ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി തുടക്കം കുറിച്ചത് മെഹ്ബൂബ മുഫ്തിയുടെ മണ്ടക്ക് കിഴുക്കിയാണ്. പൊതു തെരഞ്ഞെടുപ്പ് ജയിക്കാന്‍ നരേന്ദ്രമോദിയുടെ ശീര്‍ഷാസനം മതിയാവില്ലെന്ന് വര്‍ത്തമാന ഇന്ത്യ അമിത്ഷായെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കോര്‍പറേറ്റുകളും അവര്‍ നിയന്ത്രിക്കുന്ന മാധ്യമ സിണ്ടിക്കേറ്റുകളും ഹിന്ദുത്വ അജണ്ടയും ചേര്‍ന്നതുകൊണ്ടു മാത്രമല്ല 2014ല്‍ ബി.ജെ.പി നേട്ടമുണ്ടാക്കിയത്. യു.പി.എ സര്‍ക്കാറിന്റെ ചില ദൗര്‍ബല്യങ്ങള്‍ കൂടിയായിരുന്നു. നരേന്ദ്ര മോദിയെന്ന രക്ഷകനെ കുറിച്ച പ്രതീക്ഷയും. 2019ലേക്ക് കടക്കുമ്പോള്‍ മോദി ഒരു നനഞ്ഞ പടക്കമാണ്. അദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും പ്രതീക്ഷ ഹിന്ദുത്വവാദികള്‍പോലും വെച്ചുപുലര്‍ത്തുന്നില്ല. അതുകൊണ്ടു തന്നെ ഹിന്ദുത്വത്തിലൂന്നിയ ആക്രമണോത്സുക ദേശീയതയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാണ് ബി.ജെ.പി. മെഹ്ബൂബ മുഫ്തിയുമൊത്ത് ജമ്മുകശ്മീരില്‍ ഭരണ പങ്കാളിത്തം നിലനിര്‍ത്തി അത് സാധ്യമാവില്ലെന്ന ഒറ്റ കാരണമാണ് ഇന്ത്യയിലെ രണ്ടാമത്തെ മുസ്‌ലിം വനിതാ മുഖ്യമന്ത്രിയെ വലിച്ചുതാഴെയിടാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചത്.
സയ്യിദ അന്‍വറ തൈമൂര്‍ ആണ് ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. കോണ്‍ഗ്രസ് നേതാവായ ഇവര്‍ അസമില്‍ ഏതാനും മാസം മുഖ്യമന്ത്രി പദത്തിലിരുന്നു. രണ്ടാമതൊരാള്‍ വരുന്നത് കശ്മീരില്‍ സയ്യിദ മെഹ്ബൂബ മുഫ്തിയാണ്. 2016ലാണ് പിതാവ് മുഫ്തി മുഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് മെഹ്ബൂബ മുഖ്യമന്ത്രിയാവുന്നത്. ബി.ജെ.പിയുമായി പിതാവ് സ്ഥാപിച്ച ബന്ധം മെഹ്ബൂബ തുടരുകയായിരുന്നു. കശ്മീരിലെ ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായിരുന്നു ബി.ജെ.പിയുമായുള്ള ബന്ധമെന്ന് മെഹ്ബൂബ വിലയിരുത്തുമ്പോള്‍ മെഹ്ബൂബയുമായുള്ള ബന്ധം തുടര്‍ന്നാല്‍ രാജ്യത്തിന് വലിയ അബദ്ധമാകുമായിരുന്നുവെന്നാണ് ബി.ജെ.പി നേതാവിന്റെ മതം. പിതാവ് മുഫ്തി മുഹമ്മദിന് കാഴ്ചപ്പാടും ഭരണ നൈപുണിയുമുണ്ടായിരുന്നു, ഇതു രണ്ടും മകള്‍ക്കുണ്ടായില്ലെന്ന് ബി.ജെ.പി നേതാവ് ചൗധരി ലാല്‍സിങ് കുറ്റപ്പെടുത്തുന്നു. അപ്രഗത്ഭതയാണ് മെഹ്ബൂബക്ക് നേരെ ഉന്നയിക്കുന്ന വലിയ ആക്ഷേപം. ഭീകരവാദികള്‍ക്കൊപ്പമാണ് മെഹ്ബൂബയെന്ന് പറയാനും അവര്‍ മടിക്കുന്നില്ല. കത്വയില്‍ ബാലികയെ പിച്ചിച്ചീന്തിയ സംഘിഭീകരെ ബി.ജെ.പി ആഗ്രഹിക്കുംപോലെ കൈകാര്യം ചെയ്യാന്‍ കൊടുത്തില്ലെന്നത് മെഹ്ബൂബയുടെ അപരാധം തന്നെ. റമസാനില്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ഭീകരരോടുള്ള മൃദുസമീപനത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുന്നു.
ഇതൊന്നുമല്ല, കശ്മീരിനെ മുന്‍നിര്‍ത്തി രാഷ്ട്ര സുരക്ഷയെ കുറിച്ച പ്രചാരണം ബി.ജെ.പിക്ക് സാധ്യമാവണമെങ്കില്‍ ശ്രീനഗറിലെ ഭരണപങ്കാളിത്തം അവസാനിപ്പിച്ചേ പറ്റൂ. ഇനി സംഭവിക്കാന്‍ പോകുന്നത് എന്തെന്ന് ഭക്ഷണം കഴിക്കുന്ന ആര്‍ക്കും പ്രവചിക്കാവുന്നതാണ്. രാഷ്ട്രപതി ഭരണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ അവിടത്തെ ഭരണം പൂര്‍ണമായി ഏറ്റെടുത്തിരിക്കുകയാണ്. അഥവാ സഖ്യകക്ഷിയുടെ ഇടപെടല്‍ കൂടിയില്ലാത്ത സ്വേഛാഭരണം. പട്ടാളത്തെയും ഭീകരവാദികളെയും മുന്‍നിര്‍ത്തി ജനത്തിന് നേരെയുള്ള കൈയേറ്റം. അതുവെച്ച് മോദിയും കൂട്ടരും ഇനിയും കശ്മീരിന്റെ പദവിയെക്കുറിച്ച് ചര്‍ച്ച ചെയ്യും. രാഷ്ട്ര സുരക്ഷയെപറ്റി വാഗ്‌ധോരണിയുണ്ടാവും. ആര്‍ടിക്കിള്‍ 370 ഉം ഏക സിവില്‍ കോഡും രാമക്ഷേത്രവും ഹിന്ദുത്വവുമില്ലെങ്കില്‍ 2019ല്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വലിയ തോല്‍വിയാണ്. ഗുജറാത്തില്‍ മുഖ്യമന്ത്രിയായി അഹമ്മദ് പട്ടേലിനെ കൊണ്ടുവരാന്‍ പാകിസ്താനുമായി ഇന്ത്യയിലെ മുന്‍ പ്രധാനമന്ത്രിവരെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കാന്‍ മടിക്കാത്ത നരേന്ദ്രമോദി എന്തെല്ലാം പ്രചരിപ്പിച്ചുകുടാ എന്ന് ആര്‍ക്കും തിട്ടപ്പെടുത്താനാവില്ല. മോദി അധികാരത്തില്‍ വന്ന ശേഷം രാജ്യ സുരക്ഷ യഥാര്‍ഥത്തില്‍ അപകടത്തിലായി. പത്താന്‍കോട്ടില്‍ നാവിക സേനാ ക്യാമ്പിന് നേരെ ഭീകരവാദ ആക്രണണമുണ്ടായി. നിരവധി പട്ടാളക്കാര്‍ മരിച്ച സംഭവത്തില്‍ അക്രമിയായ ഒരാളെ പോലും ജീവനോടെ പിടികൂടാന്‍ കഴിഞ്ഞില്ല. പാകിസ്താനാണ് ആക്രമണത്തിന്റെ പിന്നിലെന്ന് ആക്ഷേപിക്കുമ്പോള്‍തന്നെ അവിടെനിന്നുള്ള സംഘത്തെ പത്താന്‍കോട്ടിലെത്തി തെളിവ് ശേഖരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതാണ് മഹാ വങ്കത്തം. അതിര്‍ത്തിയില്‍നിന്ന് ദിനേനയെന്നോണം പട്ടാളക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന ഖ്യാതി മുഫ്തി മുഹമ്മദ് സഈദിനാണ്. മകള്‍ മെഹ്ബൂബ രണ്ടാമത് മുസ്‌ലിം വനിതാ മുഖ്യമന്ത്രിയുമായി. വി.പി സിങ് സര്‍ക്കാറില്‍ മുഫ്തി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോഴാണ് മുഫ്തിയുടെ മകള്‍ റുബയ്യയെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയതും ജയിലിലെ ഏതാനും ഭീകരവാദികളെ വിട്ടയച്ച് റുബയ്യയെ മോചിപ്പിച്ചതും. മുഫ്തി കോണ്‍ഗ്രസിലായിരുന്നു. പി.ഡി.പി രൂപവത്കരിക്കുന്നതിന് മുമ്പും മുഫ്തി കോണ്‍ഗ്രസ് വിടുകയും തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. 1996ല്‍ ആദ്യമായി മെഹ്ബൂബ നിയമസഭയിലെത്തുന്നത് കോണ്‍ഗ്രസ് ടിക്കറ്റിലാണ്. 1999ലാണ് മുഫ്തി പി.ഡി.പി രൂപവത്കരിക്കുന്നത്. അപ്പോള്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റാകുകയും 1999ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രീനഗറില്‍ ഉമര്‍ അബ്ദുല്ലക്കെതിരെ മത്സരിക്കുകയും ചെയ്തു. പരാജയപ്പെട്ട അവര്‍ 2002ല്‍ പല്‍ഗാമില്‍ നിന്ന് വീണ്ടും നിയമസഭയില്‍. 2004ലും 2014ലും ലോക്‌സഭാംഗമായ മെഹ്ബൂബ പക്ഷേ 2009ല്‍ മത്സരിച്ചില്ല. കശ്മീര്‍ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയ മെഹ്ബൂബയെ വിവാഹം ചെയ്തത് പിതാവിന്റെ കുടുംബത്തില്‍ നിന്നുള്ള ജാവദ് ഇഖ്ബാലാണ്. ഈ ബന്ധം അധികം നീണ്ടില്ല. മകള്‍ ലിതിജ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ജോലി ചെയ്യുമ്പോള്‍ ഇര്‍തിഖ ബോളിവുഡിലാണ്, പ്രശസ്ത ഛായാഗ്രാഹകന്‍ മുസ്തഫ സദുഖിനൊപ്പം.
- 6 years ago
chandrika
Categories:
Video Stories