നന്മയുടെ പൂക്കളങ്ങള്‍ തീര്‍ത്ത്, സ്‌നേഹം പകര്‍ന്നുനല്‍കി, സൗഹൃദങ്ങള്‍ കോര്‍ത്തുകെട്ടി മലയാളികള്‍ക്കിന്ന് തിരുവോണം. ഓര്‍മകളുടെ മധുരംപുരണ്ട ഇന്നലകളെ താലോലിച്ചും ഐശ്വര്യപൂര്‍ണമായ വരുംനാളുകളില്‍ പ്രതീക്ഷയര്‍പ്പിച്ചും നാടും നഗരവും ആഘോഷപ്പൊലിമയില്‍ അമര്‍ന്നുകഴിഞ്ഞു. കര്‍ക്കിടകത്തിന്റെ ദുര്‍ഘടങ്ങള്‍ക്കുമേല്‍ ചിങ്ങത്തിന്റെ പൊന്‍വെയില്‍ പരക്കുന്നതോടെ തുടങ്ങുന്നു ഓണത്തിന്റെ ആഹ്ലാദത്തുടിപ്പുകള്‍. ജോലി ലഭിക്കാത്ത നിരാശയില്‍ ഉത്രാട ദിനത്തില്‍ തിരുവനന്തപുരത്ത് എസ്.അനു എന്ന യുവാവ് ജീവിതം അവസാനിപ്പിച്ചത് ഇന്നത്തെ തിരുവോണ നാളില്‍ കേരളത്തിന്‍രെ വേദനയാണ്. പി.എസ്.സി എന്ന വലിയ സ്ഥാപനത്തെ സര്‍ക്കാര്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി വിനിയോഗിച്ചത് വഴിയാണ് അനുവിനെ പോലുള്ള നിരവധി ചെറുപ്പക്കാര്‍ ജോലിയില്ലാതെ നിരാശയുടെ ലോകത്തെത്തുന്നത്. ഇന്ന് ആ കുടുംബത്തിന് ഓണമില്ല. കേരളത്തിലെ യു.ഡി.എഫ് യുവജന പ്രസ്ഥാനങ്ങള്‍ക്കും ഇന്ന് ഓണമില്ല. അവരെല്ലാം അനുവിന്റെ വിയോഗ വേദനയിലാണ്. ഇല്ലായ്മകളും വല്ലായ്മകളും മറന്നുള്ള മഹോത്സവമാണിത്. ചവിട്ടി താഴ്ത്താനെത്തിയ കോവിഡിന് മുന്നില്‍ തല കുനിക്കാതെ ജീവിതത്തില്‍ പൂക്കങ്ങള്‍ തീര്‍ക്കുന്നു. കാറ്റും കോളും നിറഞ്ഞ അന്തരീക്ഷം മാഞ്ഞ് ഓണ നിലാവ് എത്തുമെന്ന് അനുഭവപാഠം. പ്രതിബന്ധങ്ങളുടെ മലയറിങ്ങിയും നിരാശയുടെ പാടം കടന്നും ദുസ്സഹമായ ഇടവഴികള്‍ താണ്ടിയുമാണ് ഓരോ കൊല്ലവും ഓണം പടികടന്നെത്തുന്നത്. കണ്ണീര് തുടച്ച്, മുഖത്ത് പുഞ്ചിരി വിടര്‍ത്തി ഓണത്തെ സ്വീകരിച്ചിരുത്താന്‍ മലയാളി പിശുക്കു കാണിക്കാറില്ല. ഓലപ്പുര ഓട്ടപ്പരയാകുമെന്ന ആശങ്കക്കിടയിലും ആഹ്ലാദ നിമിഷങ്ങള്‍ അനര്‍ഘങ്ങളാണെന്ന തിരിച്ചറിവാണ് അതിന് ഊര്‍ജം നല്‍കുന്നത്. ജീവിതം നാളെ വരാനുള്ളതല്ല. ഈ കഴിഞ്ഞുപോകുന്നതിന്റെ പേര് തന്നെയാണ് ജീവിതമെന്ന തിരിച്ചറിവിലാണ് ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണമാകുന്നത്.
ഓണത്തിന് ഐതീഹ്യങ്ങളും കഥകളും ധാരാളമുണ്ട്. നീതിമാനായ ഒരു മഹാരാജാവിന്റെ മഹാമനസ്‌കതതയുടെ കഥയാണത്. അതിന് ചരിത്രത്തിന്റെ ആധാരങ്ങളില്ലായിരിക്കാം. വസ്തുതയുടെ സൂക്ഷ്മതയുമുണ്ടായിരിക്കില്ല. പക്ഷെ, നീതിയുടെയും നന്മയുടെയും പ്രതീകമായി മഹാബലി ഓരോരുത്തരുടേയും ഉള്ളിലുണ്ട്. ക്ഷേമങ്ങളാന്വേഷിച്ച് എത്തുന്ന അദ്ദേഹത്തിന്റെ ഇരിപ്പിടം ഹൃദയത്തില്‍ തന്നെയാണ്. ആത്മവിചിന്തനത്തിന്റെ സദ്യവട്ടമൊരുക്കി ഉള്‍ക്കാഴ്ചയുടെ പൂനിലാവ് പൊഴിക്കുമ്പോള്‍ ഓണത്തിന്റെ പൂപ്പാട്ട് കേള്‍ക്കാം. കിരീടം ധരിച്ച്, കൊമ്പന്‍ മീശയും കുടവയറുമായി നില്‍ക്കുന്ന മഹാബലി വാണിജ്യവത്കരണത്തോടൊപ്പം കുടിയിരുത്തപ്പെട്ടതാകാം. മഹാബലിക്ക് രൂപസാദൃശ്യങ്ങളില്ല. സ്‌നേഹത്തിന്റെയും നീതിയുടെയും സമത്വത്തിന്റെയും മുഖങ്ങളെല്ലാം അദ്ദേഹത്തിന് ചേരും. കള്ളവും ചതിയിലുമില്ലാത്ത ലോകം രൂപപ്പെടുമ്പോഴെല്ലാം അദ്ദേഹം ക്ഷേമാന്വേഷണത്തിനെത്തും. നന്മയുടെ പൂക്കാലത്താണ് മഹാബലിയുടെ കടന്നുവരവ്. ജാതി, മത, വര്‍ഗ, വര്‍ണ വ്യത്യാസമില്ലാതെയും സാഹോദര്യത്തോടെ ജീവിക്കുമ്പോള്‍ സമത്വത്തിന്റെ ആ പ്രതീകം സംതൃപ്തിയടയുന്നു. നീതിയുടെ ഉന്മൂലനം തേടി വാമനന്മാരെത്തിയ ഘട്ടങ്ങള്‍ ചരിത്രത്തില്‍ ധാരാളമുണ്ട്. മഹാമനസ്‌കതയുടെ ശിരസ്സുകള്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്തപ്പെട്ട അനേകം സന്ദര്‍ഭങ്ങള്‍ക്കും ലോകം സാക്ഷിയായി. സ്വന്തം ജനതയെ അന്യരായി കാണുകയും ആട്ടിയോടിക്കാന്‍ തന്ത്രങ്ങള്‍ മെനയുകയും ചെയ്യുന്ന അഹങ്കാരികള്‍ ഭരണചക്രം തിരിക്കുന്ന വര്‍ത്തമാന കാലത്ത് ഓണത്തിന്റെ ഐതീഹ്യം അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് പ്രതീക്ഷ പകരുന്നുണ്ട്.
ഓണം കേരളത്തിന്റെതല്ല. മലയാളികളുടേതാണ്. അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ആഘോഷമാണത്. ലോകത്ത് എവിടെയും ഓണം കേറാമൂലകളില്ല. മലയാളി എവിടെയുണ്ടെങ്കിലും അത്തത്തിന്റെ പത്താം ദിനത്തില്‍ ഓണം മുറ്റത്തുണ്ടാകും. ജീവിത തിരക്കുകള്‍ക്കിടയിലും അവന്‍ പ്രിയപ്പെട്ടവരോടൊപ്പം ആഹ്ലാദം പങ്കിടാന്‍ സമയം കണ്ടെത്തും. നന്മയുടെ സുഗന്ധമുള്ള ഒരുപിടി ഓര്‍മകളുടെ പേരു കൂടിയാണ് ഓണം. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ആഘോഷ ദിനങ്ങള്‍ പഴമക്കാരുടെ ഓര്‍മകളിലുണ്ട്. നിഷ്‌കളങ്കമായ മധുരസ്മരണകള്‍ അയവിറക്കി കഴിഞ്ഞുകൂടാനാണ് പുതു തലമുറയുടെ വിധി. കാലപ്രവാഹത്തില്‍ പൂമണമുള്ള പലതലും ഓണത്തിന് കൈമോശംവന്നു. കൃത്രിമമായ ചിലതൊക്കെ കയറിക്കൂടുകയും ചെയ്തു. പൂക്കങ്ങളൊരുക്കാന്‍ പൂക്കള്‍ തേടി പറമ്പുകളില്‍നിന്ന് കമ്പോളത്തിലിറങ്ങി. വട്ടികള്‍ നെയ്തുണ്ടാക്കി പൂവിറുക്കാന്‍ അലയുന്ന കൂട്ടിക്കൂട്ടങ്ങളെ ഗ്രാമത്തില്‍ കാണാനില്ല. എല്ലാം വാണിജ്യവത്കരിക്കപ്പെട്ടപ്പോള്‍ ഓണത്തെ പ്രധാന കച്ചവടച്ചരക്കാക്കി മാറ്റി. അകത്തളങ്ങളില്‍ ഒതുങ്ങിയിരുന്ന ആഘോഷങ്ങളെ മലയാളി തെരിവിലിറക്കുകയായിരുന്നു. മത്സരങ്ങളിലും പ്രദര്‍ശനങ്ങളിലും മാത്രമായി സന്തോഷങ്ങളെ ഒതുക്കുകയും ചെയ്തു. ഡിസ്‌കൗണ്ടുകളും ഓഫറുകളുമായി നില്‍ക്കുന്ന കടത്തിണ്ണകളില്‍ ഓണത്തിന്റെ പേരില്‍ നാം ബഹളംവെക്കുകയാണ്.
ഓണം പ്രകൃതിയുടേത് കൂടിയാണ്. അതുകൊണ്ട് തന്നെ പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യത കൂടി അത് ഓര്‍പ്പിക്കുന്നുണ്ട്. മുക്കുറ്റിയും തുമ്പയും കണ്ണാന്തളിയും കാക്കപ്പൂവും മിഴിതുറക്കുന്ന അന്തരീക്ഷത്തിലേക്കാണ് ഓണമെത്തുന്നത്. മഴ പെയ്ത് കുതിര്‍ന്ന മണ്ണില്‍നിന്ന് ഭൂമിക്ക് അലങ്കാരമായി നില്‍ക്കുന്ന പൂക്കള്‍ പക്ഷെ, ഇന്ന് അപൂര്‍വ്വ ദൃശ്യങ്ങളാണ്. വന്‍കിട കമ്പനിക്കാരുടെ പരസ്യങ്ങളില്‍ മാത്രമായി പല ഓണക്കാഴ്ചകള്‍ ഒതുങ്ങിയിരിക്കുന്നു. പഴമയിലേക്കൊരു തിരിച്ചുപോക്ക് സാധ്യമല്ല. അതിന്റെ ആവശ്യവുമില്ല. എങ്കിലും ജീവിത മൂല്യങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുകയും വരുംതലമുറക്ക് ഭദ്രമായി കൈമാറുകയും ചെയ്യേണ്ട ബാധ്യത ഓരോരുത്തര്‍ക്കമുണ്ട്. ഒരുകാലത്ത് ഓണം സ്വയംപര്യാപ്തതയുടെ അടയാളമായിരുന്നു. വിളവെടുപ്പ് കഴിഞ്ഞ് പത്തായങ്ങള്‍ നിറഞ്ഞിരിക്കുമ്പോള്‍ ആഹ്ലാദം പങ്കിടാനുള്ള ശുഭമുഹൂര്‍ത്തം. പരാശ്രയം കൂടാതെ ജീവിതം ആസ്വദിക്കാനുള്ള വേളയാണത്. കൊയ്തുമെതിച്ച് നെല്ലു പിഴുങ്ങി പുത്തരിച്ചോറും പുത്തരിപ്പായസവും കഴിച്ച കാലമുണ്ടായിരുന്നു. കര്‍ഷക വീടുകളിലെ പുത്തരിയാഘോഷങ്ങള്‍ ഇന്ന് ഓര്‍മകള്‍ മാത്രമാണ്. വിയര്‍പ്പൊഴുക്കി നട്ടുനച്ചുണ്ടാക്കിയ വിളകളായിരുന്നു ഒരുകാലത്ത്് തീന്‍ മേശയില്‍ ഓണവിഭങ്ങളായെത്തിയത്. ഓരോ വീട്ടിലും ചെറു പച്ചക്കറി തോട്ടങ്ങളുണ്ടായിരുന്നു. സ്വയം വിത്തെറിഞ്ഞുണ്ടാക്കിയ പച്ചക്കറിളാണ് ഓണത്തെ സമൃദ്ധമാക്കിയിരുന്നത്. കൃഷിയെ കൈയൊഴിഞ്ഞ മലയാളിക്കിപ്പോള്‍ ഓണം ആഘോഷിക്കാന്‍ അന്യസംസ്ഥാനക്കാരന്റെ ലോറികള്‍ക്കുവേണ്ടി കാത്തിരിക്കണം. കാലത്തിന്റെ പരിഷ്‌കാരങ്ങളോടൊപ്പം ആഘോഷങ്ങളിലും ആചാരങ്ങളിലും മാറ്റം സ്വാഭാവികമാണ്. ഓണവും അതില്‍നിന്ന് മുക്തമല്ല. കോവിഡ് പഠിപ്പിച്ച പുതിയ ജീവിത ചിട്ടകളോടെയാണ് ഇത്തവണ മലയാളി ഓണത്തെ വരവേല്‍ക്കുന്നത്. വീടിന്റെ അകത്തളങ്ങളില്‍ ഒതുങ്ങിയും പരമാവധി നിയന്ത്രണങ്ങള്‍ പാലിച്ചുമാണ് ആഘോഷങ്ങളെല്ലാം. കരുതലോടെ ജീവിക്കേണ്ട ഘട്ടമാണിത്. അനുവിന്റെ വേദനിക്കുന്ന കുടുംബത്തിനൊപ്പമാണ് ഇന്ന് ഞങ്ങളും.
- 4 years ago
Test User
Categories:
columns
തിരുവോണത്തില്‍ വേദനയായി അനു
Tags: editorial