സിലാക്കി കേരളം ശിരുവാണിയില്‍ പിടിമുറുക്കിയതോടെയാണ് പറമ്പിക്കുളത്തിന്റെ കാര്യത്തില്‍ ചെറുതായെങ്കിലും വഴങ്ങാന്‍ തമിഴ്‌നാട് കഴിഞ്ഞയാഴ്ച തയ്യാറായത്.
കര്‍ണാടകയില്‍ നിന്നുത്ഭവിക്കുന്ന കാവേരി വെള്ളത്തിലും കേരളത്തിന് അവകാശമുണ്ടെന്നിരിക്കെ അക്കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ കാര്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയുണ്ട്. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ തന്നെ അസാധുവായിട്ട് കാല്‍ നൂറ്റാണ്ടെങ്കിലുമായി. ഇക്കാര്യത്തില്‍ മുന്‍മന്ത്രി ടി.എം ജേക്കബിന്റെ കാലത്ത് ചില നീക്കങ്ങള്‍ നടന്നതാണെങ്കിലും മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി തമിഴ്‌നാട് അതിന് തടയിടുകയായിരുന്നു. വരാനിരിക്കുന്നത് കൊടും വരള്‍ച്ചയുടെയും കുടിവെള്ള ക്ഷാമത്തിന്റെയും കാലമാണെന്നാണ് പരിസ്ഥിതി വിദഗ്ധരെല്ലാം പ്രവചിച്ചിരിക്കുന്നത്.
അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ കേരളം പി.എ.പി കരാര്‍ പുതുക്കുന്നതിനും ശിരുവാണിവെള്ളത്തിന്റെ കാര്യത്തിലും കാര്യമായ ശ്രദ്ധ ചെലുത്തിയേ പറ്റൂ. ഒരു കാലത്ത് വെള്ളത്തിന്റെ ഉറവിടമായിരുന്ന അട്ടപ്പാടിയുടെ കിഴക്കന്‍ മേഖല ഇന്ന് കടുത്ത കുടിവെള്ളക്ഷാമത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ആദിവാസി കുടുംബങ്ങള്‍ കിലോമീറ്ററുകള്‍ നടന്നാണ് അന്നന്നുള്ള വെളളം ശേഖരിക്കുന്നത്. കുടിവെള്ളമില്ലെങ്കില്‍ മറ്റെന്തുണ്ടായിട്ടെന്തുകാര്യം.
ശിരുവാണി അണക്കെട്ട് ഭാഗത്ത് കേരളം സര്‍വേ നടത്തുന്നതു പോലും തമിഴ്‌നാട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ച് തടയുന്ന സ്ഥിതിയുണ്ടായി. വെള്ളം എല്ലാവര്‍ക്കും അത്യാവശ്യവസ്തുവാണെന്നിരിക്കെ അതിനെ പരമാവധി നീതിപൂര്‍വമായി ഉപയോഗപ്പെടുത്തുക എന്നതായിരിക്കണം ഏത് സംസ്ഥാനത്തിലെയായാലും മനുഷ്യരുടെ രീതി. കര്‍ണാടകയോട് സുപ്രീം കോടതി നിര്‍ദേശിച്ച കാവേരി വെള്ളം വിട്ടുനല്‍കുന്ന കാര്യത്തില്‍ കര്‍ണാടക കാണിച്ച സമീപനമല്ല കേരളം പറമ്പിക്കുളത്തിന്റെ കാര്യത്തില്‍ കാട്ടുന്നതെന്ന് തമിഴ്‌നാട് മനസ്സിലാക്കണം. ഇക്കാര്യത്തില്‍ തമിഴ്‌നാട്ടിലെ പുതിയ സര്‍ക്കാരുമായി ചേര്‍ന്ന് കേരളത്തിന് ചിലതിനെല്ലാം മുന്‍കയ്യെടുക്കാന്‍ കഴിയണം. വേണ്ടിവന്നാല്‍ അന്തര്‍ സംസ്ഥാന ജലനിയന്ത്രണ ബോര്‍ഡിനെയും കോടതിയെയും സമീപിക്കണം.