കോഴിക്കോട് പന്തീരങ്കാവില്‍നിന്ന് ഒരാഴ്ചമുമ്പ് ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്റെ പൊലീസ്‌സേന പിടികൂടിയ കൗമാരം കടന്നിട്ടില്ലാത്ത രണ്ട് വിദ്യാര്‍ത്ഥികളെ മാവോവാദികളായി മുദ്രകുത്തിയും നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം അഥവാ യു.എ.പി.എ നിയമം ചാര്‍ത്തിയും തുറുങ്കിലടച്ച സംഭവം സി.പി.എമ്മിന്റെ പുരോഗമനപുറംപൂച്ചിനെ പച്ചക്ക് പുറത്തുചാടിച്ചിരിക്കുകയാണ്. സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകരാണ് അറസ്റ്റിലായ ഇരുവരും. ഭരണകൂടത്തിന്റെ മര്‍ദനോപകരണമാണ് പൊലീസെന്ന് വിശേഷിപ്പിച്ച സ്വന്തം നേതാവ് കാള്‍മാര്‍ക്‌സിന്റെ നയമാണ് കേരളത്തിലെ കമ്യൂണിസ്റ്റുപാര്‍ട്ടിക്കാര്‍ സ്വന്തം അണികള്‍ക്കെതിരെ ഇപ്പോള്‍ അത്യാവേശത്തോടെ നടപ്പാക്കുന്നതെന്നതാണ് ഇതിലെ കൗതുകകരമായ വൈരുധ്യം. താഹഫസലും അലന്‍ ശുഹൈബും മാവോവാദികളാണെന്നും സി.പി.ഐ മാവോയിസ്റ്റ് സംഘടനയുടെ ലഘുലേഖകളും പതാകയും പുസ്തകങ്ങളും ആക്രമണതന്ത്രങ്ങളുടെ വിവരങ്ങളും പ്രതികളുടെ പക്കല്‍നിന്ന് ലഭിച്ചതായും പൊലീസ്പറയുന്നു. മാധ്യമ പ്രവര്‍ത്തനവും നിയമവുമാണ് അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ പാഠ്യവിഷയങ്ങളെന്നിരിക്കെ, അവര്‍ക്ക് ഇത്തരം ലഘുലേഖകളും പുസ്തകങ്ങളും അനിവാര്യമാണ്. ഈ ഒരൊറ്റക്കാരണംകൊണ്ട് 20 വയസ്സിനു താഴെ മാത്രമുള്ള വിദ്യാര്‍ത്ഥികളെ കരിനിയമം ചുമത്തി സ്ഥിരമായി തുറുങ്കിലടക്കാനുള്ള തീരുമാനം പിണറായി സര്‍ക്കാരിന്റെ ഗൂഢലക്ഷ്യമാണ് തുറന്നുകാട്ടുന്നത്.
നവംബര്‍ ഒന്നിനായിരുന്നു ഈ അറസ്റ്റെങ്കില്‍ അതിന് രണ്ടുദിവസം മുമ്പാണ് അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ നാല് മാവോവാദികളെ കേരള പൊലീസിന്റെ തണ്ടര്‍ബോള്‍ട്ട് സേന വെടിവെച്ചുകൊലപ്പെടുത്തിയത്. എന്നാല്‍ വ്യാജഏറ്റുമുട്ടലിലൂടെയാണ് കൂട്ടക്കൊലയെന്ന് ഭരണ ഘടകകക്ഷിയായ സി.പി.ഐ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം ആണയിടുന്നു. കേരളത്തില്‍ മാവോവാദികള്‍ തഴച്ചുവളരുകയാണെന്നും അവരെ സംസ്ഥാന സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും വരുത്തുകയായിരുന്നു മഞ്ചക്കണ്ടി കൂട്ടക്കൊലയുടെ ഉദ്ദേശ്യമെങ്കില്‍ അതേ ലക്ഷ്യംതന്നെയാണ് കോഴിക്കോട്ടെ വിദ്യാര്‍ത്ഥികളുടെ കാര്യത്തിലും പിണറായി സര്‍ക്കാര്‍ പ്രകടിപ്പിച്ചിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഞായറാഴ്ച യോഗംചേര്‍ന്ന് കേസില്‍ യു.എ.പി.എ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാരും പൊലീസും കോടതിയില്‍ യു.എ.പി.എ ചുമത്തി പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും പ്രോസിക്യൂഷന്‍ കോടതിയില്‍ അനുകൂലമായി സത്യവാങ്മൂലം നല്‍കിയതും പാര്‍ട്ടിയും സര്‍ക്കാരും വെവ്വേറെ വഴിക്കാണെന്നതിന്റെ തെളിവാണ്. മന്ത്രിമാരായ എ.കെ ബാലനും ജി. സുധാകരനും യു.എ.പി.എ ചുമത്തിയതിനെതിരെ രംഗത്തുവന്നു. സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയും പൊലീസിനെതിരെ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു. പ്രതികളെ നേരിട്ടറിയാവുന്ന പന്തീരാങ്കാവ് സി.പി.എം പ്രാദേശിക കമ്മിറ്റി പൊലിസ് നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാട് പൊലീസിനെ പിന്തുണക്കുന്നതാണ്. മാവോവാദികളെ ആട്ടിന്‍കുട്ടികളായി കാണരുതെന്നും അവര്‍ക്ക് ‘നല്ല പരിവേഷം’ ചാര്‍ത്തരുതെന്നുമാണ് പിണറായി വിജയന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടത്. പൊലീസിനും ആഭ്യന്തര വകുപ്പിനും കുലുക്കമില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകളില്‍നിന്ന് വ്യക്തമാകുന്നത്. തങ്ങളെ അധികാരത്തിലേക്ക് അയച്ച പാര്‍ട്ടിക്കാരോടും മുന്നണിയോടും പൊതുജനങ്ങളോടുമുള്ള പ്രതികാരമാണിത്.
പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ നടന്ന ഫ്രഞ്ച് വിപ്ലവ കാലത്താണ് ഇടതുപക്ഷം എന്ന പദം ഉല്‍ഭവംകൊള്ളുന്നത്. സ്ഥിതിസമത്വത്തിനും നീതിക്കുംവേണ്ടി വാദിക്കുന്നവരായിരുന്നു അന്ന് ഫ്രഞ്ച് പാര്‍ലമെന്റിലെ ഇടതു പക്ഷത്തിരുന്നവര്‍. എന്നാല്‍ ഇത്തരം മഹനീയ ചിന്തകള്‍ക്ക് അക്രമത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ഊടും പാവും നല്‍കിയവരായിരുന്നു പിന്നീടുവന്ന കമ്യൂണിസ്റ്റുകള്‍. സമൂഹമാറ്റത്തിന് ക്ഷമയുടെയും ശാന്തിയുടെയും സഹനത്തിന്റെയും ജനാധിപത്യത്തിന്റെയും മാര്‍ഗമല്ല, സായുധ കലാപമാണ് വേണ്ടതെന്നായിരുന്നു ഇക്കൂട്ടരുടെ കാഴ്ചപ്പാട്. ഇതിന്റെ പതിപ്പാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. 1946-48 കാലത്ത് കേരളത്തിലെ പുന്നപ്ര, വയലാര്‍, കയ്യൂര്‍, കരിവെള്ളൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും തെലുങ്കാനയിലും ഭരണകൂടത്തിനും ജന്മിത്വത്തിനുമെതിരെ സായുധ കലാപം നടത്തിയവരുടെ പിന്‍മുറക്കാര്‍ പക്ഷേ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച് ജനാധിപത്യരീതി പിന്തുടര്‍ന്നുകൊണ്ട് പല തവണയായി രാജ്യത്ത് അധികാരത്തില്‍വന്നു. ജനകീയ ജനാധിപത്യ വിപ്ലവം എന്ന ഓമനപ്പേരിലായിരുന്നു ഇത്. ചൈനീസ് കമ്യൂണിസ്റ്റ് നേതാവ് മാവോ സെതുങിന്റെയും സോവിയറ്റ് യൂണിയനിലെ വിപ്ലവ നായകന്‍ വ്‌ളാഡിമിര്‍ ലെനിന്റെയും ജോസഫ് സ്റ്റാലിന്റെയും പോരാട്ട രീതികള്‍ പ്രയോഗവത്കരിക്കുന്ന നക്‌സലൈറ്റുകളും മാവോവാദികളുമാണ് കമ്യൂണിസ്റ്റുകളുടെതന്നെ പൊലീസിന്റെ വെടിയുണ്ടകള്‍ക്ക് ഇപ്പോള്‍ ഇരയാകേണ്ടിവന്നിരിക്കുന്നതെന്നത് ഏറെ വൈരുധ്യാത്മകമായിരിക്കുന്നു.
ആഗസ്തില്‍ പതിനേഴാം ലോക്‌സഭയുടെ ഒന്നാം സമ്മേളനത്തിലാണ് യു.എ.പി.എ ഭേദഗതിയുള്‍പ്പെടെ രാജ്യത്തെ ബാധിക്കുന്ന ഇരുപതിലധികം ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഭൂരിപക്ഷമുപയോഗിച്ച് അപ്പംപോലെ പാസാക്കിയെടുത്തത്. ഇതില്‍ യു.എ.പി.എ ഭേദഗതിക്കെതിരെ വോട്ടു ചെയ്യാനുണ്ടായത് കേരളത്തില്‍നിന്ന് മുസ്‌ലിംലീഗിന്റെ രണ്ടംഗങ്ങള്‍ മാത്രമായിരുന്നു. സി.പി.എം അംഗം വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. കരിനിയമമെന്ന് ആക്ഷേപിക്കുകയും അതേസമയം അധികാരത്തിലിരുന്നുകൊണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ അത് പ്രയോഗിക്കുകയും ചെയ്യുന്ന സി.പി.എം നിലപാട് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് സമാനമാണ്. ബി.ജെ.പി ഭരിക്കുമ്പോള്‍ രാജ്യത്ത് യു.എ.പി.എ മൂലം അറസ്റ്റിലാക്കപ്പെട്ട് വിചാരണപോലും നേരിടാതെ ജയിലുകളില്‍ കഴിയുന്നവര്‍ നൂറുകണക്കിനാണ്. മുസ്‌ലിംകള്‍ അധികമുള്ള ജമ്മുകശ്മീര്‍, അസം എന്നിവിടങ്ങളിലാണ് ഇതിലധികവും. ഇതിന് സമാനമാണ് ഭേദഗതിക്കുശേഷമുള്ള കേരളത്തിലെ ആദ്യഅറസ്റ്റ്. കൂട്ടക്കൊലയെയും അറസ്റ്റിനെയും പിന്തുണക്കാന്‍ ബി.ജെ.പി രംഗത്തുണ്ടെന്നതുമതി മോദിയുടെ അതേവഴിയേയാണ് പിണറായി സര്‍ക്കാരും ചലിക്കുന്നതെന്ന് തിരിച്ചറിയാന്‍. ഒന്നുകില്‍ അണികളെ യഥാര്‍ത്ഥ കമ്യൂണിസത്തിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കുക. അല്ലെങ്കില്‍ ജനാധിപത്യാശയങ്ങളോട് അവരില്‍ താല്‍പര്യം ജനിപ്പിക്കുക. രണ്ടുമില്ലാതെ ബി.ജെ.പി തെളിക്കുന്ന വഴിയേ മുസ്്‌ലിംകളാദി പൗരന്മാരെ തോക്കുകൊണ്ടും കല്ലറകള്‍കൊണ്ടും നാമാവശേഷമാക്കിക്കളയാമെന്ന് ധരിക്കുന്നത് കടന്നകൈയാണ്.
- 5 years ago
web desk 1
Categories:
Video Stories
മോദിയുടെ വഴിയേ പിണറായിയും
Tags: editorial