ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് ആരംഭിച്ച് അഞ്ചുമണിക്കൂറോളം കൊച്ചി-മധ്യതിരുവിതാംകൂര്‍ മേഖലയിലെ പേമാരി പലപ്രദേശങ്ങളെയും വെള്ളക്കെട്ടിലകപ്പെടുത്തുകയുണ്ടായി. അന്നേദിവസം ഉത്തര കേരളത്തിലെ മഞ്ചേശ്വരമടക്കം എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള അഞ്ച് നിയമസഭാമണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുകയായിരുന്നു. എറണാകുളം നഗരത്തിലെ അയ്യപ്പന്‍കാവ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പോളിങ്ബൂത്തില്‍ മുട്ടോളം വെള്ളം ഉയര്‍ന്നതിനെതുടര്‍ന്ന് മുകള്‍ നിലയിലേക്ക് ബൂത്ത് മാറ്റി സ്ഥാപിച്ചു. മണ്ഡലത്തിലെ മറ്റു നാല് ബൂത്തുകളിലും ക്രമീകരണം നടത്തേണ്ടിവന്നു. പതിവായി 70 ശതമാനത്തിലധികം പോളിങ് നടക്കാറുള്ള എറണാകുളത്ത് അത് ഇത്തവണ 53ലേക്ക് താഴ്ന്നത് ഇതുമൂലമായിരുന്നു. എന്നാല്‍ ഇതിലും ഗുരുതരമായത് അന്നേദിവസം മുഴുവന്‍ നീണ്ടുനിന്ന വെള്ളക്കെട്ടു കാരണം കേരളത്തിന്റെ വാണിജ്യ തലസ്ഥാന നഗരിയിലെ ജനജീവിതം പൂര്‍ണമായും തടസ്സപ്പെട്ട അവസ്ഥയാണ്. അത്യാവശ്യകാര്യങ്ങള്‍ക്കും ജോലിക്കുമായി ഇറങ്ങിയവര്‍ക്ക് വാഹനങ്ങള്‍ തള്ളിയാണ് രക്ഷപ്പെടേണ്ടിവന്നത്. സൗത്ത് റെയില്‍ വെസ്റ്റേഷനിലെ ട്രാക്ക് പതിവുപോലെ വെള്ളത്തിനടിയിലായതുകാരണം ട്രെയിനുകള്‍ റദ്ദാക്കേണ്ടിവന്നു. ഹൈക്കോടതി പരിസരം മാത്രമല്ല, കലൂര്‍ ഭാഗത്തുകൂടി കടന്നുപോകുന്ന പേരണ്ടൂര്‍ കനാലിനരികിലെ കോളനികളിലേക്ക് വെള്ളം ഇരച്ചുകയറിയെത്തിയതുമൂലം വീടുകളും അത്യാവശ്യവസ്തുക്കളുമടക്കം നശിക്കാനിടയായി. ഈ ദുരവസ്ഥ തരണം ചെയ്യുന്നതിന് ജില്ലാഭരണകൂടവും ഉദ്യോഗസ്ഥരും കോര്‍പറേഷന്‍ജീവനക്കാരും ജനപ്രതിനിധികളും സുരക്ഷാസംവിധാനങ്ങളുമൊക്കെ അക്ഷീണം പ്രവര്‍ത്തിച്ചുവെന്ന ശുഭവാര്‍ത്തയാണ് പുറത്തുവന്നത്.
എന്നാല്‍ ഇതിനിടെ നിര്‍ഭാഗ്യവശാല്‍ സംഭവപ്പിറ്റേന്ന് കേരള ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് നഗരം ഭരിക്കുന്ന കോര്‍പറേഷന്‍ അധികൃതര്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉണ്ടായത്. ജനങ്ങളുടെ പ്രയാസം അകറ്റാന്‍ കോര്‍പറേഷന് കഴിയാത്തതുകൊണ്ടാണ് ഇടപെടേണ്ടിവന്നതെന്നു പറഞ്ഞ കോടതി നഗരപാലികാനിയമം അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ കോര്‍പറേഷനെ പിരിച്ചുവിടണമെന്നതിലേക്കുവരെ കടുത്തഭാഷ പ്രയോഗിക്കുകയുണ്ടായി. എന്നാല്‍ കോര്‍പറേഷന്‍ മാത്രമാണോ ഇക്കാര്യത്തില്‍ ഉത്തരവാദി എന്ന ചോദ്യമാണ് ഇതിനകം കോടതി വിധിയെ പരാമര്‍ശിച്ച് ഉയര്‍ന്നുവന്നിരിക്കുന്നത്. ഇടതുപക്ഷ സഹയാത്രികര്‍ പോലും യു.ഡി.എഫ് ഭരണസമിതിയെ പിരിച്ചുവിടുന്നതിനെതിരെ രംഗത്തുവന്നത് പൊതുവികാരമായി കാണണം. ഇത്രയധികം വികാരാധീനമായി ഹൈക്കോടതിക്ക് ഇടപെടേണ്ടിവന്നതിന് കാരണം അന്വേഷിക്കുമ്പോള്‍ വ്യക്തമാകുന്നത്, ഇതിനുമുമ്പും പേരണ്ടൂര്‍ കനാല്‍ കേസില്‍ കോര്‍പറേഷനെ പിരിച്ചുവിടാന്‍ കോടതി ആവശ്യപ്പെട്ടിരുന്നുവെന്ന കോടതിയുടെതന്നെ ഓര്‍മപ്പെടുത്തലാണ്.
കൊച്ചി മഹാനഗരത്തിന്റെ ഒത്തനടുക്കായി ‘ഒഴുകുന്ന’ (ഇപ്പോള്‍ പക്ഷേ ഇതൊരു മാലിന്യക്കൂമ്പാരമാണ്) പരണ്ടൂര്‍ കനാലിലെ മാലിന്യം സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ ഏറെനാളായി വിചാരണയിലിരിക്കയാണ്. കലൂര്‍ വഴി കടന്നുപോകുന്ന കനാല്‍ മുമ്പുകാലത്ത് നഗരത്തിന്റെ ജലജീവനാഡിയായിരുന്നു. വര്‍ഷം കഴിയുന്തോറും നഗരത്തില്‍ കൂണുപോലെ മുളച്ചുപൊന്തിയ വന്‍കിട ഹോട്ടലുകളും ആതുരാലയങ്ങളും അടക്കമുള്ളവയില്‍നിന്ന് മാലിന്യം വഹിക്കുന്ന ഓടയായി ഈ ജലസേചനമാര്‍ഗം മാറ്റപ്പെട്ടു. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനകം കൊച്ചി നഗരത്തിലെ ജനസംഖ്യ 25 ശതമാനമാണ് വര്‍ധിച്ചത്. പ്രതിദശാബ്ദം 7.83 ശതമാനത്തിന്റെ വര്‍ധന. 6,77,381 ആണ് 2011ലെ സെന്‍സസ് പ്രകാരം കോര്‍പറേഷനിലെ ജനസംഖ്യ. രണ്ടു വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച മെട്രോട്രെയിന്‍ സര്‍വീസ് ഗതാഗത സൗകര്യം സുഗമമാക്കാന്‍ സഹായിച്ചെങ്കിലും, നഗരത്തിലെ വെള്ളക്കെട്ടിന് കാരണമായതായാണ് മറ്റൊരു ആരോപണം. റോഡുകള്‍ ഉയര്‍ത്താതെയും മതിയായ മാലിന്യനിര്‍ഗമന സംവിധാനങ്ങളില്ലാതെയുമാണ് മെട്രോ പാലം കെട്ടിപ്പൊക്കിയത്്. ഇതിന്റെ ഉത്തരവാദിത്തം മെട്രോ അധികാരികള്‍ക്ക് മാത്രമല്ല, കോര്‍പറേഷനും ജില്ല-സംസ്ഥാന ഭരണകൂടങ്ങള്‍ക്കും ഏതാണ്ട് തുല്യമായിതന്നെ ഉണ്ടുതാനും. ഈ സാഹചര്യം പരിഗണിക്കുമ്പോഴാണ് കോടതിയുടെ വാക്കാലാണെങ്കിലുമുള്ള കുറ്റപ്പെടുത്തല്‍ അതിരുകടന്നോയെന്ന് ഭയക്കേണ്ടിവരുന്നത്.
ഭരണഘടനയുടെ 73, 74 നിയമഭേദഗതികളുടെ അടിസ്ഥാനത്തില്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെപോലെ ജനാധിപത്യ സംവിധാനത്തിലാണ് ഓരോ തദ്ദേശ ഭരണസമിതിയും രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തിനുപുറമെ (കേരളത്തില്‍ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 25 ശതമാനത്തോളം വരും) തനതുഫണ്ട്, സംസ്ഥാന-കേന്ദ്ര പദ്ധതി വിഹിതങ്ങള്‍ എന്നിവയെല്ലാം ഓരോ തദ്ദേശസ്ഥാപനത്തിനുമുണ്ട്. എന്നാല്‍ സംസ്ഥാനത്തെ കൊച്ചി ഉള്‍പെടെയുള്ള ആറ് കോര്‍പറേഷനിലും പണത്തേക്കാള്‍ ഉള്ളത് മതിയായ വിദഗ്ധ ജീവനക്കാരുടെ അഭാവമാണ്. എഞ്ചിനീയറിങ്‌വിഭാഗത്തിന്റെ കാര്യശേഷി മതിയായ തോതിലേക്ക് ഉയരുന്നില്ല. ഉള്ളവര്‍ക്കാകട്ടെ, കൊച്ചി മേയര്‍ സൗമിനിജെയിന്‍ ചൂണ്ടിക്കാട്ടിയതുപോലെ, വേണ്ടത്ര പ്രതിബദ്ധതയില്ല. അതാണ് കൊച്ചിയുടെ കാര്യത്തിലും സംഭവിക്കുന്നത്. വിദേശങ്ങളിലേതുപോലുള്ള നഗരാസൂത്രണ സംവിധാനം ഇല്ലാത്തതും ജനജീവിതം നാള്‍ക്കുനാള്‍ ദു:സഹമാകുന്നതിന് കാരണമാണ്. കോര്‍പറേഷനുകളായി ഉയര്‍ത്തപ്പെട്ട നഗരസഭകളും നഗരസഭകളായി ഉയര്‍ത്തപ്പെട്ട പഞ്ചായത്തുകളും മിക്കതിലും ഉദ്യോഗസ്ഥ വിന്യാസം പൂര്‍ണമല്ലാത്തതിനാല്‍ കൃത്യനിര്‍വഹണം വേണ്ടത്ര പര്യാപ്തമാകുന്നില്ലെന്ന പരാതി കാലങ്ങളായി നിലനില്‍ക്കുന്നു. ഇതിനെല്ലാം തദ്ദേശ സ്ഥാപങ്ങളെ പിരിച്ചുവിടുകയാണ് പരിഹാരമെന്നുവരുന്നത് വയറുവേദനക്ക് മൊട്ടയടിക്കുന്നതിന് തുല്യമാണ്. സംസ്ഥാനത്തെ ഓരോ ഇഞ്ച് ഭൂമിയും തദ്ദേശ സ്വയം ഭരണസ്ഥാപനത്തിന് കീഴിലെന്നതുപോലെ സംസ്ഥാന ഭരണസംവിധാനത്തിനുകൂടി കീഴിലുള്ളതാണ്. മാലിന്യനിര്‍മാര്‍ജനം, കുടിവെള്ളവിതരണം എന്നിവയില്‍ മാത്രമല്ല, നിര്‍മാണം, ജലസേചനം, ഗതാഗതം തുടങ്ങി സകല മേഖലയിലും സംസ്ഥാന ഭരണകൂടത്തിനുകൂടി ഗൗരവമായ ഉത്തരവാദിത്തമുണ്ട്. കായലോരങ്ങളില്‍ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള കെട്ടിട-പാത നിര്‍മാണങ്ങളും മറ്റും മരടിന്റെ കാര്യത്തില്‍ നാം അനുഭവിച്ചറിയുകയാണിന്ന്. ഇതോടൊപ്പംതന്നെ കൊച്ചി പോലുള്ള മഹാനഗരങ്ങള്‍ വലിയ നിലനില്‍പുഭീഷണി നേരിടുകയാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ ഇതിനകം തുറന്നുകാട്ടിയിട്ടുണ്ട്. കടല്‍കയറ്റമാണ് അവയിലൊന്ന്. തീവ്രമഴയുണ്ടാകുമ്പോള്‍തന്നെ വേലിയേറ്റം ഉണ്ടാകുന്നതുകാരണം നഗരത്തിലെ അധികജലം കടലിലേക്ക് ഒഴിഞ്ഞുപോകുന്നത് തടസ്സപ്പെടുന്നു. ജനങ്ങളുടെകൂടി സമര്‍പ്പണത്തോടെ സര്‍വബന്ധിതമായ പരിഹാരമല്ലാതെ ഉത്തരവുകള്‍ കൊണ്ടുമാത്രം കൊച്ചിയിലെയെന്നല്ല, കേരളത്തിലെയും ലോകത്തെവിടുത്തെയും കാലാവസ്ഥാനുബന്ധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണാനാകില്ല.
- 5 years ago
web desk 1
Categories:
Video Stories
വെള്ളക്കെട്ട് നീക്കാന്‍ ഉത്തരവ് കൊണ്ടാകില്ല
Tags: editorial