X
    Categories: Views

ഇടുക്കിയില്‍ കുട ചൂടുന്നത് കയ്യേറ്റക്കാര്‍ക്കു തന്നെ

ഇടുക്കിയിലെ മുവ്വായിരത്തിലധികം ഹെക്ടര്‍ ഭൂമിയില്‍ നീലക്കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പ് നടത്തിവരുന്ന കുടിയൊഴിപ്പിക്കല്‍ നടപടികളിന്മേല്‍ മുഖ്യമന്ത്രിയും സി.പി.എമ്മും ഇടപെട്ട് പൂട്ടിട്ടിരിക്കുകയാണിപ്പോള്‍. കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലെ തീരുമാനങ്ങളും ഏതാണ്ട് ഇതേ മാര്‍ഗത്തില്‍ തന്നെയാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. ആരോപണവിധേയരായ സി.പി.എം സ്വതന്ത്ര എം.പി ജോയ്‌സ് ജോര്‍ജും സി.പി.എം നേതാക്കളും രക്ഷപ്പെടുന്നതിനാണ് പ്രത്യേക സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ തീരുമാനം. സാധാരണക്കാരുടെ പേരു പറഞ്ഞാണ് എം.പിയുടേതടക്കമുള്ള അനധികൃത ഭൂമിയില്‍ തൊടാതിരിക്കാനുള്ള സി.പി.എം നീക്കം. ഇത് യഥാര്‍ഥത്തില്‍ റവന്യൂവകുപ്പിനെയും സി.പി.ഐയെയും തങ്ങളുടെ കാല്‍കീഴില്‍ ചുരുട്ടിക്കൂട്ടാനുള്ള ശ്രമമായേ വിലയിരുത്താനാകൂ. 2006 മുതല്‍ നിലനില്‍ക്കുന്ന കുറിഞ്ഞി ഉദ്യാനപ്രശ്‌നം തീര്‍പ്പാക്കുന്നതിനുപകരം വിസ്തൃതി രണ്ടായിരം ഹെക്ടറായി ചുരുക്കാനുള്ള തീരുമാനമാണ് വ്യാഴാഴ്ചത്തെ യോഗം കൈക്കൊണ്ടിരിക്കുന്നതെന്നത് അത്യന്തം ഗൗരവമുള്ളതാണ്.

മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട നടപടികളില്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ വെള്ളം ചേര്‍ക്കലുകള്‍ നടക്കുന്നുവെന്ന പരാതി ഉയര്‍ന്നിട്ട് കൃത്യമായി പറഞ്ഞാല്‍ ഒന്നര വര്‍ഷമായി. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ അതുവരെ നടന്നുവന്നിരുന്ന നിയമനടപടികള്‍ പൊടുന്നനെ നിലയ്ക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ദേവികുളം റവന്യൂ ഡിവിഷണല്‍ ഓഫീസുമായി ബന്ധപ്പെട്ടു നടന്ന ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് ജനങ്ങള്‍ക്ക് ഉത്തരോത്തരം ബോധ്യമാകുകയാണ്. കള്ളനെ താക്കോല്‍ ഏല്‍പിക്കുന്ന പണിയാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. അതീവപരിസ്ഥിതി പ്രാധാന്യമുള്ള പശ്ചിമഘട്ട മലനിരയുടെ ഭാഗമായ മൂന്നാറിന്റെ വിനോദ സഞ്ചാര രംഗത്തെ പ്രാധാന്യമാണ് ഇവിടെയുള്ള ഭൂമി കയ്യേറ്റങ്ങള്‍ക്കൊക്കെ പിറകിലുള്ളത്. സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുടെ മറവിലും രാഷ്ട്രീയ കക്ഷിനേതാക്കളും വരെ അമൂല്യമായ മൂന്നാറിലെ റവന്യൂ ഭൂമിയിലാണ് കണ്ണുവെക്കുന്നതും തരംകിട്ടിയാല്‍ കയ്യേറി കീശയിലാക്കുന്നതും. ഇതുസംബന്ധിച്ച പരാതികള്‍ ഉയര്‍ന്നിരിക്കുന്നത് പ്രമുഖ ഭരണകക്ഷിയായ സി.പി.എമ്മിന്റെ മന്ത്രിമാര്‍ മുതല്‍ ഉന്നത രാഷ്ട്രീയനേതാക്കള്‍ വരെയാണെന്നത് സംഭവത്തിന്റെ ഗൗരവം പതിന്മടങ്ങ് വര്‍ധിപ്പിച്ചിരിക്കുകയാണ്.

കയ്യേറ്റക്കാര്‍ക്കെതിരെ നടപടി ആരംഭിച്ചതിന് മൂന്നാര്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ എം.ജെ തോമസിനെ കഴിഞ്ഞദിവസവും മൂന്ന് ഉദ്യോഗസ്ഥരെ രണ്ടാഴ്ചക്ക് മുമ്പും സഥലം മാറ്റി. റവന്യൂവകുപ്പ് സ്വീകരിക്കുന്ന നടപടികളെ തങ്ങളുടെ അധികാരം ഉപയോഗപ്പെടുത്തി അട്ടിമറിക്കുകയാണ് സി.പി.എം ചെയ്യുന്നതെന്നാണ് മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി. ഐയുടെ പരാതി. റവന്യൂമന്ത്രി അറിയാതെയാണ് ഇപ്പോള്‍ ഇടുക്കിയിലെ റവന്യൂ കാര്യങ്ങള്‍ നടക്കുന്നതെന്ന അവസ്ഥയാണ് വന്നുചേര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയും പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയംഗവുമായ നേതാവാണ് പാര്‍ട്ടിക്ക് വേണ്ടി ഇടുക്കിയിലെ കയ്യേറ്റ കാര്യങ്ങള്‍ നീക്കുന്നതെന്നത് ഘടകക്ഷിയായ സി.പി.ഐയുടെയും അവരുടെ വകുപ്പിന്റെയും പൊതുസമ്പത്തിന്റെയും മേലുള്ള കൈയേറ്റമായേ കാണാനാകൂ. ചെറിയ ചില പ്രതിഷേധ സ്വരങ്ങള്‍ക്കപ്പുറം പ്രായോഗികമായ നിലപാടുകള്‍ സ്വീകരിക്കാന്‍ സി.പി.ഐ തയ്യാറല്ല എന്നത് ഗുരുതരമായ കൃത്യവിലോപവും. മൂന്നാര്‍ സംരക്ഷണസമിതി എന്ന പേരില്‍ കഴിഞ്ഞദിവസം സി.പി.എം നടത്തിയ ഹര്‍ത്താലില്‍നിന്ന് സി.പി.ഐ വിട്ടുനിന്നെങ്കിലും കാര്യങ്ങള്‍ അവരുടെ കൈപ്പിടിയിലല്ലെന്ന് വ്യക്തമാണ്. വകുപ്പ് ആരുടെ കയ്യിലാണെങ്കിലും ഭരണം തങ്ങള്‍തന്നെ എന്നതാണ് സി.പി.എമ്മിന്റെ തീരുമാനം. മുഖ്യമന്ത്രി വിളിക്കുന്ന ചര്‍ച്ചകള്‍ വിപരീതഫലം കാണുന്നതും അതുകൊണ്ടുതന്നെ.

ജില്ലയുടെ മന്ത്രിയായ എം.എം മണിയുടെ സഹോദരനുതന്നെ കയ്യേറ്റ ഭൂമിയുണ്ടെന്ന പരാതി പുറത്തുവന്നിട്ട് മാസങ്ങളായി. ഇതിന്മേല്‍ ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. പാര്‍ട്ടി എം.പിയുടെയും എം.എല്‍.എയുടെയും മതത്തിന്റെ പേരിലും നടന്ന റവന്യൂഭൂമി കയ്യേറ്റങ്ങള്‍ വേറെയും. ജോയ്‌സ് ജോര്‍ജ് എം.പിയുടെ ഭൂമിയുടെ പട്ടയം റദ്ദാക്കിയതിനെ സി.പി.എം പരസ്യമായാണ് തള്ളിപ്പറഞ്ഞത്. ഇക്കാര്യത്തില്‍ തങ്ങളുടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ കൊണ്ട് റവന്യൂവകുപ്പ് നടപടികള്‍ തുടര്‍ന്നുവരവെയാണ് മൂന്നാറിലെ സ്‌പെഷല്‍ തഹസില്‍ദാര്‍ എം.ജെ തോമസ് അടക്കമുള്ളവര്‍ക്കെതിരെ വൈരനിര്യാതന ബുദ്ധിയോടെ സി.പി.എം അധികാര ദണ്ഡ് പ്രയോഗിച്ചിരിക്കുന്നത്. കയ്യേറ്റക്കാര്‍ക്ക് നോട്ടീസ് അയച്ചുവെന്നതാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കുറ്റം. പാപ്പാത്തിച്ചോലയില്‍ ഭൂമി കയ്യേറി കുരിശുസ്ഥാപിക്കുകയും ശാല കെട്ടുകയും ചെയ്തതിനെതിരെ രാത്രി ജെ.സി.ബി ഉപയോഗിച്ച് നടപടിയെടുത്തതിനെ പരസ്യമായി തള്ളിപ്പറയുകയും തന്റെ കീഴിലുള്ള പൊലീസിനെയും റവന്യൂവകുപ്പിനെയും കുറ്റപ്പെടുത്തുകയും ചെയ്ത മുഖ്യമന്ത്രിയാണ് നാട് ഭരിക്കുന്നത് എന്നത് വലിയ അത്ഭുതത്തിന് അവസരം തരുന്നില്ല. പച്ചയായ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയും പാവപ്പെട്ടവരുടെ പേരുപറഞ്ഞ് വന്‍കിട കയ്യേറ്റക്കാരെ സഹായിക്കുകയും ചെയ്യുന്നതിനെ ഒരു നിലക്കും ന്യായീകരിക്കാനാകില്ല. കഴിഞ്ഞ രണ്ടാഴ്ചയോളമായി ദേവികുളം തഹസില്‍ദാര്‍ ഓഫീസില്‍ മതിയായ ഉദ്യോഗസ്ഥരില്ല. സ്ഥലം മാറ്റിയവര്‍ക്കുപകരം സ്വന്തക്കാരെയും വേണ്ടപ്പെട്ടവരെയും തിരുകിക്കയറ്റുന്നതിലുള്ള ചക്കളത്തിപ്പോരാണ് ഇപ്പോള്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മില്‍ നടക്കുന്നത്.
ദേവികുളം സബ്കലക്ടര്‍ ആയിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ആര്‍ജവമുള്ള യുവ ഐ.എ.എസുകാരനെ വകുപ്പിന്റെ താല്‍പര്യത്തിന് വിരുദ്ധമായി സ്ഥലംമാറ്റിയ അതേ നിലപാടാണ് പുതുതായി കൊണ്ടുവന്ന ഉദ്യോഗസ്ഥനെതിരെയും മന്ത്രിയും സി.പി.എമ്മും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്്. മൂന്നാറില്‍ നടപടിക്ക് മുതിര്‍ന്നാല്‍ കാല് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ നേതാവാണ് ഇപ്പോള്‍ മന്ത്രിക്കസേരയിലിരുന്ന് സബ്കലക്ടര്‍ പ്രേംകുമാറിനെ വട്ടന്‍ എന്നുവിളിക്കുന്നത്. ഉദ്യോഗസ്ഥരോട് നിര്‍മമതയോടെ പെരുമാറേണ്ട മന്ത്രി സത്യപ്രതിജ്ഞാലംഘനമാണ് ഇതുവഴി നടത്തിയിരിക്കുന്നത്.

നിലമ്പൂരില്‍ ഇടതു എം.എല്‍.എ കയ്യേറിയ വനം-ആദിവാസി ഭൂമി തിരിച്ചുപിടിക്കുന്നതിലും പരിസ്ഥിതി സംരക്ഷിക്കുന്നതിലും ഈ മുന്നണിക്കും സര്‍ക്കാരിനും ഒരു കുലുക്കവുമില്ല. കുട്ടനാട്ടെ കായല്‍-വയല്‍ കയ്യേറ്റത്തിന്റെ കാര്യത്തില്‍ അവസാനനിമിഷം വരെയും മന്ത്രി തോമസ്ചാണ്ടിയുടെ രാജി പിടിച്ചുവെച്ച മുഖ്യമന്ത്രിയില്‍നിന്നും ഇതിലപ്പുറം പ്രതീക്ഷിക്കാനില്ല. തൊഴിലാളിവര്‍ഗ സിദ്ധാന്തത്തെ സ്വന്തം സ്ഥാപിത താല്‍പര്യത്തിന് ദുരുപയോഗിച്ച ചരിത്രമാണ് കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് എന്നുമുള്ളത്. ഇടുക്കിയുടെ കാര്യത്തില്‍ പ്രകടമാകുന്നതും മറ്റൊന്നല്ല.

chandrika: