X
    Categories: Views

അതിമധുരം ഈ മധുരത്തെരുവ്

മിഠായിത്തെരുവ് പൈതൃക പദ്ധതി യാഥാര്‍ത്ഥ്യമായതോടെ കോഴിക്കോട് നഗരം ഒന്നുകൂടി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. പഴമയുടെ പ്രൗഢിയും പുതുമയുടെ സൗന്ദര്യവും സമ്മേളിച്ചുകൊണ്ടുള്ള ഈ നവീകരണം പതിറ്റാണ്ടുകളുടെ പഴക്കമുള്ള സ്വപ്‌നത്തെയാണ് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ലോകത്തിലെ ഏത് പൈതൃകത്തെരുവിനോടും കിടപിടക്കുന്ന രീതിയില്‍ എസ്.കെ പൊറ്റക്കാടും, വൈക്കം മുഹമ്മദ് ബഷീറും, എം.ടിയും, എന്‍.പി മുഹമ്മദും, ഉറൂബും, കെ.ടി മുഹമ്മദും, തിക്കോടിയനുമെല്ലാം കഥയും കളിയും പറഞ്ഞ് നടന്ന ഈ തെരുവ് മാറിക്കഴിഞ്ഞു.

ഏകദേശം രണ്ട് പതിറ്റാണ്ടോളമായി മുഴങ്ങിക്കേട്ട മുറവിളികള്‍ക്കാണ് ഇന്നലത്തോടെ പരിഹാരമായിരിക്കുന്നത്. 6.26 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് വന്നത്. മിഠായിത്തെരുവിന്റെ പേടി സ്വപ്‌നമായിരുന്ന ഇടക്കിടെയുണ്ടാകുന്ന അഗ്നിബാധ പരിഹരിക്കാനുള്ള ശ്രമമാണ് ആദ്യം നടന്നത്. അതിന്റെ ഭാഗമായി വൈദ്യുതി കേബിളുകള്‍ ഭൂമിക്കടിയിലൂടെയാക്കി. കരിങ്കല്‍ ഭിത്തിപാകി നടപ്പാതകള്‍ നവീകരിച്ചു. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം വിതറുന്ന അലങ്കാര വിളക്കുകള്‍ നിറഞ്ഞ മേലാപ്പുകളും എസ്.കെ സ്‌ക്വയറില്‍ ഇരിപ്പിടങ്ങളും സജ്ജീകരിച്ചു. കഥകള്‍ പറയുന്ന ചുവര്‍ ചിത്രങ്ങളും പൂര്‍ത്തിയായതോടെ സല്‍ക്കാരപ്രിയമുള്ള ബീവിയായി തെരുവ് മാറി.

കോഴിക്കോടിന്റെയും മലബാറിന്റെയും ആഘോഷങ്ങള്‍ക്ക് പൂര്‍ണത നല്‍കുന്നത് മിഠായിത്തെരുവാണ്. ഓണത്തിനും പെരുന്നാളിനും ക്രിസ്മസിനുമെല്ലാം സാധാരണക്കാരുടെ ആശ്രയം അവരുടെ പ്രിയപ്പെട്ട ഈ തെരുവാണ്. ക്രിസമസ്് തലേന്നായ ഇന്നലെ ഇവിടെ അനുഭവപ്പെട്ട ജനത്തിരക്ക് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. കെട്ടിടങ്ങള്‍ എത്രപഴകി ദ്രവിച്ചാലും തീപിടിത്തങ്ങള്‍ എത്ര ആവര്‍ത്തിച്ചാലും മിഠായിത്തെരുവിനെ മറക്കാന്‍ സ്വപ്‌നത്തില്‍ പോലും കോഴിക്കോട്ടുകാര്‍ക്ക് കഴിയില്ല. കാരണം അവര്‍ക്ക് ഇത് കേവലമൊരു കച്ചവട കേന്ദ്രമല്ല. സംസ്‌കാരത്തിന്റെ ഭാഗമാണ്. അവരുടെ ദൈനംദിന ജീവിതത്തില്‍ പോലും മിഠായിത്തെരുവിന് ഒരു ഇടമുണ്ട്. അത്‌കൊണ്ട് തന്നെ മിഠായിത്തെരുവിന്റെ നവീകരണത്തില്‍ അവര്‍ സ്വന്തം പ്രവൃത്തിയിലെന്നപോലെ ഇടപെട്ടു. ഓരോഘട്ടങ്ങളിലും സന്ദര്‍ശനം നടത്തുകയും വിലയിരുത്തുകയും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. അധികാരികളോട് തര്‍ക്കിക്കേണ്ടിടത്ത് തര്‍ക്കിച്ചു. പ്രശംസിക്കേണ്ടിടത്ത് പ്രശംസിച്ചു. ഒടുവില്‍ പണി പൂര്‍ത്തീകരിച്ച് തെരുവിനെ സ്വതന്ത്രയാക്കുമ്പോള്‍ അവര്‍ പാരാവാരം പോലെ പരന്നൊഴുകി.

രണ്ടു പതിറ്റാണ്ടിനിടയില്‍ പലഘട്ടങ്ങളിലായി ഉയര്‍ന്നുവരികയും പ്രതിസന്ധികളില്‍ അകപ്പെട്ട് വഴിമുട്ടിപ്പോവുകയും ചെയ്ത പദ്ധതി ഒടുവില്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതിന് പിന്നില്‍ ഒരുപിടി പേരുടെ അത്യദ്ധ്വാനവും നിശ്ചയദാര്‍ഢ്യവുമുണ്ട്. മുമ്പ് ടൂറിസം വകുപ്പില്‍ സേവനമനുഷ്ടിച്ചിരുന്ന ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ പ്രയത്‌നം എടുത്തുപറയേണ്ടതാണ്. മിഠായിത്തെരുവിന്റെ അനന്ത സാധ്യതകള്‍ ടൂറിസം ഡിപ്പാര്‍ട്ടുമെന്റിലായിരുന്നപ്പോള്‍ തന്നെ മനസ്സിലിട്ട് താലോലിച്ചിരുന്ന ഈ വയനാട്ടുകാരന്‍ കിട്ടിയ അവസരം പൂര്‍ണമായും ഉപയോഗപ്പെടുത്തി എന്നുവേണം വിലയിരുത്താന്‍. മുമ്പെല്ലാം പദ്ധതി മുടങ്ങിപ്പോകാനിടയാക്കിയ സാഹചര്യങ്ങള്‍ തൊട്ടു മുന്നില്‍ വന്നു നിന്നപ്പോഴും പ്രതീക്ഷ കൈവിടാതെ ആത്മവിശ്വാസത്തോടെ അദ്ദേഹം പ്രവര്‍ത്തിച്ചു.

സ്ഥലം എം.എല്‍.എ, ഡോ. എം.കെ മുനീര്‍ തെരുവിന്റെ നവീകരണമെന്ന ആശയമുയര്‍ന്നുവന്നപ്പോഴെല്ലാം മുന്‍പന്തിയിലുണ്ടായിരുന്നു. പദ്ധതി പാതി വഴിയില്‍ നിലക്കുമ്പോഴെല്ലാം മനസ്സില്‍ നിന്ന് ഈ ആശയം എടുത്തുകളയാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. ഒരു നാള്‍ സ്വപ്‌ന പദ്ധതി യാഥാര്‍ഥ്യമാവുമെന്ന് ഉറച്ചുവിശ്വസിച്ച അദ്ദേഹം എം.എല്‍.എ എന്ന നിലയിലും താന്‍ ബാല്യം ചെലവഴിച്ച തെരുവെന്ന വൈകാരിക ബന്ധത്താലും പദ്ധതിയുടെ മുന്നണിപ്പോരാളിയായി നിലകൊണ്ടു. എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്ന് പണം ലഭ്യമാക്കി പദ്ധതിയെ യാഥാര്‍ത്ഥ്യത്തോടടുപ്പിക്കുന്നതില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ നിസ്തുലമാണ്. പദ്ധതിയുടെ ചുമതലയുള്ള കോര്‍പറേഷനിലേയും ജില്ലാ ഭരണകൂടത്തിലേയും ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും സന്ദര്‍ഭോചിതമായ ഇടപെടലുകളും വിസ്മരിക്കാവുന്നതല്ല.

മിഠായിത്തെരുവിന്റെ ജീവസ്പര്‍ശമായ കച്ചവടക്കാരുടെ സഹകരണവും എടുത്ത് പറയേണ്ടതാണ്. നവീകരണപ്രവര്‍ത്തനത്തിന്റെ ഭാഗമായി കടകള്‍ അഗ്നി വിമുക്തമാക്കുന്നതിന് അവര്‍സ്വന്തം ചിലവില്‍ മുന്‍കൈയ്യെടുത്തു. പ്രവൃത്തി നടക്കുന്ന കാലയാളവില്‍ തങ്ങള്‍ക്കുണ്ടായ എല്ലാ ബുദ്ധിമുട്ടുകളും അവര്‍ പരിഭവമില്ലാതെ മൂടിവെച്ചു. തങ്ങളുടെ ജീവിതവും ജീവനും തുടികൊള്ളുന്ന തെരുവിന്റെ നവീകരണത്തെ അവര്‍ പ്രതീക്ഷയോടെയാണ് എതിരേറ്റത്. എന്നാല്‍ മിഠായിത്തെരുവിലെ വാഹനങ്ങളുടെ നിരോധനം കച്ചവടക്കാരില്‍ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ചിട്ടുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇക്കാര്യത്തില്‍ അവരെ വിശ്വാസത്തിലെടുത്തുകൊണ്ട,് പദ്ധതി കാലയളവിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടത് പോലെയുള്ള ഒരു അനുരഞ്ജന ശ്രമം അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവേണ്ടതുണ്ട്.

യാഥാര്‍ത്ഥ്യമാക്കപ്പെട്ട ഈ സ്വപ്‌ന പദ്ധതിയെ വീഴ്ച്ചകള്‍ സംഭവിക്കാതെ നിലനിര്‍ത്തിക്കൊണ്ടുപോവുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഇനി മുന്നിലുള്ളത്. ഭരണാധികാരികള്‍ മാത്രമല്ല തെരുവിനെ സ്‌നേഹിക്കുന്ന മുഴുവനാളുകളും ഇത് ഏറ്റെടുക്കേണ്ടതുണ്ട്. ആഘോഷ പൂര്‍വം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കൊണ്ട് പഴയ പടിയായിപ്പോയ ഒട്ടനവധി പദ്ധതികള്‍ നഗരത്തില്‍ തന്നെ ഉദാഹരിക്കാനുണ്ട്. മിഠായിത്തെരുവിന് ഈയൊരു ദുര്‍ഗതി വരാതിരിക്കാന്‍ നാടൊരുമിച്ച് ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അധികാരികളുടെയും പൊതുജനങ്ങളുടെയും സംയുക്ത സംരംഭത്തിലൂടെ, കൃത്യമായ ഇടവേളകളിലുള്ളയുള്ള അവലോകനത്തിലൂടെ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ.

പൈതൃകങ്ങള്‍ അമൂല്യങ്ങളാണ്. അത് തലമുറകള്‍ക്ക് കൈമാറപ്പെടേണ്ട കരുതലുകളാണ്. ഒരു ജനതയുടെ സംസ്‌കാരികമായ ഈടുവെപ്പുകള്‍ അതില്‍ അന്തര്‍ലീനമായിക്കിടക്കുന്നുണ്ട്. തങ്ങളുടെ സാസ്‌കാരികപൈതൃകം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ജനതയും അവ നിലനിര്‍ത്താന്‍ ജീവല്‍ ത്യാഗം നിര്‍വഹിക്കും. മിഠായിത്തെരുവിന്റെ നവീകരണത്തിന് ആ അര്‍ത്ഥത്തില്‍ ഒരു വികസന പദ്ധതി എന്നതിലുപരി അതി മഹത്തായ ഒരു സാംസ്‌കാരിക പ്രവര്‍ത്തനം എന്ന മാനം കൂടിയുണ്ട്.

chandrika: