X

കേരള പൊലീസിനെ നിയന്ത്രിക്കുന്നതാര്


കോഴിക്കോട് രണ്ട് വിദ്യാര്‍ത്ഥികളെ മാവോവാദി ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി പൊലീസ് തടങ്കലിലാക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. സി.പി.എം അംഗങ്ങളായ അലന്‍ ശുഹൈബ്, താഹ ഫൈസല്‍ എന്നിവരെയാണ് പൊലീസ് മാവോവാദികളാക്കി അറസ്റ്റ് ചെയ്തത്. രണ്ട് പേരും ബാലസംഘം മുതല്‍ സി.പി.എം പ്രവര്‍ത്തകര്‍. ഇരുവരും വെറും അനുഭാവികളല്ല, സി.പി.എം വൃന്ദത്തില്‍ അറിയപ്പെടുന്ന അംഗങ്ങളാണ്. ഇവരുടെ കയ്യില്‍ നിന്നും മാവോവാദി ലഘുലേഖ കിട്ടിയെന്ന പന്തീരാങ്കാവിലെ പൊലീസുകാരുടെ റിപ്പോര്‍ട്ട് എസ്.പിയും ഐ.ജിയും ശരിവെച്ചതോടെയാണ് അറസ്റ്റ് ഉണ്ടായത്. അസാധാരണ സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് സി.പി.എം നേതാക്കള്‍ പോലും നിലവിളിക്കുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനം. സംസ്ഥാനത്ത് പൊലീസ് രാജാണോ എന്നത് സംശയമല്ലാതായി മാറിയിരിക്കുന്നു.
പാലക്കാട് അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുമ്പാണ് പന്തീരങ്കാവ് സംഭവം. രണ്ടു സംഭവങ്ങളിലും പൊലീസ് ഇപ്പോള്‍ സംശയ നിഴലിലാണ്. ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടന്നത് കൂട്ടക്കൊലയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയാണ് പൊലീസ് നരഹത്യ നടത്തുകയാണെന്ന് വെളിപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല, മണിവാസകത്തെ കസ്റ്റഡിയിലെടുത്ത ശേഷം ഏറ്റുമുട്ടല്‍ നാടകത്തിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്ന ഗുരുതര ആരോപണവും സി.പി.ഐ നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്.
യു.എ.പി.എ കരിനിയമമാണെന്നും സംസ്ഥാനത്ത് ഈ നിയമം നിരപരാധികളുടെ മേല്‍ ഉപയോഗിക്കില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയുടെ ചൂടാറും മുമ്പാണ് പന്തീരങ്കാവ് സംഭവം. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മാവോവാദി ബന്ധവും മതസ്പര്‍ധയും ആരോപിച്ച് 26 പേരെയാണ് യു.എ.പി.എ നിയമം ചുമത്തി അറസ്റ്റ് ചെയ്തത്. ഇടതുസഹയാത്രികരോ മതപണ്ഡിതരോ ആണ് അറസ്റ്റിലായവരില്‍ മിക്കവരും. എന്നാല്‍ എല്ലാ കേസിലും പൊലീസിന് യു.എ.പി.എ പിന്‍വലിക്കേണ്ടി വന്നു. സര്‍ക്കാരിന്റെ നയം കൊണ്ടാണ് യു.എ.പി.എ പിന്‍വലിച്ചതെന്നാണ് സി.പി.എം അവകാശപ്പെടുന്നത്. എന്നാല്‍ പൊലീസ് യു.എ.പി.എ ചുമത്തിയ കേസുകളില്‍ വ്യക്തമായ തെളിവില്ലാത്തിനാലാണ് യുഎപിഎ സമിതി പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതെന്നാണ് സമിതി അധ്യക്ഷന്‍ റിട്ട. ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പന്തീരാങ്കാവ് കേസിലും യു.എ.പി.എ നിലനില്‍ക്കില്ലെന്നാണ് സൂചന. ഒരാളുടെ പക്കല്‍ നിന്ന് ലഘുലേഖ പിടിച്ചെന്ന് കരുതി അയാള്‍ മാവോയിസ്‌റ് ആകില്ലെന്നും മാവോ ബന്ധത്തിന് വ്യക്തമായ തെളിവ് വേണമെന്നുമാണ് സമിതി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടുന്നത്. ഇവര്‍ നിരോധിത സംഘടനയില്‍ അംഗമായിരുന്നു എന്ന് പോലീസ് തെളിയിച്ചെങ്കില്‍ മാത്രമേ യു.എ.പി.എ സമിതിപ്രോസിക്യൂഷന്‍ അനുമതി നല്‍കൂ. അങ്ങനെയെങ്കില്‍ ആര്‍ക്ക് വേണ്ടിയാണ് പൊലീസ് നാടകം കളിക്കുന്നത്.
യു.എ.പി.എ അനുസരിച്ചുള്ള അറസ്റ്റിന് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതിയുടെ വിധിന്യായങ്ങളുമുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ അനുമതിയോടെ മാര്‍ഗനിര്‍ദ്ദേശങ്ങളെല്ലാം പാലിച്ചായിരിക്കണം അറസ്റ്റ്. മാവോയിസ്റ്റ് അനുകൂല ലഘുലേഖയുടെ പേരില്‍ യു.എ.പി.എ നിയമവുമായി കോടതിയില്‍ എത്തിയാല്‍ നിലനില്‍ക്കില്ലെന്നറിയുന്ന പൊലീസ് വ്യാജ തെളിവുകള്‍ സൃഷ്ടിച്ചാണ് സി.പി.എം അംഗങ്ങളെ അറസ്റ്റ് ചെയ്തത്. പിടിയിലായ അലനെയും താഹയെയും ഭീഷണിപ്പെടുത്തി, മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചതിനു ശേഷം അത് വീഡിയോയില്‍ പകര്‍ത്തിയ പൊലീസ് ഇരുവരുടെയും വീടുകളില്‍ നിന്ന് നിരോധിത വിപ്ലവ സാഹിത്യവും കണ്ടെടുത്തു. ഇത് പൊലീസ് തന്നെ കൊണ്ടുവെച്ചതാണെന്ന ആക്ഷേപമുണ്ട്. അട്ടപ്പാടിയില്‍ കുറെ പോലീസുകാര്‍ തോക്കുംപിടിച്ച് കമിഴ്ന്നു കിടക്കുന്നതും ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നതിന്റേയും വീഡിയോ പകര്‍ത്തിയ പൊലീസ് ബുദ്ധിയാണോ പന്തീരങ്കാവിലെ വിപ്ലവ സാഹിത്യമെന്നും തെളിയിക്കേണ്ടത് ഇപ്പോള്‍ സര്‍ക്കാരിന്റെ ബാധ്യതയാണ്.
മാവോവാദി വേട്ടയോട് സി.പി.ഐയുടെ എതിര്‍പ്പ് മാത്രമല്ല, സി.പി.എമ്മിലെ ആശയക്കുഴപ്പവും സര്‍ക്കാരിന് വെല്ലുവിളിയാണ്. കോഴിക്കോട് പന്തീരങ്കാവില്‍ നടന്നത് ഇതിനെ മറികടക്കാനുള്ള തന്ത്രമാണോയെന്ന് സംശയമുയരുന്നതും നിലവിലെ രാഷ്ട്രീയ സാഹചര്യം കൊണ്ടാണ്. മാവോവാദി പ്രശ്‌നത്തില്‍ ഉരുത്തിരിയുന്ന ആശയസംവാദത്തെ യു.എ.പി.എ കൊണ്ട് മറികടക്കാമെന്ന അടവുനയമാണ് രണ്ട് ചെറുപ്പക്കാരെ തടങ്കലിലാക്കിയതെങ്കില്‍ സര്‍ക്കാരിനും സി.പി.എമ്മിനും മനുഷ്യത്വം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് നിസ്സംശയം പറയേണ്ടിവരും. ഇനി മുഖ്യമന്ത്രി അറിയാതെയാണ് അറസ്റ്റെങ്കില്‍ കേരള പൊലീസ് സേനയുടെ പ്രവര്‍ത്തനം മറ്റാരുടെയോ നിയന്ത്രണത്തിലാണെന്ന് സര്‍ക്കാര്‍ സമ്മതിക്കേണ്ടതുണ്ട്. കേന്ദ്ര സേനയോ സി.ബി.ഐയോ അല്ല പന്തീരാങ്കാവ് പോലീസ് ആണ് സി.പി.എം അംഗങ്ങളെ അറസ്റ്റ് ചെയ്തത്. ഐ.ജി അറസ്റ്റിന് അനുമതി നല്‍കണമെങ്കില്‍ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റയില്‍ നിന്ന് അനുമതി ലഭിക്കണം. അറിയപ്പെടുന്ന ഇടതു പശ്ചാത്തലമുള്ള കുടുംബത്തില്‍ ജനിച്ച, കൊഴിക്കോട് സി.പി.എമ്മിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ പ്രമുഖ ആയിരുന്ന സാവിത്രി ടീച്ചറുടെ കൊച്ചുമകനായ അലന്‍ ശുഹൈബിനെ അറസ്റ്റ് ചെയ്യുന്ന വേളയില്‍ പോലീസ് മന്ത്രി കൂടിയായ പിണറായി അറിയാതെ ബെഹ്‌റ പ്രവര്‍ത്തിച്ചുവെന്ന് കരുതാനാകില്ല. അങ്ങനെയല്ലെങ്കില്‍ ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ബെഹ്‌റ പ്രവര്‍ത്തിക്കുന്നത്. ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയും സര്‍ക്കാരുമാണ്.
സി.പി.എം നേതാക്കള്‍ പരസ്പര വിരുദ്ധ പ്രസ്താവനകള്‍ നടത്തിയതു കൊണ്ടോ, കോഴിക്കോട് ജില്ലയിലെ നാല്‍പ്പത്തിയേഴായിരത്തില്‍ രണ്ട് പേരാണെന്ന് ജില്ലാ സെക്രട്ടറി തള്ളിപ്പറയുമ്പോഴോ, സി.പി.എം ഏരിയാ കമ്മിറ്റി സര്‍ക്കാരിനെതിരെ പ്രമേയം പാസ്ലാക്കിയാലോ തീരുന്നതല്ല പ്രശ്‌നം. ജനാധിപത്യ സംവിധാനത്തെ പൂര്‍ണമായി അട്ടിമറിച്ച് സംസ്ഥാനത്ത് പൊലീസ് രാജ് നടപ്പാക്കാന്‍ ആരാണ് ഡി.ജി.പിയെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാകേണ്ടതുണ്ട്. അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ പോലെ എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്നതാണ് ഇടതുസര്‍ക്കാരിന്റേയും നയമെന്ന് തെളിച്ചു പറയാന്‍ സര്‍ക്കാര്‍ ഇനിയും മടി കാണിക്കരുത്. വായിക്കുകയും ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന യുവാക്കളെ ഭീഷണിയുടെ നിഴലില്‍ നിര്‍ത്തുന്ന മോദി സര്‍ക്കാര്‍ നയം തന്നെയാണ് തങ്ങളുടേതുമെന്ന തുറന്നുപറച്ചിലാണ് സി.പി.എമ്മും സര്‍ക്കാരും ചെയ്യേണ്ടത്. അങ്ങനെയല്ലെങ്കില്‍ പൊലീസിനെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയണം. സംഘടനകള്‍ക്ക് മാത്രമല്ല, വ്യക്തികള്‍ക്കു നേരെയും യു.എ.പി.എ പ്രയോഗിക്കാന്‍ കഴിയും വിധം മോദി സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്ന ശേഷമുള്ള, ആദ്യ അറസ്റ്റാണ് പന്തീരാങ്കാവിലേത്. ഏത് വീടുകളിലേക്കും ഏത് പാതിരാത്രിയും കടന്നെത്താവുന്ന വിധം അധികാരം ലഭിച്ചിരിക്കുന്ന പൊലീസ് ജനാധിപത്യത്തിന് അപകടകരമാണ്.

web desk 1: