ഡല്‍ഹിഹൈക്കോടതി പ്രവര്‍ത്തിക്കുന്ന തീസ്ഹസാരിയില്‍ അഭിഭാഷകരും പൊലീസുംതമ്മില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘട്ടനം രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അതീവ ലജ്ജാകരമായ സംഭവ വികാസങ്ങളിലേക്കാണ് ഇന്ത്യന്‍ തലസ്ഥാന നഗരിയെ കൊണ്ടെത്തിച്ചിരിക്കുന്നത്. ട്രാഫിക് പ്രശ്‌നവുമായി ബന്ധപ്പെട്ട് ഉണ്ടായ ചെറിയൊരു തര്‍ക്കം ഇരുവിഭാഗവും തമ്മിലുള്ള പൊരിഞ്ഞ സംഘട്ടനത്തിലേക്കും അഭിഭാഷകരിലൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നതിനും കാരണമായി. അഭിഭാഷകന്‍ ഇപ്പോള്‍ ആസ്പത്രികളിലൊന്നില്‍ പ്രാണനുമായി മല്ലിടുകയാണെന്നാണ് റിപ്പോര്‍ട്ട്. സമൂഹത്തിലെ രണ്ട് പ്രബല വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനം എന്ന നിലയില്‍ രാജ്യ തലസ്ഥാന നഗരിയെ മാത്രമല്ല, പൊതുജന സംരക്ഷണത്തിന് ഉത്തരവാദികളായ വിഭാഗത്തെയും നിയമം കാക്കാന്‍ വിധിക്കപ്പെട്ട അഭിഭാഷക സമൂഹത്തെയും ഒരുപോലെ വലിയ തോതിലുള്ള നാണക്കേടിലേക്കാണ് ഇത് കൊണ്ടെത്തിച്ചിരിക്കുന്നത്. എന്നാല്‍ അതിലെല്ലാമുപരി രാജ്യത്തെ ലജ്ജിപ്പിച്ച മറ്റൊന്നാണ് ചൊവ്വാഴ്ച കാക്കിധാരികളായ നൂറുകണക്കിന് പൊലീസ് സേനാംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും തെരുവിലിറങ്ങി ഭരണകൂടത്തിനെതിരായി നിയമം കയ്യിലെടുത്തസംഭവം. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനുണ്ടെന്നിരിക്കെ പൊലീസുകാര്‍ സ്വയം നിയമം കയ്യിലെടുത്തുകൊണ്ട് ഒരുപകല്‍മുഴുവന്‍ കലാപ സമാനമായ അന്തരീക്ഷം സൃഷ്ടിപ്പിച്ചതിന് സംസ്ഥാന ഭരണകര്‍ത്താക്കളേക്കാള്‍ ഉത്തരവാദിത്തം രാജ്യം ഭരിക്കുന്നവര്‍ക്കാണ് എന്നതാണ് ഈ അധ്യായത്തിലെ ഏറ്റം ലജ്ജാകരവും സ്‌തോഭജനകവുമായ വസ്തുത.
ട്രാഫിക് സിഗനല്‍ തെറ്റിച്ച് കാര്‍ പാര്‍ക്ക് ചെയ്തത് തടഞ്ഞതാണ് തീസ്ഹസാരി കോടതി പരിസരത്ത് ശനിയാഴ്ച ഉണ്ടായ സംഘട്ടനത്തിന് അടിസ്ഥാനം. എന്നാല്‍ തിങ്കളാഴ്ചയും സമാനമായ സംഭവം നഗരത്തിലെ മറ്റൊരിടത്തുണ്ടായി. അഭിഭാഷകന്‍ പൊലീസ് ഉദ്യോഗസ്ഥനെ നടുറോഡില്‍വെച്ച് മുഖത്തടിക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി. പൊലീസ് സേനാംഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന രോഷത്തെ ഇത് ഇരട്ടിപ്പിച്ചു. ഏതെങ്കിലും വ്യക്തിയോ ചിലരോ നിയമം കയ്യിലെടുത്തുവെന്നുവെച്ച് അവരെ നിയമത്തിന് മുന്നിലെത്തിക്കുന്നതിനുപകരം പൊലീസ് സേനാംഗങ്ങളും അഭിഭാഷകരും ഒന്നടങ്കം ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത് ഭരിക്കുന്നവരോടോ ജനാധിപത്യ-നീതി-നിയമ സംവിധാനത്തോടോ ഇക്കൂട്ടര്‍ക്ക് തെല്ലും ബഹുമാനമോ ഭയമോ ഇല്ലെന്നതിന്റെ ഒന്നാന്തരം തെളിവാണ്. രാജ്യ തലസ്ഥാന നഗരിയില്‍ പൊലീസ് സംവിധാനം നിയന്ത്രിക്കുന്നത് കേന്ദ്ര സര്‍ക്കാരിന് കീഴിലെ ആഭ്യന്തര വകുപ്പാണ്. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാനപദവി കൈമാറാത്തതുമൂലമാണിത്. ഇതര സംസ്ഥാനങ്ങളെപോലെ പൊലീസ് സേന തങ്ങളുടെ കീഴിലാവണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ വര്‍ഷങ്ങളായി ഉയര്‍ത്തുന്നുണ്ടെങ്കിലും കേന്ദ്രം ഭരിക്കുന്നവര്‍ ആവശ്യം നിരാകരിക്കുന്നതിന് പറയുന്ന കാരണം കേന്ദ്ര സര്‍ക്കാരിനുകീഴില്‍ പൊലീസ് നിലനിന്നാല്‍ മാത്രമേ രാജ്യതലസ്ഥാനത്തെ സുപ്രധാന ക്രമസമാധാനസംഭവങ്ങളെ നിയന്ത്രിക്കാനാകൂ എന്നാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസമായി ഡല്‍ഹിയില്‍ നടന്ന സംഭവങ്ങളുടെ തലനാരിഴ കീറി പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത് കേന്ദ്രത്തിന്റെ ഈവാദത്തിന് ഒരടിസ്ഥാനവുമില്ലെന്നാണ്. തലസ്ഥാനത്തെ ക്രമസമാധാനം കാത്തുസൂക്ഷിക്കാനും പരിപാലിക്കാനും ഉത്തരവാദപ്പെട്ടവര്‍ ഒന്നടങ്കം നിയമം കയ്യിലെടുത്തും മണിക്കൂറുകളോളം തെരുവില്‍ അഴിഞ്ഞാടിയും ഭരണത്തെ തന്നെ ചോദ്യംചെയ്തത് ‘അമ്പത്തഞ്ചിഞ്ച് നെഞ്ചുവീതിയുള്ള’ നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും മൂക്കിനുകീഴിലാണ്. സേനക്കുവേണ്ട കേവല അച്ചടക്കം പോലും ലംഘിച്ച് തെരുവിലിറങ്ങാന്‍ എവിടെനിന്നാണ് ഇവര്‍ക്കിതിന് അധികാരവും ധൈര്യവും കിട്ടിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയണം.
പൊലീസ് സേനയും അഭിഭാഷകരും തമ്മിലുണ്ടാകുന്ന അസ്വാരസ്യങ്ങള്‍ മുമ്പും പലപ്പോഴും വഴക്കുകള്‍ക്കും അടിപിടികള്‍ക്കും കാരണമായിട്ടുണ്ടെന്നത് നേരാണ്. നിയമ സംരക്ഷണത്തിനും പൗരന്മാര്‍ക്ക് നീതി ഉറപ്പുവരുത്തുന്നതിനും ആരാണ് മുന്നില്‍ എന്നതിനെച്ചൊല്ലിയാണ് തര്‍ക്കം മുഴുവന്‍. പൊലീസുകാര്‍ പിടിച്ചുകൊണ്ടുപോകുന്ന പ്രതികളെ രക്ഷിച്ചെടുക്കാന്‍ അഭിഭാഷകര്‍ രംഗത്തെത്തുന്നത് പലപ്പോഴും സേനയിലെ പലര്‍ക്കും ഇഷ്ടപ്പെട്ടെന്നുവരില്ല. കോടതിയില്‍ ഹാജരാക്കിയശേഷം പ്രതികളെ ശിക്ഷിക്കാനോ രക്ഷിക്കാനോ സംവിധാനം ഉണ്ടായിരിക്കെ പലപ്പോഴും സേനയിലെ ചിലര്‍ പ്രതികളെ മര്‍ദിക്കുന്നതിനും ഇല്ലാത്ത കുറ്റങ്ങളും വകുപ്പുകളും ചുമത്തി പീഡിപ്പിക്കുന്നതും കാണാറുണ്ട്. പ്രതിഭാഗ അഭിഭാഷകരെ സംബന്ധിച്ചിടത്തോളം ഇത് അനുവദിക്കാനാവില്ലതാനും.
ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ ആഭ്യന്തര മന്ത്രിയായിരിക്കവെയാണ് ഇത്തരമൊരു സംഭവം ഉണ്ടായത് എന്നത് രാജ്യം ഭരിക്കുന്ന കക്ഷിയുടെ കൂടി വീഴ്ചയായേ കാണാന്‍ കഴിയൂ. അധികാരത്തിലേറുമ്പോള്‍ ഉറപ്പുനല്‍കിയ സത്യപ്രതിജ്ഞാവാചകങ്ങളെയെല്ലാം കാറ്റില്‍പറത്തി സ്വന്തം അണികള്‍ക്കും ആര്‍.എസ്.എസ്സാദി തീവ്രവാദികള്‍ക്കും രാജ്യത്തിന്റെ ക്രമസമാധാന രംഗം മിക്കവാറും അടിയറവെച്ച പാര്‍ട്ടിക്കാരും മന്ത്രിമാരുമാണ് രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും ക്രമസമാധാനനില കൈകാര്യംചെയ്യുന്നത്. കോടതിവിധികള്‍ വരുമ്പോള്‍ തലസ്ഥാനത്തെ ചില അഭിഭാഷകര്‍ തങ്ങളുടെ കറുത്തകോട്ടിന് പകരം കാവിക്കളസം പുറത്തുകാട്ടുന്ന പ്രവണതയും ഈയൊരു തിണ്ണബലത്തിലാണ്. പകലന്തിയോളം പണിയെടുക്കുന്ന പൊലീസ് സേനാംഗങ്ങള്‍ക്ക് പ്രതിഫലം അടിയാകുന്നതും അനുവദിച്ചുകൂടാ. സ്വന്തം മൂക്കിനുതാഴെ മുതിര്‍ന്നവരെ അനുസരിക്കാതെ നിയമപാലകര്‍ 11 മണിക്കൂര്‍ ചട്ടങ്ങള്‍ മറന്ന് പ്രതിഷേധിച്ചിട്ടും അതിന് സമാധാനം പറയാന്‍ കഴിയാത്തതിന് കഴിവുകെട്ടൊരു ഭരണകൂടവും മന്ത്രിയുമാണ് മറുപടി പറയേണ്ടത്. അഭിഭാഷക-പൊലീസ് പ്രതിനിധികളെ ഒരുമേശക്ക് ചുറ്റുമിരുത്തി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനുള്ള ആര്‍ജവമാണ് കേന്ദ്ര സര്‍ക്കാര്‍ ഉടനടി പ്രകടിപ്പിക്കേണ്ടത്. അല്ലെങ്കില്‍ രാജ്യം ‘വെള്ളരിക്കാപ്പട്ടണ’ മാകാന്‍ അധികം താമസമുണ്ടാകില്ല.
- 5 years ago
web desk 1
Categories:
Video Stories
അമിത്ഷാക്ക് കീഴിലെ പൊലീസ് രാജ്
Tags: editorial