X

മണല്‍ കൂമ്പാരത്തിലും വെട്ടിലായി സര്‍ക്കാര്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ തൊട്ടതെല്ലാം അഴിമതിയിലും വെട്ടിപ്പിലുമാണ് അവസാനിക്കുന്നത്. ഭരണത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെ സര്‍ക്കാര്‍ പിടിക്കുന്നതോരോന്നും പുലിവാലാണ്. കേരളത്തില്‍ ഇതുവരെ നടന്നത് ഭരണമായിരുന്നില്ലെന്നും കൊള്ളകളായിരുന്നുവെന്നും തെളിയിക്കപ്പെട്ടിരിക്കുന്നു. അധികാരം കൈയിലെത്തിയശേഷം അഴിമതിക്ക് കിട്ടിയ അവസരങ്ങളില്‍ ഒന്നുപോലും പിണറായി സര്‍ക്കാര്‍ പാഴാക്കിയിട്ടില്ല. നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയും വഴിവിട്ട് നിയമനങ്ങള്‍ നടത്തിയും കേരളത്തെ വഞ്ചിച്ച് അദാനി ഗ്രൂപ്പുമായി കൈകോര്‍ത്തും മാഫിയ പോലെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഏറ്റവുമൊടുവില്‍ പമ്പ മണല്‍ കൊള്ളയിലും സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ കയറുകയാണ്. പാപത്തിന്റെ ശമ്പളമാണ് ഇടതുപക്ഷം വാങ്ങിക്കൂട്ടുന്നത്. തിരിച്ചടികളുടെ പരമ്പരയില്‍ സര്‍ക്കാര്‍ പുളയുകയാണ്. പമ്പ മണല്‍ കടത്ത് കേസില്‍ അന്വേഷണം നടത്താനുള്ള വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവാണ് പുതിയ ആഘാതം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് അടക്കം മൂന്നു പേര്‍ക്കെതിരെയാണ് അന്വേഷണം വരുന്നത്. പത്തനംതിട്ട ജില്ലാ കലക്ടറും പ്രകൃതിക്ഷോഭ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനുമായ പി.ബി നൂഹ്, കണ്ണൂര്‍ കേരള ക്ലെയ്‌സ് ആന്റ് സെറാമിക് പ്രോഡക്ടസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എസ്. അശോക് കുമാര്‍ എന്നിവരാണ് അന്വേഷണത്തെ നേരിടുന്ന മറ്റ് രണ്ട് പ്രമുഖര്‍. ഒക്ടോബര്‍ 23നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി ജഡ്ജി എം.ബി സ്‌നേഹലത ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 40 ദിവസത്തെ സമയമാണ് അന്വേഷണത്തിന് നല്‍കിയിരിക്കുന്നത്. അതും കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കണം. പരാതിയും കൂടെയുള്ള രേഖകളും പരിശോധിക്കുമ്പോള്‍ അഴിമതി നടന്നതായി പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും അന്വേഷണം അര്‍ഹിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രളയ കാലത്ത് ഒഴുകിയെത്തിയ മണല്‍ നദിയുടെ ആഴം കുറക്കുകയും ഒഴുക്കിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നീക്കേണ്ടിവന്നത്. കോടികള്‍ വിലവരുന്ന മണല്‍ സ്വകാര്യ സ്ഥാപനത്തിന് സൗജന്യമായി നല്‍കാനായിരുന്നു നീക്കം. പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളെയാണ് മണല്‍ കൊള്ളക്ക് സര്‍ക്കാര്‍ മറയാക്കിയത്.
2018ലെ പ്രളയത്തില്‍ പമ്പ ത്രിവേണിയില്‍ അടിഞ്ഞുകൂടിയ 90,000 ഘനമീറ്റര്‍ മണല്‍ നിയമം ലംഘിച്ച് നീക്കുന്നതിന് ജില്ലാ കലക്ടര്‍ അനുമതി നല്‍കിയതോടെ തുടങ്ങുന്നു വിവാദം. ഒരു ലക്ഷത്തോളം മണലും മണ്ണും വനംവകുപ്പ് ലേലത്തിന് വെച്ചിരുന്നു. ടണ്ണിന് 2777 രൂപയാണ് വില നിശ്ചയിച്ചിരുന്നത്. കരാറെടുക്കാന്‍ ആരും മുന്നോട്ടുവന്നില്ല. തുടര്‍ന്ന് ലേലത്തുക 1200 രൂപയാക്കി ടെന്‍ഡര്‍ പുതുക്കി. ഇതുപ്രകാരം മണലിന് 10.80 കോടിയുടെ മൂല്യമുണ്ട്. അതിന് ശേഷമാണ് പത്തനംതിട്ട ജില്ലാ കലക്ടര്‍ മണല്‍ സൗജന്യമായി നീക്കാന്‍ കേരള ക്ലേയ്‌സ് ആന്റ് പ്രോഡക്ട്‌സിന് കരാര്‍ നല്‍കിയത്. ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ മറവില്‍ കോട്ടയത്തെ സ്വകാര്യ വ്യക്തിക്ക് കോടികള്‍ വിലവരുന്ന മണല്‍ വാരിക്കൊണ്ടുപോകാന്‍ അനുവാദം കൊടുത്തെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മാലിന്യം നീക്കാനെന്ന പേരിലാണ് മണല്‍ കടത്ത് ആസൂത്രണം ചെയ്തിരുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ അഴിമതിയുടെ ചെളിക്കുണ്ടില്‍ എത്ര മാത്രം ആഴ്ന്നിരിക്കുന്നുവെന്ന് മണല്‍ കൊള്ള വ്യക്തമാക്കുന്നുണ്ട്. ഇടപാടില്‍ കോടികളുടെ അഴിമതി നടന്നതായും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതോടെ സര്‍ക്കാര്‍ പരുങ്ങി. പൊതു ഖജനാവിലേക്ക് ലഭിക്കേണ്ട 10 കോടി രൂപയാണ് ഇതുവഴി നഷ്ടമായത്.
മണല്‍ കൊള്ളയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഓരോ ആരോപണങ്ങളും ഗൗരവമുള്ളവയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ മണല്‍ കടത്തിനെ ന്യായീകരിച്ച് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അഴിമതിയുടെ മണല്‍കൂന മൂടിവെക്കാന്‍ അതൊന്നും മതിയായില്ല. വിരമിക്കുന്നതിന് മുമ്പ് ചീഫ് സെക്രട്ടറി ടോം ജോസിന്റെയും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഹെലികോപ്ടറില്‍ പമ്പയിലെത്തി മണലെടുപ്പ് വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയത് വിവാദങ്ങള്‍ക്ക് കൊഴുപ്പേകി. മണലിനെ മാലിന്യത്തിന്റെ പട്ടികയില്‍ എഴുതിയാണ് കൊള്ളക്ക് പശ്ചാത്തലം ഒരുക്കിയത്. മാലിന്യങ്ങള്‍ നീക്കാന്‍ ടെന്‍ഡര്‍ വിളിക്കാതെ കമ്പനികളെ ചുമതലപ്പെടുത്തുന്നതിന് ദുരന്ത നിവാരണ നിയമത്തിലെ 34(ഡി) വകുപ്പ് സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്. പക്ഷെ, പമ്പയില്‍ അടിഞ്ഞത് വിലകൂടിയ മണലായിരുന്നു. മണലും മാലിന്യവും തിരിച്ചറിയാന്‍ കഴിയാത്തതല്ല അവിടെ പ്രശ്‌നം. നിയമത്തെ വളച്ചൊടിച്ച് വ്യാഖ്യാനിച്ച് വലിയൊരു അഴിമതിക്ക് കളമൊരുക്കുകയായിരുന്നു ലക്ഷ്യം. വനംവകുപ്പിന്റെ അധീനതയിലുള്ള മണല്‍ നീക്കുന്നതിന് ഉത്തരവിടാന്‍ കലക്ടര്‍ക്ക് അധികാരമില്ലെന്ന വാദം വിജിലന്‍സ് കോടതി മുഖവിലക്കെടുത്തിട്ടുണ്ട്.
അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി വേണം. പക്ഷെ, അത് കോടതിക്ക് ബാധകമല്ല. കോടികള്‍ വിലമതിക്കുന്ന മണല്‍ മറിച്ചുനല്‍കാനുള്ള സര്‍ക്കാര്‍ നീക്കമാണ് പ്രതിപക്ഷ ജാഗ്രതയില്‍ പരാജയപ്പെട്ടത്. വനം വകുപ്പ് അതേക്കുറിച്ച് അറിഞ്ഞിരുന്നില്ല. വിജിലന്‍സ് അന്വേഷണത്തെ വിവാദത്തിന്റെ തുടക്കം മുതലേ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് ജൂണ്‍ ആറിന് വിജിലന്‍സ് ഡയറക്ടര്‍ക്ക് ചെന്നിത്തല കത്ത് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. അതിന് രണ്ടാഴ്ച മുമ്പ് തന്നെ അദ്ദേഹം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഏതു വിധേനയും അന്വേഷണം തടയണമെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. 2018ലെ അഴിമതി നിരോധ നിയമഭേദഗതി പ്രകാരം രക്ഷപ്പെടാമെന്നായിരുന്നു കണക്കുകൂട്ടല്‍. പൊതു ജനസേവകര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിച്ച് കേസെടുക്കണമെങ്കില്‍ ബന്ധപ്പെട്ട അധികാരികളുടെ അനുമതി വേണമെന്ന നിയമം പക്ഷെ, വിജിലന്‍സ് കോടതിയുടെ കാര്യത്തില്‍ ബാധകമല്ല. അത്തരം നടപടിക്രമങ്ങളൊന്നും പാലിക്കാതെ തന്നെ കോടതിക്ക് മുന്നോട്ടുപോകാം.
സി.പി.എം-സി.പി.ഐ രാഷ്ട്രീയ ഭിന്നതയും മറനീക്കിയ സംഭവം കൂടിയാണ് മണല്‍കൊള്ള. മണലിനെ ചെളിയാണെന്ന വ്യാജേന നീക്കം ചെയ്യുന്നതിനോട് സി.പി.ഐ സഹകരിക്കാത്തതാണ് സര്‍ക്കാരിന് തിരിച്ചടിയായത്. പക്ഷേ, സി.പി.എം കണ്ണുരുട്ടിയപ്പോള്‍ സി.പി.ഐക്ക് പത്തി താഴ്‌ത്തേണ്ടിവന്നു. വനത്തില്‍നിന്ന് നീക്കുന്ന മണല്‍ വനമേഖലയില്‍തന്നെ നിക്ഷേപിക്കണമെന്ന വനംമന്ത്രിയുടെ നിലപാട് പോലും അട്ടിമറിക്കപ്പെട്ടു. കോടികള്‍ വിലമതിപ്പുള്ള മണലിനെ കളവിലൂടെ മറച്ചുവെച്ച് കച്ചവടമാക്കാനുള്ള നീക്കം പ്രതിപക്ഷം ജാഗ്രത പാലിച്ചിരുന്നില്ലെങ്കില്‍ പുറംലോകം അറിയുമായിരുന്നില്ല. ഭരണം കൈയിലുള്ളപ്പോള്‍ എന്തും ആകാമെന്ന അഹങ്കാരത്തില്‍ പിണറായിക്കും പാര്‍ട്ടിക്കും മനോനില നഷ്ടപ്പെട്ടിരിക്കുകയാണ്. അതിജീവിക്കാന്‍ സാധിക്കാത്ത പരീക്ഷണങ്ങളാണ് വരുംനാളുകളില്‍ സര്‍ക്കാരിനെ കാത്തിരിക്കുന്നത്.

 

Test User: